‘പത്ത് മൈല്‍ അപ്പുറത്ത് കേക്കണം’, കന്യാകുമാരിയുടെ മോട്ടിവേറ്ററായ വിജു പ്രസാദിനെ പരിചയപ്പെടുത്തി ട്രാന്‍സ് വീഡിയോ സോംഗ്
കന്യാകുമാരിയിലെ അതിസാധാരണക്കാരനായ മോട്ടിവേഷണല്‍ സ്പീക്കര്‍ വിജു പ്രസാദ്. ലോകം കീഴടക്കാനുള്ള ലക്ഷ്യങ്ങളും പദ്ധതികളുമായി അയാളുടെ യാത്ര. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് എന്ന മലയാളത്തിന്റെ മികച്ച ക്രാഫ്റ്റ്മാന്‍മാരില്‍ ഒരാള്‍ ട്രാന്‍സിലൂടെ സ്‌ക്രീനില്‍ പറയുന്നത് വിജു പ്രസാദിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെയുള്ള യാത്രയാണ്. ജാക്‌സണ്‍ വിജയന്റെ സംഗീതത്തില്‍ പ്രദീപ് കുമാറും മുഹമ്മദ് മക്ബൂല്‍ മന്‍സൂറും ജാക്‌സണ്‍ വിജയനും ചേര്‍ന്ന് പാടിയ പാട്ടുമായി നൂല് പോയ നൂറ് പട്ടങ്ങള്‍ എന്ന വീഡിയോ സോംഗ് പുറത്തുവന്നു.
വിജു പ്രസാദ് എന്ന നാടന്‍ മോട്ടിവേറ്ററുടെ വളര്‍ച്ചയും സ്വപ്‌നങ്ങളും അതിനുള്ള തയ്യാറെടുപ്പും വിശദീകരിക്കുന്നതാണ് അമല്‍നീരദിന്റെ ഫ്രയിമുകളില്‍ പിറന്ന ഗാനം. അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജിയിലെ ആമി എന്ന ചെറുചിത്രത്തിന് ശേഷം അമല്‍നീരദിന്റെ ഫ്രെയിമുകളില്‍ ഒരുങ്ങുന്ന അന്‍വര്‍ റഷീദ് ചിത്രവുമാണ് ട്രാന്‍സ്. വിന്‍സന്റ് വടക്കന്‍ ആണ് തിരക്കഥ. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ സംവിധാനം. ഫഹദ് ഫാസിലിനെ കൂടാതെ നസ്രിയയും ഗാനരംഗത്തിലുണ്ട്. വിനായകന്റെ സംഗീതത്തിലാണ് ട്രാന്‍സ് ടൈറ്റില്‍ ട്രാക്ക്.
ഫഹദ് ഫാസിലിനും നസ്രിയ നസീമിനൊപ്പം ഗൗതം വാസുദേവ മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, ജിനു ജോസഫ് എന്നിവരാണ് പുതിയ പോസ്റ്ററില്‍. ആള്‍ദൈവത്തിന് സമാനമായി മോട്ടിവേഷണല്‍ സ്പീക്കര്‍ ആയി രാജ്യാന്തര പ്രശസ്തിയിലെത്തുന്ന കഥാപാത്രമായാണ് ഫഹദ് ഫാസില്‍. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ട്രാന്‍സ് ഫെബ്രുവരി 14ന് തിയറ്ററുകളിലെത്തും. അമല്‍ നീരദും അന്‍വര്‍ റഷീദും ചേര്‍ന്ന് നേതൃത്വം നല്‍കുന്ന എ ആന്‍ഡ് എ ആണ് ട്രാന്‍സ് തിയറ്ററുകളിലെത്തിക്കുന്നത്.
റോബോട്ടിക്സ് നിയന്ത്രണമുള്ള ബോള്‍ട്ട് ഹൈ സ്പീഡ് സിനിബോട്ട് ക്യാമറ ഉള്‍പ്പെടെ ഛായാഗ്രഹണത്തിലും പരീക്ഷണങ്ങള്‍ നടത്തിയ സിനിമയാണ് ട്രാന്‍സ്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ എന്ന സിനിമയ്ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രമാണ് ട്രാന്‍സ്. ഫഹദ് വിവിധ ഗെറ്റപ്പുകളിലാണ് സിനിമയില്‍. 2017ല്‍ ചിത്രീകരണമാരംഭിച്ച ട്രാന്‍സ് രണ്ട് വര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയത്. വിവിധ ഗെറ്റപ്പുകള്‍ക്ക് വേണ്ടിയായിരുന്നു ഷെഡ്യൂളുകള്‍. വരത്തന്‍, അതിരന്‍, ഞാന്‍ പ്രകാശന്‍ എന്നീ സിനിമകള്‍ ഫഹദ് ട്രാന്‍സ് ഷെഡ്യൂള്‍ ബ്രേക്കില്‍ പൂര്‍ത്തിയാക്കി.
ട്രാന്‍സ് പേരില്‍ മ്യൂസിക് പശ്ചാത്തലമെന്ന് തോന്നിക്കുമെങ്കിലും സംഗതി മ്യൂസിക് കേന്ദ്രീകരിച്ചുള്ള സിനിമയല്ല. ബിജു പ്രസാദ് എന്ന ഫഹദിന്റെ കഥാപാത്രത്തിന്റെ ജീവിതത്തിലെ വൈകാരികവും മാനസികവുമായ വിവിധ തലങ്ങളാണ് സിനിമയുടെ ഉള്ളടക്കമെന്ന് അന്‍വര്‍ റഷീദ് ദ ഹിന്ദു അഭിമുഖത്തില്‍ പറഞ്ഞു.
സാധാരണക്കാരനായ മോട്ടിവേഷണല്‍ സ്പീക്കര്‍ വന്‍ ആരാധക വൃന്ദമുള്ള ബിംബമായി മാറുന്നതിന്റെ സൂചനകള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ഫഹദിന്റെ ഗെറ്റപ്പിലും ഉണ്ടായിരുന്നു. എസ്തര്‍ ലോപ്പസ് എന്ന കഥാപാത്രമായാണ് നസ്‌റിയ നസിം. നസ്രിയ മുമ്പ് ചെയ്തിരുന്ന ബബ്ലി റോളുകളിലൊന്നാവില്ല ട്രാന്‍സിലേതെന്നും അന്‍വര്‍ റഷീദ്. ഫഹദിനും നസ്രിയക്കും ഇടയിലെ മറ്റൊരു കെമിസ്ട്രി പരീക്ഷിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. കന്യാകുമാരി, ചെന്നൈ, മുംബൈ, ആംസ്റ്റര്‍ഡാം, കൊച്ചി എന്നിവിടങ്ങളിലായാണ് ട്രാന്‍സ് ചിത്രീകരിച്ചത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം