ഇളയരാജയ്ക്ക് 'നഷ്ടപ്പെട്ട നീലാംബരി'

ഇളയരാജയ്ക്ക് 'നഷ്ടപ്പെട്ട നീലാംബരി'
Published on
Summary

ഇശൈജ്ഞാനിക്ക് പിറന്നാൾ (ജൂൺ 2).....``നഷ്ടപ്പെട്ട'' നീലാംബരി''യുടെ ഓർമ്മക്ക്

ആദ്യന്തം സംഗീതസാന്ദ്രമായ കഥയാണ് മാധവിക്കുട്ടിയുടെ ``നഷ്ടപ്പെട്ട നീലാംബരി''. മഴ എന്ന പേരിൽ അത് സിനിമയാക്കുമ്പോൾ പശ്ചാത്തലത്തിൽ നീലാംബരി രാഗം അതിന്റെ എല്ലാ ഭാവചാരുതയോടെയും ഒഴുകിക്കൊണ്ടിരിക്കണം എന്ന് ഉറച്ചിരുന്നു ലെനിൻ രാജേന്ദ്രൻ. സംഗീതാധ്യാപകനാണ് കഥയിലെ നായകൻ. പ്രണയത്തിൽ സംഗീതം കലരുമ്പോഴുള്ള ദിവ്യമായ ഒരു അനുഭൂതിയുണ്ട്. ആ അനുഭൂതിയുമായി ചേർന്നുനിൽക്കുന്നവയാകണം പടത്തിലെ പാട്ടുകളും.പെട്ടെന്ന് മനസ്സിൽ തെളിഞ്ഞത് ഇശൈജ്ഞാനി ഇളയരാജയുടെ രൂപമാണ്.

``രാജക്കു മാത്രമേ ആ കഥയുടെ ആത്മാവ് ഉൾക്കൊണ്ടുകൊണ്ട് സംഗീതം ഒരുക്കാൻ കഴിയൂ എന്നായിരുന്നു എന്റെ വിശ്വാസം. ആ സമയത്ത് എന്തോ ആവശ്യത്തിന് തിരുവനന്തപുരത്ത് വന്നിട്ടുണ്ട് രാജ. കോവളത്ത് ഒരു റിസോർട്ടിൽ താമസിക്കുകയാണ്. നേരെ അവിടെ ചെന്ന് അദ്ദേഹത്തെ കണ്ടു. പ്രതീക്ഷിച്ച മുൻശുണ്ഠിക്കാരനെയല്ല അവിടെ കണ്ടത്; സംഗീതത്തിനു വണ്ടി സ്വയം സമർപ്പിച്ച ഒരാളെ. കഥ വിവരിച്ചുകേട്ടപ്പോൾ തന്നെ ആവേശഭരിതനായി അദ്ദേഹം. നീലാംബരിയുടെ വ്യത്യസ്ത ഭാവങ്ങളിലുള്ള ഈണങ്ങൾ അപ്പോൾ തന്നെ എന്നെ മൂളിക്കേൾപ്പിച്ചു. മഴയിൽ കുതിർന്ന ആ ഈണങ്ങൾക്കൊത്ത് എന്റെ മനസ്സിൽ സിനിമ വളരുകയായിരുന്നു. ''

രവീന്ദ്രന് പകരം രാജയാണ് മഴയിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയിരുന്നതെങ്കിലോ?

അടുത്ത ദിവസം തന്നെ ഇളയരാജയോടൊപ്പം ചെന്നൈയിലേക്ക് പറക്കുന്നു ലെനിൻ. സംഗീതം മാത്രമായിരുന്നു വിമാനത്തിലും സംസാരവിഷയം. ``വിമാനമിറങ്ങി പരസ്പരം യാത്ര പറഞ്ഞു പിരിഞ്ഞത് പിറ്റേന്ന് രാവിലെ വീണ്ടും നേരിൽ കാണാം എന്ന വാക്കോടെയാണ്. എന്നാൽ വിധിയുടെ തീരുമാനം മറിച്ചായിരുന്നു. അന്ന് രാത്രി എനിക്ക് നാട്ടിൽ നിന്നൊരു അപ്രതീക്ഷിത ഫോൺകോൾ. ചേട്ടൻ ലെനിൻ രാജശേഖരൻ മരിച്ചു; ഉടൻ നാട്ടിലെത്തണം. പിന്നെ സംശയിച്ചില്ല. പിറ്റേന്ന് കാലത്ത് തിരികെ നാട്ടിലേക്ക്. മരണാന്തര ചടങ്ങുകളിൽ പങ്കെടുത്ത്‌ വീണ്ടും ചെന്നൈയിൽ എത്തിയപ്പോഴേക്കും ഇളയരാജ ഫ്രാൻസിലേക്ക് പറന്നിരുന്നു; സിംഫണി ചിട്ടപ്പെടുത്താൻ വേണ്ടി. ഒരു മാസം കഴിയും തിരിച്ചുവരാൻ എന്നാണ് അറിഞ്ഞത്. പല തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സിനിമയാണെങ്കിൽ അധികം വൈകിക്കാനും വയ്യ. ഇളയരാജ ഇല്ലാത്ത മഴയെ കുറിച്ച് ചിന്തിക്കാൻ പോലും വയ്യായിരുന്നു. പക്ഷേ എന്തുചെയ്യും?''

