അവിയലിന് മുമ്പേ നട നടയും ചേക്കേലടിക്കും മുമ്പേയും വേദിയിലെത്തിച്ച 'ജി​ഗ്സോ പസിൽ'

അവിയലിന് മുമ്പേ നട നടയും ചേക്കേലടിക്കും മുമ്പേയും  വേദിയിലെത്തിച്ച 'ജി​ഗ്സോ പസിൽ'
Published on

ദക്ഷിണേന്ത്യയിൽ വൻ വിജയമായി മാറിയ കാന്താര എന്ന കന്നഡ സിനിമയിലെ ഹിറ്റ് ട്രാക്ക് ആയ വരാഹ രൂപം എന്ന പാട്ടിന്റെ മൗലികതയെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് ബാൻഡുകളും സം​ഗീത സംവിധായകരും നാടൻ പാട്ടുകൾ ഉൾപ്പെടെ രചയിതാവിന് ക്രെഡിറ്റ്

നൽകാതെ അവതരിപ്പിക്കാറുണ്ടെന്ന വാദവും സോഷ്യൽ മീഡിയ ഏറ്റെടുത്തത്. വരാഹരൂപത്തിനെതിരെ കോപ്പിറൈറ്റ് ലംഘനമാണെന്നാരോപിച്ച തൈക്കൂടം ബ്രിഡ്ജ് പെർഫോം ചെയ്ത ചില പാട്ടുകളുടെ മൗലികതയെക്കുറിച്ചും വിമർശനയമുർന്നിരുന്നു.

ഇതിന്റെ തുടർച്ചയിലാണ് അവിയൽ ബാൻഡിന്റെ ചെക്കേലടിക്കും മുമ്പെ എന്ന ഹിറ്റ് നമ്പരും സ്രഷ്ടാവ് ആരെന്ന നിലയിൽ ചർച്ചയുടെ ഭാ​ഗമായത്. അവിയൽ ബാൻഡിന്റെ തന്നെ ഐഡന്റിറ്റിയായി മാറിയ നട നടയും, ചെക്കേലടിക്കും മുമ്പേയും അവർക്ക് മുമ്പേ തന്നെ റോക്ക് വേർഷനിൽ അവതരിപ്പിക്കുന്നതും സ്റ്റേജിലെത്തിച്ചതും കേരളത്തിലെ ആദ്യ ബാൻഡായ ജി​ഗ്സോ പസിൽ ആണ്. ജി​ഗ്സോ പസിലിന്റെ പതിപ്പുകൾ തന്നെ പിന്നീട് പല ബാൻഡുകളും അവരവരുടെ വേർഷനുകളായി സ്റ്റേജിലെത്തിച്ചു.

നട നടയും, ചേക്കേലടിക്കും മുമ്പേയും 1995ൽ

1995-ലാണ് തൃശ്ശൂർ കേന്ദ്രീകരിച്ച് ജിഗ്‌സോ പസിൽ എന്ന ബാൻഡിന്റെ തുടക്കം. കാലിക്കറ്റ് സർവകലാശാല കലോത്സവങ്ങളിൽ പാശ്ചാത്യസംഗീതത്തിന് തുടർച്ചയായി സമ്മാനങ്ങൾ നേടിയിരുന്ന രണ്ട് നവയുവാക്കളുടെ മുൻകൈയിലായിരുന്നു ബാൻഡിന്റെ തുടക്കം. അക്കാലത്ത് കോഴിക്കോട് ആർ.ഇ.സി (ഇപ്പോഴത്തെ എൻ.ഐ. റ്റി.) വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് റിയാസ് ഡ്രമ്മറും തൃശ്ശൂർ എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലുണ്ടായിരുന്ന ജോൺ പി. വർക്കി ലീഡ് ഗിത്താറിസ്റ്റും ഇന്റീരിയർ ഡിസൈനറായിരുന്ന ബൈജു റിഥം ഗിത്താറിസ്റ്റും ഗൾഫിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി നാട്ടിലെത്തിയിരുന്ന ആനന്ദ്‌രാജ് ബി.പോൾ ഗായകനുമായിരുന്നു. (ഇൻഡിഗോ ഡിസൈൻസ് എന്ന് പ്രശസ്തമായ ആർക്കിടെക്ചർ സ്ഥാപനത്തിന്റെ എംഡിയാണ് റിയാസിപ്പോൾ. പിന്നീട് ചലച്ചിത്ര സംഗീതസംവിധായകനായ ജോൺ ഈയിടെ അന്തരിച്ചു. ആനന്ദു ബൈജുവും വിദേശത്താണ്.)

