തിങ്കളാഴ്ച നിശ്ചയം: വടക്കൻ മലബാറിന്റെ വാമൊഴിവഴക്കങ്ങൾ

തിങ്കളാഴ്ച നിശ്ചയം: വടക്കൻ മലബാറിന്റെ വാമൊഴിവഴക്കങ്ങൾ
Published on
Summary

തങ്ങളുടെ തനത് ഭാഷാ ശൈലിയില്‍ മറ്റുള്ളവരോട് സംസാരിക്കുന്നതില്‍ കാസര്‍ഗോഡുകാര്‍ക്ക് ഉണ്ടായിരുന്ന ചളിപ്പും ചമ്മലും മാറ്റി ആ ഭാഷാശൈലിയെ മുഖ്യധാരാ സിനിമയുടെ ഭാഗമാക്കിത്തീര്‍ക്കുക എന്ന ചരിത്രപരമായ കടമ കൂടെ നിര്‍വ്വഹിക്കുന്നുണ്ട് സെന്ന ഹെഗ്‌ഡേയും തിങ്കളാഴ്ച നിശ്ചയം അദ്ദേഹത്തിന്റെ സിനിമയും

ഉന്മേഷ് ദസ്തക്കിര്‍ എഴുതുന്നു

ഏതൊരു പ്രദേശത്തും പ്രചാരത്തിലുള്ള ജീവസ്സുറ്റ നാട്ടുഭാഷാപ്രയോഗങ്ങള്‍ ഹൃദയസംവാദം എന്ന നിലയില്‍ അകൃത്രിമമായ ഒരു അനുഭവലോകമാണ് ശ്രോതാക്കളില്‍ സൃഷ്ടിക്കുക. സാഹിത്യത്തിന്റെ കാര്യമെടുക്കുക. എഴുത്തില്‍ ഉപയോഗിക്കുന്ന നാട്ടുഭാഷാ സംഭാഷണങ്ങള്‍ സ്വാഭാവികവും വൈകാരികവുമായ ഒരു അനുഭവതലമാണ് വായനക്കാരന് നല്‍കുന്നത്. തദ്ദേശീയമായ വിനിമയ ഭാഷയിലൂടെയാണ് ബഷീറും, എം.ടിയും, ഉറൂബും, പൊന്‍കുന്നം വര്‍ക്കിയും, മാധവിക്കുട്ടിയും അടക്കമുള്ള പല എഴുത്തുകാരുടെയും രചനകള്‍ മനുഷ്യമനസ്സുകളിലേക്ക് ആഴ്ന്നിറങ്ങിച്ചെല്ലുന്നത്. എന്റെ മുത്തച്ഛന് ഒരു ആന ഉണ്ടായിരുന്നു' എന്ന് അച്ചടി മലയാളത്തില്‍ വായിക്കുമ്പോഴും 'എന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്' എന്നു വായിക്കുമ്പോഴുമുണ്ടാവുന്ന വൈകാരികാനുഭവം വ്യത്യസ്ഥമായിരിക്കുമല്ലോ.

സാഹിത്യത്തില്‍ നിന്ന് സിനിമയിലേക്കെത്തുമ്പോള്‍ ഭാഷയുടെ പ്രാദേശികമായ വകഭേദങ്ങളെ കുറേക്കൂടെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയേണ്ടതാണ്. ശബ്ദവ്യതിയാനങ്ങളുടെ വൈകാരികമായ മറ്റൊരു തലം കൂടെ അവിടെ കൂട്ടിച്ചേര്‍ക്കപ്പെടുന്നു എന്നതു തന്നെ കാരണം. എന്നാല്‍ ഒരു ലാര്‍ജര്‍ ഓഡിയന്‍സിനെ മനസ്സില്‍ കണ്ട് നിര്‍മ്മിക്കുന്ന കമേഴ്‌സ്യല്‍ സിനിമ പോലൊരു പോപ്പുലര്‍ മാധ്യമത്തില്‍ ഇത് എത്രമാത്രം ഫലപ്രദമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമുണ്ട്. തമാശ്‌ക്കെന്ന പേരില്‍ പലപ്പോഴും പ്രാദേശിക ഭാഷാ വൈവിധ്യങ്ങളുടെ അരോചകമായ വികലരൂപങ്ങളാണ് മലയാള സിനിമയില്‍ ഉണ്ടാവാറുള്ളത്. ''ഇല്ലത്തൂന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്തൊട്ട് എത്തിയതുമില്ല'' എന്നു പറഞ്ഞതു പോലെ അച്ചടിഭാഷയുമായി കൂട്ടിക്കലര്‍ത്തി അവിയല്‍ പരുവത്തിലാണ് നാട്ടുഭാഷാ ശൈലികള്‍ പൊതുവേ പ്രയോഗിച്ച് കാണാറുള്ളത്.

