ബോബിയുടെ ഗാനങ്ങള്‍ കേള്‍ക്കാത്ത ദിനങ്ങള്‍ അപൂര്‍വം

ബോബിയുടെ ഗാനങ്ങള്‍ കേള്‍ക്കാത്ത ദിനങ്ങള്‍ അപൂര്‍വം
Published on

``ഹം തും ഏക് കമരേ മേ ബന്ധ് ഹോ''

1970 കളിലെ യുവതയുടെ ഹരമായിരുന്ന ഋഷി കപൂർ ഇനി ഓർമ്മ. ഋഷിയുടെ ശബ്ദമായി ``ബോബി''യിൽ അവതരിച്ച ശൈലേന്ദ്ര സിംഗിനെ ഇന്നും നാം ഓർക്കുന്നത് ആ സിനിമയിലെ കാലാതിവർത്തിയായ ഗാനങ്ങളിലൂടെയാണ്. ബോബിയുടെ കഥ, ഋഷിയുടെ ശബ്ദമായിരുന്ന ശൈലേന്ദ്ര സിംഗിന്റെ ഓർമ്മകളിൽ..

ഗുൽമാർഗിൽ പോകണം. ഹോട്ടൽ ഹൈലാൻഡ് പാർക്കിൽ ഒരു രാത്രി തങ്ങണം. ``ബോബി'' സിനിമ ആദ്യം കണ്ടപ്പോഴേ ഷാരുഖ് ഖാന്റെ മനസ്സിൽ മൊട്ടിട്ട മോഹം. നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ സ്വപ്നം സഫലമായതിന്റെ ആവേശത്തിൽ ഷാരുഖ് ട്വിറ്ററിൽ കുറിച്ചു: ``അവിശ്വസനീയം. റൂം നമ്പർ 305 ലാണ് ഞാൻ ഇപ്പോൾ. വർഷങ്ങൾക്കു മുൻപ് ബോബിയിലെ പ്രശസ്തമായ `ഹം തും ഏക് കമരേ മേ ബന്ധ് ഹോ ഔർ ഛാബി ഖോ ജായേ' എന്ന ഗാനം ഋഷി കപൂറും ഡിംപിൾ കപാഡിയയും ചേർന്ന് പാടി അഭിനയിച്ച അതേ മുറിയിൽ. കൂട്ടിന് സുന്ദരിമാർ ആരുമില്ല. മധുരമുള്ള കുറെ ഓർമ്മകൾ മാത്രം. ആനന്ദ് ബക്ഷി എഴുതിയതു പോലെ, മുറിയുടെ താക്കോൽ ഒന്ന് കളഞ്ഞു പോയെങ്കിൽ എന്നാശിച്ചു പോകുന്നു; വെറുതെ....'' :

ഹൈലാൻഡ് പാർക്കിലും പരിസരത്തും മുംബൈയിലെ ആർ കെ സ്റ്റുഡിയോയിലുമൊക്കെയായി രാജ്കപൂർ ചിത്രീകരിച്ച ആ ഒരൊറ്റ പ്രണയഗാനരംഗം ആവർത്തിച്ചു കാണാൻ വേണ്ടി നിരവധി തവണ തിയേറ്ററിൽ ഇടിച്ചുകയറിയിട്ടുണ്ട് ചെറുപ്പത്തിൽ ഷാരുഖ് ഖാൻ. കാലമേറെ കഴിഞ്ഞിട്ടും ``ബോബി''യോടും അതിലെ പാട്ടിനോടുമുള്ള തീവ്ര പ്രണയത്തിന് തെല്ലുമില്ല മങ്ങൽ. വീട്ടിനടുത്തുള്ള തിയേറ്ററിൽ നിന്ന് ബോബി ആദ്യം കണ്ട അന്നത്തെ സ്‌കൂൾ കുട്ടി സങ്കല്പിച്ചിട്ടു പോലുമുണ്ടാവില്ല പ്രിയഗാനം ചിത്രീകരിച്ച സ്ഥലത്ത് ഒരിക്കൽ എത്തിപ്പെടും താനെന്ന്. യഷ്‌രാജ് ഫിലിംസിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് കാശ്മീരിൽ ചെന്നപ്പോൾ, ബാല്യസ്മരണ പുതുക്കാനായി ഒരു രാത്രി മാറ്റിവെക്കുകയായിരുന്നു ഷാരുഖ്. പതിറ്റാണ്ടുകളായി ഉള്ളിൽ കൊണ്ടുനടന്ന മോഹങ്ങളെല്ലാം അന്ന് സാധിച്ചു; ഒന്നൊഴിച്ച്. യുഗ്മഗാനം പാടി ചുവടുവെക്കാൻ ആരാധനാപാത്രമായ ഡിംപിളിനെ ഒത്തുകിട്ടിയില്ല. ``ബോബി''യിലെ നായികയ്ക്ക് ഇപ്പോൾ പ്രായം 60. എങ്കിലും ഗുൽമാർഗിലെ ആ രാത്രിയിൽ തനിക്കൊപ്പം കൗമാരക്കാരിയായ ബോബി ബ്രഗാൻസയും ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കാനാണ് ഷാരുഖിന് ഇഷ്ടം. അത്രയേറെ പ്രണയിച്ചുപോയിരുന്നു ഒരിക്കൽ ഡിംപിളിന്റെ കഥാപാത്രത്തെ.

