എന്താണ് ഫോറന്‍സിക്, മെഡിക്കല്‍ ത്രില്ലറിനെക്കുറിച്ച് സംവിധായകന്‍ സുജിത് വാസുദേവ് 

എന്താണ് ഫോറന്‍സിക്, മെഡിക്കല്‍ ത്രില്ലറിനെക്കുറിച്ച് സംവിധായകന്‍ സുജിത് വാസുദേവ് 

ക്യാമറാമാനുമായ സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് ഫോറന്‍സിക്
Published on

വിഷുദിനത്തില്‍ പ്രഖ്യാപിച്ച ടൊവിനോ തോമസ് ചിത്രം ഫോറന്‍സിക് മെഡിക്കല്‍ പശ്ചാത്തലമുള്ള ത്രില്ലര്‍ എന്ന സൂചന നല്‍കി സംവിധായകന്‍ സുജിത് വാസുദേവ്. ക്യാമറാമാനുമായ സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് ഫോറന്‍സിക്. സെവന്‍ത് ഡേയുടെ രചയിതാവ് അഖില്‍ പോളും നവാഗതനായ അനസ് ഖാനും ചേര്‍ന്നാണ് തിരക്കഥ.

ഫോറന്‍സിക് ത്രില്ലറെന്ന് സുജിത് വാസുദേവ്

ലൂസിഫറിന് ശേഷം ഞാനും ടൊവിനോ തോമസും ഒരുമിക്കുന്ന സിനിമയാണ് ഫോറന്‍സിക്. അതുപോലെ തന്നെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്രെന്‍ഡ്സെറ്ററായിരുന്ന സെവന്‍ത് ഡേയുടെ എഴുത്തുകാരനാണ് അഖില്‍ പോള്‍. അദ്ദേഹത്തിന്റെ രണ്ടാം ചിത്രമാണ് ഫോറന്‍സിക്. അത്കൊണ്ട് തന്നെ പ്രതേൃകതകള്‍ ഉളള ചിത്രമായിരിക്കും ഫോറന്‍സിക്. ഫോറന്‍സിക് എന്നത് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടൊരു പ്രയോഗമാണ്. തീര്‍ച്ചയായും സിനിമയും അത്തരമൊരു കഥാപരിസരത്ത് നിന്നുമാണ്. ആ ടൈറ്റില്‍ എന്തുകൊണ്ടാണ് എന്നത് ഉറപ്പായും സിനിമ കാണുമ്പോള്‍ മനസിലാകും. ഫോറന്‍സിക് അസിസ്റ്റന്റുമാരുടെയും ആ മേഖലയില്‍ ജോലി ചെയ്യുന്നവരുടെയും പ്രവര്‍ത്തനം എന്നത് വെറുതെ കാണിച്ചുപോകുന്നതല്ലാതെ നമ്മുടെ സിനിമകളില്‍ ഡീറ്റെയില്‍ ആയി വന്നിട്ടില്ല. ഈ സിനിമ മറ്റൊരു തരത്തില്‍ ഈ ജോലികളെ പ്രതിപാദിക്കുന്ന ചിത്രമായിരിക്കും. ഒരു പാട് ക്രൈം ത്രില്ലറുകള്‍ ഹിന്ദിയിലും തമിഴിലും ഒക്കെ ഇറങ്ങുന്നുണ്ട്. ഈ സ്വഭാവത്തില്‍ ഒരു സിനിമയും ഇറങ്ങിയിട്ടില്ലാത്ത കാലത്താണ് ഇതിന്റെ ചര്‍ച്ച നടക്കുന്നത്.അതിന് ശേഷം ഇപ്പോള്‍ ഒക്ടോബറില്‍ ഷൂട്ടിംഗ് തുടങ്ങുന്ന രീതിയില്‍ വര്‍ക്ക് പുരോഗമിക്കുകയും സീനുകളും സ്‌ക്രിപ്റ്റും കഥാപാത്രങ്ങളും ഉണ്ടായി വരുകയും ചെയ്തിട്ടുണ്ട്. ഉറപ്പായും ഇതൊരു ത്രില്ലര്‍ സിനിമയായിരിക്കും.ഇത് നിങ്ങളെ അത്യാവശ്യത്തില്‍ കൂടുതല്‍ രസിപ്പിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം

സുജിത് വാസുദേവ് ഫോറന്‍സികിനെ കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കാം

ഒക്ടോബറിലാണ് ഫോറന്‍സിക് ചിത്രീകരണം. പ്രശോഭ് വിജയന്‍ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് സുജിത് ഇപ്പോള്‍ ചെയ്യുന്നത്. രാഗം മുവീസിന്റെ ബാനറില്‍ രാജു മല്യത്ത് അവതരിപ്പിക്കുന്ന ചിത്രം നവിസ് സേവ്യര്‍, സിജു മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സെഞ്ച്വറിയാണ് വിതരണം.

അഖില്‍ പോള്‍ രചന നിര്‍വഹിച്ച പൃഥ്വിരാജ് ചിത്രം സെവന്‍ത് ഡേയുടെ ക്യാമറാമാന്‍ സുജിത് വാസുദേവായിരുന്നു. ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന കല്‍ക്കി, തുടങ്ങാനിരിക്കുന്ന ആരവം എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ടൊവിനോ തോമസ് ഫോറന്‍സിക്കില്‍ ജോയിന്‍ ചെയ്യുന്നത്. ആഷിക് അബു ചിത്രം വൈറസ്, ജിയോ ബേബിയുടെ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്, മനു അശോകന്‍ ചെയ്ത ഉയരെ എന്നീ സിനിമകളാണ് ടൊവിനോയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്.

logo
The Cue
www.thecue.in