ബിഗ് ബോസ്സ് ഷോയില്‍ നിന്ന് രജിത് കുമാര്‍ പുറത്ത്, ക്രൂരതയ്ക്ക് ന്യായീകരണമില്ലെന്ന് മത്സരാര്‍ത്ഥി രേഷ്മ
സഹമല്‍സരാര്‍ത്ഥിയുടെ കണ്ണില്‍ മുളക് തേച്ചതിന് താല്‍ക്കാലികമായി പുറത്താക്കിയ ഡോ രജിത്കുമാറിനെ ഏഷ്യാനെറ്റ് റിയാലിറ്റി ഷോ ബിഗ് ബോസ്സ് മലയാളം സീസണ്‍ ടുവില്‍ നിന്ന് പുറത്താക്കി.
രജിത്കുമാറിനെതിരെ കേസ് കൊടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അച്ഛനുമായി സംസാരിക്കണമെന്നായിരുന്നു രേഷ്മയുടെ നിലപാട്. തുടക്കം മുതല്‍ രജിത്കുമാര്‍ ചെയ്ത ക്രൂരമായ ആക്രമണത്തോട് വിട്ടുവീഴ്ചയില്ലെന്ന നിലപാടിലായിരുന്നു രേഷ്മ. ഒത്തുതീര്‍പ്പ് സാധ്യമാകുമോ എന്ന രീതിയില്‍ അവതാരകന്‍ മോഹന്‍ലാലും സഹമല്‍സരാര്‍ത്ഥികളും ചര്‍ച്ച നടത്തിയെങ്കിലും രേഷ്മ നിലപാടില്‍ ഉറച്ചു. ഇതോടെയാണ് ബിഗ് ബോസ് രണ്ടാം സീസണില്‍ ഏറ്റവുമധികം ആരാധകരുള്ള ഡോ.രജിത് കുമാര്‍ സഹമല്‍സരാര്‍ത്ഥിയെ ആക്രമിച്ചതിന് പുറത്തായത്.
ബിഗ് ബോസ്സ് ഹൗസിലെ നിയമങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് മാര്‍ച്ച് 10ന് സംപ്രേഷണം ചെയ്ത 66ാം എപ്പിസോഡില്‍ നിന്ന് ഡോ.രജിത്കുമാറിനെ ഷോയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കിയത്. കണ്ണിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ബിഗ് ബോസ്സ് ഹൗസില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനിന്ന ശേഷം തിരിച്ചെത്തിയ രേഷ്മ എന്ന മല്‍സരാര്‍ത്ഥിയുടെ കണ്ണിലാണ് രജിത്കുമാര്‍ മുളക് തേച്ചിരുന്നത്. റിയാലിറ്റി ഷോയില്‍ രജിത്കുമാര്‍ നടത്തിയ അതിക്രമത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
മാര്‍ച്ച് 14ന് മോഹന്‍ലാല്‍ അവതാരകനായി എത്തിയ വാരാന്ത്യ എപ്പിസോഡിലാണ് ഡോ. രജത്കുമാറിന്റെ ആക്രമണം ചര്‍ച്ചയായത്. ആദ്യം രജിത് കുമാറിന്റെ ആക്രമണത്തിന് ഇരയായ രേഷ്മയെയും പിന്നീട് ഡോ.രജിത്കുമാറിനെയും മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചക്ക് ക്ഷണിച്ചു. രജിത്കുമാര്‍ ചെയ്ത ചെയ്തിയുടെ ആഘാതത്തില്‍ നിന്ന് ഇനിയും മോചിതയായിട്ടില്ലെന്നായിരുന്നു രേഷ്മയുടെ പ്രതികരണം.
