തൊട്ടപ്പന്‍ എന്ന സ്‌നേഹപര്യായം
സാറയുടെയും തൊട്ടപ്പന്റെയും കലര്‍പ്പില്ലാത്ത സ്നേഹ ബന്ധത്തിന്റെ കാവ്യമാകുന്നു സിനിമ. വിനായകന്‍ അവതരിപ്പിക്കുന്ന ഇത്താക്കാണ് സിനിമയുടെ നട്ടെല്ല്.
കക്കലിന്റെ നിലത്തെഴുത്തിലേക്ക് കൈ പിടിച്ച തൊട്ടപ്പന്റെയും അയാളുടെ കുഞ്ഞാടിന്റെയും കഥ സമീപകാലത്ത് മലയാളി ഏറെ ചര്‍ച്ച ചെയ്തതാണ്. ഫ്രാന്‍സിസ് നോറോണയുടെ തൊട്ടപ്പന്‍ ചെറുകഥ സിനിമയാകുമ്പോള്‍ മൂലകഥയോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞോ എന്ന ചോദ്യമാണ് സംവിധായകന്‍ ഷാനവാസ് കെ ബാവകുട്ടിക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. നോറോണയുടെ പകരം വെക്കാന്‍ മാതൃകകളില്ലാത്ത, നീറി പിടിക്കുന്ന വന്യമായ ഭാഷാപ്രയോഗങ്ങള്‍ക്ക് ബദലെന്നോണം ക്യാമറയുടെ മനോഹരമായ ദൃശ്യഭാഷ സ്വീകരിച്ചിരിക്കുന്നു. കഥ നടക്കുന്ന തുരുത്തിന്റെ ബാഹ്യഭംഗിക്ക് അപ്പുറം ആ സ്ഥലഭൂമിക തന്നെ കഥാപാത്രമായി മാറുന്നു എന്ന പ്രത്യേകതയും തൊട്ടപ്പന്‍ സിനിമയ്ക്കുണ്ട്. ടൈറ്റലില്‍ ടിപ്പു(നായ), ഉമ്മുകുല്‍സു(പൂച്ച) എന്നെഴുതി ഇന്‍ട്രൊഡ്യൂസ് ചെയ്യുന്നത് തന്നെ സിനിമ മുന്നോട്ട് വെയ്ക്കുന്ന ദൃശ്യങ്ങളുടെ ജൈവബന്ധത്തിന്റെ സാക്ഷ്യമാണ്.
ജോണപ്പന്റെയും (ദിലീഷ് പോത്തന്‍), ഇത്താക്കി(വിനായകന്‍)ന്റെയും സ്‌നേഹ ബന്ധത്തില്‍ മിഴി തുറക്കുന്ന തൊട്ടപ്പന്‍ , ഈ കൂട്ടുകള്ളന്മാരുടെ തുരുത്തിലെ ജീവിതം എഴുതി തുടങ്ങുന്നു. തന്റെ മകളുടെ മാമോദ്ദീസയ്ക്ക് തല തൊട്ടപ്പനാകാന്‍ ഇത്താക്ക് മതിയെന്ന് ജോണപ്പന്‍ തീരുമാനിക്കുന്നു. ഭാര്യയുടെ എതിര്‍പ്പിനു പോലും ആ സ്‌നേഹ ബന്ധത്തിന് മുന്നില്‍ രണ്ടാം സ്ഥാനമേയുള്ളൂ. ഇവിടുന്നങ്ങോട്ടാണ് തൊട്ടപ്പനും അപ്പനുമായി ഇത്താക്ക് വരുന്നത്. സാറയുടെയും തൊട്ടപ്പന്റെയും കലര്‍പ്പില്ലാത്ത സ്നേഹ ബന്ധത്തിന്റെ കാവ്യമാകുന്നു, പിന്നീടങ്ങോട്ട് സിനിമ. വിനായകന്‍ അവതരിപ്പിക്കുന്ന ഇത്താക്കാണ് സിനിമയുടെ നട്ടെല്ല്.
തന്റെ മുന്‍കാല കഥാപാത്രങ്ങളുടെ പിടിയില്‍ നിന്നു കുതറി മാറുന്ന വിനായകനെയാണ് ഇത്താക്കില്‍ കാണുന്നത്. ആളുകളോട് പൊതുവെ പരുക്കനാണെങ്കിലും സാറയോട് വാത്സല്യം പ്രകടിപ്പിക്കുന്ന ഇത്താക്കിനെ വിനായകന്‍ ഭദ്രമാക്കുന്നു. വിനായകനൊപ്പം തന്നെ നിറഞ്ഞു നില്‍ക്കുകയാണ് സാറയെ അവതരിപ്പിച്ച പ്രിയംവദ. പാറ പോലെ പരുപരുത്ത, കടുത്ത ലോകത്തോട് അതിലും കടുപ്പമായി ഇടപെടുന്ന സാറയുടെ കഥാപാത്രം ആദ്യാവസാനം സിനിമയുടെ ആത്മാവായി നിറയുന്നു. ഇസ്മായിലിനെ ജീവിപ്പിച്ച റോഷന്‍ മാത്യു തന്റെ ഇതുവരെയുള്ള ചോക്ലേറ്റ് നായക പരിവേഷം കുടഞ്ഞെറിഞ്ഞിട്ടുണ്ട്. അദ്രുമാനെ അവതരിപ്പിച്ച രഘുനാഥ് പാലേരി, അന്ത്രപ്പേര്‍ ആയെത്തുന്ന ലാല്‍, പള്ളിയിലച്ചനായി എത്തുന്ന മനോജ് കെ ജയന്‍ തുടങ്ങിയവരും അവരവരുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയിട്ടുണ്ട്.