കഥ തീരുന്നില്ല. ചരിത്രമുറങ്ങുന്ന ആ പഴയ `ബോബി' ലൊക്കേഷൻ കാണാൻ മറ്റൊരു വി ഐ പി താരം കൂടി ഷാരൂഖിന് പിന്നാലെ ഗുൽമാർഗിലെത്തി. സാക്ഷാൽ ഋഷി കപൂർ. ബോബിയിലെ നായകൻ. പൊതുവെ ഗൃഹാതുരതയിൽ അഭിരമിക്കുന്ന ശീലക്കാരനല്ല ഋഷി. പഴയ ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് ഓർമ്മ പുതുക്കാൻ വേണ്ടി വീണ്ടും യാത്ര ചെയ്യുന്ന പതിവുമില്ല. പക്ഷേ ഇതെങ്ങനെയല്ല. ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ട ഇടമാണ്. ഒരു പാട് ഓർമ്മകൾ മയങ്ങിക്കിടക്കുന്ന സ്ഥലം. ``യാദൃച്‌ഛികമായി വീണ്ടും അവിടെ എത്തിപ്പെട്ടപ്പോൾ അത്ഭുതം തോന്നി. കാലം അവിടെ ഘനീഭവിച്ചു നിൽക്കുന്നു . പച്ച പുതച്ച വഴിയോരവും പുഞ്ചിരി തൂകുന്ന പൂക്കളും ഒക്കെ നാൽപ്പതു വർഷം മുൻപത്തെ പോലെ തന്നെ.'' ഇന്നും ``ബോബി''യിലെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ദിനങ്ങൾ അപൂർവമാണ് ഋഷിയുടെ ജീവിതത്തിൽ. `` ശൈലേന്ദ്ര സിംഗും നരേന്ദ്ര ചഞ്ചലും പാടിയ ആ പാട്ടുകളാണ് എന്നെ നിങ്ങളറിയുന്ന ഋഷി കപൂർ ആക്കി വളർത്തിയത്. അല്ലാതെ തുടക്കക്കാരന്റെ എല്ലാ പോരായ്മകളും നിറഞ്ഞ എന്റെ അഭിനയമല്ല.'' -- ആത്മാർത്ഥതയുടെ തെളിച്ചമുള്ള വാക്കുകൾ.

സാധാരണക്കാരന്റെ മനസ്സിൽ ``ബോബി'' ആദ്യം ഇടം നേടിയത് ലക്ഷ്മീകാന്ത് പ്യാരേലാൽ ഈണമിട്ട പാട്ടുകളിലൂടെ തന്നെയാവണം. സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രയിൽ വഴിയരികിലെ ചായക്കടകളിൽ നിന്നും കല്യാണ വീടുകളിലെ പാട്ടുകോളാമ്പികളിൽ നിന്നും ബോബിയിലെ പാട്ടുകൾ നിരന്തരം ഒഴുകിയെത്തിയിരുന്ന കാലം എങ്ങനെ മറക്കാൻ? ഗാനചിത്രീകരണമൊക്കെ വെള്ളിത്തിരയിൽ കാണാൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു; വർഷങ്ങളോളം. വയനാട്ടിലെ ചുണ്ടേൽ എന്ന കൊച്ചു ഗ്രാമത്തിലുള്ള ഞങ്ങളുടെ ഒരേയൊരു റോഷൻ ടാക്കീസിൽ ഹിന്ദി പടങ്ങൾ കളിക്കുന്ന പതിവില്ല അന്ന്. ജനസംഖ്യയിൽ നല്ലൊരു ഭാഗം അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള തോട്ടം തൊഴിലാളികൾ ആയതുകൊണ്ടാവാം മലയാളം, തമിഴ് ചിത്രങ്ങളേ അവിടെ വരൂ; അതും റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞ് . ഹിന്ദി സിനിമകൾ കാണാൻ കൽപ്പറ്റ അനന്തപദ്മയിലോ വിജയയിലോ പോകണം. അല്ലെങ്കിൽ അമ്പതു കിലോമീറ്റർ അകലെയുള്ള കോഴിക്കോട്ട്. `ബോബി' കോഴിക്കോട്ടെ തിയേറ്ററിൽ ചെന്ന് കാണുമ്പോഴേക്കും 1970 കളുടെ അവസാനമായിരുന്നു എന്നാണോർമ്മ. അന്നും മനസ്സിൽ തങ്ങിയത് പാട്ടുകളും അവയുടെ ചിത്രീകരണവും തന്നെ. മോണോയിൽ നിന്ന് സ്റ്റീരിയോയിലേക്ക് ഹിന്ദി സിനിമ പിച്ചവെച്ചു തുടങ്ങിയ ഘട്ടമായിരുന്നതിനാലാവണം ആകർഷകമായ ഒരു സൗണ്ടിംഗ് ഉണ്ടായിരുന്നു ഗാനങ്ങൾക്കെല്ലാം. ലക്ഷ്മീകാന്ത് പ്യാരേലാലിന്റെ ആർഭാടപൂർണ്ണമായ വാദ്യവിന്യാസം കൂടി ചേർന്നപ്പോൾ യുവത്വം നിറഞ്ഞുതുളുമ്പുന്ന ശ്രവ്യാനുഭവങ്ങളായി അവ. പിന്നെ ശൈലേന്ദ്ര സിംഗ് എന്ന പുതു ഗായകന്റെ നവ്യമായ നാദസൗഭഗവും: മേ ശായർ തോ നഹി, ഹം തും ഏക് കമ്രേ മേ ബന്ധ് ഹോ , ചൂട്ട് ബോലേ കൗവേ ഖാട്ടേ, നാ ചാഹൂ സോനാ ചാന്ദീ.... ഏതു പാട്ടാണ് മറക്കാനാകുക?

