പാത്രം കഴുകിയും മീന്‍വെട്ടിയും പുരുഷന്മാര്‍, ബോട്ടോടിച്ചും കമന്റടിച്ചും സ്ത്രീകള്‍; ‘ഉള്‍ട്ട’യിലെ ഗാനം

പാത്രം കഴുകിയും മീന്‍വെട്ടിയും പുരുഷന്മാര്‍, ബോട്ടോടിച്ചും കമന്റടിച്ചും സ്ത്രീകള്‍; ‘ഉള്‍ട്ട’യിലെ ഗാനം

Published on

ഗോകുല്‍ സുരേഷ് നായകനാകുന്ന പുതിയ ചിത്രം 'ഉള്‍ട്ട'യുടെ ടൈറ്റില്‍ സോങ്ങ് പുറത്തിറങ്ങി. സുരേഷ് പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ വടക്കന്‍ കേരളത്തിലെ പൂരപ്പാട്ടിനോട് സാമ്യമുള്ള ഗാനമാണ് പുറത്തിറങ്ങിയത്.

പത്രമിടാന്‍ വരുന്ന ഒരു സ്ത്രീയോടെയാണ് പാട്ട് ആരംഭിക്കുന്നത്. തുടര്‍ന്ന് ബോട്ട് ഡ്രൈവറായും, ഓട്ടോക്കാരിയായും, പൊലീസായും, ബുദ്ധിജീവിയായുമെല്ലാം സ്ത്രീകളെത്തുമ്പോള്‍ അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുകയും തുണിയലക്കുകയുമെല്ലാം ചെയ്യുന്ന പുരുഷന്മാരെയും കാണാം.

പാട്ടില്‍ കാണിക്കുന്ന പോലത്തെ തന്നെ ഗ്രാമമാണോ സിനിമയില്‍ മുഴുവനുമെന്ന് വ്യക്തമല്ല. അങ്ങനെയെങ്കില്‍ ചിത്രം കൗതുകമുണര്‍ത്തുന്നതിനൊപ്പം സാമൂഹ്യപ്രസ്‌കതമായ പലകാര്യങ്ങളും പറയുമെന്ന് വേണം കരുതാന്‍.

ദീപസ്തംഭം മഹാശ്ചര്യം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉള്‍ട്ട'. സുദര്‍ശനാണ് സംഗീതസംവിധാനം. കെ കുഞ്ഞികൃഷ്ണന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്.

ഗോകുല്‍ സുരേഷിനെ കൂടാതെ പ്രയാഗമാര്‍ട്ടിന്‍, അനുശ്രീ, രമേശ് പിഷാരടി, ജാഫര്‍ ഇടുക്കി,തെസ്‌നി ഖാന്‍, സുരഭി, സുബി സുധീഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

logo
The Cue
www.thecue.in