സിനിമയുടെ പേര് പോലെ ഏതു സാധാരണക്കാരനും ധൈര്യമായി മുന്നേറാൻ ഊർജ്ജം നൽകുന്ന രാഷ്ട്രീയ ചലച്ചിത്രത്തിന് വൻ സ്വീകാര്യതയാണ് തീയറ്ററിൽ ലഭിക്കുന്നത്. സമീപ കാലത്തൊന്നും ഇത്രയും ധീരവും രാഷ്ട്രീയവുമുള്ള പൊളിറ്റിക്കൽ സറ്റയർ സിനിമ മലയാളത്തിൽ സംഭവിച്ചിട്ടില്ല എന്നത് തന്നെയാണ് ഇതിന് കാരണം. ആദ്യാന്ത്യം വരെ പ്രേക്ഷകർക്ക് ഇടതടവില്ലാതെ ചിരിക്കാനും തീയറ്ററിൽ നിന്നിറങ്ങിയാൽ ഓർത്തു ചിരിച്ചുകൊണ്ട് ചിന്തിക്കാനും 'ന്നാ താൻ കേസ് കൊട്' സിനിമ കുഴി നിറഞ്ഞ ആസ്വാദനത്തിന്റെ പാത വിരിച്ചിടുന്നുണ്ട്.
ചലച്ചിത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അതിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും നൽകുന്ന പിന്തുണ വലുതാണ്. സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ സംഗീത സംവിധായകന് എല്ലാ സ്വാതന്ത്ര്യവും നൽകുകയും ചെയ്തുവെന്ന് സംഗീത സംവിധായകൻ പറയുന്നു. അപകടം മണക്കുന്ന കുഴി നിറഞ്ഞ റോഡിൽ നിന്ന് തീയറ്ററിലേക്കും സിനിമ കഴിഞ്ഞു ഇതേ റോഡിലേക്ക് തിരിച്ചും ഇറങ്ങുന്ന പ്രേക്ഷകന് 'ന്നാ താൻ കേസ് കൊട് എന്ന ചലച്ചിത്രം ഒരു മ്യൂസിക്കൽ ഒരു ട്രീട്ടുകുടിയാണ് എന്ന് പറയാം. സംഗീത സംവിധായകൻ ഡോൺ വിൻസെന്റ് സംസാരിക്കുന്നു.
ആടലോടകം എന്ന ഗാനം ?
ചിത്രത്തിന് രണ്ടു ഗാനങ്ങളാണ് ആകെ പ്ലാൻ ചെയ്തിരുന്നത്. അതിൽ ഒന്നാമത്തെ ഗാനമാണ് ആടലോടകം. എല്ലാർക്കും പാട്ട് കേട്ടാൽ ആദ്യം മനസ്സിലേക്ക് വരുക ഔഷധിയായ ആടലോടകച്ചെടിയാണ്. പക്ഷെ ഇതിലെ ആടലോടകം എന്നാൽ ആടലോടെ (ആടൽ = ദുഃഖത്തോടെ/ പ്രയാസത്തോടെ) അകം(മനസ്സ് ) ആടി നിൽക്കുകയാണ്.. പ്രയാസത്താൽ മനസ്സ് കലങ്ങി നിൽക്കുകയാണ് എന്ന് സാരം.. പ്രയാസത്താൽ മനസ്സിന് ഭാരമുള്ള ഒരാൾ വന്ന് നിൽക്കുന്നു. ഉള്ളിലുള്ളത്(പ്രേമം) കണ്ണിലുള്ളത്(പ്രേമം) ദേവിയാണെ [നീയാണേ /ദൈവമാണേ ]ഉള്ളിൽ കത്തിനിൽക്കുന്നു തുടങ്ങിയ അർത്ഥത്തിലാണ് വരികൾ വൈശാഖ് സുഗുണൻ എഴുതിയിട്ടുള്ളത്.