സാഹിത്യകൃതികളിലെ വാമൊഴി വഴക്കങ്ങള്‍ അടിക്കുറിപ്പില്ലാതെ മനസ്സിലാകുന്ന മലയാളിക്ക് വടക്കന്‍ മലയാളഭാഷയും സബ്ടൈറ്റില്‍ ഇല്ലാതെ തന്നെ മനസ്സിലാക്കാനും ആസ്വദിക്കാനും കഴിയും എന്ന് സിനിമയെഴുത്തുകാര്‍ക്ക് ബോധ്യം വന്നിട്ട് അധികകാലമായിട്ടില്ല. ടിക് ടോക്, ഇന്‍സ്റ്റഗ്രാം റീല്‍, യൂട്യൂബ് തുടങ്ങിയ നവമാധ്യമങ്ങളില്‍ വടക്കന്‍ മലബാറിന്റെ നാട്ടുഭാഷാ പ്രയോഗങ്ങള്‍ക്ക് കിട്ടിയ വമ്പിച്ച പോപ്പുലാരിറ്റിയും സ്വീകാര്യതയും (ഉദാ: സുരരാജ്) സിനിമക്കാരെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു കാണണം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തുടങ്ങിയ സമീപകാല സിനിമകളില്‍ വടക്കന്‍ മലയാള ഭാഷയെ അതിന്റെ തനിമ ചോര്‍ന്നു പോകാതെ ഉപയോഗപ്പെടുത്തിട്ടുണ്ട്. നാട്ടുഭാഷയുടെ നൈസര്‍ഗ്ഗിക സൗന്ദര്യം ഈ സിനിമകള്‍ക്ക് കൂടുതല്‍ ഓജസ്സു നല്‍കുന്നു. സഖാവ് ഇ.കെ നായനാരുടെ ഭാഷ അദ്ദേഹത്തിന്റെ ജനസമ്മിതിയെ സ്വാധീക്കുന്നതില്‍ ഒരു പ്രധാന ഘടകമായി പ്രവര്‍ത്തിച്ചതു പോലെ ഗ്രാമീണ കഥകള്‍ ഗ്രാമഭാഷയിലൂടെ പറയുന്നത് വഴി കൂടുതല്‍ ജീവസ്സുറ്റതായി അനുഭവപ്പെടുന്നു.