``മഴ''യുടെ സംഗീതസംവിധായകനായി രവീന്ദ്രൻ രംഗപ്രവേശം ചെയ്യുന്നത് ഈ സന്ദിഗ്ധഘട്ടത്തിലാണ്. രവീന്ദ്രനുമായി വർഷങ്ങളുടെ പരിചയമുണ്ട് ലെനിന്; ഡബ്ബിംഗ് കലാകാരനായിരുന്ന കാലം തൊട്ടേ. പതിവ് ശൈലിയിൽ ഉള്ള പാട്ടുകളല്ല തന്റെ സിനിമയിൽ വേണ്ടതെന്ന് നേരത്തെ തന്നെ രവീന്ദ്രനെ ബോധ്യപ്പെടുത്തിയിരുന്നു അദ്ദേഹം. ആ മാറ്റം രവീന്ദ്രൻ ശരിക്കും ഉൾക്കൊള്ളുകയും ചെയ്തു. ഗുരുവായൂരിലെ ഒരു ഗസ്റ്റ് ഹൗസിലും തൃശൂരിലെ രാമനിലയത്തിലുമാണ് മഴയിലെ പാട്ടുകൾ പിറന്നുവീണതെന്ന് ഓർക്കുന്നു ലെനിൻ. റെക്കോർഡിംഗ് തൃശൂരിലെ ചേതന സ്റ്റുഡിയോയിലും.

ഇളയരാജയ്ക്ക് 'നഷ്ടപ്പെട്ട നീലാംബരി'
ഇസൈരാജ, നാട്ടുകാരുടെ രാസയ്യ, ആശുപത്രിക്കിടക്കയില്‍ വിസില്‍ ചെയ്ത ഈണം, ഇളയരാജയെക്കുറിച്ച് അറിഞ്ഞതും അറിയാത്തതും

''നായികയുടെ മനസ്സിലെ കൃഷ്ണ സങ്കൽപ്പത്തിന്റെ എല്ലാ നിഗൂഢ സൗന്ദര്യവും ഉൾക്കൊണ്ടുകൊണ്ട് യൂസഫലി എഴുതിയ പാട്ടാണ് വാർമുകിലേ. ജോഗ് രാഗത്തിന്റെ തലോടൽ കൊണ്ട് ആ ഗാനത്തെ അഭൗമമായ ഒരു അനുഭവമാക്കി മാറ്റി രവീന്ദ്രൻ. മഴയുടെ ഭാവം എല്ലാ ഗാനങ്ങളിലും ഉണ്ടെങ്കിലും അതേറ്റവും ദീപ്തമായത് ജയകുമാർ രചിച്ച ആഷാഢം പാടുന്നു എന്ന പാട്ടിന്റെ ഈണത്തിലാണ്. അമൃതവർഷിണിയിൽ ചിട്ടപ്പെടുത്തിയ ആ പാട്ട് യേശുദാസും ചിത്രയും പാടിക്കേട്ടപ്പോഴേ അതിന്റെ ദൃശ്യങ്ങൾ വെള്ളിത്തിരയിലെന്നോണം എന്റെ മനസ്സിൽ വന്നുനിറഞ്ഞു എന്നതാണ് സത്യം. ''

തിരുനൽവേലി ജില്ലയിലെ അംബാസമുദ്രത്തിനടുത്തുള്ള ഒരു പനങ്കാട്ടിൽ വെച്ച് കാറ്റും മഴയുമുള്ള ഒരു ദിവസം ലെനിനും എസ് കുമാറും ചേർന്ന് ചിത്രീകരിച്ച ആ ഗാനരംഗം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഹൃദയസ്പർശിയായ ഗാനരംഗങ്ങളിൽ ഒന്നായി നിലനിൽക്കുന്നു. പിൽക്കാലത്ത് ``ലെനിന്റെ മഴപ്പനകൂട്ടം'' തേടി അതെ ലൊക്കേഷനിൽ ചെന്നെത്തിയ ചലച്ചിത്രകാരന്മാർ നിരവധി.

ഇളയരാജയ്ക്ക് ``നഷ്ടപ്പെട്ട നീലാംബരി'' അങ്ങനെ രവീന്ദ്രന്റെ നേട്ടമാകുന്നു....ഓർക്കാൻ രസമുണ്ട്: രവീന്ദ്രന് പകരം രാജയാണ് മഴയിലെ പാട്ടുകൾ ചിട്ടപ്പെടുത്തിയിരുന്നതെങ്കിലോ?

Related Stories

No stories found.
logo
The Cue
www.thecue.in