താരാട്ടും പോരാട്ടവും ഒരു പാട്ടില്‍ ഇഴചേരുമ്പോള്‍

താരാട്ടും പോരാട്ടവും ഒരു പാട്ടില്‍ ഇഴചേരുമ്പോള്‍
Published on

തലമുറകള്‍ക്കനുസരിച്ച് മനുഷ്യന്റെ അഭിരുചിക്കും വ്യത്യാസങ്ങള്‍ സംഭവിക്കുന്നത് നാം ദൈനംദിനം കാണുന്നതാണ്. വസ്ത്രധാരണത്തിലും മറ്റ് ജീവിത നിലവാരത്തിലും നമുക്ക് ലഭ്യമാകുന്ന അത്യാധുനിക സൗകര്യങ്ങളാണ് ഈ അഭിരുചിയെ നിര്‍ണ്ണയിക്കുന്നതെങ്കില്‍ കലയുടെ കാര്യത്തില്‍ മറ്റൊരു ഘടകം കൂടി നിര്‍ണ്ണായകമാകാറുണ്ട്. എന്നാല്‍ നിലവിലുള്ള സാങ്കേതിക വിദ്യകള്‍ക്കനുസരിച്ച് കല ആസ്വദിക്കാനാണ് പൊതുവെ എല്ലാവരും ഇഷ്ടപ്പെടുന്നത്. നമ്മുടെ പരമ്പരാഗത കലകള്‍ കാലഘട്ടത്തിനും സാങ്കേതിക വിദ്യയ്ക്കും അനുസരിച്ച് മാറാന്‍ തയ്യാറാകാത്തതിനാല്‍ തന്നെയാണ് പുതിയ തലമുറയില്‍ പലര്‍ക്കും അവ അന്യമായി പോയതും അവര്‍ അതിനോട് മുഖം തിരിച്ച് നില്‍ക്കാന്‍ കുടങ്ങിയതും.

ശില്‍പ്പകലയും ചിത്രകലയും പോലുള്ള ഫൈന്‍ആര്‍ട്സുകള്‍ സാങ്കേതിക വിദ്യയ്ക്കനുസരിച്ച് തങ്ങളുടെ മാധ്യമങ്ങളില്‍ വരുത്തുന്ന മാറ്റം അവയുടെ വളര്‍ച്ചയ്ക്ക് മാത്രമല്ല, നിലനില്‍പ്പിലും പരമപ്രധാനമാണ്. സിനിമയാണ് അത്തരത്തില്‍ ചൂണ്ടിക്കാട്ടേണ്ട മറ്റൊരു കലാരൂപം. സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് കെട്ടിലും മട്ടിലും കൃത്യമായ മാറ്റം വരുത്താന്‍ തയ്യാറാകുന്നതിനാലാണ് സിനിമ നൂറ് വര്‍ഷങ്ങള്‍ക്ക് മുകളിലും ജനകീയ കലയായി തുടരുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ പോലും ലോകത്തിന്റെ മുക്കിലും മൂലയിലും നിമിഷങ്ങള്‍ക്കകം എത്തിച്ചേരുന്ന ഈ കൃത്രിമ ബുദ്ധിയുടെ കാലത്ത് കേരളവും ഇതില്‍ നിന്നും വ്യത്യസ്തമല്ല. ഇരുപത് വര്‍ഷം മുമ്പ് കേട്ടിരുന്നത് ഇനി അച്ചടി മാധ്യമങ്ങളുണ്ടാകില്ലെന്നും അത് ദൃശ്യമാധ്യമത്തിന് വഴി മാറേണ്ടി വരുമെന്നുമാണ്. നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഇനി ദൃശ്യമാധ്യമങ്ങളും കാണില്ല എല്ലാം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കയ്യടക്കുമെന്നും നിരീക്ഷണങ്ങളുണ്ടായി. എന്നാല്‍ അതുക്കും മുന്നേ, അതായത് ഇവിടെ ദൃശ്യമാധ്യമങ്ങള്‍ ജനങ്ങള്‍ക്ക് പ്രാപ്യമായ കാലത്ത് ശ്രവ്യമാധ്യമങ്ങളുടെ കാലം കഴിഞ്ഞുവെന്നാണ് കേട്ടിരുന്നത്. എന്നാല്‍ ഇവയൊന്നും പട്ടുപോയില്ലെന്ന് മാത്രമല്ല പരസ്പര പൂരകങ്ങളായി ആര്‍ക്കും ആരെയും വെല്ലുവിളിക്കാനാകാത്ത ഇടങ്ങള്‍ കണ്ടെത്തി മുന്നേറുന്നുണ്ട്. കാലത്തിനനുസരിച്ച് വരുത്തുന്ന മാറ്റങ്ങളാണ് അവയുടെ നിലനില്‍പ്പിന്റെ അടിസ്ഥാന കാരണം.

