എന്‍ജോയ് എഞ്ചാമി ഞാന്‍ സംഗീത സംവിധാനം ചെയ്തത്, ആശയം ധീയുടേത്; അവകാശവാദവുമായി സന്തോഷ് നാരായണന്‍

എന്‍ജോയ് എഞ്ചാമി ഞാന്‍ സംഗീത സംവിധാനം ചെയ്തത്, ആശയം ധീയുടേത്; അവകാശവാദവുമായി സന്തോഷ് നാരായണന്‍
Published on

'എന്‍ജോയ് എഞ്ചാമി' എന്ന ഗാനം നിര്‍മ്മിക്കുക മാത്രമായിരുന്നില്ല സംഗീത സംവിധാനം ചെയ്തതും താനാണെന്ന അവകാശവാദവുമായി സന്തോഷ് നാരായണന്‍. ഈ ഗാനം അറേഞ്ച് ചെയ്തതും പ്രോഗ്രാം ചെയ്തതും റെക്കോര്‍ഡ് ചെയ്തതും താനാണെന്ന് ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയ കുറിപ്പില്‍ സന്തോഷ് നാരായണന്‍ പറഞ്ഞു. ഗാനത്തിന്റെ എല്ലാ വരുമാനവും ഉടമസ്ഥതയും ധീയും അറിവും താനും തുല്യമായി പങ്കിടുന്നു എന്നും സന്തോഷ് നാരായണന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

എന്‍ജോയ് എഞ്ചാമി എന്ന ഗാനം താന്‍ കംപോസ് ചെയ്ത് താന്‍ തന്നെ എഴുതി, പാടി അവതരിപ്പിച്ചതാണെന്നും ഈ പാട്ടെഴുതാന്‍ തനിക്കാരും ട്യൂണോ മെലഡിയോ ഒരു വാക്കോ പറഞ്ഞു തന്നിട്ടില്ലെന്ന് ഗായകന്‍ അറിവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ചെസ് ഒളിമ്പ്യാഡില്‍ നടന്ന ധീയുടെയും കിടക്കുഴി മറിയമ്മാളിന്റെയും 'എന്‍ജോയ് എന്‍ജാമി' പെര്‍ഫോമന്‍സ് അറിവിന്റെ അസാന്നിധ്യത്തില്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറിവ് ഇന്‍സ്റ്റഗ്രാമില്‍ ഇതുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടത്. അതിന് ശേഷമാണ് സന്തോഷ് നാരായണനും ഇന്‍സ്റ്റഗ്രാമില്‍ പാട്ടിന്റെ നിര്‍മ്മാതാവ് മാത്രമല്ല താന്‍ എന്ന് അവകാശപ്പെട്ട് കുറിപ്പ് പങ്കുവെച്ചത്.

'ഏതെങ്കിലും ഒരു കലാകാരന്‍ എന്‍ജോയ് എഞ്ചാമിയില്‍ പാടുന്നതില്‍ ഉപരിയായ് ഓരോരുത്തരും അവരുടെ ഭാഗം കോ-കംപോസ് ചെയ്യുകയോ അവരുടെ ഭാഗങ്ങളുടെ വരികള്‍ എഴുതാമെന്നും ഞങ്ങള്‍ തീരുമാനിച്ചു.

ധീയും അറിവും പാട്ട് പാടാന്‍ സമ്മതിച്ചപ്പോള്‍, ഇരുവരും സര്‍ഗാത്മക പ്രക്രിയയില്‍ ഏര്‍പ്പെട്ടിരുന്നു. അറിവ് വരികള്‍ എഴുതാനും ധീ അവളുടെ പല വരികളുടെയും ട്യൂണുകള്‍ കോ-കംപോസ് ചെയ്യാനും സമ്മതിച്ചു. ബാക്കി രാഗം ചിട്ടപ്പെടുത്തിയതും അറിവിന്റെ ഭാഗങ്ങളുടെ ഈണം ഒരുക്കിയതും ഞാനാണ്,' എന്നാണ് സന്തോഷ് നാരായണന്‍ അവകാശപ്പെടുന്നത്. 2020 ഡിസംബറില്‍ ധീ പങ്കുവച്ച ആശയത്തെ അടിസ്ഥാനമാക്കിയാണ് ഗാനം രൂപീകരിച്ചതെന്നും ചെസ് ഒളിമ്പ്യാഡില്‍ രാജ്യത്തിന് പുറത്തായിരുന്നത് കൊണ്ടാണ് അറിവ് പങ്കെടുക്കാതിരുന്നത് എന്നും സന്തോഷ് നാരായണന്‍ പറഞ്ഞു.

