ഡിഎസ്എല്‍ആര്‍ ക്യാമറയുടെ സാധ്യതകള്‍ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് മലയാളത്തിലും കൂടുതല്‍ ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മിക്കപ്പെട്ടത്. സിനിമയുടെ സാങ്കേതിക വിദ്യ എളുപ്പത്തില്‍ ലഭ്യമായതും തിയ്യേറ്ററിന് സമാനമായി യൂട്യൂബ് എന്ന സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമിന്റെ സാധ്യതയും കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് സിനിമയിലേക്കുള്ള വഴി തുറന്നു. വ്യത്യസ്തമായ പരീക്ഷണങ്ങളും കഥ പറച്ചിലിന്റെ പുതിയ രീതികളുമായി സംവിധാന മികവ് പ്രകടമാക്കാന്‍ ധാരാളം ചെറുപ്പക്കാര്‍ക്ക് കഴിഞ്ഞതോടെ മുഖ്യധാരാ സിനിമയും സിനിമാക്കാരും അവര്‍ക്ക് അവസരം നല്‍കുകയും ചെയ്തു. ‘നേരം’, ‘പ്രേമം’ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത അല്‍ഫോണ്‍സ് പുത്രന്‍ മുതല്‍ നാളെ റിലീസാകിനിരിക്കുന്ന ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രം സംവിധാനം ചെയ്യുന്ന ഗീരീഷ് എഡി വരെ നീളുന്നു ഈ പട്ടിക.
അല്‍ഫോണ്‍സ് പുത്രന്‍
‘നേരം’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും തമിഴിലും ഒരേ സമയം സംവിധായകനായി അരങ്ങേറ്റം കുറിച്ച അല്‍ഫോണ്‍സ് പുത്രന്റെ ഷോര്‍ട്ട് ഫിലിമുകളും അതിലെ താരങ്ങളും ഇന്ന് പ്രശസ്തരാണ്. തമിഴില്‍ അല്‍ഫോണ്‍സ് ഒരുക്കിയ ‘ഏയ്ഞ്ചല്‍’ എന്ന ഷോര്‍ട്ട് ഫിലിമില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് വിജയ് സേതുപതി, ബോബി സിംഹ എന്നിവരായിരുന്നു. ‘എലി’ എന്ന ഷോര്‍ട്ട് ഫിലിമില്‍ നിവിന്‍ പോളി അടക്കം പിന്നീടുള്ള അല്‍ഫോണ്‍സിന്റെ ചിത്രങ്ങളിലൂടെ പ്രശസ്തരായ ഒരുപാട് താരങ്ങളും അഭിനയിച്ചിരിക്കുന്നു.
ബേസില്‍ ജോസഫ്
കോളേജ് പഠനകാലത്ത് കൂട്ടുകാരുമായി ചേര്‍ന്നൊരുക്കിയ ‘ശ്’ എന്ന ഷോര്‍ട്ട്ഫിലിമിലൂടെയാണ് ബേസിലിന്റെ സംവിധായകനായുള്ള അരങ്ങേറ്റം. പിന്നീട് ‘പ്രിയംവദ കാതര’യാണോ, ‘ഒരു തുണ്ടു പടം’, ‘ഹാപ്പി ഓണം’ എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കി. 2013ല്‍ പുറത്തിറങ്ങിയ ‘ഒരു തുണ്ടു പട’ത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് അജു വര്‍ഗീസായിരുന്നു. അതിനു ശേഷം വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച ബേസില്‍ 2015ല്‍ തന്നെ ‘കുഞ്ഞിരാമായണം’ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തു.
ജൂഡ് ആന്റണി ജോസഫ്
‘ഓം ശാന്തി ഓശാന’യിലൂടെ സംവിധായകനായ ജൂഡ് ആന്റണി അജു വര്‍ഗീസിനെ കേന്ദ്ര കഥാപാത്രമാക്കി ‘യെല്ലോ പെന്‍’ എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരുന്നു. സഹസംവിധായകനായി അതിന് മുന്‍പ് തന്നെ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ‘യെല്ലോ പെന്നും’ മമ്മൂട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയ മറ്റൊരു ഷോര്‍ട്ട് ഫിലിമും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട ജൂഡിന്റെ ചിത്രങ്ങളാണ്.
ഗണേഷ് രാജ്
2016ല്‍ പുറത്തിറങ്ങിയ ‘ആനന്ദം’ സംവിധാനം ചെയ്ത ഗണേഷ് രാജ് സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനാകുന്നത് ‘ഒരു കുട്ടി ചോദ്യം’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ്. റോണി ഡേവിഡ് , അപര്‍ണ നായര്‍, അജു വര്‍ഗീസ് തുടങ്ങിയവര്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിന്നീട് വിനീതിന്റെ സഹസംവിധായകനായും ഗണേഷ് പ്രവര്‍ത്തിച്ചു.
ലിജു തോമസ്
ആസിഫ് അലി,ബിജു മേനോന്‍,നരേന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘കവി ഉദ്ദേശിച്ചത്’ എന്ന ചിത്രത്തിന്റെ സംവിധായകരിലൊരാളായ ലിജ തോമസ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനാകുന്നത്’ രമണിയേച്ചിയുടെ നാമത്തില്‍’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെയായിരുന്നു. ചിത്രം നിരവധി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു.
ബിലഹരി
കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായി ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു അള്ളു രാമേന്ദ്രന്‍. സിനിമ സംവിധാനം ചെയ്ത ബിലഹരിയുടെ തുടക്കം ഷോര്‍ട്ട് ഫിലിമുകളും മ്യൂസിക് വീഡിയോസുമായിരുന്നു. പിന്നീട് 25000 രൂപ കൊണ്ട് പോരാട്ടം എന്ന സിനിമ നിര്‍മിച്ച് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
അരുണ്‍ ജോര്‍ജ് കെ ഡേവിഡ്
ധനുഷിന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ സ്റ്റുഡിയോസ് മലയാളത്തില്‍ നിര്‍മിച്ച ലഡ്ഡു എന്ന ചിത്രം സംവിധാനം ചെയ്ത അരുണ്‍ കെ ഡേവിഡ് സിനിമയിലേക്ക് ചുവട് വെയ്ക്കുന്നതും ഷോര്‍ട്ട് ഫിലിമുകളിലൂടെയായിരുന്നു. കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കിയൊരുക്കിയ ഒരു സിനിമാക്കഥ അത്തരത്തിലൊന്നാണ്. കോളേജ് പഠന കാലത്തും പിന്നീടും നിരവധി ഷോര്‍ട്ട് ഫിലിമുകളും മ്യൂസിക് വീഡിയോകളും ഒരുക്കിയ അരുണിന്റെ ആദ്യ സിനിമയില്‍ ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, ബാലു വര്‍ഗീസ് എന്നിവരെ കൂടാതെ തമിഴ് താരം ബോബി സിംഹയും അഭിനയിച്ചിരുന്നു.
ഗിരീഷ് എ ഡി
‘വിശുദ്ധ ആംബ്രോസെ’, ‘മൂക്കുത്തി’ എന്നീ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഗിരീഷ് എഡി. ഗിരീഷ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, ഷെമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. ‘കുമ്പളങ്ങി നൈറ്റ്‌സി’ലൂടെ ശ്രദ്ധേയനായ തോമസ് മാത്യു, ‘ഉദാഹരണം സുജാത’യിലൂടെ ശ്രദ്ധേയയായ അനശ്വര എന്നിവര്‍ക്കൊപ്പം വിനീത് ശ്രീനിവാസനും ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.