സിനിമാക്കമ്പം തലയ്ക്കു പിടിച്ച ബാല്യമായിരുന്നു ശൈലേന്ദ്രയുടേത്. ചെറുപ്പം മുതലേ പാടുമെങ്കിലും നടനാകാനായിരുന്നു മോഹം. അതിനുള്ള രൂപസൗഭഗവുമുണ്ട്. സ്വപ്നം സഫലമാക്കാനായി പൂനാ ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ അഭിനയം പഠിക്കാൻ ചേരുന്നു ശൈലേന്ദ്ര. ശബാന ആസ്മി, സറീന വഹാബ്, റീത്താ ഭാദുരി, മലയാളിയായ മോഹൻ ശർമ്മ ഒക്കെ അന്നവിടെ സഹപാഠികൾ. പക്ഷെ കോഴ്സ് പൂർത്തിയാക്കും മുൻപ് പിതാവിന്റെ സുഹൃത്തും തിരക്കഥാകൃത്തുമായ വി പി സാഥെ വഴി ബോബിയിലേക്കുള്ള ക്ഷണം വരുന്നു. അഭിനയിക്കാനാണെന്നാണ് ശൈലേന്ദ്ര സിംഗ് കരുതിയത്. ആർ കെ സ്റ്റുഡിയോയിൽ ചെന്നപ്പോൾ അഞ്ചു പേരടങ്ങിയ ഓർക്കസ്ട്രയുമായി ലക്ഷ്മികാന്ത് പ്യാരേലാൽ കാത്തിരിക്കുന്നു. രാജ് കപൂറുമുണ്ട് കൺസോളിൽ. പാടാൻ വേണ്ടിയാണു ക്ഷണം എന്നറിഞ്ഞപ്പോൾ ചെറിയൊരു പരിഭ്രമം തോന്നി. പുറത്തുകാണിച്ചില്ലെന്നു മാത്രം. തൊട്ടു മുൻപ് ബോബിക്ക് വേണ്ടി ചിട്ടപ്പെടുത്തിയ ഗസൽ മൂഡുള്ള പാട്ടാണ് സംഗീത സംവിധായകർ അവിടെ വെച്ച് ശൈലേന്ദ്രയെ പഠിപ്പിച്ചത്: മേ ശായർ തോ നഹി.. ഓർക്കസ്ട്രയുടെ അകമ്പടിയോടെ അന്നു തന്നെ പരീക്ഷണാർത്ഥം ഗാനം ടേപ്പിൽ പകർത്തുകയും ചെയ്തു. പുതുഗായകന്റെ ശബ്ദം റെക്കോർഡിംഗിന് അനുയോജ്യമാണോ എന്നറിയണമല്ലോ. ( അന്ന് പശ്ചാത്തലത്തിൽ കോംഗോ ഡ്രം വായിച്ച സുന്ദരനായ ചെറുപ്പക്കാരനെ ശൈലേന്ദ്ര സിംഗ് ഇന്നുമോർക്കുന്നു -- പിൽക്കാലത്ത് തിരക്കേറിയ സംഗീത സംവിധായകനായി വളർന്ന രാജേഷ് രോഷൻ. )