'എന്‍ജോയ് എഞ്ചാമി' എന്ന ഗാനം എഴുതുന്നതിന് തന്നെ ആരും ഒരു തരത്തിലും സഹായിച്ചിട്ടില്ലായെന്നും 'എന്‍ജോയ് എഞ്ചാമി' തേയിലത്തോട്ടത്തില്‍ അടിമകളായിരുന്ന തന്റെ പൂര്‍വികരുടെ ചരിത്രമല്ലാതാകുന്നില്ലെന്നും അറിവ് പറഞ്ഞിരുന്നു.

ഇൻസ്റ്റാഗ്രാം കുറിപ്പിന്റെ പൂർണരൂപം

എന്റെ പ്രിയപ്പെട്ട അനുയായികള്‍ക്കും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നമസ്‌കാരം! നിങ്ങള്‍ സുഖമായി ഇരിക്കുന്നുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ സന്തോഷത്തിനായി പ്രാര്‍ത്ഥിക്കുന്നു. 2012-ല്‍ എന്റെ സിനിമാ അരങ്ങേറ്റം മുതല്‍ ഒരു ദശാബ്ദക്കാലമായുള്ള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നു. അതെനിക്കൊരു പ്രചോദനവുമാണ്. മറ്റ് ഭാഷകളിലേക്കും ഇന്‍ഡി മ്യൂസിക് സ്പെയ്സിലേക്കും പോയതുകൊണ്ട് ഞാന്‍ കോവിഡ് മഹാമാരിക്ക് ശേഷം ഇറങ്ങിയ വര്‍ക്കുകളുടെ വിതരണത്തിന്റെ തിരക്കിലായിരുന്നു.

'എന്‍ജോയ് എന്‍ജാമി' എന്ന ഗാനവുമായുള്ള എന്റെ യാത്രയെക്കുറിച്ച് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

2020 ഡിസംബറില്‍, നമ്മുടെ വേരുകളുടെ പ്രാധാന്യം പറയുന്നതും പ്രകൃതിയെ ആഘോഷിക്കുകയും ചെയ്യുന്ന ഒരു തമിഴ് ഗാനം സൃഷ്ടിക്കുന്നതിനുള്ള ഒരു ആശയം ധീ മുന്നോട്ടുവച്ചു. ഞാന്‍ പിന്നീട് ഈ ഗാനം സംഗീത സംവിധാനം ചെയ്യുകയും അറേഞ്ചും പ്രോഗ്രാമും റെക്കോര്‍ഡും ചെയ്യുകയും ഒപ്പം പാടുകയും ചെയ്തു. സ്വതന്ത്ര സംഗീത മേഖലയില്‍ പലര്‍ക്കും ഇതിനകം അറിയാവുന്നതുപോലെ, മുകളില്‍ പറഞ്ഞ എന്റെ സൃഷ്ടിയെ ആഗോളതലത്തില്‍ ഞാന്‍ നിര്‍മ്മിച്ചതായാണ് അറിയപ്പെടുന്നത്.

ധീയും അറിവും ഞാനും പരസ്പരം വളരെയധികം സ്‌നേഹത്തോടെയും സ്വതന്ത്രമായ കലയോടുള്ള സ്‌നേഹത്തോടെയും ഒരുമിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു.

ഏതെങ്കിലും ഒരു കലാകാരന്‍ എന്‍ജോയ് എഞ്ചാമിയില്‍ പാടുന്നതില്‍ ഉപരിയായ്

ഓരോരുത്തരും അവരുടെ ഭാഗം കോ-കംപോസ് ചെയ്യുകയോ അവരുടെ ഭാഗങ്ങളുടെ വരികള്‍ എഴുതാമെന്നും ഞങ്ങള്‍ തീരുമാനിച്ചു.

