എം ജി ശ്രീകുമാറിന്റെ ഗാനങ്ങൾ കേള്‍ക്കുന്നവർക്കെല്ലാം അനുഭവപ്പെടുന്ന ഒരു കാര്യമാണ് അദ്ദേഹത്തിന്റെ ശബ്ദത്തിലെ 'നേസല്‍ ടോണ്‍'. പക്ഷെ പതിവിലേറെ നേസല്‍ ടോണ്‍ നമുക്ക് അനുഭവപ്പെടുന്ന ഒരു ഗാനം കൂടിയായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ളയിലെ 'നാദരൂപിണി' എന്ന ഗാനം. പല സംഗീത നിരൂപകരും മറ്റും അന്ന് അദ്ദേഹം നാദരൂപിണി പാടുമ്പോള്‍ ജലദോഷമായിരുന്നു എന്നൊക്കെ പറഞ്ഞിരുന്നു. ഇന്നുമിത് വിശ്വസിക്കുന്നവർ നമുക്കിടയിൽ വിരളമല്ല. ഇന്നും നമുക്ക് ആ ഗാനം കേൾക്കുമ്പോ അദ്ദേഹത്തിന് ജലദോഷമായിരുന്നോ എന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്. പക്ഷെ അതൊന്നുമായിരുന്നില്ല നാദരൂപിണിയുടെ റെക്കോർഡിങ് സമയത്ത് സംഭവിച്ചത്.
നാദരൂപിണി പാടുന്നതിന് മുൻപ് അദ്ദേഹം വളരെ ഏറെ കരഞ്ഞിരുന്നു. പാട്ട് ആരെക്കൊണ്ട് പാടിക്കണം എന്നതില്‍ അവസാന നിമിഷം വരെ നിലനിന്ന ഉദ്വേഗവും മറ്റ് ഇടപെടലുകളുമായിരുന്നു ആ കരച്ചിലിന് കാരണം. ഒടുവിൽ എം ജി ശ്രീകുമാർ തന്നെയായിരുന്നു നാദരൂപിണി പാടിയത്. (അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണിത്)
അദ്ദേഹത്തിന് ആദ്യമായി ദേശീയ പുരസ്കാരം ലഭിച്ചതും ഹിസ് ഹൈനസ് അബ്ദുള്ളയിലെ 'നാദരൂപിണി' എന്ന ഗാനത്തിനായിരുന്നു. 'കാനഡ' രാഗത്തിൽ രവീന്ദ്രൻ മാഷ് ചെയ്ത ആ ഗാനം ഒരു ശ്രവ്യ വിസ്മയം തന്നെയായിരുന്നു. എം ജി ശ്രീകുമാറിന്റെ അസാധ്യമായ ഗാനാലാപന ശൈലി ആ ഗാനത്തെ ചെറുതായൊന്നുമല്ല മറ്റൊരു തലത്തിലേക്ക് എത്തിച്ചത്.
അദ്ദേഹത്തിന്റെ പ്രിയ സുഹൃത്ത് നടൻ മോഹന്‍ലാലിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടി ആയിരുന്നു ഹിസ് ഹൈനസ് അബ്ദുള്ള. പ്രണവം ആർട്‌സിന്റെ ബാനറിൽ ആയിരുന്നു അദ്ദേഹം ഈ ചിത്രം നിർമ്മിച്ചത്. എം ജിയെ കൊണ്ട് 'നാദരൂപിണി' പാടിക്കണ്ട എന്ന് പറഞ്ഞവർക്ക് ഒരു മറുപടി കൂടിയായിരുന്നു അദ്ദേഹത്തിന് ഈ ഗാനത്തിലൂടെ കിട്ടിയ ദേശീയ പുരസ്കാരം.
കർണ്ണാടക സംഗീതത്തിലെ കഠിനമായ രാഗങ്ങളിൽ ഒന്നായ 'സാരമതി' ആയിരുന്നു അതിന്റെ സംഗീത സംവിധായകന്‍ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് 'ഹിമഗിരി നിരകൾ' എന്ന ഗാനത്തിന് വേണ്ടി ഉപയോഗിച്ചത്.