രണ്ടാഴ്ച്ചത്തെ റിഹേഴ്‌സലിന് ശേഷം നവരംഗ് സ്റ്റുഡിയോയിൽ വെച്ചായിരുന്നു ``ബോബി''യിലെ ഗാനങ്ങളുടെ റെക്കോർഡിംഗ്. നാളികേരമുടച്ച് ഗാനലേഖനത്തിന് തുടക്കം കുറിച്ചത് സാക്ഷാൽ ലതാ മങ്കേഷ്‌കർ. രാജ് കപൂർ ചിത്രങ്ങളുടെ ``ഭാഗ്യദേവത''യായിരുന്നു എന്നും ലതാജി. നൂറോളം വാദ്യോപകരണ വിദഗ്ദർ അണിനിരന്ന ഓർക്കസ്ട്രയുടെ അകമ്പടിയോടെയുള്ള റെക്കോർഡിംഗ് ഒരു ആഘോഷം തന്നെയായിരുന്നു എന്നോർക്കുന്നു ശൈലേന്ദ്ര. ``ഹം തും ഏക് കമരേ മേ ബന്ധ് ഹോ എന്ന ഗാനമാണ് ആദ്യം റെക്കോർഡ് ചെയ്തത്. ലതാജിയോടൊത്താണ് പാടേണ്ടത് എന്നറിഞ്ഞപ്പോഴേ എന്റെ നെഞ്ചിടിപ്പ് കൂടി. കുട്ടിക്കാലം മുതലേ നമ്മൾ ദൈവത്തെ പോലെ ആരാധിക്കുന്ന പാട്ടുകാരിയല്ലേ? കുച്‌ഛ് ദിൽ നേ കഹാ, ജാരെ ഉഡ് ജാരെ പഞ്ചി തുടങ്ങിയ പാട്ടുകളൊക്കെ സ്വയം മറന്നു കേട്ട് നിന്നിട്ടുണ്ട് ഒരിക്കൽ. പക്ഷെ ഒരിക്കലും എന്നെ ഒരു തുടക്കക്കാരനായി കണ്ട് അവഗണിച്ചില്ല അവർ. പകരം വാത്സല്യപൂർവ്വം പെരുമാറി. തൊട്ടടുത്ത് നിന്ന് പാടിയിട്ടു പോലും ലതാജിയുടെ ശബ്ദം കേൾക്കാൻ പ്രയാസമായിരുന്നു. അവർ ചുണ്ടനക്കുന്നതേ നമ്മൾ കാണൂ. ശബ്ദം അതീവ ലോലമെങ്കിലും സ്പീക്കറിലൂടെ പുറത്തുവരുമ്പോൾ അത് വേറൊരു തലത്തിൽ എത്തിക്കഴിഞ്ഞിട്ടുണ്ടാകും. ഒരു തരം മാജിക്.''

``മേ ശായർ തോ നഹി''യുടെ പിറവിയും മറക്കാനാവില്ല. ഗാനം സൂപ്പർ ഹിറ്റാകുമെന്ന് ആദ്യം പ്രവചിച്ചവരിൽ ഒരാൾ പിന്നണിയിൽ അതീവ ഹൃദ്യമായി ഗിറ്റാർ വായിച്ച ഗോരഖ് ശർമ്മയാണ്. ശർമ്മയുടെ ഗിറ്റാർ തന്ത്രികളെ ഒഴിച്ചുനിർത്തി ഈ ഗാനത്തെ കുറിച്ച് സങ്കൽപ്പിക്കുക പോലും അസാധ്യം. ഗാനം റെക്കോർഡ് ചെയ്ത അതേ ദിവസം വൈകീട്ടായിരുന്നു ബോബിയുടെ റിലീസിന് മുന്നോടിയായി സിനിമാരംഗത്തെ പ്രമുഖർക്ക് വേണ്ടി നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ രാജ് കപൂർ ഒരുക്കിയ ആർഭാടപൂർണ്ണമായ വിരുന്ന്. ``പ്രശസ്തരുടെ ഒരു നിര തന്നെയുണ്ടായിരുന്നു അതിഥികളായി. താരങ്ങൾ, സംഗീത സംവിധായകർ, രാഷ്ട്രീയനേതാക്കൾ..അങ്ങനെ പലരും''-- ശൈലേന്ദ്ര സിംഗ് ഓർക്കുന്നു. ``വിരുന്നിനിടെ രാജ് സാബ് ഋഷിയെയും ഡിംപിളിനെയും എന്നെയും അലങ്കരിച്ച ഒരു സോഫയ്ക്ക് മുകളിൽ കയറ്റി നിർത്തി. ഓരോരുത്തരെയായി സദസ്സിന് പരിചയപ്പെടുത്തി. ഇതാ ഇയാളാണ് ഇന്നത്തെ താരം എന്നു പറഞ്ഞു എന്നെ പരിചയപ്പെടുത്തുമ്പോൾ മേ ശായർ തോ നഹി എന്ന ഗാനം പശ്ചാത്തലത്തിൽ ഒഴുകിവരുന്നുണ്ടായിരുന്നു. നിറഞ്ഞ സദസ്സിന്റെ കയ്യടി ഇപ്പോഴും എന്റെ കാതിലുണ്ട്.