നാട്ടുഭാഷാ പ്രയോഗത്തിലെ മേല്‍പ്പറഞ്ഞ സൗന്ദര്യവും സാമാന്യതയുമാണ് സെന്ന ഹെഗ്ഡേ എന്ന കാഞ്ഞങ്ങാട്ടുകാരന്‍ എഴുതി സംവിധാനം ചെയ്ത, കാഞ്ഞങ്ങാട്ടുകാര്‍ അഭിനയിച്ച 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമയുടെ ജനപ്രിയതക്ക് ഒരു പ്രധാന കാരണം. വിവാഹ നിശ്ചയമെന്ന ലളിതവും അതിസാധാരണമായതുമായ ഒരു കഥാപരിസരവും അത്ര തന്നെ പരിചിതമായ ചില കഥാപാത്രങ്ങളും ആണ് ഈ സിനിമയില്‍. ഋജുവായ ആഖ്യാനവും ഗിമ്മിക്കുകളും കടന്നു കയറ്റങ്ങളുമില്ലാത്ത ക്യാമറയും മലയാള നവതരംഗ സിനിമയുടെ മുഖമുദ്ര റിയലിസ്റ്റിക്കായ കഥ പറച്ചില്‍ രീതികളും എല്ലാറ്റിലുമുപരി കഥാപാത്രങ്ങളുടെ സ്വാഭാവികവും അനായാസമായ അഭിനയ മികവും ഈ സിനിമയെ നല്ലൊരു കാഴ്ചാനുഭവമാക്കി മാറ്റുന്നു. വിജയന്‍ (മനോജ്), സുജ (അനഘ നാരായണന്‍) സുരഭി (ഉണ്ണിമായ) വാര്‍ഡു മെമ്പര്‍ അവുക്കര്‍ച്ച (നാരായണന്‍ സി) തുടങ്ങി സിനിമയിലെ വലുതും ചെറിയതുമായ വേഷം ചെയ്ത എല്ലാവരും തന്നെ പുതുമുഖങ്ങളെന്ന് തോന്നിക്കാത്ത വിധമുള്ള മികച്ച അഭിനയമാണ് കാഴ്ച വെക്കുന്നത്.

വിജയന്‍ (മനോജ്), സുജ (അനഘ നാരായണന്‍)
വിജയന്‍ (മനോജ്), സുജ (അനഘ നാരായണന്‍)

ഘടനാപരമായ മുറുക്കം

സമീപകാല മലയാള സിനിമകളിലെ ഏറ്റവും മികച്ച ഒരു ഓപ്പണിംഗ് സീനാണ് തിങ്കളാഴ്ച നിശ്ചയം സിനിമയിലേത്. സിനിമ എന്താണ് പറയാനുദ്ദേശിക്കുന്നത് എന്നതിലേക്കുള്ള ചില സൂചനകള്‍ ആ സീനില്‍ കാണാം. രാത്രി ബസ് സ്റ്റോപ്പിന്റെ ഇരുളിലിരുന്ന് മദ്യപിച്ച് സംസാരിക്കുന്ന രണ്ട് പുരുഷന്മാരുടെ സ്റ്റാറ്റിക് ഷോട്ട്. അതിലൊരാള്‍ മറ്റേയാളോട് അയാളുടെ കാമുകിയെ മറന്നു കളയാന്‍ ഉപദേശിക്കുന്നു. ഈ സംഭാഷണം സിനിമയില്‍ തുടര്‍ന്ന് നടക്കുന്ന ചില സംഭവങ്ങളിലേക്കുള്ള ഒരു ഹൈപ്പര്‍ ലിങ്കാണ്.

