ഒടുങ്ങാത്ത 'പക'യ്ക്കുള്ളില്‍ ഒരു നുഴഞ്ഞുകയറ്റം; ഹ്രസ്വചിത്രം കാണാം

ഒടുങ്ങാത്ത 'പക'യ്ക്കുള്ളില്‍ ഒരു നുഴഞ്ഞുകയറ്റം; ഹ്രസ്വചിത്രം കാണാം
Published on

പകയില്ലാത്ത മനുഷ്യനുണ്ടോ എന്നത് ഒരു ചോദ്യമാണ്, ഏതൊരു വ്യക്തിക്കും പകയുണ്ടാകാം, ചിലരത് ഉള്ളില്‍ കൊണ്ടുനടക്കും, ചിലരത് വീട്ടാന്‍ ശ്രമിക്കും. വ്യക്തികളുടെ സ്വഭാവതലമനുസരിച്ച്, ചിന്തകളനുസരിച്ച് അതിന്റെ ആഴവും വ്യാപ്തിയുമെല്ലാം വ്യത്യാസപ്പെടും. അത്തരത്തിലൊരു പക വീട്ടാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയുടെ ചിന്തകളിലേക്കുള്ള നുഴഞ്ഞു കയറ്റമാണ് ശംഭു മനോജ് സംവിധാനം ചെയ്ത 'പക' എന്ന ഹ്രസ്വചിത്രം.

രണ്ട് കഥാപാത്രങ്ങള്‍ മാത്രമുള്ള, അവരുടെ ചിന്തകളും പ്രവൃത്തികളും തമ്മിലടിക്കുന്ന ആറ് മിനിറ്റ് മാത്രമാണ് ചിത്രം. അതിന് അവര്‍ക്ക് കാരണങ്ങളുണ്ടാകാം, എന്നാല്‍ ആ തമ്മിലടിക്കിടയില്‍ എന്ത് ചെയ്യണമെന്ന തീരുമാനമെടുക്കാന്‍ ഒരു മനുഷ്യനെടുക്കുന്ന സമയം സെക്കന്റുകള്‍ മാത്രമാണ്, ആ ചെറിയ നിമിഷത്തില്‍ എന്തെല്ലാം അയാളുടെ ചിന്തകളിലൂടെ കടന്നുപോകുന്നുവെന്ന് ചിത്രം പറഞ്ഞു തരുന്നു.

ഒടുങ്ങാത്ത 'പക'യ്ക്കുള്ളില്‍ ഒരു നുഴഞ്ഞുകയറ്റം; ഹ്രസ്വചിത്രം കാണാം
അവനവന്റെ ലോകങ്ങളിലേക്കുള്ള യാത്ര, ഹ്രസ്വചിത്രം 'ഞാന്‍' കാണാം

സ്ഥിരം ഹ്രസ്വചിത്രങ്ങളുടെ പാറ്റേര്‍ണിലുള്ള ക്ലീഷേ അനുകരണങ്ങള്‍ ഒന്നും തന്നെ ചിത്രത്തിലില്ല. പ്രമേയത്തിലും അവതരണത്തിലുമെല്ലാം പരീക്ഷണം കൊണ്ടുവരാന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുണ്ട്. കഥയ്ക്കപ്പുറം, വിഷ്വലിലൂടെ നരേറ്റ് ചെയ്യാവുന്ന ഒരു പ്രമേയമെന്ന നിലയില്‍ ആ പരീക്ഷണത്തില്‍, സംവിധായകന്‍ തന്നെ എഡിറ്റിംഗും സൗണ്ട് ഡിസൈനും നിര്‍വഹിച്ചത് സഹായകമായിട്ടുണ്ട്. കാഴ്ചക്കാരനെ പിടിച്ചിരുത്തുന്നത് ഈ മികവ് തന്നെയാണ്. അനാവശ്യമായി വലിച്ചുനീട്ടലുകളില്ലാതെ സ്പൂണ്‍ഫീഡ് ചെയ്യാതെ കാഴ്ചക്കാരന് ചിന്തിക്കാന്‍ ചിത്രം അവസരം നല്‍കുന്നു.

ഒറ്റമുറിയില്‍, വലിയ സാങ്കേതിക സഹായങ്ങളൊന്നുമില്ലാതെ ലളിതമായി ചിത്രീകരിച്ചിരിക്കുന്നു എന്നതാണ് ചിത്രത്തെ മറ്റൊരു തരത്തില്‍ ശ്രദ്ധേയമാക്കുന്നത്. ക്യാമറയും ലൈറ്റിംഗുമെല്ലാം ചിത്രത്തോടൊപ്പം നില്‍ക്കുന്നു. പൂര്‍ണമായും നരേഷനിലൂടെയാണ് പോകുന്നത് എന്നത് ചിത്രത്തിന്റെ പോരായ്മയായി ചിലര്‍ക്ക് തോന്നിയേക്കാം, അവ കഥാപാത്രങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നുണ്ടോയെന്ന സംശയവും ഉണ്ടായേക്കാം എങ്കിലും ആറ് മിനിറ്റിനുള്ളില്‍ മികച്ച അനുഭവം തരുന്ന ചിത്രം തന്നെയാണ് പക.

Related Stories

No stories found.
logo
The Cue
www.thecue.in