ഡബ്ലുസിസി ആശയം റിമയുടെത്; വരും വര്‍ഷങ്ങളില്‍ നിര്‍ണായക സാന്നിധ്യമാകുമെന്നും പാര്‍വതി
സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ് എന്ന ആശയം മുന്നോട്ട് വച്ചത് നടി റിമ കല്ലിങ്കലാണെന്ന് പാര്‍വതി തിരുവോത്ത്. നമ്മള്‍ കാണേണ്ട മാറ്റം നമ്മള്‍ തന്നെയാവണമെന്ന ചിന്തയാണ് അതിന് പിന്നിലെന്നും മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ റിമയാണ് തന്നെ വിളിക്കുന്നത്. മുമ്പും പല കാര്യങ്ങളും പരസ്പരം ചര്‍ച്ച ചെയ്തിരുന്നെങ്കിലും സുരക്ഷിതമായ നെറ്റ്‌വര്‍ക്ക് രൂപപ്പെട്ടിരുന്നില്ല. ചിതറിക്കിടക്കുയായിരുന്ന സിനിമ മേഖലയിലെ സ്ത്രീകള്‍ക്ക് ഒന്നിച്ചിരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന് മുമ്പ് നടന്നിരുന്നില്ല.
നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം റിമ വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി. അതില്‍ ചേര്‍ക്കുന്നതായി റിമ തന്നെ വിളിച്ചറിയിച്ചു. ബോളിവുഡ് സിനിമയുടെ ലൊക്കേഷനിലായിരുന്നു. ഗ്രൂപ്പിലെത്തുമ്പോള്‍ അവിടെ രേവതി, ബീന പോള്‍, വിധു വിന്‍സെന്റ് എന്നിവര്‍ ഉള്‍പ്പെടെ 12 പേരുണ്ടായിരുന്നു. ആദ്യം ഒരുമിച്ചിരിക്കാന്‍ തീരുമാനിച്ചു. മീറ്റിങ്ങിന് ശേഷമാണ് സംഘടന ഉണ്ടാക്കിയാലേ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂവെന്ന് വ്യക്തമായത്.
സിനിമ മേഖലയില്‍ നടക്കുന്ന കാര്യങ്ങള്‍ കണ്ണടച്ച് വിശ്വസിക്കാതെ എന്തുകൊണ്ടിങ്ങനെ നടക്കുന്നുവെന്ന് ചോദ്യം ചെയ്യുകയും പരിഹാരം കാണുകയുമാണ് സംഘടനയുടെ ലക്ഷ്യം. അതിനെ ആരൊക്കെ എത്രത്തോളം വലച്ചൊടിക്കാന്‍ ശ്രമിച്ചാലും അതാണ് സത്യം. ഡബ്ലുസിസി ഒരുപാട് പേര്‍ക്ക് സുരക്ഷിത ബോധം നല്‍കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ വരും വര്‍ഷങ്ങളില്‍ നിര്‍ണായക സാന്നിധ്യമായിരിക്കും. സിനിമ നിര്‍മ്മിക്കാനാവശ്യമായ എല്ലാ മേഖലയില്‍ നിന്നുള്ളവരും സംഘടനയിലുണ്ട്. സിനിമയില്‍ സ്ത്രീകളെ സുരക്ഷിതരാക്കുകയെന്ന ആദ്യലക്ഷ്യത്തിലാണ് ഇപ്പോളത്തെ ശ്രദ്ധയെന്നും പാര്‍വതി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഡബ്ലുസിസി പുന്‍തുടരുന്നുണ്ട്. തൊഴില്‍ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. മലയാള സിനിമയില്‍ ആണ്‍ പെണ്‍ വിവേചനമില്ലെന്ന ശ്രീനിവാസന്റെയും മുകേഷിന്റെയും പ്രതികരണങ്ങള്‍ക്ക് ഒരു വിലയുംകൊടുക്കുന്നില്ല. അപ്രസക്തമായ കമന്റാണത്. സത്യം എല്ലാവരുടെയും മുന്നില്‍ തുറന്നുവെച്ചിട്ടുണ്ടെന്നും പാര്‍വതി വ്യക്തമാക്കി.