പരിപാടി കഴിഞ്ഞ ശേഷം ഹാളിന്റെ ഒരു ഒഴിഞ്ഞ കോണിലേക്ക് എന്നെ മാറ്റിനിർത്തി രാജ് കപൂർ പറഞ്ഞ വാക്കുകളും ഓർക്കുന്നു: ബേട്ടാ, ഈ പാട്ട് നിന്നെ ഒരു താരമാക്കി മാറ്റും. എന്നെ വിശ്വസിക്കാം. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കുക. പ്രശസ്തിയുടെ പടവുകൾ കയറിപ്പോകുമ്പോൾ, ചിലരൊക്കെ അതേ പടികളിലൂടെ താഴേക്ക് ഇറങ്ങിവരുന്നത് കാണാം. അവരെ വണങ്ങാൻ മറക്കരുത്.'' അന്നത്തെ വിരുന്നിൽ നിന്ന് ശൈലേന്ദ്ര സിംഗിന്റെ ഓർമ്മയിൽ അവശേഷിക്കുന്ന മറ്റൊരു മുഖം ഗായകൻ മുകേഷിന്റേതാണ്. സദസ്സിന്റെ അഭ്യർത്ഥന മാനിച്ച് പുതുമുഖ ഗായകൻ മേ ശായർ തോ നഹി എന്ന ഗാനം ലൈവ് ആയി പാടുമ്പോൾ പശ്ചാത്തലത്തിൽ ഹാർമോണിയം വായിച്ചത് മുകേഷായിരുന്നു. `` ആ വലിയ മനസ്സിന് മുൻപിൽ നമസ്കരിച്ചു പോയ നിമിഷങ്ങൾ. എന്നെ പോലൊരു നവാഗത ഗായകന് വേണ്ടി ഹാർമോണിയം വായിക്കാൻ മറ്റാര് തയ്യാറാകും?''

ശങ്കർ ജയ്കിഷൻ കൂട്ടുകെട്ടിൽ നിന്ന് ലക്ഷ്മികാന്ത് പ്യാരേലാലിലേക്കുള്ള മാറ്റം രാജ് ചിത്രങ്ങളുടെ ആരാധകർ എങ്ങനെ സ്വീകരിക്കും എന്നായിരുന്നു എല്ലാവരുടെയും ആകാംക്ഷ. പക്ഷേ ആശങ്കകളെല്ലാം അപ്രസക്തമാക്കിക്കൊണ്ട് ബോബിയിലെ പാട്ടുകൾ സൂപ്പർ ഹിറ്റായി. 1973 സെപ്തംബർ 27 ന് സിനിമ തിയേറ്ററുകളിൽ എത്തുമ്പോഴേക്കും ഇന്ത്യ മുഴുവൻ ഏറ്റുപാടിതുടങ്ങിയിരുന്നു ആ ഗാനങ്ങൾ. ആരാണീ പുതിയ ഗായകൻ എന്ന് ജനം കൗതുകത്തോടെ പരസ്പരം ചോദിച്ചുകൊണ്ടിരുന്ന കാലം. രായ്ക്കുരാമാനം ശൈലേന്ദ്ര സിംഗ് യുവാക്കളുടെ ഹരമായി മാറുന്നു ``ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എല്ലാം കിനാവ് പോലെ.''-- ശൈലേന്ദ്ര. ``ഞാൻ സ്വപ്നം കണ്ടിട്ടുപോലുമില്ലാത്ത പ്രശസ്തിയും ആരാധനയുമാണ് ആ ഗാനങ്ങൾ നേടിത്തന്നത്. മാധ്യമങ്ങൾക്ക് ഇന്റർവ്യൂ നൽകലായിരുന്നു മാസങ്ങളോളം എന്റെ പ്രധാന ജോലി. ആരാധികമാരുടെ വേട്ടയാടൽ അതിനു പുറമെ. സ്വന്തം ചോരയിൽ പേന മുക്കി എനിക്ക് പ്രണയലേഖനങ്ങൾ എഴുതിയ സുന്ദരിമാർ വരെയുണ്ട്. ശരിക്കും ആസ്വദിച്ചുപോയി ആ അനുഭവങ്ങൾ എല്ലാം. ചെറുപ്പമല്ലേ..'' 11 കോടി രൂപയുടെ കളക്ഷനുമായി 1970 കളിലെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളിൽ ഒന്നായി മാറി ബോബി. രണ്ടു വര്ഷം കഴിഞ്ഞു വെളിച്ചം കണ്ട ഷോലെ മാത്രമേ വരുമാനത്തിൽ ബോബിയെ കടത്തിവെട്ടിയുള്ളു. ഋഷി -- ഡിംപിൾ ജോഡി മാത്രമല്ല, ബോബിയിൽ ചെറുകിട റോളുകളിൽ അഭിനയിച്ചവർ പോലും തിരക്കേറിയ താരങ്ങളായി. ``പ്രേം നാം ഹേ മേരാ, പ്രേം ചോപ്ര'' എന്ന വിഖ്യാതമായ ഡയലോഗുമായി വെള്ളിത്തിരയിൽ വന്നുപോയ വില്ലൻ പ്രേംചോപ്രക്കു പോലുമുണ്ടായി ഫാൻസ്‌ ക്ലബ്ബ്കൾ. ഗാനരചയിതാവ് ആനന്ദ് ബക്ഷിയും സംഗീത സംവിധായക സഖ്യമായ ലക്ഷ്മികാന്ത് പ്യാരേലാലിനും തിരക്കേറുന്നതും ബോബിയുടെ വിജയത്തോടെ തന്നെ. പക്ഷേ പടത്തിന്റെ മുഖ്യ വിജയഘടകമായിരുന്ന ശൈലേന്ദ്ര സിംഗിന് മാത്രം ആ ഭാഗ്യമുണ്ടായില്ല. ബോബിയിൽ തുടങ്ങി ബോബിയിൽ ഒടുങ്ങി ശൈലേന്ദ്രയുടെ ശുക്രദശ; പിന്നെയും കുറച്ചു പടങ്ങളിൽ കൂടി പാടിയെങ്കിലും.

