ഉപ്പും മുളകും താരങ്ങള്‍ തിരികെയെത്തി, പിന്‍മാറിയെന്ന അഭ്യൂഹത്തിന് വിരാമം

ഉപ്പും മുളകും താരങ്ങള്‍ തിരികെയെത്തി, പിന്‍മാറിയെന്ന അഭ്യൂഹത്തിന് വിരാമം

Published on

ഏറെ ആരാധകരുള്ള ഉപ്പും മുളകും പരമ്പരയില്‍ നിന്ന് പ്രധാന താരങ്ങള്‍ പിന്‍മാറിയെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഉപ്പും മുളകും സീരിയലിലെ ബാലുവിനെയും നീലുവിനെയും മക്കളെയും കുറേ എപ്പിസോഡുകളിലായി കാണാത്തതാണ് ഇവര്‍ സീരിയലില്‍ നിന്ന് പിന്‍മാറിയെന്ന പ്രചരണത്തിന് ആധാരമായത്. എന്നാല്‍ പരമ്പരയിലേക്ക് തങ്ങള്‍ തിരിച്ചെത്തുകയാണെന്ന് 'മുടിയന്‍' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഋഷി എസ് കുമാര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.. ഇതോടെ പരമ്പരയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായ വിവാദങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി. ഇന്‍സ്റ്റഗ്രാമില്‍ ബാലു-നീലു ഫാമിലിയുടെ ചിത്രവും ഋഷി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫ്‌ളവേഴ്‌സ് സംപ്രേഷണം ചെയ്യുന്ന ജനപ്രിയ റിയലിസ്റ്റിക് സിറ്റ് കോം ആയ ഉപ്പും മുളകും ആയിരം എപ്പിസോഡുകള്‍ തികച്ചതിന് പിന്നാലെയായിരുന്നു വിവാദം. ബാലചന്ദ്രന്‍ തമ്പി എന്ന ബാലുവിന്റെയും, നീലിമ എന്ന നീലിമയുടെയും കുടുംബത്തെ കേന്ദ്രീകരിച്ചാണ് പരമ്പര. ബാലുവും നീലുവും മക്കളായ മുടിയന്‍, കേശു, ശിവാനി എന്നിവര്‍ പരമ്പരയില്‍ നിന്ന് വിട്ടുനിന്നതാണ് പ്രേക്ഷകര്‍ക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിച്ചത്. നേരത്തെ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജൂഹി രസ്‌തോഗി ഉപ്പും മുളകും വിട്ടിരുന്നു. ലച്ചുവിന് പിന്നാലെ മറ്റ് പ്രധാന കഥാപാത്രങ്ങളെയും സീരിയലില്‍ കാണാതായത് പ്രേക്ഷകരിലും ആശയക്കുഴപ്പമുണ്ടാക്കി.

വിവാദത്തിന് പിന്നാലെ യൂട്യൂബ് കമന്റ് ഓപ്ഷന്‍ ഓഫ്

ബാലുവിന്റെ കുടുംബത്തെ കേന്ദ്രീകരിച്ചുള്ള എപ്പിസോഡുകളില്‍ നിന്ന് ബാലുവിന്റെ തറവാടിലേക്ക് കഥാപശ്ചാത്തലം മാറിയത് പ്രധാന താരങ്ങള്‍ പരമ്പര വിട്ടതുകൊണ്ടാണെന്നും പ്രചരണമുണ്ടായിരുന്നു. ബാലുവും നീലുവും മുടിയനും കേശുവും അടങ്ങുന്ന പ്രധാന താരങ്ങള്‍ ഇല്ലാത്ത എപ്പിസോഡുകള്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്തപ്പോള്‍ ചാനലിനെതിരെയും പരമ്പരക്കെതിരെയും പ്രേക്ഷകരില്‍ നിന്ന് വിമര്‍ശനവുമുണ്ടായി. ഇതോടെ യൂട്യൂബിലെ കമന്റ് ഓപ്ഷന്‍ ഓഫ് ചെയ്തു. ബാലുവിനെ അവതരിപ്പിക്കുന്ന ബിജു സോപാനം, നീലുവിനെ അവതരിപ്പിക്കുന്ന നിഷാ സാരംഗ്, മുടിയനായ ഋഷി എസ് കുമാര്‍, കേശുവിനെ അവതരിപ്പിക്കുന്ന അല്‍ സാബിത്ത്, ശിവാനി എന്നിവരെ ഉള്‍പ്പെടുത്തി പുതിയ എപ്പിസോഡുകളുടെ ചിത്രീകരണം തുടങ്ങിയിട്ടുണ്ട്.

