എന്റെ കോഴിയെ നിങ്ങള്‍ പകുത്തോളിന്‍
പക്ഷെ; കൂര്‍മ്പന്‍ കൊക്കെനിക്കു തരിന്‍
കെ സച്ചിദാനന്ദന്റെ 'കോഴിപ്പങ്ക്' പുതിയ താളത്തിലും ശൈലിയിലും പാടുമ്പോള്‍ ഉള്‍ക്കനമുള്ള രാഷ്ട്രീയമാനങ്ങളിലേക്ക് കൂടി ചര്‍ച്ചയെത്തുകയാണ്. തിരക്കഥാകൃത്തും സംവിധായകനുമായ മുഹസിന്‍ പരാരിയുടെ സംരംഭമായ റൈറ്റിംഗ് കമ്പനിയുടെ ആദ്യ വീഡിയോ ആല്‍ബം രാഷ്ട്രീയ ചര്‍ച്ചക്ക് വഴിയൊരുക്കിയിരിക്കുന്നു.
കെ സച്ചിദാനന്ദന്റെ കവിതയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത് നടനും ഡിജെയും കൂടിയായ ശേഖറാണ്. ശ്രീനാഥ് ഭാസിയാണ് ആലാപനം. 'ഡാ തടിയാ', '22 ഫിമെയില്‍ കോട്ടയം' തുടങ്ങിയ ചിത്രങ്ങളുടെ സഹരചയിതാവ് കൂടിയായ അഭിലാഷ് എസ് കുമാറാണ് സംവിധാനം. മുഹ്‌സിന്‍ പരാരിയുടെ റൈറ്റിംഗ് കമ്പനിയുടെ ലോഞ്ചിങ് പ്രൊജക്റ്റ് കൂടിയാണ് 'കോഴിപ്പങ്ക്'. സംഗീതത്തില്‍ ഇത്തരമാരു ഴോണര്‍ കേള്‍ക്കാന്‍ താല്‍പര്യപ്പെടുന്ന ആളുകള്‍ക്കെല്ലാം 'കോഴിപ്പങ്ക്' ഇഷ്ടമാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെന്ന് മുഹ്‌സിന്‍ 'ദ ക്യു'വിനോട്. അതിലെ വരികളുടെ അര്‍ത്ഥം എന്തായിരിക്കുമെന്ന് ആളുകള്‍ ചിന്തിക്കുന്നുണ്ട്. യൂട്യൂബിലെ കമന്റ്‌സിലും സച്ചിമാഷിന്റെ കവിതയുടെ രാഷ്ട്രീയ മാനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അത്തരത്തില്‍ നല്ല രീതിയിലുളള ചര്‍ച്ചകള്‍ക്ക് കൂടി കാരണമായതില്‍ സന്തോഷമുണ്ടെന്നും മുഹ്‌സിന്‍ പരാരി പറയുന്നു.
ജയേഷ് മോഹനാണ് ഛായാഗ്രാഹണം. സലീം കുമാര്‍, ഇന്ദ്രന്‍സ് എന്നീ സിനിമാതാരങ്ങളോടൊന്നിച്ച് ശേഖര്‍ തന്നെ സംഗീതം ചിട്ടപ്പെടുത്തുന്ന രണ്ട് പ്രൊജക്റ്റുകളാണ് അടുത്തതായി യൂട്യൂബില്‍ റൈറ്റിംഗ് കമ്പനിയുടേതായി വരാനിരിക്കുന്നത്.
മുഹ്സിൻ പരാരി പറയുന്നു;
കോഴിപ്പങ്കിനെ കുറിച്ച് സംസാരിക്കുന്നത് 2013ല്‍
2013ല്‍ ഞാന്‍ 'നേറ്റീവ് ബാപ്പ' ചെയ്യുന്ന സമയത്ത് സച്ചിമാഷ് അത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. അന്ന് ഞാന്‍ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചപ്പോള്‍ ചോദിച്ചതാണ് 'കോഴിപ്പങ്ക്' ഞാന്‍ ചെയ്യട്ടെ എന്നുളളത്. 2013 ല്‍ സമ്മതം കിട്ടിയതാണ്. പിന്നീട് അടുത്ത് ഞങ്ങള്‍ വീണ്ടും സംസാരിച്ചിരുന്നു. 'കോഴിപ്പങ്കി'നെ കുറിച്ച് അദ്ദേഹം പറയുന്ന ഒരു വീഡിയോയും അടുത്ത് തന്നെ പബ്ലീഷ് ചെയ്യുന്നുണ്ട്.