പാരമ്പര്യമായി കിട്ടിയ കർണ്ണാടക സംഗീതത്തിന്റെ വളരെ ശക്തമായൊരു അടിത്തറ അദ്ദേഹത്തിനുണ്ട്. അത് പാടുന്നതിലായാലും സംഗീതം ചെയ്യുന്നതിലായാലും. ഒരു ഗായകൻ എന്ന രീതിയിൽ അറിയപ്പെട്ടിരുന്ന എം ജി ശ്രീകുമാർ ഒരു സംഗീത സംവിധായകൻ എന്ന പേരിലും അറിയപ്പെടാൻ തുടങ്ങിയത് 'താണ്ഡവം' എന്ന ചിത്രത്തിലൂടെയായിരുന്നു. പെരുമ്പാവൂർ ജി രവീന്ദ്രനാഥുമായി ചേർന്നായിരുന്നു അദ്ദേഹം അതിലെ ഗാനങ്ങൾക്ക് ഈണം നൽകിയത്.
ഈ ചിത്രത്തിലെ 'ഹിമഗിരി നിരകൾ' എന്ന ഗാനം ഒരു ഗായകൻ എന്ന നിലയിൽ അദ്ദേഹതിന് ഏറെ നിരൂപകരുടേയും ശ്രോതാക്കളുടെയും പ്രശംസ കിട്ടിയ ഗാനം ആയിരുന്നു. കർണ്ണാടക സംഗീതത്തിലെ കഠിനമായ രാഗങ്ങളിൽ ഒന്നായ 'സാരമതി' ആയിരുന്നു അതിന്റെ സംഗീത സംവിധായകന്‍ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് 'ഹിമഗിരി നിരകൾ' എന്ന ഗാനത്തിന് വേണ്ടി ഉപയോഗിച്ചത്.
മലയാള സംഗീതത്തിൽ അധികമാരും പരീക്ഷിക്കാത്ത ഒരു രാഗം ആണ് സാരമതി. ഈ ഗാനം പാടിയതിന് അദ്ദേഹം നാഷണൽ അവാർഡ് പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം മാത്രമല്ല ആ ഗാനം കേൾക്കുന്ന ശ്രോതാക്കളെല്ലാം ആ ഗാനത്തിന് ദേശീയ പുരസ്കാരം കിട്ടാനുള്ള സാധ്യതയുണ്ടെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. പക്ഷെ എന്തുകൊണ്ടോ കിട്ടിയില്ല. ഒട്ടും പ്രതീക്ഷിക്കാതെ അദ്ദേഹത്തിന് കിട്ടിയ ഒരു ദേശീയ പുരസ്കാരം ആയിരുന്നു വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തിലെ 'ചാന്തു പൊട്ടും ചങ്കേലസും' എന്ന ഗാനം.
• എം ജി ശ്രീകുമാറിന്റെ സംഗീതം നൽകിയ ഗാനങ്ങളിൽ കാണപ്പെടാറുള്ള കർണ്ണാടക സംഗീതത്തിലെ പ്രശസ്തമായ ചില കൃതികളെ കുറിച്ചാണ് ഇനി പറയുന്നത്.
2001-ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രമായിരുന്നു കാക്കകുയിൽ. വളരെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളായിരുന്നു കാക്കക്കുയിലിലേത്. അതിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ദീപൻ ചാറ്റർജിയാണെന്ന് വിശ്വസിക്കുന്നതിനേക്കാൾ എനിക്കിഷ്ടം എം ജി ശ്രീകുമാർ തന്നെ സംഗീതം ചെയ്തു എന്നാണ്. കെ എസ് ചിത്ര ഇത് സമ്മതിച്ചിട്ടുള്ളതുമാണ്. ഈ ചിത്രത്തിലെ 'പാടാം വനമാലി' എന്ന ഗാനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ഹിന്ദോള' രാഗത്തിലെ ഒരു മികച്ച ഗാനം തന്നെയായിരുന്നു അത്. ഈ ഗാനത്തിനെ ഒടുവിൽ അദ്ദേഹം 'സാമജവരഗമന' എന്ന ത്യാഗരാജ സ്വാമികളുടെ ഹിന്ദോള രാഗത്തിലെ പ്രശസ്തമായ കൃതി കൊണ്ടുവരുന്നുണ്ട്.
മറ്റൊരു മനോഹരമായ ഗാനം കൂടിയുണ്ട് കാക്കക്കുയിലില്‍. 'മേഘരാഗം നെറുകിൽ തൊട്ടു മേലെ നിൽപ്പു വാനം', 'ദേശ്' എന്ന രാഗത്തില്‍ പിറന്ന മനോഹരമായ ഒരു ഗാനം. ശ്വാസോഛ്വാസത്തിന് അധികം ഇടം നൽകാത്ത ഒരു ഗാനമായിരുന്നു ഇത്. കെഎസ് ചിത്രയുടെ ആലാപനത്തിൽ മനോഹരമായിരിക്കുന്നു ഈ ഗാനം. നമ്മുടെ ദേശീയ ഗീതം 'വന്ദേ മാതരവും' ദേശ് രാഗാധിഷ്തിതമാണ്.