കലയുടെ കാര്യത്തില്‍ സാങ്കേതിക വിദ്യ ലോകത്തിലെവിടെയും പോലെ ഔട്ട്പുട്ടിന്റെ നിലവാരത്തെയും ഉന്നത നിലവാരം ആഗ്രഹിക്കുന്ന ആസ്വാദകരെ ആകര്‍ഷിക്കുന്നതിലും സഹായിക്കുന്നുണ്ടെങ്കിലും മലയാളിയുടെ ചിന്താഗതിയില്‍ വരുന്ന മാറ്റങ്ങളും പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്. സംഗീതത്തിന്റെ കാര്യമെടുത്താല്‍ സവര്‍ണ്ണതയുടെയും ആഢ്യത്വത്തിന്റെയും മൂല്യങ്ങള്‍ പേറുന്ന പഴയ പാട്ടുകളെ നൊസ്റ്റാള്‍ജിയയുടെ പേരില്‍ മലയാളികള്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ ചിന്താഗതിയും ആസ്വാദനത്തിന്റെ ശൈലിയില്‍ വന്ന മാറ്റങ്ങളും ഇന്റര്‍നെറ്റിലൂടെ ലോകത്തെവിടെയുമുള്ള എന്തിനെക്കുറിച്ചും ലഭിക്കുന്ന അറിവും ആസ്വാദന തലത്തെ സ്വാധീനിച്ചിട്ടുണ്ട്. യേശുദാസും പി. ജയചന്ദ്രനും പി. സുശീലയും എസ്. ജാനകിയും ചിത്രയും എല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപിക്കുകയും പി. ഭാസ്‌കരനും ഒ.എന്‍.വിയും വയലാറും എഴുതുകയും ദേവരാജന്‍ മാഷും ബോംബെ രവിയും ഇളയരാജയും ബാബുക്കയും ജോണ്‍സണ്‍ മാഷും ഒക്കെ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ക്കൊപ്പം മനുഷ്യന്റെ ആകുലതകളും അതിജീവനവും പറയുന്ന പുതിയ തലമുറ ഗാനങ്ങളും മലയാളികള്‍ ഇഷ്ടപ്പെടുന്നത് അതുകൊണ്ടാണ്. (പേര് വിട്ടുപോയ സംഗീത പ്രതിഭകള്‍ എല്ലാവരുടെയും പേര് ഉള്‍പ്പെടുത്താന്‍ നിന്നാല്‍ ഈ ലേഖനം തികയില്ല എന്ന പിരിമിതി മനസ്സിലാക്കി ഈയുള്ളവനോട് ക്ഷമിക്കണേ...). വ്യത്യസ്തമായ ഒരു ശബ്ദവും ശൈലിയുമായി ജാസി ഗിഫ്റ്റ് വന്നപ്പോള്‍ അദ്ദേഹത്തെ മലയാളത്തിന്റെ ബോബ് മെര്‍ലിയെന്ന് വിശേഷിപ്പിച്ച് നമ്മള്‍ സ്വീകരിച്ചതും അതുകൊണ്ടാണ്. പക്ഷേ മലയാളികള്‍ എന്നും മനുഷ്യന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും വ്യാകുലതയുടെയുമെല്ലാം ചിത്രങ്ങള്‍ വരച്ചുകാട്ടുന്ന ഗാനങ്ങളും ഇഷ്ടപ്പെട്ടിരുന്നുവെന്നതിന് തെളിവാണ് മലയാള തനിമ പേറുന്ന ഗാനങ്ങള്‍ക്കൊപ്പം ബോബ് മെര്‍ലിക്കും ബീറ്റില്‍സിനുമെല്ലാം ഇവിടെ സ്വീകാര്യത ലഭിച്ചത്.

