‘മരണത്തിന്റെ സന്ധ്യ കടക്കുംമുമ്പ് ഗിരീഷ് എഴുതിനല്‍കിയത്’, പുത്തഞ്ചേരിയുടെ വരികളില്‍ വീണ്ടുമൊരു ഗാനം
മരണത്തിന്റെ സന്ധ്യ കടക്കും മുമ്പ് ഗിരീഷ് സ്‌നേഹപൂര്‍വം എഴുതി നല്‍കിയ വരികള്‍. എല്ലാ നഷ്ടങ്ങളുടെയും മാറാത്ത നൊമ്പരം ഈ ഗാനത്തിന്റെ ആത്മഭാവമാണ്, പറയുന്നത് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത്. മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ അപ്രകാശിത രചനയെ മനോഹര ഗാനമാക്കി മാറ്റിയിരിക്കുകയാണ് ഫൈനല്‍സ് എന്ന സിനിമയ്ക്ക് വേണ്ടി സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍.
ഗിരീഷ് പുത്തഞ്ചേരിയുടെ ആത്മമിത്രവും സംവിധായകനുമായ രഞ്ജിത്തിന്റെ അവതാരികയിലാണ് ഗാനം. നഷ്ടപ്പെട്ട സൗഹൃദത്തിന്റെ വൃക്ഷഛായകളിലൊന്ന് ഞാന്‍ പുത്തനെന്നും ലോകം ഗിരീഷ് പുത്തഞ്ചേരിയെന്നും വിളിക്കുന്ന മലയാളത്തിന്റെ പ്രിയ ഭാവ ഗാന രചയിതാവാണെന്ന് രഞ്ജിത്ത്. എല്ലാ നഷ്ടങ്ങളുടെയും മാറാത്ത നൊമ്പരം ഈ ഗാനത്തിന്റെ ആത്മഭാവമാണെന്നും രഞ്ജിത്ത് പറയുന്നു.
അവസാന നിമിഷം ഉണ്ടായി വന്ന ഒരു ഗാന രംഗത്തിന് , എത്രയോ വര്‍ഷം മുന്‍പേ ഒരു കവി എഴുതിയ വരികള്‍, കൃത്യമായി ചേരുക. അര്‍ത്ഥം കൊണ്ടും താളം കൊണ്ടും ഊര്‍ജ്ജം കൊണ്ടും. ചേര്‍ത്ത് വെച്ച ദൃശ്യങ്ങള്‍ക്കൊപ്പം ഈ ഗാനം കണ്ട് കൊണ്ടിരിക്കെ, ഞാനും കൈലാസും കണ്ണ് നിറഞ്ഞ് പരസ്പരം നോക്കി. ഞങ്ങളുടെ എഡിറ്റര്‍ ജിത്ത് വിശ്വസിക്കാനാവാതെ ഞങ്ങളെയും. ഒന്നും ചെയ്യേണ്ടതില്ല. ഗാനവും ദൃശ്യവും അത്രക്ക് കിറുകൃത്യം.
അരുണ്‍ പി ആര്‍, സംവിധായകന്‍
മഞ്ഞുകാലം എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ശ്രീനിവാസ് ആണ്. സ്‌പോര്‍ട് പശ്ചാത്തലത്തിലുള്ള ഫൈനല്‍സിന്റെ രചനയും പി ആര്‍ അരുണ്‍ ആണ്. രജിഷാ വിജയനാണ് ടൈറ്റില്‍ റോളില്‍. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജുവും,പ്രജിവും ചേര്‍ന്ന് നിര്‍മിക്കുന്നു. നിരഞ്ജ്,സുരാജ് വെഞ്ഞാറമൂട് ടിനി ടോം, ധ്രുവന്‍, മണിയന്‍പിള്ള രാജു, മുത്തുമണി എന്നിവര്‍ പ്രധാന റോളിലുണ്ട്. സുദീപ് ഇളമണ്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് ജിത്ത് ജോഷിയാണ്
സൈക്ലിസ്റ്റായിട്ടാണ് ഈ ചിത്രത്തില്‍ രജീഷ വിജയന്‍ അഭിനയിച്ചിരിക്കുന്നത്.