'ഒരു പക്ഷി അതിന്റെ ആയുഷ്‌കാലം മുഴുവന്‍ പറന്നാലും തണലുതീരാത്ത ഒരു മരമുണ്ട്. പരമസീമയിലെ സിദ്‌റാ വൃക്ഷം. അതിനടുത്താണ് സ്വര്‍ഗം. ഞാന്‍ നിന്നെ അവിടെ കാത്തുനില്‍ക്കും' ഷെയിന്‍ നിഗത്തിന്റെ ശബ്ദത്തിലുള്ള ഈ മുഖവുരയിലാണ് ഖല്‍ബ് എന്ന സിനിമയുടെ ടൈറ്റില്‍ സോംഗ്. ഇടി, മോഹന്‍ലാല്‍ എന്നീ സിനിമകള്‍ക്ക് ശേഷം സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ഖല്‍ബിലെ തീം സോംഗ് മമ്മൂട്ടിയാണ് പുറത്തുവിട്ടത്.
പടച്ചവന്‍ നിന്നെ പടച്ചപ്പോള്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന സുഹൈല്‍ കോയയാണ്. സുഹൈലിന്റെ രചനയിലായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ജാതിക്കാത്തോട്ടം എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം. വിമല്‍ നാസറും റനീസ് ബഷീറുമാണ് പാട്ടിന്റെ ഈണം. വെയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിച്ച ശേഷം ഷെയിന്‍ നിഗം നായകനായി എത്തുന്ന സിനിമയുമാണ് ഖല്‍ബ്. 12 പാട്ടുകളാണ് സിനിമയിലുള്ളത്. മ്യൂസിക്കല്‍ ലവ് സ്റ്റോറിയുമാണ് ഖല്‍ബ്.
സിനിമാപ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അര്‍ജുന്‍ അമരാവതി ക്രിയേഷന്‍സുമായി ചേര്‍ന്ന് അമരാവതി രാധാകൃഷ്ണനും സാജിദ് യഹിയയും നിര്‍മിച്ച് സാജിദ് യഹിയയും സുഹൈല്‍ കോയയും ചേര്‍ന്ന് തിരക്കഥയെഴുതുന്നു. വിനീത് ശ്രീനിവാസനൊപ്പം ശ്രേയ രാഘവ്, ഷഹബാസ് അമന്‍, ജോബ് കുര്യന്‍, എലിസബത്ത്, ഹുവൈസ്, സിയാ ഉല്‍ ഹഖ്, നെയിം ഇഫ്താര്‍, അധീഫ് മുഹമ്മദ് എന്നിവരാണ് ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ ആലപിക്കുന്നത്.
പ്രകാശ് അലക്സ്, വിമല്‍ നാസര്‍, റെനീഷ് ബഷീര്‍, നിഹാല്‍ സാദിഖ്, ക്രിസ് & മാക്സ് എന്നിരാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജേക്കബ് ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. കലാസംവിധാനം വിനീഷ് ബംഗ്ലാന്‍. വസ്ത്രാലങ്കരം ജിഷാദ് ഷംസുദ്ധീന്‍. മേക്കപ്പ് സാമി.