ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്റെ ആലാപനശൈലിയെ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ രൂക്ഷമായി വിമര്‍ശിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. സിനിമാ പാട്ടുകള്‍ മാറ്റിപ്പാടുന്നതും ഹരീഷിനെ പോലുള്ളവര്‍ പാട്ടിനെ വലിച്ചുനീട്ടുന്ന പ്രക്രിയയും വിഡ്ഡിത്തമാണെന്ന രീതിയില്‍ കൈതപ്രം ഗൃഹലക്ഷ്മി മാസികയുടെ അഭിമുഖത്തില്‍ പ്രതികരിച്ചതായിരുന്നു വിവാദം. കൈതപ്രം ദാമോദരനുമായി സംസാരിച്ചെന്നും ഇനിയും നന്നായി പാടൂ എന്റെ അനുഗ്രഹമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞതായും ഹരീഷ് ശിവരാമകൃഷ്ണന്‍.
ഹരീഷ് ശിവരാമകൃഷ്ണന്‍ ഫേസ്ബുക്കില്‍
ശ്രീ കൈതപ്രം ദാമോദരന്‍ അവര്‍കളോട് ഫോണ്‍ ഇല്‍ സംസാരിക്കാന്‍ സാധിച്ചു.
'ഇനിയും നന്നായി പാടൂ - എന്നും എന്റെ അനുഗ്രഹം ഉണ്ടാവും, നന്നായി വരും' എന്ന് പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിച്ചത്. അതില്‍ കൂടുതല്‍ ഒന്നും ആശിക്കുന്നില്ല. ഒരു വലിയ മനസ്സിന്റെ ഉടമയായ ഒരു ഇതിഹാസം ആണു അദ്ദേഹം എന്ന് ഒരിക്കല്‍ കൂടി മനസ്സിലാക്കിയ നിമിഷം. ഗുരു തുല്യനായ അദ്ദേഹത്തോട് എനിക്ക് ഉള്ള ബഹുമാനം എന്റെ ഗാനങ്ങളിലൂടെ എന്റെ തുച്ഛമായ കഴിവിലൂടെ ഇനിയും പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ തരുന്ന പ്രചോദനം മതി എനിക്ക്.
ഗൃഹലക്ഷ്മി അഭിമുഖത്തിലെ കൈതപ്രത്തിന്റെ പരാമര്‍ശം
'അങ്ങനെ മാറ്റിപ്പാടി പ്രദര്‍ശിപ്പിക്കുന്നത് വിഡ്ഢിത്തമാണ്. ഗായകനായ ഹരീഷ് ശിവരാമകൃഷ്ണനൊക്കെ അങ്ങനെ ചെയ്യുന്നത് കണ്ടു. പാട്ടുകളൊക്കെ കുറെ വലിച്ചു നീട്ടി സംഗതികളൊക്കെ ഇട്ട് പാടുകയാണ്. ഹരീഷ് നല്ലൊരു ഗായകനാണെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹം പാടിയ രംഗപുര വിഹാര പോലുള്ള ഗാനങ്ങളുടെ ആരാധകനാണ് ഞാന്‍. എന്നാല്‍ സിനിമകളില്‍ പാട്ടുകള്‍ പാടുന്നത് ഒരു ചതുരത്തിനുള്ളില്‍ നിന്നാണ്. അതില്‍ നിന്ന് പുറത്തു പോകാനുള്ള അനുവാദം ഗായകര്‍ക്ക് ഉണ്ടായിരുന്നില്ല. കാരണം റെക്കോഡില്‍ മൂന്നോ നാലോ മിനിറ്റില്‍ പാടിത്തീര്‍ക്കണം. ആ കുറുക്കല്‍ തന്നെയാണ് സിനിമ പാട്ടിന്റെ സൗന്ദര്യവും
സംഗതികളിട്ട് പാടിയാല്‍ ആരേക്കാളും മികച്ച രീതിയില്‍ ദാസേട്ടനും ചിത്രയുമൊക്കെ പാടും. സമയപരിമിതി ഇല്ലാത്തതിനാല്‍ ഹരീഷിനെ പോലുള്ളവര്‍ക്ക് ഈ ചതുരമൊക്കെ വിട്ട് എന്ത് സാഹസവും കാണിക്കാം. പക്ഷെ ആ ചതുരത്തില്‍ നിന്നാല്‍ മാത്രമെ പാട്ടിന്റെ സൗന്ദര്യം ഉണ്ടാവുകയുള്ളു എന്ന് മനസിലാക്കണം. ഈ പാട്ട് കേട്ട് ദാസേട്ടനെക്കാള്‍ വലിയ ഗായകരാണ് ഇവരെന്ന് ചിലര്‍ പറഞ്ഞാല്‍ അത് ശുദ്ധമണ്ടത്തരമാണ്. അതിനാല്‍ ദേവാങ്കണങ്ങള്‍ കൈവിട്ട് പാടിയാല്‍ എനിക്ക് അത് ഇഷ്ടപ്പെടില്ല. അത്രമാത്രം.'