അടുക്കുകയും അകലുകയും ചെയ്യുന്ന 'കടലിലേക്കുള്ള ദുരം' ; ഷോര്‍ട്ട്ഫിലിം 'ദ ക്യൂ' യൂട്യൂബ് ചാനലില്‍

അടുക്കുകയും അകലുകയും ചെയ്യുന്ന 'കടലിലേക്കുള്ള ദുരം' ; ഷോര്‍ട്ട്ഫിലിം 'ദ ക്യൂ' യൂട്യൂബ് ചാനലില്‍
Published on

വ്യത്യസ്ത ജീവിതസാഹചര്യത്തില്‍ പെട്ട തികച്ചും അപരിചിതരായ രണ്ടുപേര്‍, അവര്‍ തനിച്ച് ഒരു രാത്രി ഒരു കടല്‍തീരത്തെത്തുന്നു. രണ്ടുവ്യക്തികളും കടലും തമ്മിലുള്ള ദൂരമാണ് തോമസ് ജോര്‍ജ് സംവിധാനം ചെയ്ത 'കടലിലേക്കുള്ള ദൂര'മെന്ന ഷോര്‍ട്ട്ഫിലിമിന്റെ പ്രമേയം. ഈ അപരിചിതര്‍ പരിചയപ്പെടാനിടായാവുന്ന സാഹചര്യവും, അവര്‍ തമ്മിലുള്ള ചെറിയ സംഭാഷണവും മാത്രം ഉള്‍ക്കൊള്ളിച്ച് ആ ചെറിയ സമയത്തിനുള്ളില്‍ തന്നെ കഥാപാത്രങ്ങളുടെ മാനസികാവസ്ഥ പ്രേക്ഷകനിലേക്കെത്തിക്കുന്ന വ്യത്യസ്ത അനുഭവം പങ്കുവെയ്ക്കാന്‍ ചിത്രം ശ്രമിക്കുന്നു.

രണ്ട് വ്യക്തികളും അവര്‍ക്ക് മുന്നിലുള്ള കടലും മാത്രമാണ് ചിത്രത്തിലുള്ളത്. അത് സങ്കീര്‍ണമാക്കാതെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകന് മുന്നിലേയ്ക്ക് വയ്ക്കുന്നു. എന്നാല്‍ രണ്ട് കഥാപാത്രങ്ങളുടെയും വൈകാരികതലങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ചിലപ്പോള്‍ നാടകീയത പ്രേക്ഷകര്‍ക്ക് തോന്നിയേക്കാം. കടലിലേക്ക് ഓരോ വ്യക്തിക്കും ഓരോ ദൂരമാണെന്നിരിക്കെ തന്നെ, സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് അത് അടുത്തെത്തുന്നതും അകലുന്നതും ചിത്രം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മടുപ്പിക്കാത്തത് തന്നെയാണ് കടലിലേക്കുള്ള ദുരത്തിന്റെ 11 മിനിറ്റുകള്‍.

യൂട്യൂബില്‍ റിലീസ് ചെയ്യപ്പെടുന്ന ഭൂരിഭാഗം ഹൃസ്വചിത്രങ്ങളും പിന്തുടരുന്ന ഒരു പോപ്പുലര്‍- ഫീല്‍ഗുഡ്- ക്ലീഷേ ശൈലിയല്ല ചിത്രത്തിനുള്ളത്. വളരെ ചെറിയ പ്രമേയം വലിച്ചുനീട്ടാതെ, സ്പൂണ്‍ഫീഡ് ചെയ്യിക്കാതെ ഇമോഷന്‍ ചോര്‍ന്ന് പോകാത്ത തരത്തില്‍ ചിത്രം അവതരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ എക്‌സ്പിരിമെന്റല്‍ സ്വഭാവത്തില്‍ നിര്‍മിക്കപ്പെടുന്ന വളരെ ചെറിയ വിഭാഗം ഷോര്‍ട്ട്ഫിലിമുകള്‍ക്കിടയില്‍ തന്നെയാണ് കടലിലേക്കുള്ള ദൂരവും ഉള്‍പ്പെടുക.

കുമാര്‍ദാസ്, സാം എന്നിവരാണ് ചിത്രത്തിലെ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്,സംവിധായകന്‍ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം പൂര്‍ണമായും രാത്രിയിലാണ് നടക്കുന്നത്, ജിതിന്‍ ജോര്‍ജ് ഛായാഗ്രഹണവും ജിക്കു എം ജോഷി സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു, രാത്രിയും കടലും ചിത്രത്തിന്റെ പ്രധാനപ്പെട്ട കഥാപാത്രങ്ങളാണെന്ന നിലയില്‍ അവയെ കൃത്യമായി ഉള്‍പ്പെടുത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in