തുടര്‍ന്ന് അവരുടെ അടുത്തേക്ക് ഒരു പോലീസ് ജീപ്പ് വന്ന് നില്‍ക്കുന്നു. ഗള്‍ഫുകാരനായിരുന്ന കുവൈറ്റ് വിജയന്റെ വീടന്വേഷിക്കുന്ന പോലീസുകാര്‍ക്ക് അവര്‍ വഴി പറഞ്ഞു കൊടുക്കുന്ന രംഗം ഒരു പക്ഷെ, കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ മാത്രം കാണാന്‍ സാധ്യതയുള്ള ഒരു രംഗമായിരിക്കും. ഒരു ജനാധിപത്യ രാജ്യമാണെങ്കില്‍ തന്നെയും നമ്മുടെ രാജ്യത്ത്, പലയിടങ്ങളിലും നീതിനിര്‍വ്വഹണക്കാരായ പോലീസ് ഇപ്പോഴും അവരുടെ കൊളോണിയല്‍/രാജഭരണ മനോഭാവങ്ങളില്‍ നിന്നും ഏറെയൊന്നും മുന്നോട്ട് പോയിട്ടില്ല. എന്നാല്‍ ഈ കഥയില്‍ നമ്മള്‍ കാണുന്ന പോലീസുകാര്‍ വഴിവക്കില്‍ സ്വസ്ഥമായി കള്ളു കുടിച്ചിരിക്കുന്ന യുവാക്കളെ ഭയപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല കുശലം പറഞ്ഞ്, അവരുടെ തമാശകള്‍ ആസ്വദിച്ചാണ് അവരോട് സംസാരിക്കുന്നത്. അനാവശ്യമായി അധികാരത്തിന്റെ ഹുങ്ക് കാണിക്കാന്‍ ശ്രമിക്കാത്ത, വളരെ അപ്രോച്ചബിള്‍ ആയ നിയമപാലകരായാണ് നമ്മള്‍ ഇവിടെ കാണുന്നത്. അധികാരം, സ്വാതന്ത്ര്യം, നിയമ വാഴ്ച തുടങ്ങിയ ജനാധിപത്യ സങ്കല്‍പങ്ങളുടെ ജനകീയമായ ഒരു ചിത്രം ഈ സീനില്‍ കാണാം. ഇത്തരം ജനാധിപത്യ സങ്കല്‍പ്പങ്ങള്‍ ഒരു കുടുംബത്തിന്റെ പവര്‍ ഡൈനാമിക്‌സുകള്‍ക്ക് അകത്ത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് സിനിമയുടെ പിന്നീടുള്ള ഗതിയില്‍ നമുക്ക് കാണാനാവും.

കുടുംബത്തിന്റെ രാജാവ് താനാണെന്നും വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്ന മറ്റു കുടുംബാംഗങ്ങളുടെ വായടപ്പിക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും അവരെ വരച്ച വരയില്‍ നിര്‍ത്താന്‍ തനിക്ക് അവകാശമുണ്ടെന്നും അഹങ്കരിക്കുന്ന പുരുഷന്റെ മിഥ്യാഭിമാനത്തെ മനീഷയെന്ന കഥാപാത്രത്തിലൂടെ ഒറ്റയടിക്ക് തച്ചുടക്കുന്നതാണ് സിനിമയുടെ ക്ലൈമാക്‌സ്.

കഥാപാത്രനിര്‍മ്മിതിയിലെ സൂക്ഷ്മത

സിനിമയെ കെട്ടുറപ്പുള്ളതാക്കുന്നതില്‍ മറ്റൊരു പ്രധാന ഘടകം സ്ത്രീ പുരുഷ കഥാപാത്ര നിര്‍മ്മിതിയിലുടനീളം പ്രകടമായിട്ടുള്ള സൂക്ഷ്മതയാണ്. അതില്‍ എടുത്തു പറയേണ്ടത് ദുര്‍ബലരായ പുരുഷ കഥാപാത്രങ്ങളും ശക്തവും നിശ്ചയ ദാര്‍ഡ്യവുമുള്ള സ്ത്രീ കഥാപാത്രങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളാണ്. കടം വാങ്ങിയ പണം തിരിച്ചു ചോദിക്കാനെത്തുന്ന പലിശക്കാരന്‍ ബേബിയെപ്പേടിച്ച് വിജയന്‍ വീട്ടിനകത്ത് ഓടിയൊളിക്കുമ്പോള്‍ ഭാര്യ ലളിതയാവട്ടെ അയാളെ ചങ്കൂറ്റത്തോടെ അഭിമുഖീകരിക്കുകയും, പണം കടം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചു തരുമെന്നും അതിനായി വീട്ടില്‍ കേറിയിറങ്ങേണ്ട കാര്യമില്ലായെന്ന് പറഞ്ഞ് തിരിച്ചയക്കുകയും ചെയ്യുന്നു. മറ്റൊരവസരത്തില്‍ ബേബി വീണ്ടും വിജയന്റെ വീട്ടില്‍ വന്ന് ഭര്‍ത്താവെവിടെയെന്ന് ലളിതയോട് അന്വേഷിക്കുമ്പോള്‍ വിജയനിപ്പോള്‍ ഇവിടെയല്ല താമസം എന്നു പരിഹസിച്ച് അയാളെ ഗൗനിക്കാതെ പോവുകയും ചെയ്യുന്നു.

