മതം പറഞ്ഞുള്ള ആക്രമണം വേദനിപ്പിച്ചെന്ന് റസൂല്‍ പൂക്കുട്ടി, തൃശൂര്‍ പൂരം വിവാദത്തോട് പ്രതികരണം

മതം പറഞ്ഞുള്ള ആക്രമണം വേദനിപ്പിച്ചെന്ന് റസൂല്‍ പൂക്കുട്ടി, തൃശൂര്‍ പൂരം വിവാദത്തോട് പ്രതികരണം

Published on
Summary

‘അവരുടെ ആല്‍ബത്തിലുള്ള സൗണ്ട് നിങ്ങള്‍ അണ്‍ഓതോറൈസ്ഡ് ആയിട്ട് ഉപയോഗിക്കുമ്പോള്‍ ബ്ലോക്ക് ചെയ്യപ്പെടുന്നതാണ്.. അല്ലാതെ മറ്റൊന്നും ഇല്ല.. നിങ്ങള്‍ മോഷ്ടിക്കുന്നത് എന്തിനാണ് മോഷ്ടിക്കാതെ ഇരുന്നാല്‍ പോരെ’

തൃശൂര്‍ പൂരത്തിന്റെ പകര്‍പ്പവകാശത്തെ ചൊല്ലിയുള്ള വിവാദത്തില്‍ മതം മുന്‍നിര്‍ത്തി തനിക്കെതിരെ ആക്രമണമുണ്ടായത് വേദനിപ്പിച്ചതായി റസൂല്‍ പൂക്കുട്ടി. ഉത്തരേന്ത്യയിലാണ് മതവും ജാതിയും തിരിച്ച് ആളുകള്‍ ഓരോ പ്രശ്‌നം വരുമ്പോള്‍ വ്യക്തിഹത്യ ചെയ്യുന്നത് കാണാറുള്ളത്. കേരളത്തിലെ സ്വീകരണമുറിയിലും മതം തിരിച്ച് മനുഷ്യരെ കാണുന്ന രീതിയുണ്ടാകുന്നത് വേദനിപ്പിക്കുന്നുവെന്ന് റസൂല്‍ ദ ക്യൂവിനോട് പറഞ്ഞു. ഇലഞ്ഞിത്തറ മേളം, പഞ്ചവാദ്യം അടക്കമുള്ള ചടങ്ങുകളുടെ ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ലെന്ന് സംഘാടകരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഇലഞ്ഞിത്തറ മേളവും മഠത്തില്‍ വരവ് പഞ്ചവാദ്യവും മറ്റും സമൂഹമാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യാനാകുന്നില്ലെന്ന പരാതിയും സോണി മ്യൂസിക് കണ്ടന്റ് ഐഡി ഉപയോഗിച്ച് വീഡിയോ വിലക്കുന്നുവെന്ന ആരോപണവും മുന്‍നിര്‍ത്തിയാണ് ദേവസ്വം വിശദീകരണം.

