രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത് ന്യായീകരിച്ച് രജിത്കുമാര്‍, പ്രകോപിപ്പിച്ചത് കൊണ്ടാണ് ചെയ്തത്
ബിഗ് ബോസ്സ് റിയാലിറ്റി ഷോയില്‍ സഹമല്‍സരാര്‍ത്ഥി രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനെ ന്യായീകരിച്ച് ഷോയില്‍ നിന്ന് പുറത്തായ ഡോ.രജിത്കുമാര്‍. ബിഗ് ബോസ്സ് ആദ്യ സീസണിലെ മത്സരാര്‍ത്ഥി ഷിയാസ് കരീമിനൊപ്പം ഉള്ള ഫേസ്ബുക്ക് ലൈവിലാണ് രജിത് കുമാര്‍ തന്റെ ക്രൂരപ്രവര്‍ത്തിയെ ന്യായീകരിച്ചെത്തിയത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊറോണ ആരോഗ്യമുന്‍കരുതല്‍ ലംഘിച്ച് തിങ്ങിക്കൂടിയതിന് രജിത്കുമാര്‍ ആരാധകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പേരറിയുന്ന 4 പേര്‍ക്കെതിരെയും മറ്റ് 75 പേര്‍ക്കെതിരെയുമാണ് കേസ്.
മുളക് തേച്ചതിനെ ന്യായീകരിച്ച് ഡോ.രജിത്കുമാര്‍
തന്ന എല്ലാ ഗെയിമുകളും നന്നായി ചെയ്യാന്‍ കഴിഞ്ഞു. തുല്യനീതി എല്ലായ്‌പ്പോഴും ചില സ്ഥലത്ത് കിട്ടാറില്ല. തുല്യനീതി കറക്ടായി വന്നിട്ടുണ്ടെങ്കില്‍... ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നു. രജിത്കുമാര്‍ തെറ്റ് ചെയ്തിട്ടില്ല. പത്താം ക്ലാസിലെ കുട്ടി എന്ന നിലയില്‍ എനിക്ക ചില കാര്യങ്ങള്‍ ചെയ്യേണ്ടി വന്നു. എന്നെ പ്രകോപിപ്പിച്ചത് കൊണ്ടാണ്. അതേക്കുറിച്ചൊന്നും ഇപ്പോള്‍ പറയുന്നില്ല. ബിഗ് ബോസ് എപ്പിസോഡ് റിവൈന്‍ഡ് ചെയ്താല്‍ മനസിലാകും. രജിത് കുമാറും രജിത് എന്ന കുട്ടി പോലും ആരെയും വേദനിപ്പിക്കില്ല. കുട്ടിയായി നിന്ന ആ വികാരവും വികൃതിത്തരവും കാണിച്ചു. വികൃതിത്തരവും പെണ്‍കുട്ടികളോടല്ല കാണിക്കേണ്ടത്. ആ കുട്ടി തന്നെ എന്നെ പ്രകോപിപ്പിച്ച്, പ്രകോപിപ്പിച്ച്...അതാണ് ഞാന്‍ പറഞ്ഞത് ആ വീഡിയോ റിവൈന്‍ഡ് ചെയ്ത് നോക്കിയാല്‍ കാണാം. എന്നെ അസംബ്ലിയില്‍ കള്ളനെന്ന് വിളിച്ചു. എന്ന മദ്യപാനിയെന്ന രീതിയില്‍ പരാതി പറയുന്നുണ്ട്. പത്താം ക്ലാസിലെ കുട്ടിയുടെ വികാരം അവിടെ ഉയരും. ഗെയിമിനെ ഗെയിമായി കണക്കാക്കണം.
