അത്ര പ്രശ്‌നക്കാരല്ല 'കാനായിലെ മദ്യപാനികള്‍'; ലളിതമാണ് ഈ ഷോര്‍ട്ഫിലിം

അത്ര പ്രശ്‌നക്കാരല്ല 'കാനായിലെ മദ്യപാനികള്‍'; ലളിതമാണ് ഈ ഷോര്‍ട്ഫിലിം
Published on

അവതരണം കൊണ്ട് പ്രേക്ഷകനെ കയ്യിലെടുക്കുന്ന സിനിമയുടെ മാറ്റത്തിന് ചുവട് പിടിച്ച് തന്നെയാണ് മലയാളത്തിലെ ഷോര്‍ട്ഫിലിം മേഖലയും മുന്നോട്ട് പോകുന്നത്. വളരെ സങ്കീര്‍ണമായി വിഷയങ്ങളും പ്രമേയങ്ങളും അവതരിപ്പിക്കുന്നതിനേക്കാള്‍ ലളിതമായി, ദൃശ്യങ്ങളുടെയും സംഗീതത്തിന്റെയും ശബ്ദസംവിധാനത്തിന്റെയുമെല്ലാം മികവോടെ ചെറുസിനിമകള്‍ ഇന്ന് പ്രേക്ഷകരെ കയ്യിലെടുക്കുന്നു. മലയാള സിനിമയ്ക്ക് പിന്നാലെ നടക്കുന്നു എന്നത് കൊണ്ട് തന്നെ ചില ഹൃസ്വചിത്രങ്ങള്‍ കാണുമ്പോള്‍ 'ആമേനും'. 'മഹേഷിന്റെ പ്രതികാര'വുമെല്ലാം ഓര്‍മ വന്നാലും തെറ്റു പറയാന്‍ കഴിയില്ല.

അത്ര പ്രശ്‌നക്കാരല്ല 'കാനായിലെ മദ്യപാനികള്‍'; ലളിതമാണ് ഈ ഷോര്‍ട്ഫിലിം
അവസാനിക്കാത്ത ‘ടൈംലൂപ്പ്’; സമയത്തിന്റെ കുരുക്കുമായി ഒരു ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം  

ഒരു നാട്ടിന്‍പുറത്തെ പള്ളിയെയും അപ്രതീക്ഷിതമായി പള്ളിയില്‍ ഉണ്ടാകുന്ന ഒരു സംഭവത്തെയും ചുറ്റിപ്പറ്റി അഖില്‍ ജോസഫ് സംവിധാനം ചെയ്ത ഹൃസ്വ ചിത്രമാണ് 'കാനായിലെ മദ്യപാനികള്‍'. പേര് സൂചിപ്പിക്കുന്നത് പോലെ രണ്ട് മദ്യപാനികളുടെ കഥ പറയുന്ന ചിത്രത്തില്‍ ആന്‍വിന്‍ ജോണ്‍സണ്‍, പ്രശാന്ത് മുരളിയെന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ജസ്റ്റിന്‍ മാത്യു തിരക്കഥ എഴുതിയ ഹൃസ്വ ചിത്രം ഒരു ദിവസത്തെ കഥയുമാണ് പറയുന്നത്.

വളരെ ഗൗരവമായതോ, സാമൂഹ്യപ്രസക്തമായതോ, ആയ വലിയൊരു കഥയൊന്നും 'കാനായിലെ മദ്യപാനികളി'ലൂടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നില്ല, മറിച്ച് ഒരു നാട്ടിന്‍ പുറത്ത് കുറച്ചുപേര്‍ ഒത്തുകൂടുമ്പോള്‍ ആ സൗഹൃദക്കൂട്ടായ്മയില്‍ പറഞ്ഞുപോയേക്കാവുന്ന ചെറിയ ചിരി പടര്‍ത്തുന്ന കഥകളില്‍ ഒന്ന് അതേ പോലെ തന്നെ പറഞ്ഞിരിക്കുന്നു. നാട്ടിന്‍ പുറദൃശ്യങ്ങള്‍ ഭംഗിയായി തന്നെ പകര്‍ത്തിയിരിക്കുന്ന ക്യാമറ ചിത്രത്തിന് മികവ് പകരുന്നുണ്ട്. എന്നാല്‍ പ്രേക്ഷകനെ അത്ഭുതപ്പെടുത്താന്‍ തക്കവണ്ണം കഥാ വികസനമോ, പെര്‍ഫോര്‍മന്‍സുകളോ, ഒന്നും ഇല്ലാത്തത് 23 മിനിറ്റ് നീണ്ട ദൈര്‍ഘ്യം സിനിമയെ കുറച്ച് ലാഗടിപ്പിക്കുന്നുണ്ട്.

സാധാരണ കോമഡിയും അന്വേഷണവുമെല്ലാമായി വരുന്ന ഹൃസ്വ ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ട്വിസ്റ്റുകള്‍ 'കാനായിലെ മദ്യപാനികളി'ലില്ല. തുടക്കം മുതല്‍ ക്ലൈമാക്‌സ് വരെ പ്രേക്ഷകനില്‍ കൗതുകമുണര്‍ത്തി സസ്‌പെന്‍സ് നിറച്ച് കൊണ്ടുപോകാന്‍ അവസരമുണ്ടായിരുന്നുവെങ്കിലും അതിന് അത്ര ഗൗരവം കൊടുക്കാതെയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രം നരേറ്റ് ചെയ്തിരിക്കുന്നത്. ഇത് അവതരണത്തെ ലളിതമാക്കുന്നുവെങ്കിലും ചിലര്‍ക്കെങ്കിലും കഥയില്‍ കുറച്ചുകൂടി ആകാമായിരുന്നു എന്ന് തോന്നിയേക്കാം. എങ്കിലും കഥപറച്ചിലും നിര്‍മാണത്തിലെ പ്രൊഫഷണലിസവും കൈവിട്ടുപോകാതെ തന്നെയാണ് സംവിധായകനും കൂട്ടരും ചിത്രമൊരുക്കിയിരിക്കുന്നത്.

അജ്മല്‍ സാബുവാണ് ചിത്രത്തിന്റെ ഛായാഹ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. പ്രശാന്ത് ബോസ്, ഹരീഷ് തിലക്, ഡിക്സണ്‍ തൊമ്മച്ചന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സംഗീതം: ജോയല്‍ ജോണ്‍സ്. ശബ്ദമിശ്രണം: ജിതിന്‍ ജോസഫ്. നിരവധി ഷോര്‍ട്ഫിലിമുകള്‍ ദിവസവും റിലീസ് ചെയ്യപ്പെടുന്ന മലയാളത്തില്‍ പ്രേക്ഷകന് കാണാന്‍ സമയം ചെലവഴിക്കാമുന്ന ചിത്രം തന്നെയാണ് കാനായിലെ മദ്യപാനികള്‍.

അത്ര പ്രശ്‌നക്കാരല്ല 'കാനായിലെ മദ്യപാനികള്‍'; ലളിതമാണ് ഈ ഷോര്‍ട്ഫിലിം
അവസാനിക്കാത്ത ‘ടൈംലൂപ്പ്’; സമയത്തിന്റെ കുരുക്കുമായി ഒരു ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം  

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in