മൂര്‍ക്കോത്ത് കുമാരനായി പ്രമോദ് രാമന്‍, ശ്രീവല്‍സന്‍ ജെ മേനോന് പിന്നാലെ കുമാരനാശാന്റെ ജീവിതകഥയില്‍ 

മൂര്‍ക്കോത്ത് കുമാരനായി പ്രമോദ് രാമന്‍, ശ്രീവല്‍സന്‍ ജെ മേനോന് പിന്നാലെ കുമാരനാശാന്റെ ജീവിതകഥയില്‍ 

Published on

മഹാകവി കുമാരനാശാന്റെ ജീവിതം പ്രമേയമാക്കി പ്രശസ്ത സംവിധായകന്‍ കെ പി കുമാരന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മൂര്‍ക്കോത്ത് കുമാരനായി മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രമോദ് രാമന്‍. കവി എന്ന് താല്‍ക്കാലിമായി പേരിട്ടിരിക്കുന്ന സിനിമയില്‍ സംഗീത സംവിധായകനും ഗായകനുമായ ശ്രീവല്‍സന്‍ ജെ മേനോന്‍ ആണ് കുമാരനാശാന്‍. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ തിരുവനന്തപുരത്താണ്.

മലയാള സിനിമ സാമൂഹ്യമായും സാംസ്‌കാരികമായും ചരിത്രപരമായും പ്രസക്തമായ പലതിനെയും വിട്ടുപോകുന്നുണ്ട്. നമ്മുടെ ചരിത്രവും സാമൂഹിക പരിഷ്‌കര്‍ത്താക്കളും വേണ്ട പോലെ പരിഗണിക്കപ്പെട്ടില്ലെന്ന ചിന്ത എനിക്കുണ്ട്. കുമാരനാശാന്റെ ജീവിതം സിനിമയാക്കണമെന്ന് വളരെ മുമ്പേ ആലോചിച്ചതാണ്. ഇപ്പോഴത്തെ സാമൂഹ്യസാഹചര്യത്തില്‍ ആശാന്റെ ജീവിതവും സാമൂഹ്യഇടപെടലും പറയേണ്ടത് അനിവാര്യമെന്നും തോന്നി. ആശാനോട് താരതമ്യം ചെയ്യാന്‍ പറ്റുന്ന ഒരാള്‍ നമ്മുടെ ചരിത്രത്തിലും മോഡേണ്‍ ഹിസ്റ്ററിയിലോ ഇല്ല, പിന്നീട് ഉണ്ടായിട്ടുമില്ല.

കെ പി കുമാരന്‍, സംവിധായകന്‍

കുമാരനാശാനായി ശ്രീവല്‍സന്‍, മൂര്‍ക്കോത്ത് കുമാരനായി പ്രമോദ് രാമന്‍

ശ്രീവല്‍സനെ കുമാരനാശാനായി കാസ്റ്റ് ചെയ്തത് രണ്ട് കാരണങ്ങളിലാണ്. ആശാനായി ഒരാളെ പരിഗണിക്കുമ്പോള്‍ രൂപത്തിനൊപ്പം നന്നായി കവിത ആലപിക്കുന്ന ഒരാള്‍ വേണമെന്ന് നിര്‍ബന്ധമുണ്ടായി. കുമാരനാശാന്റെ അവസാനത്തെ നാല് കവിതകള്‍ സിനിമയുടെ പ്രമേയതലമാണ്. ചിന്താവിഷ്ടയായ സീത,ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, കരുണ. അങ്ങനെയാണ് ഈ സിനിമയിലെ നായകനായും സംഗീത സംവിധായകനായും ശ്രീവല്‍സന്‍ ജെ മേനോന്‍ വന്നത്.

കുമാരനാശാന്‍ ദ ഫസ്റ്റ് മോഡേണ്‍ പൊളിറ്റീഷന്‍ ഓഫ് കേരളാ എന്ന ടാഗ് ലൈനിലാണ് സിനിമ

ശ്രീവല്‍സന്‍ ജെ മേനോനും പ്രമോദ് രാമനും 
ശ്രീവല്‍സന്‍ ജെ മേനോനും പ്രമോദ് രാമനും 

എഴുത്തുകാരനും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്ന മൂര്‍ക്കോത്ത് കുമാരന്‍ എസ് എന്‍ ഡി പി യോഗത്തിന്റെ രണ്ടാമത്തെ ജനറല്‍ സെക്രട്ടറി ആയിരുന്നു. ജഡ്ജ് ായി നിയമനം ലഭിച്ചതിനെ തുടര്‍ന്ന് യോഗത്തിന്റെ ചുമതല ഒഴിയുകയായിരുന്നു. മലബാറില്‍ ശ്രീനാരായണീയ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന ആളുമാണ് മൂര്‍ക്കോത്ത് കുമാരന്‍.