വരികൾ കിട്ടിയപ്പോൾ തന്നെ അതിനു ഒരു ഫോക്ക് ഈണം കൈവന്നു. അങ്ങനെ തനതായ ഒരീണം കൈവന്നപ്പോൾ അതിന് ഓർക്കസ്‌ട്രേഷൻ വെസ്റ്റേൺ മ്യൂസിക്കിൽ തന്നെ ഓർക്കസ്‌ട്രേഷൻ ചെയ്യാമെന്ന് തന്നെ തീരുമാനിച്ചു. ജലം വരുന്ന വഴിയിൽ നേര് പൂക്കുമോ?നേര് വരുന്ന വഴിയിൽ സ്നേഹം പൂക്കുമോ? സ്നേഹത്തിൽ ആശയാകുന്ന പൂവ് പാട്ട് പാടുമോ? അഥവാ ഉണ്ടെങ്കിൽ ആ പാട്ടാണ് ഭൂമിയുടെ ശ്വാസം.. ഇതാണ് ആ പാട്ടിൽ വരുന്ന തമിഴ് വരികൾ. കിണറു പണിചെയ്യുന്ന തമിഴ് തൊഴിലാളികളുടെ പണിയെടുക്കാനുള്ള ഊർജ്ജവും വൈകാരികതയും ചേർത്താണ് ആ മെലഡി ഭാഗം ചെയ്തത്. ഷഹബാസ് അമനും സൗമ്യയും ആശ ടിപിയും ചേർന്ന് പാടിയപ്പോൾ ഈ പാട്ടിന്റെ പരിസരത്തിനു കുറച്ചുകൂടെ വ്യക്തത കൈവന്നു.
ഈ ഗാനത്തിൽ ഡബിൾ ബേസ് ഗിറ്റാർ വായിച്ചിരിക്കുന്നത് പോളണ്ടുകാരനായ മൈക്കിൾ ആണ്. അതുപോലെ ഡബ്രോ വായിച്ചത് സ്പെയിനിൽ നിന്നുള്ള ഹ്യൂഗോ ഇഗ്നേഷ്യസും ബാൻജോ വായിച്ചത് ഫിൻലന്റുകാരനായ നീലോ സിറോളയുമാണ്.
ചിത്രത്തിലെ ഫാസ്റ്റ് നമ്പർ ഗാനമോ ?
അതൊരു റെട്രോ സോങ് ആയി ചെയ്തതാണ്. ചിത്രത്തിനായി സംവിധായകൻ രതീഷേട്ടൻ മോക്ക് ഷൂട്ട് ചെയ്ത ഘട്ടത്തിൽ ആണ് 'പടക്കോപ്പില്ല' എന്ന ഈ ഗാനത്തെക്കുറിച്ചു ആലോചിച്ചത്. മോക്ക് അപ്പോൾ ഈ പാട്ടിനു അത്രയും ചടുലത ഉണ്ടായിരുന്നില്ല. ഫൈനൽ സിനിമ ഷൂട്ട് കഴിഞ്ഞു വന്നപ്പോൾ പാട്ടിനു കുറച്ചുകൂടെ എനർജി വേണമെന്ന് തോന്നി ആദ്യത്തെ കോമ്പോസിഷനിൽ കുറച്ചുകൂടെ മാറ്റങ്ങൾ വരുത്തി. അതാണിപ്പോൾ സിനിമയിലുള്ളത്. ഒരു ഡിസ്കോ ഫങ്ക് വിഭാഗത്തിൽ വരുന്ന 'പടക്കോപ്പില്ല' എന്ന ആ ഗാനം. അതിൽ കണ്ണൂരിലെ തോറ്റം പാട്ടിന്റെ ചില സാധ്യതകൾ ഉപയോഗിച്ചിട്ടുണ്ട്. അത് പാടിയിരിക്കുന്നത് വിപിൻ രവീന്ദ്രനും ഞാനും ചേർന്നാണ്.
ഈ രണ്ടു ഗാനങ്ങളും കൂടാതെ ചിത്രത്തിൽ രണ്ടു പഴയ സൂപ്പർ ഹിറ്റ് പാട്ടുകളുടെ റീ ക്രീയേഷൻ ചെയ്തിട്ടുണ്ട്. ഔസേപ്പച്ചൻ സാറിന്റെ ദേവദൂദർ പാടി, ജെറി അമൽദേവ് സാറിന്റെ ആയിരം കണ്ണുമായി എന്നിവയാണ് അവ. ഇരുവരോടും കടപ്പെട്ടിരിക്കുന്നു.
ഇനി ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിലേക്ക് വരുകയാണെങ്കിൽ അതും ഡോൺ തന്നയാണല്ലോ ?
ചിത്രത്തിന്റെ കഥാപരിസരത്തിനും സന്ദർഭങ്ങൾക്കും പശ്ചാത്തലമൊരുക്കിയത് ശ്രദ്ധേയമായി തോന്നി.
