വെളുത്ത ദൈവങ്ങള്‍ വെറിപിടിച്ചിട്ട് ചവിട്ടിത്താഴ്ത്തിയതാ, മാവേലിയായി മണികണ്ഠന്‍ ആചാരി ; മാംഗോസ്റ്റീന്‍ ക്ലബ്ബിന്റെ ഗാനം

വെളുത്ത ദൈവങ്ങള്‍ വെറിപിടിച്ചിട്ട് ചവിട്ടിത്താഴ്ത്തിയതാ, മാവേലിയായി മണികണ്ഠന്‍ ആചാരി ; മാംഗോസ്റ്റീന്‍ ക്ലബ്ബിന്റെ ഗാനം
Published on

മലയാളികളുടെ പൊന്നോണത്തിന് മാവേലിക്കെന്ത് രൂപമാണ്, മാവേലിക്ക് എന്ത് നിറമാണ് ? മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ എന്ന് പാടിതുടങ്ങുമ്പോള്‍, വെളുത്ത, കുടവയറുള്ള, കൈയ്യില്‍ ഓലക്കുട പിടിച്ച് നടന്ന് വരുന്ന സവര്‍ണരാജാവായിരിക്കും നമ്മുടെ കൊച്ചുകുട്ടികളുടെ മനസില്‍ പോലും വരുക. പരസ്യങ്ങളിലും ചുവരെഴുത്തുകളിലും നോട്ടീസുകളിലും മത്സരങ്ങളിലുമെല്ലാം മാവേലി അങ്ങനെയാണ്, എന്നാല്‍ മാവേലി ഒരു അസുരനായിരുന്നു. ദേവന്മാര്‍ക്ക് പോലും അസൂയ തോന്നുന്ന ഭരണം, ഭൂമിയില്‍ കാഴ്ചവെച്ച അസുരന്‍, ദേവന്മാര്‍ ചതികൊണ്ട് പാതാളത്തിലേക്ക് ചവിട്ടിത്താഴ്്ത്തിയ അസുരന്‍. ആ അസുരനെ സവര്‍ണനാക്കിയവരില്‍ നിന്നുള്ള പൊളിച്ചെഴുത്താണ് മാംഗോസ്റ്റീന്‍ ക്ലബ്ബിന്റെ മാവേലിപ്പാട്ട്.

മാവേലിയെക്കുറിച്ച് നമ്മള്‍ കേട്ട കഥകള്‍ക്ക് ഇന്നത്തെ കാലഘട്ടത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ദൃശ്യഭാഷ ഒരുക്കിയിരിക്കുകയാണ് മാംഗോസ്റ്റീന്‍ ക്ലബ്ബിന്റെ ഗാനം. ഭൂമിക്ക് വേണ്ടിയുള്ള പാവപ്പെട്ടവന്റെ ചെറുത്തുനില്‍പ്പിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തില്‍ മണികണ്ഠന്‍ ആചാരിയാണ് മാവേലിയാകുന്നത്. വരികള്‍ കൊണ്ടും ദൃശ്യം കൊണ്ടും മാവേലിയുടെ രാഷ്ട്രീയത്തെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ഗാനത്തിലൂടെ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നു.

പാവപ്പെട്ടവന്റെ ഭൂമിക്ക് നേരെയുള്ള കൈയ്യേറ്റവും കുടിയൊഴിപ്പിക്കലുമെല്ലാം മാവേലിയുടെ കഥയില്‍ പറയുന്ന ചതിയുമായി ബന്ധപ്പെടുത്താമെന്ന് തോന്നിയതുകൊണ്ടാണ് പാട്ടിന് അത്തരമൊരു ദൃശ്യാവിഷ്‌കാരം ഒരുക്കിയതെന്ന് സംവിധായകന്‍ വിഷ്ണു വിലാസിനി വിജയന്‍ ദ ക്യുവിനോട് പറഞ്ഞു.

മാവേലിയുടെ മിത്തില്‍ തന്നെ പറയുന്നത് മൂന്നടി മണ്ണ് ചോദിച്ച് വന്നതിന് ശേഷം പിന്നെ ചതിയിലൂടെ അയാളുടെ കൈയ്യിലുണ്ടായിരുന്ന ഭൂമി മുഴുവന്‍ സ്വന്തമാക്കിയെന്നാണ്, അതും ഇന്നത്തെ കാലത്തെ ഭൂസമരങ്ങളും ചേര്‍ത്ത് വായിക്കാമെന്ന് തോന്നി, കാരണം സാധാരണക്കാരന്റെ ഭൂമിക്ക് നേരെ ഒരുപാട് കൈയ്യേറ്റങ്ങളും കുടിയൊഴിപ്പിക്കലുമെല്ലാം നടക്കുന്നുണ്ട്. അങ്ങനെ ചതിയിലൂടെ കുടിയൊഴിപ്പിക്കാന്‍ വന്നവര്‍, അവര്‍ക്കെതിരെ ചെറുത്ത് നില്‍ക്കുന്നൊരാള്‍ എന്ന രീതിയില്‍ മാവേലിയുടെ കഥ കണക്ട് ചെയ്യാമെന്ന് തോന്നി.