നാടൻ പാട്ടെന്ന നിലയിലാണ് ചെക്കേലടിക്കും മുമ്പെ ഞങ്ങളുടെ മുന്നിലെത്തുന്നത്. അന്ന് ആ പാട്ട് കാംപസുകളിലെല്ലാം വളരെ പോപ്പുലറായിരുന്നു. അതിന് പക്ഷേ, വേറെ ഈണവും താളവുമുണ്ടായിരുന്നു. അതിന്റെ ഒരു റോക്ക് വേർഷനായി ഞങ്ങളുണ്ടാക്കിയ മെലഡിയാണ് ഇപ്പോൾ നമ്മൾ പലരും പാടി കേൾക്കുന്നത്. ഈ ആൽബത്തിലെ പാട്ടുകൾ അക്കാലത്ത് ഞങ്ങൾ പലയിടത്തും പെർഫോം ചെയ്തിരുന്നു, ലൈവായിട്ട്. ഏഷ്യാനെറ്റിന്റെ മില്ലീനിയം ഷോയിലടക്കം.

മുഹമ്മദ് റിയാസ്

ഞങ്ങൾ സൃഷ്ടിച്ച പാട്ടുകൾക്ക് ഞങ്ങൾക്ക് പിന്നീട് ക്രെഡിറ്റ് കിട്ടിയില്ല

എൺപതുകളിലെ 13 എഡിക്കു ശേഷം റോക്ക് സംഗീതം കാര്യമായി വേരുപിടിച്ചിട്ടില്ലാത്ത അന്തരീക്ഷത്തിലേക്കാണ് റെവലേഷൻ എന്ന ഇംഗ്ലീഷ് റോക്ക് ഗാനവുമായി ഇവർ കടന്നുവരുന്നത്. റെവലേഷന് രണ്ട് വീഡിയോ ഭാഷ്യങ്ങൾ ഉണ്ടായിരുന്നു. ചലച്ചിത്ര ഛായാഗ്രാഹകനായ ജെയ്ൻ ജോസഫ് സംവിധാനം ചെയ്ത ആദ്യത്തെ വീഡിയോ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. അതിനു ശേഷമാണ് അന്ന് എംടി ഇന്ത്യയിൽ വിഷ്വലൈസറായിരുന്ന സാജിദ് എന്ന മുംബൈ മലയാളി റെവലേഷനു വേണ്ടി മറ്റൊരു വീഡിയോ ഒരുക്കുന്നത്. അത് എം ടിവി സംപ്രേഷണം ചെയ്തിരുന്നു. ഒരുപക്ഷെ എം ടിവിയിൽ വീഡിയോ സംപ്രേഷണം ചെയ്യുന്ന ആദ്യത്തെ കേരളാ ബാൻഡായിരിക്കണം ജിഗ്‌സോ പസിൽ.

ഇതിനുശേഷം ജിഗ്‌സോ പസിൽ പുറത്തിറക്കിയ മലയാളം എന്ന ആൽബത്തിലാണ് 'ചെക്കേലടിക്കും മുമ്പേ' എന്ന പാട്ടിന്റെ റോക്ക് വേർഷൻ വരുന്നത്. ആ ആൽബത്തിൽ തന്നെ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എഴുതിയ 'നട നട' എന്ന പാട്ടും പിന്നണി ഗായിക ഗായത്രി അശോക് പാടിയ 'ഞാനൊരു പൂമ്പൊടിയായ്' എന്നു തുടങ്ങുന്ന മറ്റൊരു പാട്ടും ഉണ്ടായിരുന്നു. ചെക്കേലടിക്കും മുമ്പേയുടെ അതേ മെലഡിയിൽ 'തീക്കനൽ വാരിയെറിഞ്ഞു സൂര്യൻ' എന്ന വരികളുമായി മറ്റൊരു വേർഷനും ചെയ്തിട്ടുണ്ടായിരുന്നു. മാധ്യമപ്രവർത്തകനായ പി.ബി. ഗിരീഷാണ് ഈ വരികളെഴുതിയത്. ആ പാട്ടാണ് പിന്നീട് വിഡിയോ ആൽബമായി മാറിയത്. 1999-2000 കാലത്താണ് ഇത്. അതേ കാലത്തു തന്നെ വേറെ കുറെ വീഡിയോകളും ചെയ്തിരുന്നു. എം ടിവി ഇന്ത്യക്കു വേണ്ടി ചെയ്ത Buddha never smiled അതിൽ ശ്രദ്ധേയമായ ഒന്നായിരുന്നു. സാജിദ് തന്നെയാണ് അതും സംവിധാനം ചെയ്തത്.

തൃശ്ശൂരിൽ ഇൻഡിഗോ ഡിസൈൻസ് എന്ന ആർകിടെക്ചറൽ കമ്പനിയുടെ എംഡിയായ റിയാസിന് ഇതാണ് ഇപ്പോൾ പറയാനുള്ളത്.