ഇക്കാര്യത്തില്‍ വളരെ മോശമായിട്ട് തോന്നിയത് എന്താണെന്ന് വെച്ചാല്‍ ഈ മതേതരത്വം എന്നുള്ള സംഭവങ്ങളൊക്കെ കൊണ്ടുവന്ന് എന്നെയും വളരെ മോശം രീതിയില്‍ അതിലേക്ക് വലിച്ചിഴക്കുന്നുണ്ട്.അതില്‍ വേദനയുണ്ട്. ഇതൊക്കെ ആരുടെയൊക്കെയോ കളി എന്നല്ലാതെ എന്താ പറയാ... ഇതിനകത്ത് മതം പറയേണ്ട ആവശ്യം എന്താണ്..അതൊരു മോശം പ്രവണതയാണ് ..അതായത് നമ്മള്‍ നോര്‍ത്ത് ഇന്ത്യയിലും മറ്റും കാണുന്ന, എല്ലാ കാര്യത്തിലും ജാതി മത വിഭാഗീയ ചിന്തകള്‍ കൊണ്ടുവരുന്ന ഒരു പ്രവണത കേരളത്തിലും എത്തിയല്ലോ എന്ന് ഓര്‍ക്കുമ്പോ.. വേദനയുണ്ട്..മലയാളി എന്ന നിലയില്‍ നമ്മളെ തന്നെ കുറച്ചു കാണിക്കുന്നത് ഒരു മോശം പ്രവണതയാണ് .. രണ്ടുവര്‍ഷം മുമ്പ് ഞാനവിടെ വരുമ്പോഴും റെക്കോര്‍ഡ് ചെയ്യുമ്പോഴും ഒന്നുമില്ലാത്ത പ്രശ്‌നങ്ങള്‍ ആണല്ലോ ഇപ്പൊ പറയുന്നത്.. റസൂല്‍ പൂക്കുട്ടി കൊണ്ടുപോയി തൂക്കിവിറ്റു ...റസൂല്‍ പൂക്കുട്ടി ചതിച്ചു എന്നൊക്കെ തരത്തിലുള്ള ആരോപണങ്ങള്‍ അവ എന്നെയല്ലേ ടാര്‍ഗറ്റ് ചെയ്യുന്നത്... യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് പുറത്തുവരുന്നത്.. സോണി റിലീസ് ചെയ്ത നമ്മുടെ സൗണ്ട് സ്റ്റോറിയുടെ ആല്‍ബത്തില്‍ കാണുന്ന രണ്ട് ട്രാക്ക് എന്ന് പറയുന്നത്... അത് വടക്കുംനാഥ ക്ഷേത്രത്തില്‍നിന്ന് റെക്കോര്‍ഡ് ചെയ്തത് പോലും അല്ല ... അത് പെരുവനം അമ്പലത്തിന്റെ പരിസരത്തു നിന്ന് ആര്‍ക്കൈവല്‍ റെക്കോര്‍ഡ് ചെയ്ത രണ്ട് ട്രാക്ക് ആണ്.. പിന്നെ ഇലഞ്ഞിത്തറ മേളത്തിന്റെ ഒരു എസ്സെന്‍സ് ഒരു അഞ്ചുമിനുട്ടിന്റെ ഒരു സാധനമുണ്ട്. ഇപ്പൊ നിങ്ങള്‍ സോണിയുടെ സൈറ്റില്‍ കയറി ആ ട്രാക്ക് എടുത്ത് നിങ്ങളുടെ പ്രൊവിന്‍ഷ്യല്‍ ഒക്കെ കയറ്റി നിങ്ങളുടേതാണ് എന്ന പറഞ്ഞ അപ്ലോഡ് ചെയ്യുമ്പോള്‍ അത് ബ്ലോക്ക് ചെയ്യപ്പെടും...അത് ടെക്നിക്കല്‍ ആയിട്ടുള്ള ഒരു കാര്യം ആണത് ... സോണി ഇന്നലെയും വിശദീകരണം കൊടുത്തിട്ടുണ്ട് തൃശൂര്‍ പൂരം ഇനി ആര്‍ക്കും ചെയ്യാന്‍ കഴിയില്ല എന്നൊന്നും എവിടെയും പറഞ്ഞിട്ടില്ല... അവരുടെ ആല്‍ബത്തിലുള്ള സൗണ്ട് നിങ്ങള്‍ അണ്‍ഓതോറൈസ്ഡ് ആയിട്ട് ഉപയോഗിക്കുമ്പോള്‍ ബ്ലോക്ക് ചെയ്യപ്പെടുന്നതാണ്.. അല്ലാതെ മറ്റൊന്നും ഇല്ല.. നിങ്ങള്‍ മോഷ്ടിക്കുന്നത് എന്തിനാണ് മോഷ്ടിക്കാതെ ഇരുന്നാല്‍ പോരെ..

റസൂല്‍ പൂക്കുട്ടി

സൗണ്ട് സ്റ്റോറി’യുടെ ഓഡിയോ പകര്‍പ്പവകാശം സോണി മ്യൂസിക്കിന് ലഭിച്ചതിനാല്‍ സമൂഹമാധ്യമങ്ങളില്‍ പൂരച്ചടങ്ങുകള്‍ പങ്കുവയ്ക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നിയമനടപടികള്‍ സ്വീകരിച്ച് പരിഹാരം കാണും

പ്രൊഫ. എം മാധവന്‍കുട്ടി, തിരുവമ്പാടി ദേവസ്വം സെക്രട്ടറി

തൃശൂര്‍ പൂരത്തിന്റെ വീഡിയോ ചിത്രീകരിച്ച് സോണി മ്യൂസിക്കിന് വിറ്റിട്ടില്ലെന്ന് റസൂല്‍ പൂക്കുട്ടി നേരത്തെയും വ്യക്തമാക്കിയിരുന്നു. പൂരദിവസം യൂട്യൂബിലും ഫേസ്ബുക്കിലും ലൈവ് സ്ട്രീമിംഗ് അപ്‌ലോഡും സോണി മ്യൂസിക് കണ്ടന്റ് ഐഡി ഉപയോഗിച്ച് ബ്ലോക്ക് ചെയ്‌തെന്നായിരുന്നു ആരോപണം. തൃശൂര്‍ പൂരത്തിന്റെ വീഡിയോ ദൃശ്യങ്ങളുടെ കോപ്പി റൈറ്റ് സോണി മ്യൂസിക് കൈവശപ്പെടുത്തിയിരിക്കുന്നതിനാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്നില്ലെന്നുമാണ് തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എ.ആര്‍.എന്‍ മീഡിയ ആരോപിച്ചിരുന്നത്.

സൗണ്ട് സ്‌റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് തര്‍ക്കമെങ്കില്‍ തന്നെ വലിച്ചിഴക്കരുതെന്നും പാം സ്റ്റോണ്‍ മീഡിയയും സംവിധായകന്‍ പ്രസാദ് പ്രഭാകറുമാണ് അതിന്റെ നിര്‍മ്മാതാക്കളെന്നും റസൂല്‍ വിശദീകരിച്ചിരുന്നു. കോപ്പി റൈറ്റ് തര്‍ക്കത്തില്‍ വേണമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന നിലപാട് ദേവസ്വം സ്വീകരിച്ചതിന് പിന്നാലെയാണ് റസൂല്‍ പൂക്കുട്ടിയുടെ വിശദീകരണം.

logo
The Cue
www.thecue.in