ഇത്തരത്തില്‍ തോട്ടം തൊഴിലാളികളുടെ ജീവിത ദുരിതങ്ങളും അവരുടെ അതിജീവനവും പോരാട്ടവുമെല്ലാം വിശദീകരിക്കുന്ന ഗാനമാണ് അടുത്തിടെ യൂടൂബില്‍ റിലീസ് ചെയ്ത 'പാമ്പെന്ന് മെതിക്കവാ...' എന്ന ഗാനം. കഴിഞ്ഞ് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുകയും നിറഞ്ഞ സദസ്സുകളില്‍ കയ്യടികള്‍ നേടുകയും പിന്നീട് വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശന വേദി ലഭിക്കുകയും ചെയ്ത 'വലസൈ പറവകള്‍' എന്ന സിനിമയുടെ തീം സോംഗ് ആണ് ഈ ഗാനം. സുനില്‍ മാലൂര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രധാന ഗാനമായ ഇതിന്റെ വരികളെഴുതിയത് തമിഴിലെ പ്രശസ്ത എഴുത്തുകാരി അല്ലി ഫാത്തിമയും ഗാനം ചിട്ടപ്പെടുത്തിയത് പുതുതലമുറയിലെ സംഗീതാസ്വാദകര്‍ക്ക് ഏറെ സ്വീകാര്യനായ ജോഷി പടമാടനുമാണ്. ഗാനങ്ങള്‍ ആലപിച്ചത് തന്റെ ശബ്ദത്തിലെ പ്രത്യേകത കൊണ്ട് സംഗീത വേദികളില്‍ നിറഞ്ഞു നില്‍ക്കുന്ന രശ്മി സതീഷാണ്.

തോട്ടം തൊഴിലാളികളുടെ പ്രത്യേകിച്ചും ഇടുക്കിയിലെ തേയില തോട്ടം തൊഴിലാളികളുടെ ജീവിതമാണ് മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ചിത്രത്തിലൂടെ സുനില്‍ മാലൂര്‍ പറയുന്നത്. തുച്ഛമായ കൂലിക്ക് തലമുറകളോളം പണിയെടുത്താലും തേയില തോട്ടത്തിലെ പണി വിടേണ്ടി വരുമ്പോള്‍ തിരിച്ച് പോകാന്‍ സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാത്തവരുടെ കഥയാണ് ഇത്. അതില്‍ അവരുടെ കഷ്ടപ്പാടുകളും തേയിലത്തോട്ടത്തിലെ പണിക്ക് വരാനുണ്ടായ സാഹചര്യവും അതിജീവനത്തിന് വേണ്ടി നടത്തിയ പോരാട്ടങ്ങളും ലഹരിക്ക് അടിപ്പെട്ട് പോകുന്ന ജീവിതവും എല്ലാം വിശദീകരിക്കുന്നു. ഇത്തരത്തില്‍ തോട്ടം തൊഴിലാളികള്‍ തേയില കുന്നുകളില്‍ നേരിടുന്ന വെല്ലുവിളികളും കഷ്ടപ്പാടുകളും അവര്‍ അവിടേക്ക് വരാനുണ്ടായ സാഹചര്യവും അതിജീവനത്തിന് വേണ്ടി നടത്തിയ പോരാട്ടങ്ങളുമാണ് മൂന്ന് ഘട്ടങ്ങളായി അല്ലി ഫാത്തിമ ഈ ഗാനത്തിന്റെ വരികളിലും ഒളിപ്പിച്ച് വച്ചിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഈ സിനിമയുടെ കഥ തന്നെയാണ് തോട്ടം തൊഴിലാളികളുടെ തമിഴും മലയാളവും കലര്‍ന്ന ഭാഷയില്‍ എഴുതിയിരിക്കുന്ന ഈ ഗാനത്തിലും പൂര്‍ണ്ണമായും പറയുന്നത്. സിനിമ കാണുകയും ഗാനം കേള്‍ക്കുകയും ചെയ്യുന്നവര്‍ക്ക് എന്തിന് വേണ്ടി എന്ത് എഴുതപ്പെട്ടുവെന്ന സംശയം ന്യായമായും തോന്നാം. അത്രമാത്രം ഇഴകലര്‍ന്നതാണ് സിനിമയും ഗാനവുമെന്നതിനാല്‍ ഒരു തീം സോംഗിന്റെ ദൗത്യം നിര്‍വ്വഹിക്കുന്നതില്‍ ഈ ഗാനം പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നുവെന്ന് പറയാം.