''നാടൻ പാട്ടെന്ന നിലയിലാണ് ചെക്കേലടിക്കും മുമ്പെ ഞങ്ങളുടെ മുന്നിലെത്തുന്നത്. അന്ന് ആ പാട്ട് കാംപസുകളിലെല്ലാം വളരെ പോപ്പുലറായിരുന്നു. അതിന് പക്ഷേ, വേറെ ഈണവും താളവുമുണ്ടായിരുന്നു. അതിന്റെ ഒരു റോക്ക് വേർഷനായി ഞങ്ങളുണ്ടാക്കിയ മെലഡിയാണ് ഇപ്പോൾ നമ്മൾ പലരും പാടി കേൾക്കുന്നത്. ഈ ആൽബത്തിലെ പാട്ടുകൾ അക്കാലത്ത് ഞങ്ങൾ പലയിടത്തും പെർഫോം ചെയ്തിരുന്നു, ലൈവായിട്ട്. ഏഷ്യാനെറ്റിന്റെ മില്ലീനിയം ഷോയിലടക്കം. പിന്നീട് അവിയലിലൂടെ പ്രശസ്തനായ ടോണി അപ്പോൾ ഞങ്ങളുടെ കൂടെയുണ്ട്. തീക്കനൽ വിഡിയോയിലെല്ലാം ടോണിയുടെ പ്രസൻസുണ്ട്. നടി പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരി പ്രിയാ മോഹനായിരുന്നു അതിലെ ഫീമെയിൽ മോഡൽ. ബാൻഡെന്ന നിലയിൽ ജിഗ്‌സോപസിൽ പക്ഷെ അധികകാലം മുന്നോട്ടു കൊണ്ടു പോകാനായില്ല. ഞങ്ങൾ മൂന്നു പേരും മൂന്നു മേഖലകളിലേക്ക് തിരിഞ്ഞു. കോഴ്‌സ് കഴിഞ്ഞതോടെ ഞാൻ ആകിടെക്ചറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. ആനന്ദ് യു എസിലേക്കും ജോൺ യൂറോപ്പിലേക്കും ബൈജു ഗൾഫിലേക്കും പോയി. ഈ സമയത്താണ് (ഞങ്ങളുടെ സമ്മതത്തോടെ തന്നെ) അവിയൽ ബാൻഡ് ഞങ്ങളുടെ കോമ്പോസിഷൻസ് പാടാൻ തുടങ്ങിയത്. കോമൺ ഫാക്ടറായി ടോണി ഉണ്ടായിരുന്നു എന്നതിനാലാവണം പലരും ജിഗ്‌സോപസിൽ ട്രാസ്‌ഫോം ചെയ്താണ് അവിയലുണ്ടായത് എന്ന ധാരണയിലെത്തിയതെന്ന് തോന്നുന്നു.

സത്യത്തിൽ ഞങ്ങൾ സൃഷ്ടിച്ച പാട്ടുകൾക്ക് ഞങ്ങൾക്ക് പിന്നീട് ക്രെഡിറ്റ് കിട്ടിയില്ല എന്നത് ഒരു യാഥാർഥ്യം തന്നെയാണ്. പക്ഷേ, ആ പാട്ടുകൾ അവിയലിലൂടെ കൂടുതൽ ജനകീയമാവുന്നുണ്ടെങ്കിൽ ആവട്ടെ എന്നായിരുന്നു ഞങ്ങളുടെ നിലപാട്. ഒരിക്കൽ പോലും എവിടെയും ഞങ്ങൾ ക്രെഡിറ്റ് അവകാശപ്പെട്ട് പോയിട്ടുമില്ല. ഞാനുദ്ദേശിച്ചത് വരികളുടെ അവകാശമല്ല, മറിച്ച് ഞങ്ങളുണ്ടാക്കിയ ആ മെലഡിയുടെ അവകാശമാണ്. വരികളുടെ ക്രെഡിറ്റ് അതെഴുതിയ ആളുകൾക്ക് കൊടുക്കാൻ ഞങ്ങൾക്ക് സന്തോഷമേ ഉണ്ടാകുമായിരുന്നുള്ളൂ. ചെക്കേലടിക്കും മുമ്പേയുടെ രചയിതാവ് ആരാണെന്ന് അറിയില്ലായിരുന്നുവെന്നതാണ് യാഥാർത്ഥ്യം. വാമൊഴിയിലൂടെ കൈമാറപ്പെട്ട ഒരു നാടൻപാട്ട് എന്നായിരുന്നു അന്നത്തെ ധാരണ. എം.എൻ. തങ്കപ്പൻ മാസ്റ്റർ എഴുതിയ വരികളായിരുന്നു അതെന്ന വിവരം കഴിഞ്ഞ ദിവസങ്ങളിലെ ഫേസ്ബുക്ക് ചർച്ചയിൽ നിന്നാണ് മനസ്സിലാക്കുന്നത്.