എളുപ്പം പിടികൊടുക്കാത്ത ഭാഷാ വഴക്കമാണ് നോറോണയുടെ തൊട്ടപ്പന്‍. സ്വതന്ത്രമായ അനുകല്പനം സ്വീകരിക്കുമ്പോഴും മൂലകഥയോട് ഏറെക്കുറെ നീതി പുലര്‍ത്തിയെന്ന് തിരക്കഥാകൃത്ത് പി എസ് റഫീഖിനു ആശ്വസിക്കാം. കഥാപാത്രങ്ങളുടെ മാനസികമായ ഇഴയടുപ്പങ്ങളും സ്‌നേഹ ബന്ധങ്ങളുടെ നാട്ടുപര്യായങ്ങളുമാണ് സിനിമ മുന്നോട്ട് വെയ്ക്കുന്നത്.
ചെറുകഥ സിനിമയാകുമ്പോള്‍
നോറോണയുടെ കഥ പല നിലകളില്‍ അതിറങ്ങിയ കാലത്ത് ചര്‍ച്ചാ വിഷയമായതാണ്. സ്വന്തം ഭാഷയുടെ വ്യവസ്ഥാപിത ഘടനയെ അട്ടിമറിക്കുന്ന കഥാകൃത്താണ് ഫ്രാന്‍സിസ് നൊറോണ. കാഫ്കയെക്കുറിച്ചുള്ള തങ്ങളുടെ പഠനത്തില്‍ ദെല്യൂസും ഗത്താരിയും (Kafka : Towards a Minor Literature) ന്യൂനപക്ഷത്തിന്റെ എഴുത്തുകാരനായി അദ്ദേഹത്തെ വിലയിരുത്തുന്നുണ്ട്. ആ വിലയിരുത്തല്‍ യോജിക്കുന്ന കഥാകൃത്താണ് നൊറോണയും. വംശം, ജാതി, ലിംഗം, ഭാഷ തുടങ്ങിയ ഏത് തലത്തിലെയും നിലനില്‍പ്പ് നിഷേധിക്കപ്പെട്ടവരെയാണ് ന്യൂനപക്ഷം (minority) എന്ന പദം കൊണ്ടവര്‍ സൂചിപ്പിക്കുന്നത്. ന്യൂനപക്ഷം എന്നത് എണ്ണത്തിലുള്ള കുറവിനെയല്ല എന്നു മനസ്സിലാക്കണം. ഏതു ന്യൂനപക്ഷത്തിനും അതിന്റെ പീഢിതാവസ്ഥയില്‍ നിന്നു പുറത്തുകടക്കാന്‍ അതിനെ തന്നെ പുനരാവിഷ്‌കരിക്കേണ്ടതുണ്ട്/ പുനഃസൃഷ്ടിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ന്യൂനപക്ഷത്തിന്റെ പുനഃസൃഷ്ടികളാണ് നൊറോണയുടെ കഥകളില്‍ കാണുന്നത്. മുന്‍പേ നിലനില്‍ക്കുന്ന ഉള്ളടക്കത്തിന് പറ്റിയ ആവിഷ്‌കാരരൂപം കണ്ടെത്തുവാനല്ല മറിച്ച് നിലവിലില്ലാത്ത ഒന്നിനെ ആവിഷ്‌കാരത്തിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുകയാണ് ഒരു തരത്തില്‍ നൊറോണയിലെ കഥാകൃത്ത് ചെയ്യുന്നത്. വന്യമായ ഈ ഭാഷാ പ്രയോഗമാണ് നോറോണയുടെ കഥയെ ദൃശ്യവല്‍ക്കരിക്കുമ്പോള്‍ സംവിധായകന്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഈ വെല്ലുവിളിയെ പൂര്‍ണമായി മറികടക്കാന്‍ ഒരര്‍ത്ഥത്തില്‍ സിനിമയ്ക്ക് കഴിയുന്നില്ല. പക്ഷെ ക്യാമറയുടെ ബദല്‍ ആഖ്യാനത്തിലൂടെയും കഥയില്‍ പി എസ് റഫീക്ക് എന്ന ചെറുകഥാകൃത്ത് കൂടിയായ തിരക്കഥാകൃത്ത് വരുത്തുന്ന സ്വതന്ത്ര വ്യതിയാനങ്ങളിലൂടെയും അവതരണമിടുക്കിലും ഇതിനെ മറികടക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്.
