യൂട്യൂബില്‍ അപ് ലോഡ് ചെയ്യപ്പെടുന്ന ഹ്രസ്വചിത്രങ്ങളില്‍ ഒരു വിഭാഗം ചിത്രങ്ങള്‍ക്ക് സംവിധായകര്‍ പേരിടുന്ന ഒരു രീതിയുണ്ട്. പ്രേക്ഷകനെ ഒന്ന് ഒളിഞ്ഞു നോക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള 'ക്ലിക്ക്ബെയ്റ്റ്' ടൈറ്റിലുകള്‍, സെക്‌സും, വേശ്യയും, കുണ്ടനും, അവിഹിതവും, കിടപ്പറയുമെല്ലാം അത്തരത്തില്‍ മലയാളത്തിലെ ഹ്രസ്വചിത്ര സംവിധായകര്‍ വണ്‍ മില്യണ്‍ വ്യൂവിനായി കാഴ്ചക്കാരെ ആകര്‍ഷിക്കാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന ചീറ്റ് കോഡുകളാണ്. നായികയുടെ ഗ്ലാമറസ് ചിത്രം ;തമ്പ്‌നെയിലും; ഒപ്പം'ക്ലിക്ക്ബെയ്റ്റ്' ടൈറ്റിലും കാഴ്ചക്കാരെ പെട്ടന്ന് ആകര്‍ഷിക്കുമെന്ന് യൂട്യൂബിലെ നീണ്ട പട്ടികകള്‍ തെളിയിച്ചിട്ടുണ്ട്.
അത്തരം ടൈറ്റിലുകള്‍ ചീറ്റ് കോഡ് മാത്രമായി മാറിയപ്പോള്‍, അതിനുള്ളില്‍ നിന്ന് മികച്ച, ഗൗരവമായി നിര്‍മിച്ച സിനിമകള്‍ ഏതെല്ലാമെന്ന് തെരഞ്ഞെടുക്കുക കാഴ്ചക്കാര്‍ക്കും പ്രയാസമായി. എങ്കിലും ഇടയ്ക്കിടയ്ക്ക് അത്തരത്തിലുള്ള മികച്ച ശ്രമങ്ങള്‍ പലരിലും നിന്നും ഉണ്ടായിട്ടുണ്ട് . ആ കൂട്ടത്തില്‍ പെടുത്താവുന്ന ചിത്രമാണ് അരുണ്‍ യോഗനാഥന്‍ സംവിധാനം ചെയ്ത 'പ്രോസ്റ്റിറ്റ്യൂട്ട്'.
പേര് പറയുന്ന പോലെ തന്നെ 'പ്രോസ്റ്റിറ്റ്യൂട്ട്' തന്നെയാണ് ചിത്രത്തിന്റെ വിഷയം. എന്നാല്‍ 'നടിക്ക് പറ്റിയ അബദ്ധം കാണാന്‍ വേണ്ടി ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന കാഴ്ചക്കാര്‍ക്ക്' വേണ്ടിയുള്ള കഥയല്ല ചിത്രം പറയുന്നത്, പക്ഷേ അത്തരക്കാര്‍ കാണേണ്ടതും, ഒരു പരിധിവരെ അവരെക്കുറിച്ചുമാണ് ചിത്രം പറയുന്നതും.
ഒരു ലോഡ്ജ് മുറിയില്‍, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന വാര്‍ത്ത വന്നതിന് ശേഷം ആ മുറിയിലുണ്ടായിരുന്ന പെണ്‍കുട്ടി ആ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകനെ കാണാനെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് പറയാം. ഒരു വേശ്യയോടുള്ള ആ പുരുഷകഥാപാത്രങ്ങളുടെ പെരുമാറ്റവും, അതിനോട് എങ്ങനെ ആ പെണ്‍കുട്ടി പ്രതികരിക്കുന്നുവെന്നും അവള്‍ എന്തെല്ലാം അവരോട് പറയുന്നു, ചോദിക്കുന്നു ഇതെല്ലാമാണ് 20 മിനിറ്റിനടുത്ത് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ പ്രമേയം.
വളരെ ഗൗരവമായ പ്രമേയം അതേ ഗൗരവത്തോടെ തന്നെ എന്നാല്‍ പ്രേക്ഷകര്‍ക്ക് മനസിലാകുന്ന തരത്തില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്നാണ് ചിത്രത്തില്‍ എടുത്ത് പറയുന്നത്. പെണ്‍കുട്ടി കടന്നു പോയ സാഹചര്യങ്ങള്‍ പ്രേക്ഷകരെ അനുഭവപ്പെടുത്താനും അവരില്‍ ഒരു ചെറിയ മരവിപ്പുണ്ടാക്കാനും ചിത്രത്തിന്റെ അവതരണത്തില്‍ കഴിഞ്ഞിട്ടുണ്ട്. നരേറ്റീവിലാകട്ടെ സിനിമ കണ്ട് തുടങ്ങുന്നത് മുതലുണ്ടാകുന്ന ആകാംക്ഷ അവസാനം വരെ പ്രേക്ഷകരില്‍ നിലനിര്‍ത്താനും ചിത്രത്തിന് ആയിട്ടുണ്ട്.
'ക്ലിക്ക്ബെയ്റ്റ്' ടൈറ്റിലുകള്‍ എപ്പോഴും ഒളിഞ്ഞു നോക്കുക സ്ത്രീകളിലേക്കാണ്, അവരെന്ത് ചെയ്യുന്നു, എന്ത് ധരിക്കുന്നു, എന്ത് പറയുന്നു എല്ലാം നോക്കി പകല്‍ ആ സ്ത്രീകളെ വിമര്‍ശിക്കാനും രാത്രി അവരുടെ ഇന്‍ബോക്‌സില്‍ അശ്ലീലം പറയാനും ചെല്ലുന്നവര്‍ സൈബര്‍ ലോകത്തുണ്ട്. സമൂഹത്തിലേക്കിറങ്ങിയാലും അത്തരം പകല്‍ മാന്യന്മാരെ കാണാന്‍ കഴിയും. ആണിനും പെണ്ണിനും വെവ്വേറെ നിയമം ഉണ്ടാക്കുന്ന ഒരു വിഭാഗം. സദാചാര നിയമങ്ങള്‍ സ്ത്രീകള്‍്ക്ക് മാത്രം ബാധകമാക്കുന്ന അത്തരം മോറല്‍ സൊസൈറ്റിക്കാരോട് പ്രസക്തമായ ചോദ്യം ഉയര്‍ത്തി തന്നെയാണ് ചിത്രം അവസാനിക്കുന്നതും.
അമൃത കൃഷ്ണ, ശരത് കുമാര്‍, ദിലീപ് മോഹന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മോശമാക്കാതെ തന്നെയാണ് അവരുടെയെല്ലാം പെര്‍ഫോമന്‍സും. ആര്‍ മാധവനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കാഴ്ചക്കാരെ മുഷിപ്പിച്ചേക്കാവുന്ന ചിലയിടങ്ങള്‍ വളരെ കൃത്യമാ എഡിറ്റിംഗിലൂടെ മികച്ചതാക്കി പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. വിഷ്ണു വി ആര്‍. നവീന്‍ പ്രകാശ് എന്നിവരുടെ എഡിറ്റിംഗ് എടുത്ത് പറയേണ്ടതായിട്ടുണ്ട്. ചിത്രത്തിന്റെ നരേറ്റീവ് മികച്ചതാക്കുന്നതിന് എഡിറ്റിംഗും സിബി ഒരുക്കിയ പശ്ചാത്തലസംഗീതവും പ്രധാന പങ്കു വഹിക്കുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം