96ല്‍ പാട്ടുപയോഗിച്ചതിനെ വിമര്‍ശിച്ച് ഇളയരാജ, നല്ല പാട്ടുണ്ടാക്കാന്‍ കഴിവില്ലാത്തതിനാലെന്ന് വിമര്‍ശനം

96ല്‍ പാട്ടുപയോഗിച്ചതിനെ വിമര്‍ശിച്ച് ഇളയരാജ, നല്ല പാട്ടുണ്ടാക്കാന്‍ കഴിവില്ലാത്തതിനാലെന്ന് വിമര്‍ശനം

Published on
Summary

തന്റെ പാട്ടുകള്‍ ഉപയോഗിച്ചത് ആ നിലവാരമുള്ള പാട്ടുകളുണ്ടാക്കാന്‍ സംഗീത സംവിധായകന് ശേഷി ഇല്ലാത്തതിനാലാണെന്ന് ഇളയരാജ

തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രമായ 96ല്‍ തന്റെ പാട്ടുകള്‍ ഉപയോഗിച്ചതില്‍ വിമര്‍ശനവുമായി ഇളയരാജ. വിജയ് സേതുപതി, തൃഷ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ സിനിമയില്‍ നായിക ഇളയരാജയുടെ പാട്ടുകള്‍ പാടുന്നയാളാണ്. പഴയ കാലം ചിത്രീകരിച്ച സിനിമയില്‍ തന്റെ പാട്ടുകള്‍ ഉപയോഗിച്ചത് ആ നിലവാരമുള്ള പാട്ടുകളുണ്ടാക്കാന്‍ സംഗീത സംവിധായകന് ശേഷി ഇല്ലാത്തതിനാലാണെന്ന് ഇളയരാജ പറഞ്ഞു. സിനിമാ എക്‌സ്പ്രസ് അഭിമുഖത്തിലാണ് വിമര്‍ശനം. മലയാളിയായ ഗോവിന്ദ് വസന്തയാണ് 96ന്റെ സംഗീത സംവിധായകന്‍. അതേ സമയം റോയല്‍റ്റി നല്‍കിയ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് രാജയുടെ പാട്ടുകള്‍ സിനിമയില്‍ ഉപയോഗിച്ചതെന്ന് സംവിധായകനും ടീം അംഗങ്ങളും അറിയിച്ചു.

റോയല്‍റ്റി ഇല്ലാതെ ഗായകര്‍ തന്റെ പാട്ടുകള്‍ സ്റ്റേജ് ഷോകളില്‍ പാടുന്നതിനെതിരെ നേരത്തെ ഇളയരാജ രംഗത്ത് വന്നിരുന്നു. 96ല്‍ പാട്ടുകള്‍ ഉപയോഗിച്ചതിനെ വിമര്‍ശിച്ചത് രാജാ ആരാധകരില്‍ ഉള്‍പ്പെടെ വിയോജിപ്പ് സൃഷ്ടിച്ചിട്ടുണ്ട്.

സുധീര്‍ ശ്രീനിവാസന്‍:

ഒരു ആരാധകനെന്ന നിലയില്‍ ചോദിക്കുന്നതാണ്, ഒരാളോട് നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എന്തെങ്കിലും പറയൂ എന്ന് ആവശ്യപ്പെട്ടാല്‍ രാജാ സാറിന്റെ പാട്ടുകള്‍ പത്തോ പതിനഞ്ചോ പാടിയിട്ട്, ആ പാട്ടുകള്‍ക്കൊപ്പം ജീവിതത്തിലെ ഹൈലൈറ്റ്‌സ് അവതരിപ്പിക്കാനാകും. ഓരോ പാട്ടുകളും പുറത്തിറങ്ങിയ സമയക്രമം വച്ച് ജീവിതം വിവരിക്കാനാകും. അടുത്ത കാലത്ത് തന്നെ ഒരു സിനിമയില്‍, അങ്ങ് ആ പടം കണ്ടിട്ടുണ്ടോ എന്നറിയില്ല. സമീപകാലത്ത് 96 എന്ന സിനിമയിലും നായിക നിങ്ങളുടെ പാട്ടുകളാണ് പ്രധാനമായും പാടുന്നത്.

ഇളയരാജ:

അതെല്ലാം തീര്‍ത്തും തെറ്റായ കീഴ് വഴക്കമാണ് (96 സിനിമയെക്കുറിച്ച്). സിനിമയില്‍ ഒരു പ്രത്യേക കാലഘട്ടം ചിത്രീകരിക്കാന്‍ ആ കാലത്തെ പാട്ടുകള്‍ ഉപയോഗിക്കേണ്ട ആവശ്യമേ ഇല്ല. എവിടെ അവര്‍ക്ക് ത്രാണിയില്ലയോ അവിടെ അതിനോടകം പോപ്പുലര്‍ ആയ പാട്ടുപയോഗിക്കാനാണ് ഇവര്‍ നോക്കുന്നത്. ആ പാട്ടുകളുടെ നിലവാരത്തിലുള്ള നല്ല പാട്ടുകളുണ്ടാക്കാനുള്ള സ്റ്റഫ് അവര്‍ക്കില്ലാത്തത് കൊണ്ടാണ് ഇത്. .

എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി നിയമപരമായാണ് രാജയുടെ പാട്ടുകള്‍ ഉപയോഗിച്ചതെന്ന് സംവിധായകന്‍ സി പ്രേംകുമാര്‍ ദ ന്യൂസ് മിനുട്ടിനോട് പ്രതികരിച്ചു. 96 തെലുങ്ക് പതിപ്പിന്റെ ചിത്രീകരണത്തിലാണ് പ്രേംകുമാര്‍. ഗോവിന്ദ് വസന്ത വിവാദപ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല. ചിത്രത്തിനായി ഗോവിന്ദ് ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇളയരാജയുടെ ആരാധകന്‍ കൂടെയാണ് ഗോവിന്ദ് വസന്ത. ചിത്രത്തിലെ കാതലേ, കാതലേ, വസന്തകാലങ്ങള്‍, താപങ്ങളേ, രാവിന്ന് തീപായി തുടങ്ങിയ പാട്ടുകള്‍ തുടര്‍ച്ചയായി ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നതുമാണ്

logo
The Cue
www.thecue.in