ആരാണ് താങ്കൾ ? മരഗതമണിയോ കീരവാണിയോ അതോ ക്രീമോ?

ആരാണ് താങ്കൾ ? മരഗതമണിയോ
കീരവാണിയോ അതോ ക്രീമോ?
Published on
Summary

'ഈ കീരവും വാണിയും ഒന്നും നമുക്ക് വേണ്ട. മരഗതമണി മതി. കേൾക്കാൻ ഇമ്പമുണ്ട്. തമിഴിനു നന്നായി ഇണങ്ങും. അങ്ങനെ കീരവാണി വീണ്ടും മരഗതമണിയാകുന്നു.' സംഗീത സംവിധായകന്‍ എം.എം കീരവാണിയെക്കുറിച്ച് നിരൂപകന്‍ രവി മേനോന്‍ എഴുതുന്നു

യഥാർത്ഥത്തിൽ ആരാണ് താങ്കൾ? മരഗതമണിയോ കീരവാണിയോ അതോ എം എം ക്രീമോ?ചോദ്യം കേട്ട് പൊട്ടിച്ചിരിച്ചു ``ബാഹുബലി''യുടെ സംഗീതസംവിധായകൻ. ``മൂന്നും ഞാൻ തന്നെ. അല്ലെങ്കിൽത്തന്നെ ഒരു പേരിലെന്തുണ്ട് കാര്യം? എന്റെ മേൽവിലാസം എന്റെ സംഗീതമല്ലേ. പേര് മറന്നുപോയാലും ഈണങ്ങൾ ഓർക്കപ്പെടണമെന്ന ഒറ്റ ആഗ്രഹമേ ഉള്ളൂ..''``ദേവരാഗ''ത്തിലെ ശിശിരകാല മേഘമിഥുനവും ശശികല ചാർത്തിയ ദീപാവലയവും താഴമ്പൂ മുടിമുടിച്ചും യ യ യാ യാദവായും ``സൂര്യമാനസ''ത്തിലെ തരളിതരാവിലും ``നീലഗിരി''യിലെ തുമ്പി നിൻ മോഹവും ചിട്ടപ്പെടുത്തിയ അതേ സംഗീത സംവിധായകനാണ് ``അഴകനി''ലെ ജാതിമല്ലി പൂച്ചരവും സംഗീത സ്വരങ്കളും ``ജിസ''മിലെ ചലോ തുംകോ ലേകർ ചലേയും ജാദു ഹേ നഷാ ഹേയും ``ക്രിമിനലി''ലെ തും മിലെ ദിൽ ഖിലേയും സൃഷ്ടിച്ചതെന്ന് അറിയാമായിരുന്നില്ല ആദ്യമൊന്നും. വിവിധ ഭാഷകളിൽ എന്തുകൊണ്ട് വിവിധ പേരുകൾ? ആ വേഷപ്പകർച്ചയുടെ പൊരുൾ പറഞ്ഞുതന്നത് കഥാനായകൻ തന്നെ. ``സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത പേരുകൾ സ്വീകരിക്കേണ്ടി വന്നു. പക്ഷെ ഹൃദയം കൊണ്ട് ഞങ്ങള്‍ മൂവരും ഒന്നാണ്; ഞങ്ങളുടെ സംഗീതവും...''

``കൊഡൂരി മരഗതമണി എന്നാണ് എന്റെ കുടുംബപ്പേര്. ജന്മനാ ലഭിച്ച പേര് എന്ന് വേണമെങ്കിൽ പറയാം. പക്ഷേ ഏറ്റവും പ്രിയപ്പെട്ട രാഗത്തിന്റെ പേരിൽ വേണം മകൻ അറിയപ്പെടാൻ എന്ന് കവിയും സംഗീതജ്ഞനും ചിത്രകാരനുമായ അച്ഛൻ ശിവദത്തയ്ക്ക് മോഹം. അങ്ങനെയാണ് മരഗതമണി എന്ന പാരമ്പര്യനാമം കീരവാണി എന്ന പേരിന് വഴിമാറുന്നത്‌‌. അച്ഛൻ എന്നെ കീരവാണി എന്നേ വിളിക്കൂ. തെലുങ്കിൽ ആദ്യകാല സിനിമകൾ ചെയ്തതും അതേ പേരിൽ തന്നെ.