മേഘരാഗം - https://youtu.be/wRnDP5QpkZs
അറബിയും ഒട്ടകവും പി. മാധവന്‍ നായരും എന്ന ചിത്രത്തിലെ 'ചെമ്പക വല്ലികളിൽ തുളുമ്പിയ ചന്ദന മാമഴയിൽ', 'ആഭേരി' രാഗത്തില്‍ തീർത്ത അതിമനോഹരമായ ഒരു ഗാനമായിരുന്നു. തന്റെ ഗാനങ്ങളിൽ പിന്തുടരാറുള്ള മേല്പറഞ്ഞ ശൈലി എം ജി, ഈ ഗാനത്തിലും പിന്തുടരുന്നു. അതായത് ആഭേരി രാഗത്തിലെ ത്യാഗരാജ കൃതിയായ 'നഗുമോ ഓമുഗനലേ' അനുപല്ലവിക്ക് മുൻപ് പാടുന്നുണ്ട്.
ചെമ്പക വല്ലികളിൽ - https://youtu.be/zXi4Ks2VO_o
വളരെ ശോകമയമായ ഭാവം കൊണ്ടുവരാന്‍ സാധാരണ സംഗീത സംവിധായകള്‍ 'മായമാളവഗൗള' എന്ന രാഗം സിനിമ സംഗീതത്തിന് വേണ്ടി ഉപയോഗിക്കുന്നത്. അതിൽ ഇളയരാജയെ പോലുള്ള പ്രഗത്ഭർ മാത്രമേ പ്രണയ ഗാനങ്ങൾക്ക് വേണ്ടി ഈ രാഗം ഉപയോഗിച്ചിട്ടുള്ളു. അവരെ പോലെ മാറി ചിന്തിച്ചിരുന്നു എം ജി ശ്രീകുമാറിലെ സംഗീത സംവിധായകനും. ഈ പറഞ്ഞ് വരുന്നത് പ്രിയദര്‍ശന്‍ ചിത്രമായ ആമയും മുയലും എന്ന ചിത്രത്തിലെ 'കുകുകുക്കൂ' എന്ന ഗാനമാണ്.
'മായാമാളവഗൗള' രാഗത്തിലെ പ്രശസ്തമായ ഒരു കൃതി ഈ ഗാനത്തിലും ചേർക്കാൻ അദ്ദേഹം മറന്നിട്ടില്ല. 'ദേവ ദേവ കലയാമിതേ ചരണാംബുജ സേവനം' എന്ന സ്വാതി തിരുനാൾ കൃതിയാണ് ഈ ഗാനത്തിന്റെ ചരണത്തിന് മുൻപ് പാടുന്നത്.
ചിന്നമ്മ എം ജി ശ്രീകുമാറിന്റെ സംഗീത സംവിധാനത്തിൽ അല്ല എങ്കിൽ പോലും അദ്ദേഹത്തിന്റെ കോമ്പോസിഷനുകളിൽ കാണാറുള്ള കർണ്ണാടക സംഗീതത്തിലെ ഒരു കൃതി, ഒപ്പത്തിലെ 'ചിന്നമ്മ അടി കുഞ്ഞി പെണ്ണമ്മ' എന്ന ഗാനത്തിലും കണ്ടത് അതിശയകരമായ മറ്റൊരു കാര്യം.
കുകുകുക്കൂ - https://youtu.be/beHd6bgt12s
അര്‍ദ്ധനാരി എന്ന ചിത്രത്തിന് വേണ്ടി എം ജി ശ്രീകുമാർ ചിട്ടപ്പെടുത്തിയ 'മഞ്ചുളാംഗിത മോഹമേതോ ജലധിയിലാവുകയോ', 'മിയാൻ കി മൽഹാർ' എന്ന മനോഹര ഹിന്ദുസ്ഥാനി രാഗത്തിന്റെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരു ഗാനമായിരുന്നു. കുഞ്ഞളിയൻ എന്ന ചിത്രത്തിൽ 'ചെമ്പഴുക്ക നല്ല ചെമ്പഴുക്ക' എന്ന ഗാനം 'യമൻ' രാഗത്തിലും, ഞാനും എന്റെ ഫാമിലിയും എന്ന ചിത്രത്തിലെ കുങ്കുമ പൂവിതളില്‍ എന്ന ഗാനത്തില്‍ 'പന്തുവരാളി' രാഗവും ഉപയോഗിച്ചിരുന്നു.