മുടിയന്റെ വിവാദ പോസ്റ്റ്, പിന്നാലെ ഡിലീറ്റ്

തങ്ങള്‍ ഉപ്പും മുളകും വിടില്ലെന്നും, വിട്ടുനില്‍ക്കാന്‍ ഒരു കാരണമുണ്ടെന്നും അത് വൈകാതെ ശരിയാകുമെന്നും സൂചിപ്പിച്ച് ഋഷി എസ് കുമാര്‍ മൂന്ന് ദിവസം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിട്ടിരുന്നു. വിവാദമായതിന് പിന്നാലെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഉപ്പും മുളകും എപ്പിസോഡ് ഡയറക്ടറുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് പ്രധാന താരങ്ങള്‍ പരമ്പരയില്‍ നിന്ന് വിട്ടുനിന്നതെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരണമുണ്ടായിരുന്നു. ബാലുവിനെ അവതരിപ്പിച്ച ബിജു സോപാനം, നീലുവിനെ അവതരിപ്പിക്കുന്ന നിഷാ സാരംഗ് എന്നിവര്‍ സിനിമാ അഭിനയവുമായി തിരക്കിലായതിനാലാണ് പരമ്പര ഇവരില്ലാതെ സംപ്രേഷണം ചെയ്യുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു.

ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജുഗി രസ്‌തോഗി ഉപ്പും മുളകും ആയിരം എപ്പിസോഡ് തികച്ചതിന് പിന്നാലെയായിരുന്നു പരമ്പര വിട്ടത്. ഉപ്പും മുളകും പരമ്പരയില്‍ ലച്ചു എന്ന കഥാപാത്രം വിവാഹിതയായതിന് പിന്നാലെയാണ് ജൂഹി പരമ്പര വിട്ടത്. ഷൂട്ടും പ്രോഗ്രാമും കാരണം പഠനം ഉഴപ്പിയെന്നും അതിനാലാണ് ഉപ്പും മുളകും വിട്ടതെന്നും ഇവര്‍ പിന്നീട് പറഞ്ഞിരുന്നു. ജിപ്‌സി ട്രാവലിംഗ് ഫോക്കസ് ചെയ്തുള്ള യൂട്യൂബ് ചാനലുമായി ഇനി സജീവമാകുമെന്നും ജൂഹി രസ്‌തോഗി വിവിധ അഭിമുഖങ്ങളിലായി അറിയിച്ചു.

2015 ഡിസംബര്‍ മുതല്‍ ഫ്‌ളവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും മറ്റ് വിനോദ ചാനലുകളുമായുള്ള മത്സരത്തില്‍ ഫ്‌ളവേഴ്‌സിനെ മുന്‍നിരയില്‍ എത്തിച്ച പ്രോഗ്രാമുകളില്‍ ഒന്നാണ്. ഫളവേഴ്‌സ് ചാനലില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള പരമ്പരയുമാണ് ഉപ്പും മുളകും. 2018ല്‍ സംവിധായകന്‍ തന്നെ പരമ്പരയില്‍ നിന്ന് അകാരണമായി നീക്കിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും ആരോപിച്ച് നിഷാ സാരംഗ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. ഇതിന് പിന്നാലെ സംവിധായകനെ നീക്കി നിഷാ സാരംഗിനെ തുടര്‍എപ്പിസോഡുകളില്‍ ഉള്‍പ്പെടുത്തിയാണ് ചാനല്‍ അധികൃതര്‍ പ്രശ്‌നപരിഹാരത്തിലെത്തിയത്.

logo
The Cue
www.thecue.in