ധീയും അറിവും പാട്ട് പാടാന്‍ സമ്മതിച്ചപ്പോള്‍, ഇരുവരും സര്‍ഗാത്മക പ്രക്രിയയില്‍ ഏര്‍പ്പെട്ടിരുന്നു. അറിവ് വരികള്‍ എഴുതാനും ധീ അവളുടെ പല വരികളുടെയും ട്യൂണുകള്‍ കോ-കംപോസ് ചെയ്യാനും സമ്മതിച്ചു. ബാക്കി രാഗം ചിട്ടപ്പെടുത്തിയതും അറിവിന്റെ ഭാഗങ്ങളുടെ ഈണം ഒരുക്കിയതും ഞാനാണ്.

ഈ ഗാനങ്ങളുടെ വരികളുടെ അടിസ്ഥാനം സൂക്ഷ്മമായി തിരഞ്ഞെടുത്തും, നിരവധി യഥാര്‍ത്ഥ ജീവിത കഥകളും സാംസ്‌കാരിക ചരിത്രവും പറഞ്ഞുകൊടുത്ത് അറിവിനെ പ്രചോദിപ്പിച്ചതിനും അറിവിനൊപ്പം മണിക്കൂറുകളോളം ചെലവഴിച്ച് പാട്ടിന്റെ ഒഴുക്കും തിരക്കഥയും സൃഷ്ടിച്ചതിനും സംവിധായകന്‍ മണികണ്ഠനോട് ഞങ്ങളുടെ ടീം നന്ദി പറയുന്നു. അദ്ദേഹത്തിന്റെ 'കടൈസി വിവസായി' എന്ന സിനിമയില്‍ നിന്നുമുള്ള പ്രചോദനം ആണ് എന്‍ജോയ് എന്‍ജാമിയുടെ അടിസ്ഥാനം.

പാട്ടുകളിലെ ഒപ്പാരി വരികള്‍ ആരക്കോണത്തും പരിസര ഗ്രാമങ്ങളിലുമുള്ള പാട്ടികളുടെയും താത്താമാരുടെയും സംഭാവനയാണ്. അവരുടെ രചനയെ ബഹുമാനിക്കാന്‍ മനസ്സുവെച്ചതിന് അറിവിന് നന്ദി. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട പരമ്പരാഗത ഒപ്പാരികളില്‍ ഒന്നാണ് പന്തലുല പാവക്ക.

രാകിടാ രാകിടാ, അമ്മ നാനാ, എന്നടി മായാവി തുടങ്ങിയ എന്റെ പല പാട്ടുകളുടെയും കാര്യത്തിലെന്നപോലെ, പാട്ട് രചിക്കുമ്പോള്‍ എനിക്ക് സാധാരണയായി ഒരു റഫറന്‍സ് വാക്കോ വാക്യമോ ഉണ്ടാകും, അതിലൊന്നാണ് എഞ്ചാമിയും. എന്റെ ഈ അപ്രസക്തമായ വാചകത്തെ ചുറ്റിപ്പറ്റി അറിവ് അതിശയകരമായ ഒരു ആഖ്യാനം നിര്‍മ്മിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്.

എന്‍ജോയ് എന്‍ജാമിയുടെ ആശയം, രചന, ക്രമീകരണം, റെക്കോര്‍ഡിംഗ് എന്നിവയുടെ മുഴുവന്‍ പ്രക്രിയയും 30 മണിക്കൂറിനുള്ളില്‍ എല്ലാ വരികളും ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്തു. ഷൂട്ടിംഗിന് മുമ്പ് പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ കുറച്ച് മണിക്കൂറുകള്‍ മാത്രം ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങളുടെ പ്രക്രിയ വേഗത്തിലും രസകരവും സ്വാഭാവികമായി വന്നതുമായിരുന്നു.