``ബോബിക്ക് ശേഷം വന്ന സിനിമകളിലും ഋഷി ഗായകനായി എന്റെ പേർ ശുപാർശ ചെയ്യുമെന്നായിരുന്നു പ്രതീക്ഷ. നിർഭാഗ്യവശാൽ അതുണ്ടായില്ല.'' ശൈലേന്ദ്ര സിംഗ് ഓർക്കുന്നു. തൊട്ടു പിന്നാലെ വന്ന `ഖേൽ ഖേൽ മേ'യിൽ ഋഷിക്ക് വേണ്ടി പ്രധാന ഗാനങ്ങൾ എല്ലാം പാടിയത് കിഷോർ കുമാർ. അവസരങ്ങൾ കുറഞ്ഞതോടെ ഇടക്കൊരിക്കൽ അഭിനയത്തിലും കൈ വച്ചെങ്കിലും അവിടെയും ശൈലേന്ദ്ര സിംഗിനെ ഭാഗ്യം തുണച്ചില്ല. സംഘ ഗാനങ്ങളും സ്റ്റേജ് പരിപാടികളുമായി കാലം കഴിക്കേണ്ടിവന്നു അദ്ദേഹത്തിന്. ``ഇന്നോർക്കുമ്പോൾ സിനിമയെ അമിതമായി ആശ്രയിച്ചതാണ് എനിക്ക് പിണഞ്ഞ അബദ്ധം എന്ന് തോന്നുന്നു. വളർന്നുവരുന്ന ഗായകരെ മുളയിലേ നുള്ളിക്കളയാൻ ശ്രമിച്ച ഒരു ലോബി അന്ന് ഹിന്ദി സിനിമാ രംഗത്തുണ്ടായിരുന്നു. സിനിമയുടെ മുഖ്യധാരയിൽ നമ്മെ ഒറ്റപ്പെടുത്താൻ വേണ്ടി ഏതറ്റം വരെയും പോകും അക്കൂട്ടർ. ഒരിക്കൽ പ്രമേഹം കൂടി ആശുപത്രിയിൽ ഒരാഴ്ചയോളം ചെലവഴിക്കേണ്ടി വന്നപ്പോൾ എന്റെ ശബ്ദം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് പ്രചരിപ്പിച്ചവരുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ബൈപാസ് സർജറിക്ക് വേണ്ടിയാണത്രെ ഞാൻ ആശുപത്രിയിൽ അഡ്മിറ്റായത്.'' അനുശോചനം അറിയിക്കാൻ ശൈലേന്ദ്രയെ ഫോണിൽ വിളിച്ചവർ നിരവധി. ഫോണിന്റെ മറുതലക്കൽ നിന്ന് ഹലോ എന്ന പ്രതികരണം കേട്ട് ചിലർക്കെങ്കിലും നിരാശ വന്നിരിക്കണം. എന്നെന്നേക്കുമായി നിശബ്ദനായ ശൈലേന്ദ്ര സിംഗിനെയാകുമല്ലോ അവർ പ്രതീക്ഷിച്ചിരിക്കുക.

