ഛത്തീസ്ഗഡില്‍ ഇലക്ഷന്‍ നടത്താന്‍ മണി സാര്‍, പോലീസ് യൂണിഫോമില്‍ രഞ്ജിത്തും

ഛത്തീസ്ഗഡില്‍ ഇലക്ഷന്‍ നടത്താന്‍ മണി സാര്‍, പോലീസ് യൂണിഫോമില്‍ രഞ്ജിത്തും

Published on

മമ്മൂട്ടി വീണ്ടും പോലീസ് യൂണിഫോമിലെത്തുന്ന സിനിമയെന്ന നിലയ്ക്കാണ് ഉണ്ട എന്ന സിനിമ പ്രഖ്യാപന വേളയില്‍ ചര്‍ച്ചയായത്. എന്നാല്‍ മമ്മൂട്ടി ഇതുവരെ ചെയ്ത പോലീസ് റോളുകളുടെ ശൈലിയോ തുടര്‍ച്ചയോ ആവില്ല ഉണ്ട എന്ന് സൂചന നല്‍കുന്നതാണ് കാരക്ടര്‍ പോസ്റ്ററുകള്‍ നല്‍കുന്ന സൂചന. മണ്ണില്‍ തൊടുന്ന കഥാപാത്രമായി മമ്മൂട്ടിയെ അവതരിപ്പിക്കുന്ന റിയലിസ്റ്റിക് എന്റര്‍ടെയിനറാണ് സിനിമയെന്നാണ് അറിയുന്നത്.

കേരളത്തില്‍ നിന്ന് ഛത്തീസ് ഗഡിലേക്ക തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായ് പോകുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഉണ്ട. ഹര്‍ഷാദിന്റെ രചനയില്‍ ഖാലിദ് റഹ്്മാനാണ് സംവിധാനം. സംവിധായകന്‍ രഞ്ജിത്ത് പോലീസ് കഥാപാത്രമായി ചിത്രത്തിലുണ്ട.

മധുരരാജയുടെ വിജയത്തിന് പിന്നാലെ തിയറ്ററുകളിലെത്തുന്ന സിനിമ ഈദ് റിലീസ് ആണ്. ജൂണ്‍ എഴിനാണ് ജെമിനി സ്റ്റുഡിയോസിനൊപ്പം മുവീ മാള്‍ നിര്‍മ്മിക്കുന്ന ചിത്രം തിയറ്ററുകളിലെത്തുന്നത്. കൃഷ്ണന്‍ സേതുകുമാറാണ് നിര്‍മ്മാണം. മണികണ്ഠന്‍ സിപി എന്ന സബ് ഇന്‍സ്‌പെക്ടറുടെ റോളിലാണ് മമ്മൂട്ടി. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ്, ഗോകുലന്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവരാണ് മണി സാറിനൊപ്പമുള്ള മറ്റ് പോലീസുകാര്‍.

സജിത് പുരുഷന്‍ ക്യാമറയും പ്രശാന്ത് പിള്ള സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ടയര്‍ വെടി തീര്‍ന്ന പോലീസ് വാന്‍ ടയര്‍ മാറ്റാനായി ഉയര്‍ത്താന്‍ പരിശ്രമിക്കുന്ന പോലീസുകാരുടെ ചിത്രമായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക്. ഈ ലുക്ക് അനുകരിച്ച് നിരവധി ചിത്രങ്ങള്‍ വന്നിരുന്നു.

അനുരാഗ കരിക്കിന്‍ വെള്ളം സംവിധാനം ചെയ്ത ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ സിനിമയാണ് ഉണ്ട.

logo
The Cue
www.thecue.in