പോളി വല്‍സന്‍ എന്ന അഭിനേത്രി മലയാള സിനിമയിലെ ഇന്നത്തെ ശ്രദ്ധേയമായ അഭിനേത്രിയാണ്. പരിഭവവും സങ്കടവും ചെറിയ ദേഷ്യവുമെല്ലാം സാധാരണക്കാരന് പരിചിതമായിട്ടുള്ള മുഖങ്ങളിലൊന്നായി, സ്വാഭാവികമായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നു എന്നതാണ് പോളി വല്‍സന്റെ കഥാപാത്രങ്ങളുടെ പ്രത്യേകത. പോളി വല്‍സന്‍ പ്രധാന കഥാപാത്രമാകുന്ന ഹ്രസ്വചിത്രമാണ് 'ഹോളി മോളി'.
അശ്വിന്‍- ജിയോ എന്നിവര്‍ സംവിധാനം ചെയ്ത എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ലളിതമായ ഒരു സറ്റയറാണ്. നമ്മുടെ നാട്ടില്‍ നടന്നുവരുന്ന ചില 'വിശുദ്ധമായ' ചില തട്ടിപ്പുകളെക്കുറിച്ചാണ് ചിത്രം പറഞ്ഞുവെയ്ക്കുന്നത്. സിംപിളായ ഒട്ടും സങ്കീര്‍ണമല്ലാത്ത തിരക്കഥയും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന അവതരണവും കണ്ണടച്ച് തുറക്കുന്നതിന് മുന്നേ ചിത്രം തീര്‍ന്നല്ലോ എന്ന തോന്നലാണ് പ്രേക്ഷകര്‍ക്ക് ഉണ്ടാക്കുന്നത്.
മതം എപ്പോഴാണോ കച്ചവടമായി മാറിയത്, അന്ന് മുതല്‍ വിശ്വാസികളെ ആ കച്ചവടത്തിന്റെ ഇരകളാക്കി മാറ്റിയിട്ടുണ്ട്. രോഗമുക്തി, വിദ്യാഭ്യാസം, മികച്ച ജീവിതം, ഭാഗ്യം എന്നിവയെല്ലാം കച്ചവടക്കാരുടെ ചൂണ്ടയിലെ ഇരകളായി മാറിയപ്പോള്‍ പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് സാധാരണക്കാരായ വിശ്വാസികളാണ്. സമൂഹമാധ്യമങ്ങളിലടക്കം അത്തരം കച്ചവടങ്ങളെ പലപ്പോഴും ട്രോളുകളായും മറ്റും കളിയാക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കളിയാക്കലിലൂടെ ലളിതവത്കരിക്കാവുന്നതാണോ അത്തരം തട്ടിപ്പുകള്‍ എന്ന് ചിന്തിക്കേണ്ടതാണ്. ചിരിച്ച് തള്ളിവിടുന്നതിന് അപ്പുറം അത്തരം കച്ചവടങ്ങളില്‍ അപകടങ്ങള്‍ പതുങ്ങിയിരിക്കുന്നുണ്ട്. പല അന്ധവിശ്വാസങ്ങളും ജീവനെടുത്ത വാര്‍ത്തകളും നാം കേട്ടിട്ടുണ്ട്. ഹോളി മോളി ആദ്യം പറഞ്ഞ ട്രോളുകള്‍ക്കൊപ്പം നില്‍ക്കുന്ന, വിഷയത്തെ സറ്റയറായി അവതരിപ്പിക്കുന്ന ഒന്നാണ്. അത് വലിയ ബഹളങ്ങളോ, ഗിമ്മിക്കുകളോ ഒന്നും ഇല്ലാതെ തന്നെ കൃത്യമായി ചെയ്തിട്ടുമുണ്ട്. പറയുന്ന വിഷയത്തില്‍ അതിനപ്പുറം ഗൗരവം ചിത്രം കൊടുക്കുന്നുണ്ടോ എന്ന് സംശയമാണ്. അതുകൊണ്ട് തന്നെ ചിരിച്ചുകൊണ്ട് കണ്ട്, കളിയാക്കിയതിന് ശേഷം മറന്ന് കളയാവുന്ന വിഷയമാണോ അതെന്ന് പ്രേക്ഷകര്‍ ആലോചിക്കേണ്ടതാണ്.
കുറച്ച് കഥാപാത്രങ്ങളും വളരെ കുറച്ച് സംഭാഷണങ്ങളും മാത്രമാണ് ചിത്രത്തിനുള്ളത്. പോളിക്കൊപ്പം അയ്യപ്പനും കോശിയിലൂടെ ശ്രദ്ധേയമായ വിനോദ് തോമസാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെസിയ എലിസബത്ത് മറ്റൊരു വേഷം ചെയ്യുന്നു. അശ്വിനാണ് തിരക്കഥ. അഭിനേതാക്കളുടെ പ്രകടനത്തിനൊപ്പം ഗോഡ്വിന്‍ ജിയോ സാബുവിന്റെ പശ്ചാത്തലസംഗീതവും ജോസ്‌കുട്ടി ജോസഫിന്റെ ക്യാമറയും ചിത്രത്തെ എന്‍ഗേജിങ്ങ് ആക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കണ്ട് തുടങ്ങിയാല്‍ 'ഹോളി മോളി'യുടെ എട്ട് മിനിറ്റ് നിരാശപ്പെടുത്തില്ല.