ബോബിയിൽ തന്റെ ഭാഗ്യശബ്ദമായിരുന്ന ശൈലേന്ദ്ര പിന്നീടെങ്ങനെ ബോളിവുഡിന്റെ മുഖ്യധാരയിൽ നിന്ന് അകന്നുപോയി എന്ന ചോദ്യത്തിന് ``ഖുല്ലം ഖുല്ല'' എന്ന ആത്മകഥയിൽ സ്വതസിദ്ധമായ ശൈലിയിൽ വിശദീകരണം നൽകുന്നുണ്ട് ഋഷി . ``ബോബിക്ക് പിന്നാലെ വന്ന ചിത്രങ്ങളിൽ എല്ലാം ശൈലു (ശൈലേന്ദ്ര സിംഗ്) ആയിരിക്കണം എന്റെ ശബ്ദം എന്ന് ഞാൻ തീരുമാനിച്ചിരുന്നു. സെഹ്‌രീലാ ഇൻസാൻ, ഖേൽ ഖേൽ മേ എന്നീ സിനിമകളിൽ ശൈലുവിനെ ഗായകനായി പരീക്ഷിക്കാൻ സംഗീത സംവിധായകൻ ആർ ഡി ബർമ്മനെ പ്രേരിപ്പിച്ചതും ഞാൻ തന്നെ. ഖേൽ ഖേൽ മേയിലെ ഹം നേ തുംകൊ ദേഖാ എന്ന സൂപ്പർ ഹിറ്റ് ഗാനം ശൈലു പാടുന്നത് അങ്ങനെയാണ്. എന്നാൽ ഈ സിനിമകളിലെ ഏറ്റവും മികച്ച മൂന്ന് ഈണങ്ങൾ പാടുന്നത് കിഷോർ കുമാർ ആയിരിക്കണം എന്ന് ആർ ഡിക്ക് നിർബന്ധമുണ്ടായിരുന്നു. കിഷോർ പാടിയില്ലെങ്കിൽ ആ പാട്ടുകൾ താൻ ഉപേക്ഷിച്ചുകളയും എന്ന് ആർ ഡി ഭീഷണി മുഴക്കിയപ്പോൾ വഴങ്ങുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല എനിക്കും പടത്തിന്റെ സംവിധായകനും. അങ്ങനെ മൂന്ന് മനോഹരമായ സോളോ ഗാനങ്ങൾ കിഷോറിന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെടുന്നു -- സെഹ്‌രീലാ ഇൻസാനിലെ ഓ ഹൻസിനീ, ഖേൽ ഖേൽ മേയിലെ ഖുല്ലം ഖുല്ല പ്യാർ കരേംഗേ ഹം ദോനോം, ഏക് മേ ഔർ ഏക് തൂ എന്നീ പാട്ടുകൾ. മൂന്നും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. പിന്നീടാ പാട്ടുകൾ കേട്ടുനോക്കിയപ്പോൾ കിഷോറിന് മാത്രമേ അവയോടു നീതി പുലർത്താൻ കഴിയുമായിരുന്നുള്ളൂ എന്ന് തോന്നി....'' ഓ ഹൻസിനി എന്ന മനോഹര ഗാനത്തെ കുറിച്ച് കൗതുകമാർന്ന ഒരോർമ്മ പങ്കുവെക്കാനുണ്ട് ശൈലേന്ദ്ര സിംഗിന്: ``ആ പാട്ട് എന്നെ പാടിപ്പഠിപ്പിക്കുക വരെ ചെയ്തതാണ് ആർ ഡി ബർമ്മൻ. റെക്കോർഡിംഗിനായി ഫിലിം സെന്റർ സ്റ്റുഡിയോയിൽ ചെന്നപ്പോൾ ഗേറ്റ് പൂട്ടിക്കിടക്കുന്നു. ഓർക്കസ്ട്രക്കാരുടെ മിന്നൽ പണിമുടക്ക്. നിരാശയോടെ തിരിച്ചുപോന്നു. റെക്കോർഡിംഗ് പിന്നെയും നീണ്ടുനീണ്ടു പോയി. ഒടുവിൽ ഞാൻ കേട്ടത് അത് കിഷോർദായുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്തു എന്നാണ്. എന്റെ ഭാഗ്യദോഷം എന്നേ പറയാനുള്ളൂ.''