ശുദ്ധധന്യാസി രാഗം മലയാളികള്‍ക്ക് പുതുമയൊന്നുമല്ല. ഒട്ടനവധി ജനപ്രിയ സിനിമാ ഗാനങ്ങള്‍ തയ്യാറാക്കിയ അതേ രാഗത്തിലാണ് ഈ ഗാനവും ഒരുക്കിയിരിക്കുന്നത്. ഒരേ രാഗത്തിലായാലും പല ഗാനങ്ങളും തികച്ചും വിഭിന്നങ്ങളായിരിക്കുന്നത് പോലെ തൊഴിലാളികളുടെ ജീവിതം അവരുടേതിന് സമാനമായ ശബ്ദത്തില്‍ വിവരിക്കുന്ന ഈ ഗാനവും വേറിട്ട് നില്‍ക്കുന്ന ആസ്വാദന അനുഭവമാണ് നല്‍കുന്നത്. പാമ്പും പുഴുക്കളും നിറഞ്ഞ തോട്ടത്തിലെ ജീവിത ദുരിതങ്ങള്‍ പറഞ്ഞാണ് ഗാനം ആരംഭിക്കുന്നത്. കുഞ്ഞുങ്ങളുടെ വിശപ്പ് മാറിയിട്ടുണ്ടാകുമോ, കൊളുന്ത് നുള്ളുന്നത് തടസ്സപ്പെടുമോ, മുതുകിലെ കൂട നിറയുമോ, തങ്ങളുടെ ദുരിതങ്ങള്‍ എന്നെങ്കിലും തീരുമോ? തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങളുമായി തോട്ടം തൊഴിലാളികളുടെ ദുരിതങ്ങള്‍ വിവരിക്കുന്നു. കാഴ്ചക്കാരെ മയക്കുന്ന ഈ പച്ചപിടിച്ച മല തങ്ങള്‍ക്ക് തങ്ങള്‍ക്ക് ദുരിതങ്ങള്‍ നിറഞ്ഞതാണ്. അട്ടയും ആനയുമെല്ലാം തങ്ങളുടെ ജീവനെടുത്തേക്കാം എന്നിങ്ങനെ പോകുന്നു ആ ദുരിത പെയ്ത്ത്.

