‘കുതിക്കും കേരമേറും നാട്’; ശ്രദ്ധയാകര്‍ഷിച്ച് മ്യൂസിക് വീഡിയോ
പ്രളയാനന്തര കേരളത്തിന്റെ വികസനകുതിപ്പും മുന്നോട്ടുള്ള പ്രയാണവും പ്രമേയമാക്കിയൊരുക്കിയ കുതിക്കും കേരമേറും നാട് എന്ന ഗാനം ശ്രദ്ധേയമാകുന്നു. ഒപ്പം പാടാന്‍ തോന്നിപ്പിക്കുന്ന ഗാനവും അതിനോട് ചേര്‍ന്നു നില്‍ക്കുന്ന ദൃശ്യങ്ങളുമാണ് വീഡിയോയെ ആകര്‍ഷകമാക്കുന്നത്. വികസനവഴികളിലൂടെ സഞ്ചരിക്കുന്ന രണ്ട് കുട്ടികളിലൂടെയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ബാലതാരം ഡാവിഞ്ചിയും മീനാക്ഷിയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
സിനിമ സ്വപ്‌നം കാണുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച വില്ലേജ് സ്‌പേസ്ഷിപ്പ് എന്ന കമ്പനിയാണ് മ്യൂസിക് വീഡിയോയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.സിനിമാബാക്കി,പടക്കം,നിയമലംഘനം, വെന്‍ജനന്‍സ് ഓഫ് മീനാക്ഷി എന്നീ ഷോര്‍ട്ട്ഫിലിമുകളൊരുക്കിയ റോണി മാനുവല്‍ ജോസഫാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ജോയല്‍ കൂവള്ളൂരാണ് കോ ഡയറക്ടര്‍.ജോയലും ആർ അനീഷും ചേർന്നാണ് വീഡിയോയുടെ ആശയവും തയ്യാറാക്കിയത്.
ഫേസ്ബുക്കിലൂടെയും പുറത്തുമെല്ലാം സിനിമാ സംബന്ധിയായ ചര്‍ച്ചകളിലൂടെയും മറ്റുമാണ് വില്ലേജ് സ്‌പേസ്ഷിപ്പിലെ അംഗങ്ങളെല്ലാം തമ്മില്‍ പരിചയപ്പെട്ടത്. സമാന ചിന്താഗതിക്കാരായതിനാല്‍ തന്നെ ഒരു ടീം പെട്ടെന്ന് രൂപപ്പെടുകയും ചെറിയ ജോലികള്‍ ഒരുമിച്ച് ചെയ്യാന്‍ തുടങ്ങിയെന്നും സംവിധായകനായ റോണി ദ ക്യൂവിനോട് പറഞ്ഞു
ഫേസ്ബുക്കിലെ ഒരു ഫോട്ടോ കണ്ട് മെസേജ് അയച്ചാണ് ക്യാമറ ചെയ്യുന്ന ബിലുവിനെ ആദ്യമായി പരിചയപ്പെടുന്നത്. ക്രിയേറ്റീവ് സൈഡില്‍ വര്‍ക്ക് ചെയ്യുന്ന അനീഷിനെ പരിചയപ്പെടുന്നത് മറ്റൊരാള്‍ പറഞ്ഞിട്ടാണ്. അങ്ങനെയാണ് ആദ്യ ഷോര്‍ട്ട്ഫിലിം സിനിമാബാക്കി ചെയത്ത്. പിന്നീട് ഓരോ ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ നേരവും ടീം പതിയെ വലുതാവുകയും ഓരോരുത്തരും പുതിയതായി വന്നുകൊണ്ടിരിക്കുകയും ചെയ്തു.
റോണി
വിഷ്വല്‍ സറ്റോറി ടെല്ലേഴ്‌സ് എന്ന രീതിയില്‍ പ്രവര്‍ത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് റോണി പറയുന്നു. ചെറിയ സമയത്തിനുള്ളില്‍ ദൃശ്യങ്ങളിലൂടെ സംവദിക്കുന്ന കഥകള്‍ പറയാന്‍ ശ്രമിക്കുക. അത്തരത്തില്‍ പ്രൊഫഷണലായി പരസ്യങ്ങളടക്കം ചെയ്യുവാനായിട്ടാണ് കമ്പനി അടക്കം രൂപീകരിച്ചിരിക്കുന്നത്.
ലൂക്ക, സോളോ, വള്ളീം തെറ്റി പുള്ളീം തെറ്റി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവസംഗീത സംവിധായകന്‍ സൂരജ് എസ് കുറുപ്പാണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്.നാടിന്റെ ഒരുമയും നന്മയുമെല്ലാം പ്രതിപാദിക്കുന്ന ഗാനം രചിച്ചിരിക്കുന്നത് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ സഖാവ് എന്ന കവിത രചിച്ച സാം മാത്യുവാണ്.നവകേരള മിഷന്റെ കീഴിലുള്ള പദ്ധതികള്‍ പ്രമേയമാക്കി പിആര്‍ഡിയ്ക്ക് വേണ്ടിയാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.
മുന്‍പ് സര്‍ക്കാര്‍ ആദിവാസി മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കായി നിര്‍മിച്ച സാമൂഹ്യ പഠനമുറിയെ പറ്റി ഒരുക്കിയ വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പിആര്‍ഡിയ്ക്കായി വീഡിയോ നിര്‍മിക്കാനുള്ള അവസരം വില്ലേജ് സ്‌പേസ്ഷിപ്പിനെ തേടിയെത്തിയത്.
നവകേരള മിഷന്‍ പദ്ധതികള്‍ എളുപ്പത്തില്‍ ആളുകളിലേക്കെത്തിക്കുക എന്ന ചിന്തയിലാണ് ഗാനവും വീഡിയോയും ഒരുക്കിയതെന്ന് കോ ഡയറക്ടറായ ജോയല്‍ പറയുന്നു.
നമ്മുടെ ദൈനംദിന ജീവിതത്തില്‍ എല്ലാവരും കടന്നു പോകുന്ന ഒരുപാട് പദ്ധതികളുണ്ട്. അതിന്റെ സാധ്യതകളെക്കുറിച്ച് ഇനിയും അറിയാത്തവരുണ്ടെങ്കില്‍ അത് വീഡിയോയിലൂടെ സാധ്യമാകണമെന്ന് കരുതിയിരുന്നു. കുട്ടികളുടെ നരേഷനിലൂടെ കഥ പോലെ വീഡിയോ ഒരുക്കിയാൽ അത് ലളിതമാകുമെന്ന് തോന്നിയത് കൊണ്ട് അത്തമൊരു രീതി സ്വീകരിച്ചു.
ജോയൽ.
ബിലു ടോം മാത്യുവാണ് വീഡിയോയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് ഹരി ദേവകി. മഷര്‍ ഹംസയാണ് കോസ്റ്റ്യൂം, ആര്‍ട്ട് രശ്മി രാഘവന്‍, റോസ് മേരി ജോഷി. യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം