ജീവിതത്തിനും മരണത്തിനും ഇടയിലെ സങ്കീര്‍ണ്ണ നിമിഷങ്ങള്‍ ; ഫാന്റസി ത്രില്ലറായി ‘സാവി?’

ജീവിതത്തിനും മരണത്തിനും ഇടയിലെ സങ്കീര്‍ണ്ണ നിമിഷങ്ങള്‍ ; ഫാന്റസി ത്രില്ലറായി ‘സാവി?’

Published on

വെടിയേറ്റ് മരിക്കാന്‍ പോകുന്ന ഒരു വാടക കൊലയാളി എന്തായിരിക്കും ചിന്തിക്കുക ? മരണം മുന്നിലെത്തി, സെക്കന്റുകള്‍ മാത്രമേ ഇനി ബാക്കിയുള്ളുവെന്ന് അറിയുകയോ അറിയാതിരിക്കുകയോ ചെയ്യുന്ന അവസാനനിമിഷങ്ങളില്‍ എന്തായിരിക്കും അയാളുടെ ചിന്തകളിലൂടെ കടന്നു പോവുക. അത് അയാളുടെ ഭൂതകാലമാവാം, മനസിന്റെ അടിത്തട്ടില്‍ മറഞ്ഞു കിടക്കുന്ന പഴയ കാര്യങ്ങളാവാം, പ്രതീക്ഷകളാവാം, എല്ലാത്തിലും ഉപരിയായി ഇവയെല്ലാം അവ്യക്തമാവാം. മരണം മുന്നിലെത്തുന്ന സങ്കീര്‍ണ്ണമായ ആ നിമിഷത്തെ മുന്‍നിര്‍ത്തി രാംഗോപാല്‍ എ സംവിധാനം ചെയ്തിരിക്കുന്ന ഷോര്‍ട്ട് ഫിലിമാണ് ‘സാവി ?’

ക്രൈം ഫാന്റസി ത്രില്ലര്‍ ഗണത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം അവതരണത്തിലെ പ്രൊഫഷണല്‍ അനുഭവവും കഥപറച്ചിലിലെ പുതുമയും കൊണ്ട് കയ്യടി നേടുകയാണ്. വിശാഖ്, പത്മരാജ് രതീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സാധാരണ കൊലപാതക അന്വേഷണകഥകളിലെ ആര് എന്തിന് എങ്ങനെ എവിടെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പിന്നാലെ പോകാതെ പ്രേക്ഷകനെ ചിന്തിപ്പിക്കുകയും ഉത്തരങ്ങള്‍ സ്വയം കണ്ടെത്താന്‍ അവസരമൊരുക്കുകയും ചെയ്യുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

എഡിറ്റിങ്ങിനും വിഎഫ്എക്‌സ് വര്‍ക്കുകള്‍ക്കുമെല്ലാം വളരെയധികം പ്രാധാന്യമുള്ള 19 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഒന്നരവര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയതെന്ന് സംവിധായകന്‍ രാംഗോപാല്‍ ‘ദ ക്യൂ’വിനോട് പറഞ്ഞു. ചിത്രത്തിന് ഒരു നിര്‍മാതാവിനെ അന്വേഷിച്ചിരുന്നുവെങ്കിലും കണ്‍ഫ്യൂഷന്‍സ് നിലനില്‍ക്കുന്ന വിഷയമായതിനാല്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് സുഹൃത്തുക്കളുടെ കയ്യില്‍ നിന്നെല്ലാം പണം സമാഹരിച്ച് ക്രൗഡ് ഫണ്ടിങ്ങ് എന്ന രീതിയിലാണ് പണം കണ്ടെത്തിയത്.

കഥ രൂപപ്പെട്ടപ്പോള്‍ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള സങ്കീര്‍ണത നീതിപുലര്‍ത്തിക്കൊണ്ട് ചിത്രീകരിക്കണമെന്നുണ്ടായിരുന്നു. അതുകൊണ്ടാണ് പരീക്ഷണാര്‍ഥത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഉപയോഗിച്ചത്. ഒരു ഷോര്‍ട്ട് ഫിലിം കണ്ടിട്ട് പലര്‍ക്കും പല കഥകള്‍ വായിക്കാന്‍ പറ്റണമെന്ന ആശയവുമുണ്ടായിരുന്നു. ഫാന്റസി വിടാതെ തന്നെ ഒരുപാട് ഡീറ്റയിലിങ്ങിന് ശ്രമിച്ചിട്ടുണ്ട്. അവസാനത്തെ ടൈറ്റിലിങ്ങില്‍ അടക്കം.

രാംഗോപാല്‍ എ

ഗാസ്പര്‍ നോയുടെ ‘എന്റര്‍ ദ വോയ്ഡ്’, ഡാരന്‍ അര്‍ണോഫ്‌സ്‌കിയുടെ’ റെക്വയിം ഫോര്‍ എ ഡ്രീം’ എന്നീ ചിത്രങ്ങള്‍ ചിത്രീകരണത്തിന് പ്രചോദനമായിരുന്നുവെന്ന് രാം പറയുന്നു. സിനിമയില്‍ പറയുന്ന ‘ദ ടിബറ്റന്‍ ബുക്ക് ഓഫ് ദ ഡെഡ്’ ആദ്യമായി കാണുന്നതും ‘എന്റര്‍ ദ വോയ്ഡ്’ എന്ന ചിത്രത്തിലായിരുന്നു. അത് ചിത്രം നിര്‍മിക്കാന്‍ പ്രചോദനമാവുകയും ചെയ്തു.

പരീക്ഷണസ്വഭാവമുള്ള ചിത്രമായതിനാല്‍ പ്രേക്ഷകരുടെ പ്രതികരണം എങ്ങനെ ആയിരിക്കുമെന്ന് സംശയമുണ്ടായിരുന്നുവെങ്കിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും രാം പറഞ്ഞു. പലരും അവരുടേതായ ഒരു കഥ വായിച്ചെടുക്കുവാന്‍ ശ്രമിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച വിശാഖ് സുഹൃത്താണ്. മറ്റൊരു സുഹൃത്ത് വഴി പത്മരാജ് രതീഷിലേക്കും എത്തി. ഇവര്‍ തമ്മിലുള്ള മുഖ സാദൃശ്യവും സിനിമയ്ക്ക് ഗുണം ചെയ്തുവെന്നും രാം കൂട്ടിച്ചേര്‍ത്തു.

പ്രകാശ് റാണയാണ് ചിത്രത്തിന്റെ ക്യാമറയും എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നത്. സാധാരണ ഷോര്‍ട്ട് ഫിലിമുകളില്‍ നിന്ന് മാറിയുള്ള അവതരണശൈലി തന്നെയാണ് പ്രകാശ് റാണയെയും ചിത്രത്തിലേക്കെത്തിച്ചത്. പിന്നീട് ‘ജീംബൂബ’ എന്നൊരു ചിത്രത്തിന്റെ എഡിറ്ററായി പ്രകാശ് റാണ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 'സാവി?' ഇതിനകം തന്നെ രാജ്യത്തിനകത്തും പുറത്തുമായി പതിനഞ്ചോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.റോബിന്‍ അലക്‌സാണ് സിജിഐ വര്‍ക്കുകള്‍ ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം ഡോ പ്രവീണ്‍, സൗണ്ട് ഡിസൈന്‍ അഷര്‍ എബ്രഹാം.

logo
The Cue
www.thecue.in