സവര്‍ണ്ണര്‍ കടന്നുപോകുന്ന വഴിയില്‍ നിന്നും മാറിനില്‍ക്കാന്‍ പറയുന്നതിനാല്‍ സ്വന്തം നാട് വിട്ടാണ് തങ്ങള്‍ ഇവിടേക്ക് വന്നതെന്ന് പറഞ്ഞ് തലമുറകള്‍ക്ക് മുന്നേ തേയിലത്തോട്ടങ്ങളില്‍ പണിക്ക് വരാനിടയായ സാഹചര്യം വ്യക്തമാക്കുന്നു. ഇത് പൊന്ന് വിളയുന്ന മലയാണെന്നും വിശപ്പകറ്റാന്‍ സഹായിക്കുമെന്നും പറഞ്ഞതു കേട്ടാണ് ഇവിടേക്ക് വന്നത്. എന്നാല്‍ അതൊരു തീച്ചൂളയായിരുന്നുവെന്ന് പറഞ്ഞ് തങ്ങള്‍ നേരിട്ട ചൂഷണം വിശദീകരിക്കുന്നു. നീതിയും ന്യായവും അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യവും തങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന വരികളിലൂടെ തോട്ടം തൊഴിലാളികള്‍ നടത്തിയ പോരാട്ടങ്ങള്‍ പറഞ്ഞു തുടങ്ങുന്നു. എന്നാല്‍ തങ്ങളെ ഒരു ദൈവങ്ങളും തുണച്ചില്ല. കൊടിപിടിക്കുന്ന കൈകളിലേക്ക് ഗോപുരങ്ങള്‍ ഇറങ്ങിവരില്ലെന്ന് പറഞ്ഞ് ആ പോരാട്ടം വ്യക്തമാക്കുന്നു.

തമിഴിലെ വരികള്‍ കേട്ട് അതിന്റെ അര്‍ത്ഥം മനസ്സിലാക്കിയപ്പോള്‍ രാഗം മനസ്സിലേക്ക് താനേ എത്തുകയായിരുന്നുവെന്നാണ് സംഗീത സംവിധായകന്‍ ജോഷി പടമാടന്‍ പറയുന്നത്. തോട്ടം തൊഴിലാളികളുടെ ജീവിതം പറയുന്ന സിനിമയ്ക്ക് പുറത്തുനിന്നൊരു സംഗീതം ആവശ്യമില്ലെന്ന് തീരുമാനിച്ച് സിനിമയുടെ സംവിധായകന്‍ സുനില്‍ മാലൂര്‍ ജോഷിയുമായി അവരിലേക്ക് തന്നെ ഇറങ്ങിച്ചെല്ലുകയായിരുന്നു. തമിഴ് കലര്‍ന്ന മലയാളത്തില്‍ അവര്‍ പാടിയ നാടന്‍ പാട്ടുകളും തമിഴ് പേച്ചുകളും എല്ലാം കേട്ടാണ് സംഗീതം ചിട്ടപ്പെടുത്തുന്നതിലേക്ക് എത്തിച്ചേരുന്നത്. എന്നാല്‍ വണ്ടിപ്പെരിയാറില്‍ വച്ച് അല്ലി ഫാത്തിമയെ പരിചയപ്പെട്ടത് ഈ ഗാനത്തിന്റെ ജനനത്തിന് കാരണമായി. പ്രദേശവാസിയെന്ന നിലയ്ക്ക് തോട്ടം തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് അവര്‍ പറഞ്ഞത് മുഴുവനും കേള്‍ക്കുകയും നോവലിസ്റ്റായ അവര്‍ തൊഴിലാളികളുടെ ജീവിതം വിവരിക്കുന്ന ഏതാനും വരികള്‍ പറയുകയും ചെയ്തപ്പോള്‍ അവരാണ് ഈ സിനിമയുടെ ഗാനമെഴുതേണ്ടതെന്ന് തീരുമാനിക്കപ്പെടുകയായിരുന്നു. അല്ലി ഫാത്തിമ തന്നെയാണ് ചിത്രത്തിലെ തമിഴ് സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്.