റൈറ്റിങ് കമ്പനി, ഭാവിയില്‍ നിര്‍മ്മാണക്കമ്പനി
തിരക്കഥകളില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ വേണ്ടി ഉണ്ടാക്കിയ സംരംഭമാണ് റൈറ്റിങ് കമ്പനി. കുറച്ച് സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്‌സും എഴുത്തുകാരുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാനും വെബ് സീരീസ്, സിനിമകള്‍, ഷോര്‍ട്ഫിലിംസ് അങ്ങനെ പല ഫോമിലുള്ള വര്‍ക്കുകള്‍ പല ഭാഷകളില്‍ ചെയ്യാനും വേണ്ടി തുടങ്ങിയ കൂട്ടായ്മയാണ്. അതിന്റെ കൂടെത്തന്നെ മുമ്പ് ഉണ്ടായിരുന്ന ചില മ്യൂസിക്കല്‍ വീഡിയോ പ്ലാനുകള്‍ യൂട്യൂബ് പോലൊരു പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. ഭാവിയില്‍ ഒരു നിര്‍മ്മാണക്കമ്പനി കൂടിയാവും റൈറ്റിങ് കമ്പനി. തിരക്കഥകള്‍ ഉണ്ടാക്കി അതിനെ സിനിമകളാക്കുക എന്നതായിരിക്കും പ്രധാന ഉദ്ദേശം.
പുതിയ പ്രൊജക്ടുകളില്‍ സലീം കുമാറും, ഇന്ദ്രന്‍സും
വരികളിലെ ക്വാളിറ്റി നിലനിര്‍ത്തിക്കൊണ്ടുതന്നെ പോപ് കള്‍ച്ചറില്‍ നിര്‍ത്താവുന്ന പ്രൊഡക്ടുകള്‍ ഉണ്ടാക്കുക എന്ന ഒരു ആഗ്രഹത്തില്‍ നിന്നാണ് ഈ ആശയങ്ങള്‍. എന്റെ തന്നെ വരികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെയ്‌തെടുക്കുന്ന രണ്ട് മ്യൂസിക്കല്‍ വീഡിയോകളാണ്. ഇന്ദ്രന്‍സ് ചേട്ടനും സലീം കുമാര്‍ ചേട്ടനും തന്നെയാണ് പാടുന്നത്.
കോഴിപ്പങ്ക്
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷെ; കൂർമ്പൻ കൊക്കെനിക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷെ; ചെമ്പിൻ പൂവെനിക്കു തരിൻ
കുന്നിക്കുരു കണ്ണെനിക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷെ, പൊന്നിൻ കാലെനിക്കു തരിൻ
എള്ളിൻ പൂ വിരലെനിക്കു തരിൻ
കരിമ്പിൻ നഖമെനിക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷെ; തുടിയുടെലിനിക്കു തരിൻ
ശംഖിൻ കുരലെനിയ്ക്കു തരിൻ
കുഴൽ കരളെനിയ്ക്കു തരിൻ
തംബുരു കുടലെനിയ്ക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷെ; നാക്കില പപ്പെനിയ്ക്കു തരിൻ
പൂക്കില പൂടയെനിയ്ക്കു തരിൻ
കൈതോല വാലെനിയ്ക്കു തരിൻ
തീപ്പൊരി ചേലെനിയ്ക്കു തരിൻ
പുത്തരിയങ്കമെനിയ്ക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പോട്ടെ കോഴി കൊമ്പു നിങ്ങളെടുത്തോളിൻ
പല്ലു നിങ്ങളെടുത്തോളിൻ
പൂവൻ മുട്ട നിങ്ങളെടുത്തോളിൻ
മുലയും നിങ്ങളെടുത്തോളിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
എന്റെ കോഴിയെ മാത്രമെനിയ്ക്കു തരിൻ...