'വെളുത്ത ദൈവങ്ങള്‍ വെറിപിടിച്ചിട്ട് ചവിട്ടിത്താഴ്ത്തിയോന്‍ മാവേലി'; ഓര്‍മിക്കണം നമ്മുടെ കറുത്ത മാവേലിയെ, വൈറലായി ഗാനം

'വെളുത്ത ദൈവങ്ങള്‍ വെറിപിടിച്ചിട്ട് ചവിട്ടിത്താഴ്ത്തിയോന്‍ മാവേലി'; ഓര്‍മിക്കണം നമ്മുടെ കറുത്ത മാവേലിയെ, വൈറലായി ഗാനം
Published on

മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ... ഈ വരികള്‍ കേള്‍ക്കാത്ത മലയാളികളില്ല. എന്നാല്‍ അത് കേള്‍ക്കുമ്പോള്‍ തന്നെ ഒപ്പം വരുന്ന മാവേലിയുടെ രൂപം വെളുത്ത് തടിച്ച, കുടവയറുള്ള, കൈയ്യില്‍ ഓലക്കുട പിടിച്ച ഒരു സവര്‍ണനായ രാജാവിന്റെയാണ്. എന്നാല്‍ കഥകളില്‍ മാവേലി അസുരനായിരുന്നു, ദേവന്മാരെ അസൂയയിലാഴ്ത്തിക്കൊണ്ടുള്ള ഭരണം ഭൂമിയില്‍ കാഴ്ചവെച്ച, അതിന് അവര്‍ ചതികൊണ്ട് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ സത്യസന്ധനായ അസുരന്‍. ആ അസുരനെപ്പോഴാണ് വെളുത്ത്, കുടവയറ് ചാടിച്ച രൂപമായി മാറിയത്? കാലങ്ങളായി കുറച്ച് പേരെങ്കിലും ചോദിക്കുന്ന ഈ ചോദ്യത്തിന് തുടര്‍ച്ചയാണ് സോഷ്യല്‍ മീഡിയിയില്‍ വൈറലായിരിക്കുന്ന ഗാനം.

മാംഗോസ്റ്റിന്‍ ക്ലബ് ഒരുക്കിയ ഗാനം കുറച്ച് സമയം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത് മാവേലിയുടെ യഥാര്‍ഥ രൂപത്തെ അന്വേഷിക്കുന്നതിലൂടെയാണ്. ഓര്‍മ്മിക്കണം, നമ്മളുടെ കറുത്ത മാവേലിയെ, എന്ന കുറിപ്പോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. വരികള്‍ കൊണ്ടും ദൃശ്യം കൊണ്ടും മലയാളിയുടെ മാവേലിയുടെ രാഷ്ട്രീയം പറയാന്‍ പാട്ടിലൂടെ ശ്രമിക്കുന്നു.

വിഷ്ണു വിജയന്‍ ടി, അമല്‍ എസ് കുമാര്‍ എന്നിവരുടേതാണ് ആശയം. അജയ് ജിഷ്ണു സുധേയന്‍, അന്‍സിഫ് അബു എന്നിവരുടെ വരികള്‍ക്ക് ഹരി പ്രസാദ് എസ് ആര്‍ ആണ് സംഗീതം ചെയ്തിരിക്കുന്നത്. അജയ് ജിഷ്ണു സുധേയന്‍, ഹരിപ്രസാദ് എസ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സച്ചിന്‍ എസ്, സുര്‍ജിത് സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ക്ക് പിന്നിലെ ദൃശ്യങ്ങള്‍ വരച്ചിരിക്കുന്നത്.

നമ്മുടെ രാജാവാകുമ്പോൾ നമ്മുടെ കളറായിരിക്കുമല്ലോ, അങ്ങനെയൊരു ചിന്തയിൽ നിന്നാണ് പാട്ടുണ്ടാകുന്നതെന്ന് വരികൾ എഴുതിയ അജയ് ജിഷ്ണു 'ദ ക്യു'വിനോട്.

'നമ്മളെ പ്രതിനിധീകരിക്കുന്ന ഒരു ലീഡറാണ് മാവേലി എന്നുളളത് നമ്മുടെയെല്ലാം ഉള്ളിൽ ഉള്ളൊരു കാര്യമാണ്. ആ മാവേലി എന്തുകൊണ്ടാണ് എപ്പോഴും കുടവയറും വെളുത്ത കളറും പൂണൂലുമൊക്കെ ധരിച്ച് ഇരിക്കുന്നത് എന്നൊരു സംശയം ഉണ്ടാവാറുണ്ട്. അങ്ങനെയല്ലല്ലോ വേണ്ടത്, നമ്മടെ രാജാവാകുമ്പോൾ നമ്മുടെ കളറായിരിക്കുമല്ലോ, അങ്ങനെയൊരു ചിന്തയിൽ നിന്നാണ് ഇതൊരു പാട്ടാക്കാമെന്ന് വിചാരിക്കുന്നത്. ഒരു ലേഖനത്തെക്കാളും ഒരു പാട്ടെന്ന രീതിയിൽ വരുമ്പോൾ അത് കൂടുതൽ ആളുകളിലേയ്ക്ക് എത്തുമെന്ന് തോന്നി, ഒപ്പം നമ്മുടെ പൊളിറ്റിക്സിന് ഒരു അക്സപ്റ്റൻസും കിട്ടുമല്ലോ', അജയ് പറയുന്നു.

പാട്ടിന്റെ വരികള്‍

കരളില്‍ തീ കത്തണ കാലത്ത്

തീണ്ടാപ്പാടകളെ ഞങ്ങള്‍ കനിവുതേടി കാത്തു നിന്നൊരു കെട്ട കാലത്ത്,

തെക്കു തെക്കെങ്ങാണ്ടോരു മാവ് പൂക്കണ കഥകള്‍ കേട്ടെന്റെ

കൊച്ചു പെണ്‍കൊച്ചു വിശന്ന് നിലവിളിച്ചോരിരുണ്ട കാലത്ത്

കടല് താണ്ടി കടന്നെന്നെ കാത്തോനാണ്ടാ...

കരളിലെ തീണ്ടാമുള്‍വേലികള്‍ തകര്‍ത്തെറിഞ്ഞോനാണ്ടാ...

വെളുവെളുത്തിട്ടല്ലാ വിരിഞ്ഞ വയറൊന്നില്ലാ

കറുകറെ കരിമുകില് പോലെ

കറുത്തിരുന്നോനാടാ...

വെളുത്ത ദൈവങ്ങള്‍ വെറിപിടിച്ചിട്ട് ചവിട്ടിത്താഴ്ത്തിയോന്‍ മാവേലി

ചവിട്ടു താണിട്ടും ഉറ്റവരെക്കാണാന്‍ ഉയിര്‍ത്ത് പൊന്തുന്നോന്‍ മാവേലി

Related Stories

No stories found.
logo
The Cue
www.thecue.in