കഥയില്‍ കക്കലിന്റെ രീതിശാസ്ത്രവും അതിന്റെ പാപപുണ്യങ്ങളുമാണ് കുഞ്ഞാടിന്റെ മാനസിക ഭാവത്തെ കലുഷമാക്കുന്നത്. പള്ളിയിലെ നെഞ്ചു വിരിച്ചു നില്‍ക്കുന്ന ആന്‍ഡ്രൂസ് പുണ്യാളന്റെ നേര്‍ക്കുള്ള അവളുടെ ദൈവഭയം നിറഞ്ഞ നോട്ടം കഥയില്‍ പ്രധാനമാകുന്നതും അതുകൊണ്ടാണ്. സിനിമയില്‍ മോഷണമല്ല പ്രതികാരത്തിന്റെ കാരണം എന്നത് മൗലികമായ ഒരു വ്യതിയാനമാണ്. അവിടെ തൊട്ടപ്പന്‍, കള്ളന്‍ എന്ന സ്വത്വത്തെ ചിലപ്പോഴെങ്കിലും വെറുക്കുന്ന ദൃശ്യങ്ങളുമുണ്ട്. വ്യക്തികളുടെ മുതല്‍ എടുക്കുന്നതിനെ അയാള്‍ എതിര്‍ക്കുന്നു. ജോണപ്പന്റെ സൗഹൃദം എന്ന തിരക്കഥയിലെ കൂട്ടിച്ചേര്‍ക്കലാകണം സാറയെ രക്ഷപ്പെടുത്തേണ്ടത് തൊട്ടപ്പന്റെ ബാധ്യത കൂടിയാക്കി തീര്‍ക്കുന്നത് എന്നു വേണമെങ്കില്‍ പറയാം. സാമ്പ്രദായിക സിനിമാ കാഴ്ചകളില്‍ വിള്ളല്‍ വീഴുന്ന അനുഭവങ്ങളിലേക്കാണ് സിനിമയുടെ ആഖ്യാനം എത്തിക്കുന്നത്.
സാങ്കേതിക വിഭാഗം
സാങ്കേതിക വിഭാഗത്തില്‍ എടുത്തു പറയേണ്ട രണ്ടു സംഗതികള്‍ ക്യാമറയും പശ്ചാത്തല സംഗീതവുമാണ്. അന്‍വര്‍ റഷീദിന്റെ ബ്രിഡ്ജ് എന്ന സിനിമയുടെ ഹൃദ്യതലമൊരുക്കുന്നതില്‍ സുരേഷ് രാജന്റെ ഫ്രെയിമുകള്‍ നിര്‍ണായകമായിരുന്നു. തൊട്ടപ്പനിലെത്തുമ്പോള്‍ സുരേഷ് രാജന്റെ ക്യാമറ, തുരുത്തിന്റെയും കായലിന്റെയും സൗന്ദര്യത്തെ പരമാവധി ഒപ്പിയെടുത്തിട്ടുണ്ട്. മികച്ച കളര്‍ ടോണിങ്ങും, സന്ദര്‍ഭങ്ങള്‍ക്കിണങ്ങുന്ന ജസ്റ്റിന്‍ വര്‍ഗീസിന്റെ ബാക് ഗ്രൗണ്ട് മ്യൂസിക്കും സിനിമയുടെ മുഴുവന്‍ അന്തരീക്ഷത്തെ ഗുണപരമായി സഹായിക്കുന്നുണ്ട്. ലീല ഗിരീഷ് കുട്ടന്റെ സംഗീത സംവിധാനത്തില്‍ രൂപംകൊണ്ട പാട്ടുകളില്‍ കായലെ കായലെയും, പ്രാന്തന്‍ കണ്ടലും അതാത് സന്ദര്‍ഭങ്ങളില്‍ അതീവ ഹൃദ്യമായ അനുഭവമായി മാറുന്നുണ്ട്.
എളുപ്പം പിടികൊടുക്കാത്ത ഭാഷാ വഴക്കമാണ് നോറോണയുടെ തൊട്ടപ്പന്‍. സ്വതന്ത്രമായ അനുകല്പനം സ്വീകരിക്കുമ്പോഴും മൂലകഥയോട് ഏറെക്കുറെ നീതി പുലര്‍ത്തിയെന്ന് തിരക്കഥാകൃത്ത് പി എസ് റഫീഖിനു ആശ്വസിക്കാം. കഥാപാത്രങ്ങളുടെ മാനസികമായ ഇഴയടുപ്പങ്ങളും സ്‌നേഹ ബന്ധങ്ങളുടെ നാട്ടുപര്യായങ്ങളുമാണ് സിനിമ മുന്നോട്ട് വെയ്ക്കുന്നത്.