ബിഗ് ബോസ്സ് ഹൗസിലെ നിയമങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് മാര്‍ച്ച് 10ന് സംപ്രേഷണം ചെയ്ത 66ാം എപ്പിസോഡില്‍ നിന്ന് ഡോ.രജിത്കുമാറിനെ ഷോയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കിയത്. കണ്ണിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ബിഗ് ബോസ്സ് ഹൗസില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനിന്ന ശേഷം തിരിച്ചെത്തിയ രേഷ്മ എന്ന മല്‍സരാര്‍ത്ഥിയുടെ കണ്ണിലാണ് രജിത്കുമാര്‍ മുളക് തേച്ചിരുന്നത്. റിയാലിറ്റി ഷോയില്‍ രജിത്കുമാര്‍ നടത്തിയ അതിക്രമത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
രജിത്കുമാറിനെതിരെ കേസ് കൊടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അച്ഛനുമായി സംസാരിക്കണമെന്നായിരുന്നു രേഷ്മയുടെ നിലപാട്. തുടക്കം മുതല്‍ രജിത്കുമാര്‍ ചെയ്ത ക്രൂരമായ ആക്രമണത്തോട് വിട്ടുവീഴ്ചയില്ലെന്ന നിലപാടിലായിരുന്നു രേഷ്മ. ഒത്തുതീര്‍പ്പ് സാധ്യമാകുമോ എന്ന രീതിയില്‍ അവതാരകന്‍ മോഹന്‍ലാലും സഹമല്‍സരാര്‍ത്ഥികളും ചര്‍ച്ച നടത്തിയെങ്കിലും രേഷ്മ നിലപാടില്‍ ഉറച്ചു. ഇതോടെയാണ് ബിഗ് ബോസ് രണ്ടാം സീസണില്‍ ഏറ്റവുമധികം ആരാധകരുള്ള ഡോ.രജിത് കുമാര്‍ സഹമല്‍സരാര്‍ത്ഥിയെ ആക്രമിച്ചതിന് പുറത്തായത്.
ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 324, സെക്ഷന്‍ 323, സെക്ഷന്‍ 325 എന്നിവ പ്രകാരം ഗുരുതര കുറ്റകൃത്യമാണ് രജിത്കുമാര്‍ ചെയ്തതെന്നും ഷോ നടക്കുന്നത് ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ ആയതിനാല്‍ ചെന്നൈ പൊലീസിന് സ്വമേധയാ കേസെടുക്കണമെന്നും അഭിപ്രായമുയര്‍ന്നിരുന്നു. രജിത്കുമാറിനെതിരെ പൊലീസ് നടപടിയുണ്ടാകുമെന്ന വാര്‍ത്താ ഏജന്‍സികളും ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രജിത് എന്ന അധ്യാപകന്‍ ലോകത്തിന് ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്ന് ഷോയിലുടനീളം ആവര്‍ത്തിച്ച ഡോ.രജിത് രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത് ടാസ്‌കിലെ വികൃതിക്കുട്ടിയായ കഥാപാത്രമാണെന്ന വിചിത്രമായ ന്യായീകരണം തുടര്‍ന്നു. രജിത് കുമാര്‍ ബിഗ് ബോസ്സ് ഷോയില്‍ തുടരുന്ന കാര്യത്തില്‍ രേഷ്മയ്ക്ക് തീരുമാനമെടുക്കാമെന്ന് പറഞ്ഞപ്പോള്‍ എന്ത് തീരുമാനിക്കാന്‍ എന്നായിരുന്നു അവരുടെ മറുപടി. മറ്റൊരു മത്സരാര്‍ത്ഥിയായ രഘു ക്ഷമ പറഞ്ഞാല്‍ സ്വീകരിക്കേണ്ടത് മാനുഷികമാണെന്ന വാദവുമായി രംഗത്ത് വന്നു. ഡോ.രജിത് കുമാര്‍ മാപ്പ് പറഞ്ഞത് ആത്മാര്‍ത്ഥമായിട്ടാണെന്നും അതിനാല്‍ സ്വീകരിക്കണമെന്ന രീതിയിലായിരുന്നു രഘുവിന്റെ അഭിപ്രായം. എന്നാല്‍ മാപ്പ് സ്വീകരിക്കാം ബിഗ് ബോസ്സ് ഹൗസിലേക്ക് തിരികെ വരുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു രേഷ്മയുടെ നിലപാട്. ഇതോടെയാണ് ബിഗ് ബോസ്സ് ഹൗസില്‍ നിന്ന് ഡോ.രജിത്കുമാര്‍ പുറത്തായത്.