ഫെബ്രുവരിക്ക് ശേഷം പെട്ടെന്നാണ് ഈ സിനിമയിലേക്ക് ഞാന്‍ കടന്നത്. സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ കാസ്റ്റിംഗില്‍ എന്നെ സഹായിച്ചിരുന്നു. പ്രമോദ് രാമനിലേക്ക് എത്തുന്നത് മൂര്‍ക്കോത്ത് കുമാരനുമായുള്ള അതിശയകരമായ സാമ്യത്തില്‍ നിന്നാണ്. പ്രമോദ് ആ കഥാപാത്രമായും മനോഹരമായി ലയിച്ചെന്നാണ് തോന്നിയത്. ആദ്യ ഷെഡ്യൂളില്‍ കുമാരനാശാനായി ശ്രീവല്‍സനും മൂര്‍ക്കോത്ത് കുമാരനായി പ്രമോദ് രാമനും ഉണ്ടായിരുന്നു. ആശാന്റെ കാലത്തെ പ്രമുഖരായ രണ്ട് പേരാണ് പ്രധാനമായും ഈ സിനിമയിലേക്ക് വരുന്നത്. ഒന്ന് മൂര്‍ക്കോത്ത് കുമാരനും മറ്റൊന്ന് സഹോദരന്‍ അയ്യപ്പനും. വടക്കന്‍ മലബാറുകാരനാണ് പ്രമോദ്. മൂര്‍ക്കോത്തും മലബാറുകാരനാണ്. ആ കഥാപാത്രമാകാന്‍ വടക്കന്‍ മലബാറിലെ ഒരാളെ തന്നെ കിട്ടി എന്നതും ഗുണമായി. ശ്രീനാരായണ ഗുരുവിനെ അദൃശ്യസാന്നിധ്യമായാണ് നിലനിര്‍ത്തിയിരിക്കുന്നത്.

കെ പി കുമാരന്‍, സംവിധായകന്‍

ശ്രീവല്‍സന്‍ ജെ മേനോനും പ്രമോദ് രാമനും 
ശ്രീവല്‍സന്‍ ജെ മേനോനും പ്രമോദ് രാമനും 

മാധ്യമപ്രവര്‍ത്തനത്തിനൊപ്പം സാഹിത്യരംഗത്ത് സജീവമായ പ്രമോദ് രാമന്റെ രതിമാതാവിന്റെ പുത്രന്‍, ദൃഷ്ടിച്ചാവേര്‍, മരണമാസ് എന്നീ കഥാസമാഹാരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയില്‍ സ്വകാര്യ ചാനലിലൂടെ സംപ്രേഷണം ചെയ്ത ആദ്യ ലൈവ് വാര്‍ത്താ ബുള്ളറ്റിന്റെ അവതാരകനുമാണ് പ്രമോദ് രാമന്‍. മനോരമാ ന്യൂസില്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററാണ് ഇപ്പോള്‍.രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത വര്‍ഷം എന്ന സിനിമയില്‍ വാര്‍ത്താഅവതാരകനായി പ്രമോദ് നേരത്തെ അഭിനയിച്ചിട്ടുണ്ട്.

ക്ലാസിക്കല്‍ സംഗീതത്തിലൂടെ ശ്രദ്ധേയനായ ശ്രീവല്‍സന്‍ ജെ മേനോന്‍ ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍, ഷാജി എന്‍ കരുണ്‍ ചിത്രം സ്വപാനം എന്നിവയുടെ സംഗീത സംവിധായകനാണ്.

കെ പി കുമാരന്‍,
കെ പി കുമാരന്‍,

ദേശീയ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ കെ പി കുമാരന്‍ ആകാശഗോപുരം എന്ന സിനിമയ്ക്ക് ശേഷം വലിയ ഇടവേള അവസാനിപ്പിച്ച് എത്തുന്ന സിനിമയാണ് കുമാരനാശാന്റെ ജീവചരിത്ര സിനിമ. ഇബ്‌സണിന്റെ മാസ്റ്റര്‍ ബില്‍ഡര്‍ എന്ന നാടകമാണ് കുമാരന്‍ മോഹന്‍ലാലിനെ നായകനാക്കി ആകാശഗോപുരം എന്ന ചിത്രമാക്കിയത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സ്വയംവരത്തിന്റെ സഹരചയിതാവായ കെ പി കുമാരന്‍ അതിഥി, തോറ്റം, രുക്മിണി എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധേയനായത്.

logo
The Cue
www.thecue.in