ഒത്തിരി നാളുകൾക്ക് ശേഷം ഒപ്പം എന്ന ചിത്രത്തിലൂടെ പ്രിയദർശൻ മോഹൻലാൽ എം ജി ശ്രീകുമാർ കൂട്ടുകെട്ടിൽ നല്ല ചില ഗാനങ്ങൾ നമുക്ക് കിട്ടിയിരിക്കുന്നു. 4 മ്യൂസിക്സ് എന്ന നാല് പേരടങ്ങുന്ന ഒരു സംഗീത സവിധായകരാണത്രെ ഇതിലെ ഗാനങ്ങൾ കംപോസ് ചെയ്തിരിക്കുന്നത്. ചിന്നമ്മ എം ജി ശ്രീകുമാറിന്റെ സംഗീത സംവിധാനത്തിൽ അല്ല എങ്കിൽ പോലും അദ്ദേഹത്തിന്റെ കോമ്പോസിഷനുകളിൽ കാണാറുള്ള കർണ്ണാടക സംഗീതത്തിലെ ഒരു കൃതി, ഒപ്പത്തിലെ 'ചിന്നമ്മ അടി കുഞ്ഞി പെണ്ണമ്മ' എന്ന ഗാനത്തിലും കണ്ടത് അതിശയകരമായ മറ്റൊരു കാര്യം.
ചിന്നമ്മ - https://youtu.be/97L9VAGj4Jc
ചിന്നമ്മ തുടങ്ങുന്നത് തന്നെ ഒരു നാദസ്വര സംഗീതത്തിലാണ്. 'സീതാ കല്യാണ വൈഭോഗമേ' എന്ന കൃതിയാണ് നാദസ്വരത്തിൽ വായിക്കുന്നത്. 'കുറിഞ്ചി' രാഗത്തിലെ പ്രശസ്തമായ ത്യാഗരാജ കൃതിയാണിത്. ഈ ഗാനം 'ശങ്കരാഭരണ' രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. 'പഴയ കാലങ്ങളെങ്ങോ പടിമറയുവതിനി വരുമോ' എന്ന വരികളില്‍ 'നീലാംബരി' രാഗത്തെ തൊട്ടു പോകുന്നു. അനുപല്ലവിക്ക് മുൻപ് ശങ്കരാഭരണത്തിന്റെ വെസ്റ്റേൺ സംഗീതത്തിന് തുല്യമായ Major Scale-ന്റെ (do, re, mi, fa, sol, la, ti do) സ്വരങ്ങൾ പറഞ്ഞു പോകുന്നുണ്ട്.
മഹനീയമായ ഒരു സംഗീത പാരമ്പര്യമുള്ള ഒരു കുടുംബത്തില്‍ നിന്നായിരുന്നു ശ്രീ എം ജി ശ്രീകുമാർ മലയാള സിനിമാ സംഗീത ലോകത്തിലേക്ക് എത്തിയത്. അച്ഛന്‍ മലബാര്‍ ഗോപാലന്‍ എന്ന പ്രശസ്ത സംഗീതഞ്ജന്‍ ആയിരുന്നു. അമ്മ കമലാക്ഷിയമ്മ പ്രശസ്ത ഹരികഥാ കലാകാരിയും, സഹോദരൻ പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനുമായ എം ജി രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ മകൻ എം ആർ രാജാകൃഷ്ണൻ, ഇന്ത്യയിലെ തന്നെ ഒന്നാംനിര ഓഡിയോ ഗ്രാഫർമാരിൽ ഒരാൾ. സഹോദരി പ്രശസ്ത സംഗീതജ്ഞയും സംഗീത കോളേജ് അദ്ധ്യാപികയുമായ കെ.ഓമനക്കുട്ടി. ശ്രീമതി കെ ഓമനക്കുട്ടിയുടെ ചെറുമകൻ ഹരിശങ്കറും മികച്ച യുവഗായകരിൽ ഒരാളാണ്. അങ്ങനെ കുടുംബാംഗങ്ങൾ എല്ലാം തന്നെ സംഗീതത്തിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്നവർ.
എം.ജി ശ്രീകുമാര്‍ എന്ന പ്രതിഭ പാടിയും സംഗീതം ചെയ്തും ഇനിയും നമ്മെ വിസ്‍മയിപ്പിക്കട്ടെ. മാടായും മറുതയായും മാറാന്‍ കഴിവുള്ള അഭിനേതാവെന്ന് പറയുന്നത് പോലെ, താളരാഗങ്ങളുടെ പാതയിലെ വൈവിധ്യങ്ങളുടെ മറുപേരാണ് എം.ജി.
കടപ്പാട് -മുവിസ്ട്രീറ്റ് ഫേസ്ബുക്ക് ഗ്രൂപ്പ്