മത്സരാര്‍ത്ഥിയായ രേഷ്മയുടെ മാതാപിതാക്കളോട് അവതാരകന്‍ മോഹന്‍ലാലും, ഡോ രജിത്കുമാറും സംസാരിച്ചു. ടാസ്‌കുകള്‍ പലതും കണ്ടിട്ടുണ്ടെങ്കില്‍ ഇത്തരത്തിലൊരു ചെയ്തി അംഗീകരിക്കാനാകില്ലെന്ന് രേഷ്മയുടെ അമ്മ ഷോയില്‍ പ്രതികരിച്ചു. ഇത്രയും സീനിയര്‍ ആയ ഒരാള്‍ മകളോട് ചെയ്തതിനോട് ഒരു ന്യായീകരണവും തോന്നുന്നില്ലെന്ന് രേഷ്മയുടെ അമ്മ.മനപൂര്‍വം രജത് എന്ന അധ്യാപകന്‍ ചെയ്തതല്ലെന്നും സ്‌കൂള്‍ ടാസ്‌കില്‍ പങ്കെടുത്ത വികൃതിക്കുട്ടി ചെയ്തതാണെന്നും ഡോ.രജത് രേഷ്മയുടെ അമ്മയോട്. ക്രൂരമായ പ്രവര്‍ത്തിയെ ന്യായീകരിക്കുന്ന വിധത്തില്‍ ഡോ.രജിത് കുമാര്‍ ഇത് ഡോ. രജിത് എന്ന അധ്യാപകന്റെ പ്രവര്‍ത്തിയല്ലെന്നും ഗെയിമില്‍ പങ്കെടുത്ത കുട്ടിയുടെ വികൃതിയാണെന്നും പറയുന്നു. തന്റെ കണ്ണുകള്‍ ദാനം ചെയ്യാമെന്ന വാഗ്ദാനവും രജിത്കുമാര്‍ വക ഷോയില്‍ ഉണ്ടായി. എന്നാല്‍ ഷോയില്‍ തുടര്‍ന്ന് പങ്കെടുത്താല്‍ രജിത് കുമാര്‍ ഇത്തരം പ്രവര്‍ത്തികള്‍ തുടരുമെന്നും അതിനാല്‍ ക്ഷമ സ്വീകരിക്കാമെന്നും തിരികെ ഷോയില്‍ വരുന്നത് അംഗീകരിക്കാനാകില്ലെന്നും രേഷ്മ നിലപാടെടുത്തു.
ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 324, സെക്ഷന്‍ 323, സെക്ഷന്‍ 325 എന്നിവ പ്രകാരം ഗുരുതര കുറ്റകൃത്യമാണ് രജിത്കുമാര്‍ ചെയ്തതെന്നും ഷോ നടക്കുന്നത് ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ ആയതിനാല്‍ ചെന്നൈ പൊലീസിന് സ്വമേധയാ കേസെടുക്കണമെന്നും അഭിപ്രായമുയര്‍ന്നിരുന്നു. രജിത്കുമാറിനെതിരെ പൊലീസ് നടപടിയുണ്ടാകുമെന്ന വാര്‍ത്താ ഏജന്‍സികളും ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രജിത് എന്ന അധ്യാപകന്‍ ലോകത്തിന് ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്ന് ഷോയിലുടനീളം ആവര്‍ത്തിച്ച ഡോ.രജിത് രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത് ടാസ്‌കിലെ വികൃതിക്കുട്ടിയായ കഥാപാത്രമാണെന്ന വിചിത്രമായ ന്യായീകരണം തുടര്‍ന്നു. രജിത് കുമാര്‍ ബിഗ് ബോസ്സ് ഷോയില്‍ തുടരുന്ന കാര്യത്തില്‍ രേഷ്മയ്ക്ക് തീരുമാനമെടുക്കാമെന്ന് പറഞ്ഞപ്പോള്‍ എന്ത് തീരുമാനിക്കാന്‍ എന്നായിരുന്നു അവരുടെ മറുപടി. മറ്റൊരു മത്സരാര്‍ത്ഥിയായ രഘു ക്ഷമ പറഞ്ഞാല്‍ സ്വീകരിക്കേണ്ടത് മാനുഷികമാണെന്ന വാദവുമായി രംഗത്ത് വന്നു. ഡോ.രജിത് കുമാര്‍ മാപ്പ് പറഞ്ഞത് ആത്മാര്‍ത്ഥമായിട്ടാണെന്നും അതിനാല്‍ സ്വീകരിക്കണമെന്ന രീതിയിലായിരുന്നു രഘുവിന്റെ അഭിപ്രായം. എന്നാല്‍ മാപ്പ് സ്വീകരിക്കാം ബിഗ് ബോസ്സ് ഹൗസിലേക്ക് തിരികെ വരുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു രേഷ്മയുടെ നിലപാട്. ഇതോടെയാണ് ബിഗ് ബോസ്സ് ഹൗസില്‍ നിന്ന് ഡോ.രജിത്കുമാര്‍ പുറത്തായത്.
