'പട്ടണത്തീട്ടം ചുമക്കും കഴുതകള്‍, പൂട്ടുകാലത്തിന് വേണ്ടാതായവര്‍, വെള്ളം കോരികള്‍, വിറകുവെട്ടികള്‍!'; ഉള്ളുപൊള്ളിക്കും ചാവുനടപ്പാട്ട്

'പട്ടണത്തീട്ടം ചുമക്കും കഴുതകള്‍, പൂട്ടുകാലത്തിന് വേണ്ടാതായവര്‍, വെള്ളം കോരികള്‍, വിറകുവെട്ടികള്‍!'; ഉള്ളുപൊള്ളിക്കും ചാവുനടപ്പാട്ട്
Published on

കൊവിഡ് വ്യാപനം തടയാന്‍ രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലായപ്പോള്‍ ജീവിതം തകിടംമറിഞ്ഞവരില്‍ മുന്‍നിരയില്‍ കുടിയേറ്റ തൊഴിലാളികളായിരുന്നു. ഉരു ആര്‍ട്ട് ഹാര്‍ബറും രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്ണും ചേര്‍ന്ന് പുറത്തിറക്കിയ ചാവുനടപ്പാട്ട് ലോക്ക് ഡൗണില്‍ പാളത്തിനിടയിലും റോഡിലും വീണും ചതഞ്ഞും മരിച്ച, മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെക്കുറിച്ചാണ്.

കവിയും ഗാനരചയിതാവുമായ അന്‍വര്‍ അലിയുടെ ചാവുനടപ്പാട്ട് സംഗീതമൊരുക്കിയിരിക്കുന്നത് ഡോണ്‍ വിന്‍സെന്റും പാടിയിരിക്കുന്നത് ജോണ്‍ പി വര്‍ക്കിയുമാണ്

ചാവുനടപ്പാട്ട്

നാട്ടുമ്പുറത്തു വളർന്നതാണ്

പട്ടണം തീണ്ടിപ്പുലർന്നതാണ്

രണ്ടിന്നുമിടയിലെങ്ങാണ്ടോ വച്ച്

വണ്ടിക്കടിപ്പെട്ടരഞ്ഞതാണ്

മാമാരി പെയ്യും പെരുമ്പാത

കാൽനട താണ്ടിയോരാണ്

പാച്ചിലൊഴിഞ്ഞ രാപ്പാളങ്ങൾ

പൂണ്ടു മയങ്ങിയോരാണ്

നാട്ടുമ്പുറത്തു വളർന്നതാണ്

പട്ടണം തീണ്ടിപ്പുലർന്നതാണ്

രണ്ടിന്നുമിടയിലെങ്ങാണ്ടോ വച്ച്

വണ്ടിക്കടിപ്പെട്ടരഞ്ഞതാണ്

ഊട്ടിയ ധാബകൾ

നീറ്റിയ ചൂളകൾ

പട്ടണത്തീട്ടം ചുമന്ന കഴുതകൾ

പൂട്ടുകാലത്തിന് വേണ്ടാതായവർ

വെള്ളം കോരികൾ വിറകുവെട്ടികൾ

തെറിച്ചൊരെല്ല് തുറിച്ച കണ്ണ്

കരിഞ്ഞ ചപ്പാത്തിക്കഷണമൊന്ന്

ചരിത്രം കീറിയൊരഴുക്കുചാലു

ചവിട്ടി നടന്നു പുഴുത്ത കാല്

അവരുടെ പേരെന്താണ് ? ഇന്ത്യ

അവരുടെ ഊരേതാണ് ? .ഇന്ത്യ

അവരുടെ നാവ് ? ഇന്ത്യ

കിനാവ്? ഇന്ത്യ

ചാവ്? ഇന്ത്യ

ജയില് ? ഇന്ത്യ

പട്ടണത്തിൽ നിന്ന് നാട്ടിലേക്കോടും

ഞരമ്പിലെ ചോര ഇന്ത്യ....

പട്ടിണിയായോർ കുഴലൂത്തിൽ മുങ്ങി

മരിക്കുന്ന ജാലം ഇന്ത്യ....

നാട്ടുമ്പുറത്തു വളർന്നതാണ്

പട്ടണം തീണ്ടിപ്പുലർന്നതാണ്

രണ്ടിന്നുമിടയിലെങ്ങാണ്ടോ വച്ച്

വണ്ടിക്കടിപ്പെട്ടരഞ്ഞതാണ്

മാമാരി പെയ്യും പെരുമ്പാത

കാൽനട താണ്ടിയോരാണ്

പാച്ചിലൊഴിഞ്ഞ രാപ്പാളങ്ങൾ

പൂണ്ടു മയങ്ങിയോരാണ്

അവരുടെ പേരെന്താണ് ? ഇന്ത്യ

അവരുടെ ഊരേതാണ് ? .ഇന്ത്യ

അവരുടെ നാവ് ? ഇന്ത്യ

കിനാവ്? ഇന്ത്യ

ചാവ്? ഇന്ത്യ

ജയില് ? ഇന്ത്യ

നാട്ടുമ്പുറത്തു വളർന്ന്

പട്ടണം തീണ്ടിപ്പുലർന്ന്

രണ്ടിന്നുമിടയിലെങ്ങാണ്ടോ വച്ച്

വണ്ടിക്കടിപ്പെട്ടരഞ്ഞ്

വണ്ടിക്കടിപ്പെട്ടരഞ്ഞ്

വണ്ടിക്കടിപ്പെട്ടരഞ്ഞ്

വണ്ടിക്കടിപ്പെട്ടരഞ്ഞ്..

Related Stories

No stories found.
logo
The Cue
www.thecue.in