വിജയനാവട്ടെ ആവര്‍ത്തിച്ചുള്ള ബേബിയുടെ ശല്യപ്പെടുത്തലില്‍ പ്രകോപിതനായി അയാളുമായി അടിപിടി കൂടുകയാണ് ചെയ്യുന്നത്. വിജയനെപ്പോലെ ദുര്‍ബലനാണ് അയാളുടെ മകളുടെ കാമുകനായ രതീഷും. നിര്‍ണ്ണായക ഘട്ടത്തില്‍ കാമുകിയുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്യാത്ത, സ്‌നേഹമുണ്ടെങ്കിലും ഒളിച്ചോടാന്‍, പ്രശ്‌നങ്ങളെ നേരിടാന്‍ ധൈര്യമില്ലാത്ത ഭീരുവാണ് അയാള്‍. അതേ സമയം സുജ അമ്മയെപ്പോലെത്തന്നെ ധൈര്യമായി തീരുമാനങ്ങളെടുക്കാനും കാര്യങ്ങള്‍ തുറന്നു പറയാനും ശ്രമിക്കുന്നവളാണ്. ഈ കല്യാണത്തില്‍ താല്‍പര്യമില്ല എന്ന് അച്ഛനെ ചെന്നു കണ്ട് മുഖത്ത് നോക്കി പറയാനും, അതുകൊണ്ട് പ്രയോജനമൊന്നും ഇല്ലെന്ന് കണ്ട് ഒളിച്ചോടാന്‍ മുന്‍കൈയ്യെടുക്കുകയും ചെയ്യുന്നു. പെണ്ണു കാണാന്‍ വന്ന ചെക്കന് എഴുതിക്കൊണ്ട് വന്ന ചോദ്യങ്ങള്‍ക്ക് 'കുരു പൊട്ടിക്കുന്ന' മറുപടി കൊടുക്കാനും പ്രണയാഭ്യര്‍ത്ഥനയുമായി ചെല്ലുന്ന ഗിരീഷ് എന്ന വായ്നോക്കിയോട് പോയി പണി നോക്കാന്‍ പറയാനും മടി കാണിക്കാത്തവളാണ് സുജ.

ഇതേ തന്റേടം ചേച്ചിയായ സുരഭിക്കുമുണ്ട്. വീട്ടുകാര്‍ കൊണ്ടുവന്ന ആലോചന സ്വീകരിക്കാതെ ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്യാന്‍ വാശി കാണിക്കുന്ന, അവരുടെ ജീവിതങ്ങളിലേക്ക് അനാവശ്യമായ കടന്നു കയറ്റങ്ങള്‍ നടത്താന്‍ ശ്രമിക്കുന്ന ബാങ്ക് മാനേജരോട് പ്രതികരിക്കുന്നവളാണ് സുരഭി. നേരെ തിരിച്ച് സുരഭിയുടെ ഭര്‍ത്താവായ സന്തോഷ് മാന്യമായി ജോലിയെടുത്ത് കുടുംബം പോറ്റുന്നവനെങ്കിലും ഭാര്യാപിതാവിന്റെ അവഗണനയും,അവഹേളനങ്ങളും കേട്ട് ഒതുങ്ങിക്കഴിയുന്നതല്ലാതെ തിരിച്ചൊരു മറുപടി കൊടുക്കാന്‍ പോലും സാധിക്കാത്ത മറ്റൊരു ഭീരുവാണ്. പുസ്തകത്തിലൊളിപ്പിച്ച പണം വിജയന്റെ അലമാരിയില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് പറഞ്ഞ് വിജയന്‍ മകനായ സുജിത്തിനെ മര്‍ദ്ദിക്കുമ്പോള്‍ അത് താന്‍ കൊടുത്ത പണമാണെന്ന സത്യം തുറന്നു പറയാനുള്ള ചങ്കൂറ്റം പോലും സന്തോഷ് പ്രകടിപ്പിക്കുന്നില്ല. സുരഭിയാണ് അക്കാര്യം പറയുന്നതും വിജയനെ തല്ലില്‍ നിന്നും പിന്തിരിപ്പിക്കുന്നതും.