ഡോ.രജിത്കുമാറിനെ പിന്തുണക്കുന്നത് rajith army, rajith fans തുടങ്ങിയ വിവിധ പേരുകളില്‍ സൈബര്‍ ആക്രമണവും അധിക്ഷേപവുമായി സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്.
അശാസ്ത്രീയ പ്രചരണങ്ങളിലൂടെയും സ്ത്രീവിരുദ്ധ പ്രഭാഷണങ്ങളിലൂടെയും ചര്‍ച്ചയായ ഡോ.രജിത്കുമാറിനെ ബിഗ് ബോസ്സ് മത്സരാര്‍ത്ഥിയാക്കിയതിന് എതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഡോ.രജിത്കുമാറിനെ ബിഗ് ബോസ്സ് ഹൗസില്‍ എതിര്‍ക്കുന്നതോ, വിമര്‍ശിക്കുന്നതോ ആയ മത്സരാര്‍ത്ഥികള്‍ക്കെതിരെ രജിത് കുമാര്‍ ഫാന്‍ സൈബര്‍ ആക്രമണം നടത്തുന്നതും വിവാദമായിരുന്നു. നേരത്തെ ഹൗസില്‍ നിന്ന് പുറത്തായ നടി മഞ്ജു പത്രോസിന്റെ കുടുംബം രജിത്കുമാര്‍ ആരാധകര്‍ വ്യക്തിയധിക്ഷേപം നടത്തുകയും മഞ്ജുവിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നും കാട്ടി രംഗത്ത് വന്നിരുന്നു. ടിവി അവതാരകയും അഭിനേത്രിയുമായ ആര്യ, വീണാ നായര്‍, ജസ്ല മാടശേരി എന്നിവര്‍ക്കെതിരെയും രജത് ആരാധകര്‍ സൈബര്‍ ആക്രമണവുമായി സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരുന്നു.
ശാസ്ത്രത്തെ ഉദ്ധരിച്ച് വ്യാജപ്രചരണങ്ങള്‍ നടത്തിയും മോട്ടിവേഷണല്‍ ക്ലാസുകളില്‍ തുടര്‍ച്ചയായി സ്ത്രീവിരുദ്ധത പ്രസംഗിച്ചും വിമര്‍ശനങ്ങള്‍ നേരിട്ട് കോളജ് അധ്യാപകനാണ് ഡോ.രജിത് കുമാര്‍. കാലടി ശ്രീശങ്കരാ കോളജിലെ ബോട്ടണി അധ്യാപകനാണ് ഡോ.രജിത് കുമാര്‍. 2013 ഫെബ്രുവരി 9ന് വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ തിരുവനന്തപുരം വനിതാ കോളജില്‍ വച്ച് രജിത്കുമാര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ സദസ്സില്‍ നിന്ന് ആര്യ സുരേഷ് എന്ന പെണ്‍കുട്ടി പ്രതിഷേധം അറിയിച്ച് കൂവിയിരുന്നു. ഈ കുട്ടിയെ അധിക്ഷേപിച്ചായിരുന്നു ഡോ. രജിത്കുമാറിന്റെ പ്രതികരണം.