ഈ പാട്ടിന്റെ എല്ലാ വരുമാനവും ഉടമസ്ഥതയും ധീയും അറിവും ഞാനും തുല്യമായി പങ്കിടുന്നു എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ നിയന്ത്രണത്തിലുള്ള എല്ലാ പ്ലാറ്റ്ഫോമുകളിലും മുന്‍വിധികളില്ലാതെ ഞാന്‍ ആര്‍റ്റിസ്റ്റുകളായ അറിവിന്റെയും ധീയുടെയും ഒപ്പം നിന്ന് അവരെ അംഗീകരിച്ചിരുന്നു. പാട്ടിന്റെ ഓഡിയോ ലോഞ്ചിലെ അറിവിനെക്കുറിച്ചുള്ള എന്റെ പ്രസംഗം അതിന് തെളിവാണ്.

ഇനി 2022 ല്‍ ചെസ് ഒളിമ്പ്യാഡില്‍ നടന്ന ധീയുടെയും കിടക്കുഴി മറിയമ്മാളിന്റെയും എന്‍ജോയ് എന്‍ജാമി പെര്‍ഫോമന്‍സുമായി ബന്ധപ്പെട്ട് പറയാം. അന്ന് അറിവ് രാജ്യത്തിന് പുറത്തായതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാനായില്ലെന്നാണ് സംഘാടകരെ അറിവ് അറിയിച്ചിരുന്നത്. അന്ന് അറിവിന്റെ സാന്നിധ്യമില്ലാത്തത് ഒരു നഷ്ടം തന്നെയായിരുന്നു. എന്നാല്‍ അറിവിന്റെ റെക്കോര്‍ഡിങ്ങ് പെര്‍ഫോമന്‍സില്‍ നിലനിര്‍ത്തിയിരുന്നു.

അറിവ് ഒരു മികച്ച കലാകാരനാണെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. വെട്രി സര്‍ നിര്‍മ്മാതാവും ഞാന്‍ സംഗീത സംവിധായകനുമായ വെട്രിമാരന്റെ 'അനേല്‍ മേലെ പനിതുളി' എന്ന സിനിമയിലെ റിലീസ് ആവാന്‍ ഒരുങ്ങുന്ന 'കീച്ചേ കീച്ചേ' എന്ന ഗാനമാണ് അറിവിന്റെ എന്റെ ഏറ്റവും പ്രിയപ്പെട്ട സൃഷ്ടി. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അറിവിന് ഏഞ്ചാമിയില്‍ നല്‍കിയ അതേ സ്‌നേഹം 'കീച്ചേ കീച്ചെയ്ക്കും' നല്‍കണം.

അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാകാന്‍ ഞാന്‍ എല്ലായ്പ്പോഴും എന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്. എന്റെ വ്യക്തിജീവിതവും കലയും അതിന് തെളിവാണ്. എന്റെ വീടിനകത്തും പുറത്തും ഞങ്ങള്‍ പിന്തുടരുന്ന തൊഴില്‍ നൈതികതയും സംസ്‌കാരവും സൗഹൃദവും പരസ്യമായ രഹസ്യമാണ്. എനിക്ക് കലയോടും നമ്മുടെ നാട്ടില്‍ നിന്നുള്ള എല്ലാ കലാകാരന്മാരോടും സ്‌നേഹം മാത്രമേ ഉള്ളൂ. വരും മാസങ്ങളില്‍ ആഗോളതലത്തില്‍ നിരവധി പുതിയ തമിഴ് ശബ്ദങ്ങളില്‍ ഇതിഹാസമായ ഉയര്‍ച്ച നമ്മള്‍ കാണും.

എന്റെ നീണ്ട കത്ത് വായിച്ചതിനും ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം പിന്തുണച്ചതിനും എല്ലാവര്‍ക്കും നന്ദി. ഈ പാട്ടുമായി ബന്ധപ്പെട്ട് ആരുമായും പരസ്യമായോ സ്വകാര്യമായോ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. കൂടുതല്‍ കലകള്‍ സൃഷ്ടിക്കുകയും ആളുകളെ ഒരുമിച്ച് കൊണ്ടുവരികയുമാണ് എന്റെ ലക്ഷ്യം!

'വാങ്കോ വാങ്കോ ഒന്നാഗി' (ഒരുമിച്ച് വരൂ)

സ്‌നേഹത്തോടെ

സന്തോഷ് നാരായണന്‍ സി. ആര്‍

Related Stories

No stories found.
logo
The Cue
www.thecue.in