അറിയാവുന്നവർ വിളിച്ചു പറയുന്നുണ്ട്, അതിൽ ആഹ്ലാദമുണ്ട്. പശ്ചാത്തല സംഗീതമൊരുക്കുന്നതിൽ എനിക്ക് എല്ലാ പിന്തുണയും ഉണ്ടായിരുന്നു. കാരണം ഞാൻ മുൻപ് രതീഷേട്ടന്റെ കൂടെ ആൻഡ്രോയിഡ് കുഞ്ഞപ്പനിൽ ജോലി ചെയ്തിട്ടുണ്ട്. അങ്ങനെ ഞങ്ങൾ തമ്മിൽ ഒരു വർക്കിംഗ് കെമിസ്ട്രി ഉണ്ട്. അതിനാൽ അതേക്കുറിച്ചു ഒരു കാര്യം പറയാനുണ്ട്. പ്രധാനമായും ബാക്ക്ഗ്രൗണ്ട് സ്കോറിനായി ഞാനുപയോഗിച്ച സങ്കേതം ടൈപ്‌റൈറ്റർ ആണ്. ടൈപ്‌റൈറ്ററിന്റെ സൗണ്ട് സാംപിൾ എടുത്ത് അതിന്റെ വേരിയഷൻ പ്രധാന സങ്കേതമാക്കി, അതിലേക്കു മറ്റുപകരണങ്ങൾ സിറ്റുവേഷനനുസരിച്ചു കമ്പോസ് ചെയ്ത ഒരു രീതി ഈ പടത്തിന് വേണ്ടി ചെയ്യാനായി. സിനിമയുടെ ഏതാണ്ട് ആദ്യഭാഗം മുഴുവനും ഈ പരീക്ഷണത്തിലൂടെയാണ് ചെയ്തത്. സെക്കൻഡ് ഹാൾഫിൽ ബാക്ക് ഗ്രൗണ്ടിനായി ട്രംപറ്റും ബ്രാസും ടൈക്കോസും ബിറ്റ് ടോംസും ഒക്കെ ഉപയോഗിച്ചിട്ടുണ്ട്. സെക്കന്റ് ഹാൾഫിലാണ് ബാൻജോ ഇൻട്രൊഡ്യൂസ് ചെയ്യുന്നത്.
കോടതി സീനുകളിൽ അവിടത്തെ ആമ്പിയൻസുമായി ചേർന്നുള്ള ചില മ്യൂസിക് പാറ്റേൺ പരീക്ഷിച്ചിട്ടുണ്ട്. തെയ്യം വരുമ്പോൾ ചെണ്ടയുടെ താളമുണ്ട്. കോടതി സീനിൽ ആയിരം കണ്ണുമായി എന്ന ഗാനം വീണ്ടും വരുമ്പോൾ അതിന്റെ കൂടെയും ചെണ്ട വായിച്ചിട്ടുണ്ട്. അങ്ങനെ ഓരോ സിറ്റുവേഷൻ അനുസരിച്ചും അതിന്റെ പ്രാദേശിക സാംസ്‌കാരിക പരിസരത്തിനനുസരിച്ചുള്ള ഉപകരണങ്ങൾ ബ്ലെൻഡ് ചെയ്യാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. 'ഇപ്പൊ പെണ്ണൊരുമ്പെട്ടാലേ കാര്യം നടക്കൂ' എന്ന ഡയലോഗ് വരുന്നിടത്തു മ്യൂസിക്കിന്റെ സൂക്ഷ്മമായ ചില സാധ്യതകൾ പരീക്ഷിച്ചിട്ടുണ്ട്. അങ്ങനെ ചില കഥാപാത്രങ്ങൾ അപ്പിയർ ചെയ്യുമ്പോഴും ചില സംഭാഷണത്തിനനുസൃതമായുമൊക്കെ ചില ടോണുകൾ വായിച്ചിട്ടുണ്ട്. പശ്ചാത്തല സംഗീതം ഒരുക്കുന്നതിൽ പ്രധാനമായും താള വാദ്യങ്ങൾ വായിച്ചത് സുനിൽകുമാർ പി കെ ആയിരുന്നു.
അപ്പൊ സിനിമയുടെ ടൈറ്റിൽ മ്യൂസിക് വേറെത്തന്നെ ഒരു പാറ്റേൺ ആണല്ലോ ?
.
അതെ. അത് ബ്ലൂസ് ജോണറിലാണ് ചെയ്തത്. പടത്തിലേക്കു ഓഡിയൻസ് കയറാൻ പലപ്പോഴും ബ്ലൂസ് പോലുള്ള ജോണർ വർക്ക് ആകും എന്ന് തോന്നിയതുകൊണ്ടാണ് അങ്ങനെ ചെയ്തത്