നിർഭാഗ്യങ്ങളുടെ ഘോഷയാത്രക്കിടയിൽ വീണുകിട്ടിയ ചില അസുലഭ ഭാഗ്യങ്ങളുമുണ്ട്. മുഹമ്മദ് റഫി, കിഷോർ കുമാർ, ലത മങ്കേഷ്‌കർ, ആശാ ഭോസ്ലെ തുടങ്ങിയ ആരാധനാപാത്രങ്ങൾക്കൊപ്പം മൈക്രോഫോണിന് മുന്നിൽ നിൽക്കാനായി എന്നതാണ് അവയിലൊന്ന്. `ചാച്ചാ ഭതീജ'യിലാണ് റഫി സാഹിബിനൊപ്പം ആദ്യം പാടിയത് -- ലക്ഷ്മീകാന്ത് പ്യാരേലാലിന്റെ ഈണത്തിൽ ``കോയീ മാനേ യാ നാ മാനേ"". സുഹാഗിലെ ``ഏ യാർ സുൻ യാരീ തേരി '' എന്ന ഗാനത്തിൽ റഫിയും ആശയുമായിരുന്നു സഹഗായകർ. പർവരിഷ് (1977) എന്ന ചിത്രത്തിൽ റഫിയ്ക്കും കിഷോർ കുമാറിനും ഒപ്പം ``ഹം പ്രേമി പ്രേം കർനാ ജാനേ'' എന്ന ഗാനത്തിൽ പങ്കാളിയായതും മറക്കാനാവില്ല. ``റഫി സാഹിബിന്റെ പാട്ടുകൾ കേട്ടും ഏറ്റുപാടിയും വളർന്ന ബാല്യമാണ് എന്റേത്. മറ്റു പാട്ടുകാരേയും ഇഷ്ടമില്ല എന്നല്ല. പക്ഷേ റഫിയെ പോലെ ഏതു ഭാവവും അനായാസം ആലാപനത്തിൽ കൊണ്ടുവരാൻ കഴിയുന്ന ഗായകർ വേറെയില്ല. ഗൈഡ് എന്ന ചിത്രത്തിലെ തേരെ മേരെ സപ്നേ എത്ര കേട്ടാലും മതിവരില്ല എനിക്ക്. ആ ഇതിഹാസ ഗായകനെ കാണാനും പരിചയപ്പെടാനും ഒരുമിച്ചു പാടാനും കഴിഞ്ഞു എന്നത് മഹാഭാഗ്യം.''-- ശൈലേന്ദ്ര സിംഗ് പറയുന്നു.

അമർ അക്ബർ ആന്റണിയിലെ ശീർഷക ഗാനത്തിൽ (അൻഹോനി കോ ഹോനി കർദേ ) അമിതാബ് ബച്ചന് വേണ്ടി കിഷോറും വിനോദ് ഖന്നയ്ക്ക് വേണ്ടി മഹേന്ദ്ര കപൂറും ശബ്ദം പകർന്നപ്പോൾ ശൈലേന്ദ്ര സിംഗ് പാടിയത് ഋഷി കപൂറിന് വേണ്ടി.

അമർ അക്ബർ ആന്റണിയിലെ ശീർഷക ഗാനത്തിൽ (അൻഹോനി കോ ഹോനി കർദേ ) അമിതാബ് ബച്ചന് വേണ്ടി കിഷോറും വിനോദ് ഖന്നയ്ക്ക് വേണ്ടി മഹേന്ദ്ര കപൂറും ശബ്ദം പകർന്നപ്പോൾ ശൈലേന്ദ്ര സിംഗ് പാടിയത് ഋഷി കപൂറിന് വേണ്ടി. അപൂർവമായി വീണുകിട്ടിയ അവസരങ്ങളുമായി ജീവിതം കഷ്ടിച്ച് മുന്നോട്ടു പോകുമ്പോഴാണ് നിനച്ചിരിക്കാതെ സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം വരുന്നത്. നടനും നിർമ്മാതാവുമായ രാജേന്ദ്ര കുമാറിന്റെ സഹോദരൻ നരേഷ് കുമാർ സംവിധാനം ചെയ്ത ``ദോ ജാസൂസ്'' എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. രാജ് കപൂറും രാജേന്ദ്ര കുമാറും കുറ്റാന്വേഷകനായി അഭിനയിച്ച ആ ചിത്രത്തിൽ സഹനടന്റെ റോളിലാണ് ശൈലേന്ദ്ര സിംഗ്. പടം ശരാശരി വിജയമായിരുന്നെങ്കിലും ശൈലേന്ദ്രയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് നൗക്കർ, ജനത ഹവിൽദാർ തുടങ്ങിയ ചിത്രങ്ങളിൽ അതിഥി വേഷം. മകനെ നായകനും രേഖയെ നായികയുമാക്കി സ്വന്തം പിതാവ് ജോഗേന്ദ്ര സിംഗ് നിർമ്മിച്ച ``എഗ്രിമെന്റ്'' എന്ന സിനിമ എട്ടു നിലയിൽ പൊട്ടിയതോടെ ശൈലേന്ദ്രയുടെ അഭിനയ പർവത്തിനും തിരശീല വീണു. അപർണ സെൻ അഭിനയിച്ച ഒരു ബംഗാളി ആർട്ട് സിനിമയിലും നായകനായിട്ടുണ്ട് ശൈലേന്ദ്ര സിംഗ്.

Related Stories

No stories found.
logo
The Cue
www.thecue.in