പക്ഷേ, ആ പാട്ടിനെ മെലോഡിയസ് ആയി ഓർക്കസ്‌ട്രേറ്റ് ചെയ്യാനും അതിന് ഒരു ഹാർഡ്റോക്ക് സ്വഭാവം നൽകാനുമെല്ലാം ഞങ്ങളെടുത്ത ഒരു എഫർട്ടുണ്ട്. അതാണ് ആ പാട്ടിലെ ഞങ്ങളുടെ കോൺട്രിബ്യൂഷൻ. ആരുടെയോ വരികളെന്ന നിലയിൽ ഞങ്ങളന്ന് അതെടുത്തതു പോലെ, ഞങ്ങളുടെ ആ കോമ്പസിഷൻ പിന്നീട് അവിയലും തൈക്കൂടവുമെല്ലാം ഏറ്റെടുത്തു. ക്രെഡിറ്റ് വയ്ക്കാതെ വർക്കുകൾ പെർഫോം ചെയ്യുന്നത് ഇപ്പോൾ തുടങ്ങിയ പ്രവണതയൊന്നുമല്ലല്ലോ. തൈക്കൂടം-കാന്താര തർക്കത്തിലും അതുതന്നെയാണ് എനിക്ക് പറയാനുള്ളത്.

അവിയലിന്റെ തുടക്കകാലത്ത് ആനന്ദും ജോണും ടോണിയോടൊപ്പം സഹകരിച്ചിരുന്നു. പിന്നീട് അവർ രണ്ടുപേരും വിദേശത്തേക്ക് പോവുകയായിരുന്നു. തിരിച്ചെത്തിയ ശേഷമാണ് ജോൺ സിനിമകളിൽ സജീവമായത്.

''സഹപാഠിയായിരുന്ന റിയാസ് വഴി ജോണും ആനന്ദുമൊക്കെ അന്ന് സുഹൃത്തുക്കളായിരുന്നു. ഇവരുടെ ജിഗ്‌സോപസിലിന്റെ രൂപീകരണമൊക്കെ അങ്ങനെ അടുത്തു നിന്ന് കണ്ടിട്ടുണ്ട്. പാട്ടുകൾ സെലക്ട് ചെയ്യുമ്പോഴൊക്കെ ഞാനടക്കമുള്ള പലരുമായും കൂടിയാലോചനകളൊക്കെ നടത്തിയിരുന്നു. ചെക്കേലടിക്കും മുമ്പേയുടെ ഒറിജിനലിനെപ്പറ്റി അവർ അക്കാലത്തു തന്നെ അന്വേഷിച്ചിരുന്നത് ഓർമ്മയുണ്ട്. ഞാനും പലരോടും തിരക്കുകയൊക്കെ ചെയ്തിരുന്നു. പക്ഷെ ഫോക് ലോറിന്റെ ഭാഗമായുള്ള വരികൾ എന്നതിനപ്പുറം അതിന്റെ രചയിതാവിനെ കണ്ടെത്താൻ അന്ന് കഴിഞ്ഞിരുന്നില്ല. നാടൻ പാട്ടിനെ പാശ്ചാത്യ സംഗീതച്ചിട്ടയിലേക്ക് സന്നിവേശിപ്പിച്ചതാണെന്ന് പറഞ്ഞു കൊണ്ടു തന്നെയാണ് എല്ലായിടത്തും അവരത് പാടാറുണ്ടായിരുന്നത്.'' മാധ്യമപ്രവർത്തകനായ രാജീവ് രാമചന്ദ്രൻ പറയുന്നു.

നാടൻ പാട്ടുകളുടെ ഗണത്തിൽ വരുന്ന പല പാട്ടുകൾക്കും അക്കാലത്ത് സമാനമായ ഗതി ഉണ്ടായിട്ടുണ്ട്. ദൂരദർശനിലൂടെ ജനകീയമായ എന്നെക്കാണാൻ നിന്നെക്കാളും ചന്തം തോന്നും എന്ന പാട്ട് എഴുതിയത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനാണെന്ന് എത്ര കാലത്തിനു ശേഷമാണ് ജനം അറിഞ്ഞത്! അതുപോലെ കൈതോല പായ വിരിച്ച് എന്ന പാട്ടെഴുതിയ ജിതേഷ് മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുമ്പാണ് അയാൾക്ക് ഒരു പൊതുവേദിയിൽ അതവകാശപ്പെടാൻ തന്നെ കഴിഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in