യുക്തിഭദ്രമായി ചിന്തിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന സുജയുടെ സ്വഭാവത്തിന്റെ നേര്‍ വിപരീതമായാണ് അവളെ പെണ്ണു കാണാന്‍ വരുന്ന ലക്ഷ്മീ കാന്തന്‍ എന്ന കഥാപാത്രം. സ്ത്രീകള്‍ മാക്‌സി ഇടുന്നത് ഇഷ്ടമല്ലാത്ത, ഇറങ്ങിയാല്‍ തിരിച്ചു കയറരുത് തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തുന്ന അരസികനായ അയാളും സുജയും തമ്മില്‍ ഒരു തലമുറയുടെ വ്യത്യാസം തന്നെയുണ്ട്. അവസാനം നടക്കുന്ന കുടുംബ കലഹത്തിലും വിമലയെന്ന സ്ത്രീയുടെ അനാവശ്യമായ സംസാരങ്ങള്‍ക്ക്

മറുപടി കൊടുക്കുന്നതും മറ്റു സ്ത്രീകളാണ്. പുരുഷന്മാര്‍ ഇവരുടെ വര്‍ത്തമാനം എങ്ങിനെയെങ്കിലും നിര്‍ത്തിപ്പിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്.

ഒന്നനങ്ങി പണിയെടുക്ക് ചങ്ങായി, ഠീക് സേ കാം കരോ എന്നൊക്കെ പറഞ്ഞ് തിന്നും കുടിച്ചും പുക വലിച്ചും കറങ്ങി നടക്കുന്നതല്ലാതെ ആ കുടുംബത്തിലെ പുരുഷന്മാര്‍ ആരും ഒരു പണിയും എടുക്കുന്നില്ല എന്നു മാത്രമല്ല, എല്ലാ പണികളും മറ്റാര്‍ക്കെങ്കിലും ഡെലിഗേറ്റ് ചെയ്യുന്ന മടിയന്മാരുമാണ്. വിറകുകീറാനേല്‍പ്പിച്ച മരുമകന് ആ പണി മുഴുമിക്കാനറിയില്ല എന്ന് പുച്ഛിക്കുന്ന വിജയന്‍ പോലും തന്നെ പാലു വാങ്ങാനേല്‍പ്പിച്ച കാര്യം മറന്നു പോകുന്നതില്‍ മറ്റു അലസന്മാരില്‍ നിന്നും ഒട്ടും വ്യത്യസ്ഥനല്ല.