വിഷ്ണു വിലാസിനി വിജയന്‍

പ്രേമത്തെക്കുറിച്ചുള്ള മൂന്ന് ക്ലീഷേ പാട്ടുകള്‍, ക്രിക്കറ്റ് പാട്ട് , സ്‌ട്രൈക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്ത ഗാനങ്ങള്‍ ഒരുക്കിയ മാംഗോസ്റ്റീന്‍ ക്ലബ്ബിന്റെ ആദ്യ ഗാനമായിരുന്നു രണ്ട് വര്‍ഷം മുന്‍പ് റിലീസ് ചെയ്ത മാവേലിപ്പാട്ട്. നമ്മുടെ കറുത്ത മാവേലിയെ ഓര്‍മിക്കാന്‍ പ്രേരിപ്പിച്ച ഗാനത്തിന് ഇപ്പോഴാണ് ദൃശ്യാവിഷ്‌കാരം ഒരുക്കുന്നത്.

അജയ് ജിഷ്ണു സുധേയന്‍, അന്‍സിഫ് അബു എന്നിവരുടെ വരികള്‍ക്ക് ഹരി പ്രസാദ് എസ് ആര്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. അജയ് ജിഷ്ണു സുധേയന്‍, ഹരിപ്രസാദ് എസ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അജയ് ഗോപാല്‍ നിര്‍മിച്ചിരിക്കുന്ന വീഡിയോയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സച്ചിന്‍ രവിയും എഡിറ്റിംഗ് പ്രത്യുഷ് ചന്ദ്രനുമാണ്.

മ്യൂസിക് പ്രൊഡക്ഷന്‍ : അശോക് പൊന്നപ്പന്‍, കലാസംവിധാനം : ഡെല്‍വിന്‍ ദാസ്, സൗണ്ട് ഡിസൈന്‍ : ജിഷ്ണു എം ജോഷി, സൗണ്ട് മിക്‌സ് : വിനോദ് പി ശിവറാം, കോസ്റ്റിയൂം :അഞ്ജന എസ് രഞ്ജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഇംതിയാസ് എം.കെ, കോ ഡയറക്ടര്‍ : തോമസ് ജോര്‍ജ്, സ്റ്റില്‍ ഫോട്ടോഗ്രഫി : അഭിശങ്കര്‍, സഹസംവിധാനം : ശ്രീജിത്ത് കാഞ്ഞിലശേരി, ബല്‍റാം ജെ, ഡിഐ : ബിലാല്‍ റഷീദ്, അസോസിയേറ്റ് എഡിറ്റര്‍ : എഎസ് അരവിന്ദ്, ഡ്രോണ്‍ :ഡിപിഎന്‍

പാട്ടിന്റെ വരികള്‍

കരളില്‍ തീ കത്തണ കാലത്ത്

തീണ്ടാപ്പാടകളെ ഞങ്ങള്‍ കനിവുതേടി കാത്തു നിന്നൊരു കെട്ട കാലത്ത്,

തെക്കു തെക്കെങ്ങാണ്ടോരു മാവ് പൂക്കണ കഥകള്‍ കേട്ടെന്റെ

കൊച്ചു പെണ്‍കൊച്ചു വിശന്ന് നിലവിളിച്ചോരിരുണ്ട കാലത്ത്

കടല് താണ്ടി കടന്നെന്നെ കാത്തോനാണ്ടാ...

കരളിലെ തീണ്ടാമുള്‍വേലികള്‍ തകര്‍ത്തെറിഞ്ഞോനാണ്ടാ...

വെളുവെളുത്തിട്ടല്ലാ വിരിഞ്ഞ വയറൊന്നില്ലാ

കറുകറെ കരിമുകില് പോലെ

കറുത്തിരുന്നോനാടാ...

വെളുത്ത ദൈവങ്ങള്‍ വെറിപിടിച്ചിട്ട് ചവിട്ടിത്താഴ്ത്തിയോന്‍ മാവേലി

ചവിട്ടി താന്നിട്ടും ഉറ്റവർ തൻ നെഞ്ചിൽ

ഉയിര്‍ത്ത് പൊന്തുന്നോന്‍ മാവേലി

Related Stories

No stories found.
logo
The Cue
www.thecue.in