``പക്ഷെ അഴകൻ എന്ന തമിഴ് ചിത്രത്തിന് പാട്ടൊരുക്കാൻ ചെന്നപ്പോൾ സംവിധായകൻ ബാലചന്ദർ പറഞ്ഞു: ഈ കീരവും വാണിയും ഒന്നും നമുക്ക് വേണ്ട. മരഗതമണി മതി. കേൾക്കാൻ ഇമ്പമുണ്ട്. തമിഴിനു നന്നായി ഇണങ്ങും. അങ്ങനെ കീരവാണി വീണ്ടും മരഗതമണിയാകുന്നു.

``പേരുമാറ്റം അവിടെയും നിന്നില്ല. ഹിന്ദിയിൽ സിനിമ ചെയ്യാൻ തുടങ്ങിയപ്പോൾ തെന്നിന്ത്യൻ ചുവയുള്ള പേര് വേണ്ടെന്നു തോന്നി. ‌ ക്രീം ആയി മാറുന്നത് അങ്ങനെയാണ്. അതൊരു ബീജാക്ഷരം -- ഏകാക്ഷര നാമം - ആവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മാത്രമല്ല ഓം ഹ്രീം എന്ന മന്ത്രവുമായി കേൾവിയിൽ സാമ്യവും ഉണ്ട്. കേൾക്കുമ്പോൾ‍ കൗതുകം തോന്നുന്ന ഒരു പേര്. അത്രയേ ചിന്തിച്ചുള്ളൂ.''

തമിഴും ഇംഗ്ലീഷും ഇടകലർ‍ന്ന ഭാഷയിൽ കീരവാണി സംസാരിച്ചുകൊണ്ടേയിരിക്കുന്നു. വാക്കുകളുടെ പ്രശാന്തമായ പ്രവാഹം; സൗമ്യമധുരമായ ഒരു അരുവി പോലെ. തന്റെ തലമുറയിലെ എല്ലാ സംഗീതാസ്വാദകരേയും പോലെ ചെറുപ്പത്തിൽ ബിനാക്കാ ഗീത് മാല എന്ന റേഡിയോ സംഗീത പരിപാടിയുടെ കടുത്ത ആരാധകനായിരുന്നു കീരവാണിയും. മദന്‍മോഹന്റെയും രോഷന്റെയും ഒ പി നയ്യാരുടെയും ഈണങ്ങളിൽ മതിമറന്നിരുന്ന ഒരു കുട്ടി. സ്വപ്നജീവിയായ ആ കൊച്ചുകുട്ടി ഇന്നും കീരവാണിയുടെ ഉള്ളിലുണ്ട്; അന്ന് കേട്ട പാട്ടുകൾ നാവിൻ തുമ്പിലും. വെറുതെയല്ല കീരവാണിയുടെ ഈണങ്ങൾ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് നമ്മെ മെലഡിയുടെ വസന്തകാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്.

കീരവാണിയുടെ എനിക്കേറ്റവും പ്രിയപ്പെട്ട ഗാനം ആദ്യം കാതിൽ‍ വന്നു വീണ നിമിഷങ്ങൾ ഓർ‍ത്തെടുക്കുകയായിരുന്നു ഞാൻ. സംഗീത പ്രേമിയായ സുഹൃത്ത് ഹരിയോടൊപ്പം എറണാകുളം എം ജി റോഡിലെ ശ്വാസം മുട്ടിക്കുന്ന തിരക്കിൽ അലിഞ്ഞൊഴുകിയ തൊണ്ണൂറുകളിലെ ഒരു സായാഹ്നം. ശബ്ദകോലാഹലത്തിനിടയിലൂടെ വഴിയരികിലെ ഏതോ കാസറ്റ് കടയിൽ‍ നിന്ന് പുതിയൊരു പാട്ടിന്റെ ഈരടികൾ ഒഴുകിയെത്തുന്നു. വ്യത്യസ്തമായ ഈണം, പുതുമയാർന്ന വാദ്യവിന്യാസം, കേട്ടുമതിവരാത്ത ശബ്ദം: ``ശിശിരകാല മേഘമിഥുന രതിപരാഗമോ അതോ ദേവരാഗമോ..''