വരികളെഴുതാന്‍ മ്യൂസിക് കൊടുക്കൂവെന്ന് അല്ലി ഫാത്തിമ പറഞ്ഞെങ്കിലും താങ്കള്‍ എഴുതൂ മ്യൂസിക് പിന്നീടാകാമെന്ന് പറഞ്ഞ് മ്യൂസിക്കിനൊപ്പിച്ച് വരികളെഴുതുന്ന പുതിയ കാലഘട്ടത്തില്‍ നിന്നും വ്യത്യസ്തമായി പരമ്പരാഗത ശൈലി തന്നെ പിന്തുടരാനായി പിന്നീട് തീരുമാനം. ആ വരികള്‍ തന്നെയാണ് ഇത്തരമൊരു സംഗീതം തന്നെ ഇതിന് നല്‍കാന്‍ കാരണമായതെന്ന് ജോഷി പറയുന്നു. രണ്ട് പേജിനപ്പുറമുണ്ടായിരുന്ന വരികളില്‍ ആ തൊഴിലാളികളുടെ ജീവിതം തന്നെയാണ് ഉണ്ടായിരുന്നത്. കൊളുന്ത് നുള്ളുന്ന സ്ത്രീകളുടെ ദുരിതങ്ങള്‍, അവര്‍ നടത്തുന്ന പോരാട്ടങ്ങള്‍ അങ്ങനെ അങ്ങനെ... കൊളുന്ത് നുള്ളാനിറങ്ങുമ്പോള്‍ വിശക്കുന്ന മക്കള്‍ക്ക് വേണ്ടി മുല ചുരത്തുന്ന അമ്മമാരുടെ യാതനയാണ് ആദ്യം മനസ്സില്‍ വന്നത്. പിന്നീട് അവര്‍ ഇവിടേക്ക് വരാനുണ്ടായ സാഹചര്യവും അവര്‍ നടത്തുന്ന പോരാട്ടങ്ങളും. അങ്ങനെയാണ് സിനിമയെപ്പോലെ തീം സോംഗും മൂന്ന് ഭാഗങ്ങളാക്കിയതെന്നും ജോഷി വ്യക്തമാക്കി.

ഒരു താരാട്ടിന്റെ ഈണത്തില്‍ ആരംഭിച്ച് പോരാട്ടത്തിന്റെ ഈണത്തില്‍ അവസാനിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. എന്തിനെയും സംഗീതത്തിലൂടെ കാണുന്ന ഒരാളെന്ന നിലയ്ക്ക് വരികളും തൊഴിലാളികളുടെ ജീവിതവും നല്‍കിയ അസ്വസ്ഥതയില്‍ നിന്നാണ് ഗാനം ചിട്ടപ്പെടുത്തിയത്. അതിലേക്ക് മനപ്പൂര്‍വ്വമല്ലാതെ ശുദ്ധധന്യാസി രാഗം കടന്നുവരികയായിരുന്നുവെന്ന് ജോഷി വ്യക്തമാക്കി. തൊഴിലാളികളുടെ ആകപ്പാടെയുള്ള ദുരിത ജീവിതമാണ് പറയുന്നതെങ്കിലും ആ ഭാവം പ്രകടമാകുന്ന ശബ്ദം വേണമായിരുന്നു. അതോടൊപ്പം താരാട്ടിലെ മാതൃത്വഭാവവും. അങ്ങനെയാണ് രശ്മിയുടെ ശബ്ദത്തിന്റെ സവിശേഷത ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

കൊച്ചിയിലെ പോപ്പ് മീഡിയയില്‍ റെക്കോര്‍ഡ് ചെയ്ത ഗാനം പ്രൊഗ്രാം ചെയ്തിരിക്കുന്നതും സൗണ്ട് മിക്സിംഗ് നിര്‍വഹിച്ചിരിക്കുന്നതും പത്മ, വരാല്‍, പൂവ് തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനായ നിനോയ് വര്‍ഗ്ഗീസ് ആണ്. റഷീന്‍ അബ്ദുള്ളും ജോഷിയും ചേര്‍ന്ന് കോറസ് പാടിയിരിക്കുന്നു. ഹെറാള്‍ഡ് ആന്റണിയുടെ വയലിനും ചേര്‍ന്നപ്പോള്‍ ആസ്വാദ്യകരമായ ഒരു ഗാനമാണ് ജോഷിയിലൂടെയും വലസൈ പറവകളിലൂടെയും ആസ്വാദകര്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് പറയാം.

Related Stories

No stories found.
logo
The Cue
www.thecue.in