ഡോ.രജിത്കുമാറിനെ പിന്തുണക്കുന്നത് rajith army, rajith fans തുടങ്ങിയ വിവിധ പേരുകളില്‍ സൈബര്‍ ആക്രമണവും അധിക്ഷേപവുമായി സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്.
മോഹന്‍ലാലിന് സൈബര്‍ ആക്രമണവും, വ്യക്തിയധിക്ഷേപവും
ബിഗ് ബോസ്സ് മലയാളം സീസണ്‍ ടുവില്‍ നിന്ന് ഡോ.രജിത്കുമാര്‍ പുറത്തായതിന് പിന്നാലെ അവതാരകന്‍ മോഹന്‍ലാലിന് സൈബര്‍ ആക്രമണവും, വ്യക്തിയധിക്ഷേപവും. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലും സാമൂഹ്യമാധ്യമങ്ങളിലൂടെയുമാണ് രജിത്കുമാര്‍ ആരാധകരെന്ന് അവകാശപ്പെടുന്നവരുടെ ആക്രമണം. കൊവിഡ് 19 രോഗവ്യാപനത്തെക്കുറിച്ചുള്ള ഒരു ബോധവല്‍ക്കരണ വീഡിയോ ആണ് മോഹന്‍ലാല്‍ മാര്‍ച്ച് 14ന് ശനിയാഴ്ച ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഈ വീഡിയോ പോസ്റ്റിന്റെ കമന്റ് ബോക്‌സിലാണ് ഡോ.രജിത്കുമാറിനെ പിന്തുണക്കുന്നവര്‍ അധിക്ഷേപവും തെറിവിളിയുമായി രംഗത്ത് വന്നിരിക്കുന്നത്. മാര്‍ച്ച് 10ന് സംപ്രേഷണം ചെയ്ത ബിഗ് ബോസ്സ് 66ാം എപ്പിസോഡില്‍ സ്‌കൂള്‍ ടാസ്‌ക് എന്ന പേരിലുള്ള ഗെയിമിനിടെ സഹമല്‍സരാര്‍ത്ഥി രേഷ്മയുടെ രണ്ട് കണ്ണിലും ഡോ.രജിത്കുമാര്‍ മുളക് തേച്ചിരുന്നു. കണ്ണ് രോഗ ബാധയെ തുടര്‍ന്നുള്ള ചികിത്സ കഴിഞ്ഞ് ബിഗ് ബോ്സ്സ് ഹൗസില്‍ തിരിച്ചെത്തിയ മത്സരാര്‍ത്ഥിയായിരുന്നു രേഷ്മ. മുളക് തേച്ചതിന് പിന്നാലെ രേഷ്മ അടിയന്തര ചികിത്സ തേടി.
ബിഗ് ബോസ്സ് ഹൗസില്‍ നിയമലംഘനം നടത്തിയതിന് താല്‍ക്കാലികമായി പുറത്താക്കിയ രജിത്കുമാറിനെ ശനിയാഴ്ച സംപ്രേഷണം ചെയ്ത വാരാന്ത്യ എപ്പിസോഡില്‍ പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് rajith army, dr rajith fans , drk fasn തുടങ്ങി വിവിധ പേരുകളിലായി രൂപപ്പെട്ടിരിക്കുന്ന ഡോ.രജിത് കുമാര്‍ ഫാന്‍സ് സഹമല്‍സരാര്‍ത്ഥികള്‍ക്കെതിരെയും അവതാരകന്‍ മോഹന്‍ലാലിനെതിരെയും രംഗത്തെത്തിയത്. ബിഗ് ബോസ്സ് സീസണ്‍ ടുവില്‍ ഏറ്റവുമധികം ആരാധകരുള്ള മത്സരാര്‍ത്ഥിയാണ് സ്ത്രീവിരുദ്ധ പ്രഭാഷണങ്ങളിലൂടെയും, അശാസ്ത്രീയ പ്രചരണങ്ങളിലൂടെയും ചര്‍ച്ച ചെയ്യപ്പെട്ട ഡോ.രജിത്കുമാര്‍.