ആഹ്‌ളാദം അടക്കാൻ കഴിയാതെ എന്‍റെ ചുമലിൽ‍ ബലമായി പിടിച്ചമർ‍ത്തുന്നു ഹരി. ``കേട്ടോ, നമ്മുടെ ജയേട്ടൻ അതാ പാടുന്നു. എത്ര കാലമായി ആ ശബ്ദം കേട്ടിട്ട്.'' ജയചന്ദ്ര ഗാനങ്ങളുടെ വലിയൊരു ആരാധകനായിരുന്ന ഹരി ആ പാട്ട് തീരും വരെ എന്നെ റോഡരികിൽ തടഞ്ഞു നിര്‍ത്തിയത് ഓർമയുണ്ട്. അത്രയും ആവേശത്തിലായിരുന്നു അവൻ. ജയചന്ദ്രന്റെ കാൽപനിക ചാരുതയാർന്ന ശബ്ദം മലയാള സിനിമയിൽ അത്യപൂർ‍വമായി മാത്രം മുഴങ്ങിയിരുന്ന കാലം. പ്രിയഗായകനോടുള്ള സിനിമാലോകത്തിന്റെ അവഗണന ഒരിക്കലും പൊറുക്കാൻ കഴിഞ്ഞിരുന്നില്ല ഹരിയ്ക്ക്: ``ആരാ പറഞ്ഞത് ജയേട്ടൻ സിനിമയിൽ നിന്ന് ഔട്ട്‌ ആയി എന്ന്. കൊച്ചു പിള്ളേർ പാടുംപോലല്ലേ പാടി വച്ചിരിക്കുന്നത്. ഈ പാട്ട് സൂപ്പർ ഹിറ്റാകും, ജയേട്ടൻ തിരിച്ചുവരും; നോക്കിക്കോ...''

പക്ഷെ സിനിമ ഇറങ്ങാനും പ്രിയഗായകൻ‍ തിരിച്ചുവരാനും കാത്തു നിന്നില്ല ഹരി. അതിനു മുൻ‍പേ ഒരു ട്രെയിൻ അപകടത്തിന്റെ രൂപത്തിൽ‍ വിധി അവനെ തട്ടിയെടുത്തു. ഇന്നും ദേവരാഗത്തിൽ എം ഡി രാജേന്ദ്രൻ --കീരവാണി ടീമിന് വേണ്ടി ജയചന്ദ്രനും ചിത്രയും പാടിയ ആ പാട്ട് കേൾക്കുമ്പോൾ‍ ഹരിയെ ഓര്‍മ വരും.``ഓരോ പാട്ടും ശ്രോതാക്കളുടെ മനസ്സിൽ അവശേഷിപ്പിക്കുക വ്യത്യസ്തമായ വൈകാരിക അനുഭൂതികളായിരിക്കും,'' -- കീരവാണിയുടെ വാക്കുകൾ. ``

സ്രഷ്ടാക്കളുടെ കാര്യത്തിലുമുണ്ട് ഈ പ്രത്യേകത. ശിശിരകാല എന്ന ഗാനത്തിനൊപ്പം എന്‍റെ മനസ്സിൽ തെളിയുക ഭരതന്‍റെ ശാന്തഗംഭീരമായ മുഖമാണ്. ഋഷിതുല്യനായ ചലച്ചിത്രകാരൻ . സിനിമയിൽ വന്നു പെട്ടില്ലായിരുന്നെങ്കിൽ യോഗിയോ മറ്റോ ആയിപ്പോയേനെ അദ്ദേഹം. അല്ലെങ്കിൽ കവിയോ ഗായകനോ. ദേവരാഗത്തിലെ പാട്ടുകൾ ഇന്നും നിങ്ങളൊക്കെ ഓര്‍ത്തിരിക്കുന്നുവെങ്കിൽ അതിനു പിന്നിൽ നന്മയുള്ള എല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന ഭരതന്റെ സംഗീത മനസ്സും ഉണ്ട്..''

Related Stories

No stories found.
logo
The Cue
www.thecue.in