ഉത്തരേന്ത്യയിലെ ദളിത് വിവേചനവും ജാതിക്കൊലയും പ്രമേയമാക്കിയ ഷോര്‍ട്ട് ഫിലിം 'സീത' ഇന്‍ഡി ഷോര്‍ട്ട്‌സ് അവാര്‍ഡ് കാന്‍സിലേക്ക് മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.
അഭിനവ് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തില്‍ മേല്‍ജാതിയില്‍പ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ ശ്രമിക്കുന്നതിനിടെ ദളിത് ബാലന്‍ നേരിടുന്ന ജാതീയ അതിക്രമങ്ങളാണ് പ്രമേയം. ദയ എന്റര്‍ടെയിന്‍മെന്റും ബിഗ് ബാനര്‍ ഫിലിംസുമാണ് നിര്‍മ്മാണം.
ബോളിവുഡ് അഭിനേതാക്കളെ അണിനിരത്തിയാണ് ഹിന്ദി ഹ്രസ്വചിത്രം. ശ്രിയ പിലഗോങ്കര്‍, ഓം കനോജിയ, ദേവേഷ് രഞ്ജന്‍, ത്രിഷാന്‍ എന്നിവരാണ് കഥാപാത്രങ്ങള്‍. ഫാന്‍ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യ നേഹയായി എത്തിയത് ശ്രിയ പില്‍ഗോങ്കറാണ്. മേരേ പ്യാരേ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു ഓം കനോജ്യ.
അജയ് ദേവ്ഗണിന്റെയും കാജോലിന്റെയും മാനേജരും ഫ്രീലാന്‍സ് പബ്ലിസിസ്റ്റുമാണ് സംവിധായകനായ അഭിനവ്. സിബസിസ് നായിക, ദയാനിധി ദഹിമ, അഭിനവ് സിംഗ് എന്നിവര്‍ക്കൊപ്പം കാസ്റ്റിംഗ് ഡയറക്ടറും സെലിബ്രിറ്റി കോര്‍ഡിനേറ്ററുമായ ഷനീം സയിദും സഹനിര്‍മ്മാതാവാണ്.
ആദിത്യ മോഹനാണ് സംഗീത സംവിധാനം. ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകനാണ് ആദിത്യ മോഹനന്‍.