ആര്യ ദയാലെന്ന പേര് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത് പെട്ടന്ന് ഒരു ദിവസമായിരുന്നു. കൊവിഡ് രോഗബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അമിതാബ് ബച്ചന്‍ ആര്യയുടെ പാട്ടുകേട്ട് കുറിച്ചത് ' നീ എന്റെ ദിനങ്ങള്‍ പ്രകാശപൂരിതമാക്കി'യെന്നാണ്. പക്ഷേ അതിന് മുന്‍പ് തന്നെ ആര്യയുടെ പാട്ട് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം മലയാളികള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ബിഗ്ബിയുടെ കുറിപ്പോടെ മലയാളികള്‍ക്കൊപ്പം ലോകവും ആര്യയുടെ പാട്ടുകള്‍ ആസ്വദിച്ചുതുടങ്ങിയെന്ന് മാത്രം.
ശാസ്ത്രീയ സംഗീതവും വെസ്റ്റേണ്‍ മ്യൂസിക്കും സമന്വയിപ്പിച്ച് ആര്യ കമ്പോസ് ചെയ്ത ഫ്യൂഷനുകളെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ സ്വയം ചിട്ടപ്പെടുത്തിയ പാട്ടുമായും ആര്യ ശ്രദ്ധ നേടുകയാണ്.
'കിംഗ് ഓഫ് മൈ കൈന്റ്' എന്നാണ് ആര്യയുടെ പുതിയ ആല്‍ബത്തിന്റെ പേര്. ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാത്തവരായി ആരുമില്ല. താനും നിറയെ സ്വപ്നങ്ങള്‍ ഉള്ളൊരാളാണ്. അവയൊക്കെ നേടിയെടുക്കാന്‍ പല പ്രതിസന്ധികളും നേരിടേണ്ടിവരും. എങ്കിലും നമ്മള്‍ തളരരുത്. ഈയൊരു സന്ദേശമാണ് ഗാനത്തിലുടനീളം പങ്കുവയ്ക്കുന്നതെന്ന് ആര്യ പറയുന്നു.
സ്വന്തം ആല്‍ബത്തിലേക്ക്
കേട്ടുപഴകിയ പാട്ടുകളേക്കാള്‍ നമ്മുടേതായ ആശയങ്ങളും മറ്റും സ്വന്തം സൃഷ്ടിയില്‍കൊണ്ടുവരാനാകും. അങ്ങനെയാണ് ആല്‍ബം ചെയ്യാന്‍ തീരുമാനിക്കുന്നത്. ഞങ്ങള്‍ 9 പേര്‍ ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അമല്‍ കൊമത്തും അഭിജിത്ത് കുറ്റിച്ചിറയും ചേര്‍ന്നാണ് ഗാനരംഗങ്ങളുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫവാസ് അഫിയും ഫസീനും ചേര്‍ന്ന് ഛായാഗ്രഹണവും ശംഭു എഡിറ്റിങ്ങും നിര്‍വഹിച്ചു. ഇന്‍സ്റ്റഗ്രാമില്‍ ഇവരുടെ വര്‍ക്കുകള്‍ കണ്ട് ഞാന്‍ വിളിയ്ക്കുകയായിരുന്നു.
രണ്ടാമത്തെ വീഡിയോ
ലോക്ഡൗണ്‍ കാലത്ത് വീഡിയോയുടെ പ്രവര്‍ത്തനങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയായിരുന്നു.കഴിഞ്ഞ വര്‍ഷം ട്രൈ മൈസെല്‍ഫ് എന്നൊരു വീഡിയോ ചെയ്തിരുന്നു.ആ വീഡിയോയ്ക്കും നല്ല പ്രതികരണം ലഭിച്ചു.അങ്ങനെ കുറേ ആലോചിച്ചും പ്രവര്‍ത്തിച്ചുമൊക്കെയാണ് പുതിയ ആല്‍ബം ചെയ്തിരിക്കുന്നത്.എന്റെ വളരെകാലമായുള്ള സ്വപ്നമായിരുന്നു അത്. ആദ്യം ഒരല്‍പ്പം പേടിയുണ്ടായിരുന്നു. പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തില്‍. പൂര്‍ണ്ണമായും ഇംഗ്ലീഷിലാണ് ഗാനം രചിച്ചിരിക്കുന്നത്. രചനയും സംഗീതവും ഞാന്‍ തന്നെയാണ്.ബാക്കിയെല്ലാം ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. ഇന്‍സ്റ്റഗ്രാമിലും മറ്റും പരിചയപ്പെട്ടവരാണ് ആല്‍ബത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവര്‍.വളരെ പെട്ടെന്ന് തന്നെ എല്ലാവരും ഗാനം ഏറ്റെടുത്തുവെന്നറിയുന്നതില്‍ ഒത്തിരി സന്തോഷം.
പ്രചോദനമായത്
22 വര്‍ഷമായി ആര്യ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നു. എന്നെ ഏറെ സന്തോഷിപ്പിക്കുന്ന ഒരുകാര്യമാണ് സംഗീതം. ആസ്വദിക്കുന്നത് മറ്റുള്ളവരിലേയ്ക്ക് കൂടി പകരുക എന്നതാണ് എന്റെ ആഗ്രഹവും.അങ്ങനെ ചെയ്ത വര്‍ക്കുകള്‍ക്ക് പ്രശംസ ലഭിക്കുകയും ഞാന്‍ ആരാധിക്കുന്നവര്‍പോലും എന്നെ വിളിയ്ക്കുകയും പ്രശംസിക്കുകയും ചെയ്യുമ്പോള്‍ ഭയങ്കര സന്തോഷം തോന്നാറുണ്ട്. ഈയൊരു ധൈര്യമാണ് മ്യൂസിക് വീഡിയോ ചെയ്യാന്‍ തനിക്ക് പ്രചോദനമായത്.
ട്രെന്‍ഡിംഗ് സോംഗായിരുന്ന ഷേപ്പ് ഓഫ് യുവും ശുദ്ധ ധന്യാസി രാഗവും ചേര്‍ത്ത് അണിയിച്ചൊരുക്കിയ പാട്ടാണ് ബിഗ്ബിയുടെ ശ്രദ്ധയാകര്‍ഷിച്ചത്. തന്റെ ആശുപത്രി ദിവസങ്ങള്‍ തെളിച്ചമുള്ളതാക്കിയതിന് നന്ദിപറഞ്ഞുകൊണ്ടുള്ള അമിതാഭിന്റെ ട്വീറ്റ് പെട്ടെന്ന്തന്നെ ആസ്വാദക ലോകം ഏറ്റെടുത്തു. അതുവരെ 2000 ഫോളോവേഴ്സ് ഉണ്ടായിരുന്ന ആര്യയുടെ യുടൂബ് ചാനല്‍ 2 ലക്ഷത്തിന് മേല്‍ വരിക്കാരുള്ളതായി മാറി. ആയുഷ്മാന്‍ ഖുറാനയടക്കം നിരവധി ബോളിവുഡ് താരങ്ങള്‍ ആര്യയുടെ ആരാധകരായി.