ഈ പടം വരച്ചതാരാണെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്, ഗന്ധര്‍വനായി മോഹന്‍ലാലും നമ്പൂതിരിയും

ഈ പടം വരച്ചതാരാണെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്, ഗന്ധര്‍വനായി  മോഹന്‍ലാലും നമ്പൂതിരിയും
Published on

രേഖാചിത്രങ്ങളിലൂടെയും ശില്‍പ്പങ്ങളിലൂടെയും പുതിയൊരു കലാബോധം മലയാളിയില്‍ ഉണ്ടാക്കിയ കലാകാരനാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരകളുടെ കടുത്ത ആരാധകനാണ് നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ആഗ്രഹപ്രകാരം നമ്പൂതിരി വരച്ച ഗന്ധര്‍വചിത്രം വാങ്ങാന്‍ ലാല്‍ നടത്തുന്ന യാത്രയും സംഭാഷണങ്ങളും കോര്‍ത്തിണക്കിയ ചെറു ഡോക്യുമെന്ററിയാണ് ഗന്ധര്‍വന്‍- ടു ലെജന്‍ഡ്‌സ് ആന്‍ഡ് എ പെയിന്റിംഗ്. അഖില്‍ സത്യനാണ് നമ്പൂതിരിയും മോഹന്‍ലാലുമൊത്തുള്ള മുഹൂര്‍ത്തങ്ങള്‍ ഡോക്യുമെന്ററിയാക്കിയത്. ശരണ്‍ വേലായുധനാണ് ക്യാമറ.

സൗന്ദര്യലഹരിയിലെ ഒരു ശ്ലോകത്തെ മുന്‍നിര്‍ത്തി നമ്പൂതിരി വരച്ച മനോഹരമായ പെയ്ന്റിംഗ് വീട്ടിലുണ്ടെന്നും പലരും അതിന് മുന്നില്‍ അത്ഭുതത്തോടെ നില്‍ക്കാറുണ്ടെന്നും മോഹന്‍ലാല്‍ ഡോക്യൂമെന്ററിയിൽ പറയുന്നു. മോഹന്‍ലാലിന്റെയും നമ്പൂതിരിയുടെ ഊഷ്മള സൗഹൃദം വ്യക്തമാക്കുന്നതുമാണ് ഡോക്യുമെന്ററി.

സംവിധായകൻ അഖിൽ സത്യൻ ഡോക്യൂമെന്ററിയെക്കുറിച്ച്

മനോരമ ലേഖകൻ ഉണ്ണി ചേട്ടനാണ് ഈ മീറ്റിംഗ് അറേഞ്ച് ചെയ്തത്. ആർട്ടിസ്റ്റ് നമ്പൂതിരി ഇങ്ങനെയൊരു പടം വരയ്ക്കുന്നുണ്ട്. ലാൽ സാറിന് അതൊരു വീഡിയോ ആക്കണം എന്ന് മാത്രമായിരുന്നു പറഞ്ഞത്. നമ്പൂതിരി സാറിന് 96 വയസ്സുണ്ട്. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത്. മൊബൈൽ ആയാലും ഷൂട്ട് ചെയ്‌താൽ മതിയെന്നായിരുന്നു ഉണ്ണി ചേട്ടൻ പറഞ്ഞത്. എന്റെ സിനിമയുടെ ക്യാമറ ചെയ്യുന്ന ശരൺ വേലായുധനെയും ഞാൻ വിളിച്ചു. ലാൽ സാറിന്റെ കാറിൽ കയറുവാൻ സാധിച്ചത് വലിയ സഹായമായിരുന്നു. നമ്പൂതിരി സാറിന്റെ വീട്ടിൽ എത്തിയപ്പോൾ ഇവർ രണ്ടുപേരും തമ്മിലുള്ള ആ കെമിസ്ട്രി കണ്ടു. ഞാൻ എല്ലാം ക്യാമറക്കണ്ണിലൂടെയായിരുന്നു കണ്ടത്.

എല്ലാം ഇൻസ്റ്റന്റ് ആയിട്ടായിരുന്നു ഷൂട്ട് ചെയ്തത്. ലാൽ സാർ വരുന്നു. നമ്പൂതിരി സാറുമായി സംസാരിക്കുന്നു. കിട്ടുന്നതെല്ലാം ഷൂട്ട് ചെയ്യുകയെന്നതായിരുന്നു. ഷൂട്ടിങ് നടക്കുന്നു എന്ന പ്രതീതി തോന്നാത്ത വിധത്തിലായിരുന്നു എല്ലാം പകർത്തിയത് . അതുക്കൊണ്ട് തന്നെ അവരും കംഫർട്ടബിൾ ആയിരുന്നു. നല്ലൊരു ആംഗിളിന് വേണ്ടി അവരെ ബുദ്ധിമുട്ടിച്ചിരുന്നില്ല . അവരുടെ സ്നേഹം പകർത്തുക മാത്രമായിരുന്നു ചെയ്‌തത്‌ .

വീട്ടിലെത്തി റഷസ് കണ്ടപ്പോൾ ആണ് അതിന്റെയൊരു ഡോക്യുമെന്ററി സാധ്യതയെക്കുറിച്ച് ചിന്തിച്ചത്. തൊണ്ണൂറ്റിയാറാം വയസ്സിൽ നമ്പൂതിരി സാറിനെ സന്തോഷത്തോടെ കാണുന്ന രംഗങ്ങൾ ഡോക്യുമെന്ററി വേർഷൻ ആക്കിയാൽ എന്നും നിനിൽക്കുന്നൊരു കാര്യമായിരിക്കും എന്ന് തോന്നി. അങ്ങനെയാണ് ഒരു നറേറ്റിവ് സെറ്റ് ചെയ്യാം എന്ന് വിചാരിച്ചത്. രണ്ട് പേരുടെ സംഭാഷണത്തിൽ നിന്നും ഒരു ഡോക്യുമെന്ററി ഉണ്ടാക്കുക എന്ന പാറ്റേൺ ആണ് ഫോളോ ചെയ്തത്. ഡോക്യൂമെന്ററിയിൽ ഗന്ധർവ്വൻ എന്ന കാര്യത്തെ ഒരു സിനിമാറ്റിക് ടച്ച് കൊടുത്താണ് അവതരിപ്പിച്ചിരിക്കുന്നത്. ഡോക്യൂമെന്ററിയുടെ അവസാനം മാത്രാമാണ് ഗന്ധർവനെ കാണിച്ചിരിക്കുന്നത്. പദ്മരാജൻ സംവിധാനം ചെയ്ത നജ്ൻ ഗന്ധർവ്വൻ എന്ന സിനിമയിലെ ഗന്ധർവന് രൂപം നൽകിയത് നമ്പൂതിരി സാർ ആയിരുന്നു എന്ന് ഷൂട്ടിംഗ് സമയത്തായിരുന്നു ഞാൻ അറിഞ്ഞത്. ഇങ്ങനെയൊരു മുഹൂർത്തം പകർത്തുവാൻ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്. എന്റെ കരിയറിലെ ടോപ് ത്രീ ഫേവറൈറ്റുകളിൽ ഒന്നായിരിക്കും ഇത്.

Related Stories

No stories found.
logo
The Cue
www.thecue.in