ഫുക്രുവിനെ പുറത്താക്കാന്‍ കാമ്പയിന്‍, ബിഗ് ബോസ് ഹൗസ് വിട്ട് ഓണ്‍ലൈന്‍ പെറ്റിഷനും സൈബര്‍ ആക്രമണവും
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് സീസണ്‍ ടുവില്‍ നിന്ന് ടിക് ടോക് താരമായ മത്സരാര്‍ത്ഥി ഫുക്രുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കാമ്പയിന്‍. ഡോ.രജിത്കുമാറിനെ പിന്തുണക്കുന്നവരാണ് സാമൂഹിക മാധ്യമങ്ങളിലെ കാമ്പയിന് പിന്നില്‍. ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയും ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, വാട്‌സ് ആപ്പ് തുടങ്ങിയ ആപ്പുകളിലൂടെയുമാണ് പ്രചരണം. ഓണ്‍ലൈന്‍ പെറ്റിഷന്‍ വെബ് സൈറ്റ് ആയ ചേഞ്ച് വഴി റിമൂവ് ഫുക്രു ഫ്രം ബിഗ് ബോസ് ടു മലയാളം എന്ന പേരില്‍ ഓണ്‍ലൈന്‍ പെറ്റിഷന്‍ കാമ്പയിനും നടക്കുന്നുണ്ട്. കൃഷ്ണജിത്ത് എന്ന ഫുക്രു തുടക്കം മുതല്‍ ബിഗ് ബോസ് ഷോയില്‍ അനാരോഗ്യകരമായ ശൈലി തുടരുകയാണെന്നും അച്ഛന്റെ പ്രായമുള്ള ഡോ.രജിത്കുമാറിനെ കുത്തിന് പിടിച്ച് കയ്യേറ്റം ചെയ്‌തെന്നും കാമ്പയിന്‍ നടത്തുന്നവര്‍ പറയുന്നു. അഞ്ഞൂറിലേറെ പേര്‍ ഓണ്‍ലൈന്‍ പെറ്റിഷനില്‍ സൈന്‍ ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 13ന് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് സീസണ്‍ ടു എപ്പിസോഡ് പ്രമോ ഏഷ്യാനെറ്റ് പുറത്തുവിട്ടതിന് പിന്നാലെയാണ് ഫുക്രുവിനെതിരെ കാമ്പയിന് തുടക്കം. വീഡിയോയില്‍ ബിഗ് ബോസ് ഹൗസിലെ പ്രധാന വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന രജിത് കുമാറിനെ ഫുക്രു തടയുന്നതും കഴുത്തില്‍ പിടിച്ച് തള്ളുന്നതും കാണാം. എപ്പിസോഡ് പൂര്‍ണമായും ടെലകാസ്റ്റ് ചെയ്യുന്നതിന് മുമ്പേ സൈബര്‍ ആക്രമണവും തുടങ്ങിയിട്ടുണ്ട്. ഫുക്രുവിന്റെ ടിക് ടോക് അക്കൗണ്ട് ഉള്‍പ്പെടെ വിവിധ മത്സരാര്‍ത്ഥികളുടെ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തും ഏഷ്യാനെറ്റ്, ബിഗ് ബോസ് ഷോ നടത്തുന്ന എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജുകളില്‍ കമന്റുകള്‍ ഇട്ടും കാമ്പയിന്‍ നടത്തുന്നുണ്ട്. അശാസ്ത്രീയ പ്രചചരണവും സ്ത്രീവിരുദ്ധതയും പ്രസംഗിച്ച് നിരവധി തവണ വിവാദത്തിലായ ഡോ. രജിത്കുമാറിന്റെ ആരാധകരാണ് എല്ലാ കാമ്പയിനുകള്‍ക്കും പിന്നില്‍. ബിഗ് ബോസ് ഷോയില്‍ സ്ത്രീകളെ പരിഹസിച്ചും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയുമാണ് രജത് ആരാധകരെ സമ്പാദിച്ചത്. നിലവില്‍ വോട്ടിംഗിലും ഫേസ്ബുക്ക് ഫാന്‍സ് ഗ്രൂപ്പുകളില്‍ മറ്റ് മത്സരാര്‍ത്ഥികളെക്കാള്‍ ഏറെ മുന്നിലാണ് രജിത്കുമാര്‍. രജിത്കുമാറിനെ പിന്തുണച്ച് നടി ശാലിന്‍ സോയ, സംവിധായകന്‍ ആലപ്പി അഷ്‌റഫ്, നടന്‍ ഹരീഷ് കണാരന്‍ തുടങ്ങിയവരും രംഗത്ത് വന്നിട്ടുണ്ട്.
ബിഗ് ബോസ് ഫസ്റ്റ് സീസണിന് ലഭിച്ച സ്വീകാര്യതയും പ്രേക്ഷകപിന്തുണയും രണ്ടാം സീസണിന് ലഭിക്കുന്നില്ലെന്നും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയുണ്ട്. കണ്ണ് രോഗം ബാധിച്ച് നാലിലേറെ മത്സരാര്‍ത്ഥികള്‍ ഷോയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയതും സീസണ്‍ സെക്കന്‍ഡിന് കനത്ത തിരിച്ചടിയായി.
ശാസ്ത്രത്തെ ഉദ്ധരിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തിയും മോട്ടിവേഷണല്‍ ക്ലാസുകളില്‍ തുടര്‍ച്ചയായി സ്ത്രീവിരുദ്ധത പ്രസംഗിച്ചും വിമര്‍ശനങ്ങള്‍ നേരിട്ട് കോളജ് അധ്യാപകനാണ് ഡോ.രജിത് കുമാര്‍. കാലടി ശ്രീശങ്കരാ കോളജിലെ ബോട്ടണി അധ്യാപകനാണ് ഡോ.രജിത് കുമാര്‍. 2013 ഫെബ്രുവരി 9ന് വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ തിരുവനന്തപുരം വനിതാ കോളജില്‍ വച്ച് രജിത്കുമാര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സദസ്സില്‍ നിന്ന് ആര്യ സുരേഷ് എന്ന പെണ്‍കുട്ടി പ്രതിഷേധം അറിയിച്ച് കൂവിയിരുന്നു. ഈ കുട്ടിയെ അധിക്ഷേപിച്ചായിരുന്നു ഡോ. രജിത്കുമാറിന്റെ പ്രതികരണം.