വിജയന്‍ (മനോജ്),
വിജയന്‍ (മനോജ്),

വീട്ടിലെ രാജാവ്

സ്വന്തം മക്കള്‍ സ്വന്തമായ തീരുമാനങ്ങള്‍ എടുക്കുന്നത് മനസിലാക്കാനോ അംഗീകരിക്കാനോ 'കുടുംബനാഥന്‍' (എന്ന് അയാള്‍ സ്വയം ധരിച്ചു വെച്ചിരിക്കുന്ന) ആയ വിജയന് സാധിക്കുന്നില്ല. കല്യാണാലോചനയില്‍ താല്‍പര്യമില്ല എന്നു തുറന്നു പറയുന്ന സുജയോട് ഈ വീട്ടിലത്തെ കാര്യങ്ങള്‍ താന്‍ തീരുമാനിക്കും എന്ന ഭീഷണി കലര്‍ന്ന സ്വരത്തോടെ അയാള്‍ മകളോട് മറുപടി പറയുന്നത്. അയാള്‍ക്ക് ജനാധിപത്യത്തേക്കാള്‍ വിശ്വാസം രാജഭരണത്തിലാണ്. മേല്‍ക്കുമേല്‍ അടുക്കിവെച്ച അഞ്ചാറ് പ്ലാസ്റ്റിക് കസേരകള്‍ ഒരു സിംഹാസനം പോലെയാക്കി അതിനു മുകളില്‍ കയറിയിരുന്നാണ് ഇഷ്ടപ്പെട്ട പുരുഷനുമൊത്ത് ജീവിക്കാനുള്ള മകളുടെ തിരഞ്ഞെടുപ്പിനെ അംഗീകരിക്കില്ല എന്ന തന്റെ തീരുമാനത്തിന്റെ സാധുതയെ കുടുംബാങ്ങള്‍ക്ക് മുന്നില്‍ വിജയന്‍ വോട്ടിനിടുന്നത്. അവിടെയും, 'ഒച്ച വെക്കണ്ട!' 'കൈ പൊന്തിച്ച് പിടിക്ക്' 'മിണ്ടരുത്, ഞാന്‍ മാത്രം സംസാരിക്കും' എന്നൊക്കെ അലറിക്കൊണ്ടും ഭീഷണിയുടെ സ്വരം ഉപയോഗിച്ചുമാണ് വോട്ടെടുപ്പ് നടത്തുന്നത്. ഭാര്യയുടെ അഭിപ്രായം എന്തെന്ന് അയാള്‍ ചോദിക്കുന്നു പോലുമില്ല. തന്റെ തീരുമാനം തന്നെ ആയിരിക്കും 'എന്റെ ഓള്‍ക്കും' എന്നങ്ങ് പ്രഖ്യാപിക്കുകയാണ്. അവിടെയും അയാള്‍ക്ക് തെറ്റുപറ്റുന്നു.

കുടുംബത്തിന്റെ രാജാവ് താനാണെന്നും വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്ന മറ്റു കുടുംബാംഗങ്ങളുടെ വായടപ്പിക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും അവരെ വരച്ച വരയില്‍ നിര്‍ത്താന്‍ തനിക്ക് അവകാശമുണ്ടെന്നും അഹങ്കരിക്കുന്ന പുരുഷന്റെ മിഥ്യാഭിമാനത്തെ മനീഷയെന്ന കഥാപാത്രത്തിലൂടെ ഒറ്റയടിക്ക് തച്ചുടക്കുന്നതാണ് സിനിമയുടെ ക്ലൈമാക്‌സ്. വിജയന്‍ ഒരു ഭ്രാന്തനെപ്പോലെ അട്ടഹസിച്ചും ചുറ്റുമുള്ളവരില്‍ ഭീതി ജനപ്പിച്ചും കലി തുള്ളി നില്‍ക്കുന്ന സീനിന്റെ സംഘര്‍ഷമൊക്കെ ഒറ്റയടിക്ക് ഇല്ലാതാക്കും വിധം ചിരിയുണര്‍ത്തിക്കൊണ്ടാണ് സുജിത്തിന്റെ ഗേള്‍ഫ്രണ്ടായ മനീഷയുടെ കടന്നു വരവ്. മകളുടെ താല്‍പര്യങ്ങള്‍ വിലവെക്കാതെ അവള്‍ക്ക് കല്യാണ നിശ്ചയം നടത്താന്‍ തീരുമാനിച്ചപ്പോള്‍ അവള്‍ തനിക്ക് ഇഷ്ടപ്പെട്ട പുരുഷന്റെ കൂടെ ജീവിക്കാന്‍ തീരുമാനിച്ചു എന്ന വളരെ ലളിതമായ ഒരു പ്രശ്‌നത്തെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പെരുപ്പിച്ച് കാണിക്കാന്‍ വിജയന്റെ ഉണ്ടാക്കിയെടുക്കുന്ന നാടകീയമായ പിരിമുറുക്കത്തെ അമ്പേ പരിഹാസ്യമാക്കിത്തീര്‍ക്കുന്ന വിധമാണ് ഇതൊന്നും അറിയാതെ കയറി വരുന്ന മനീഷയെന്ന കഥാപാത്രം സംസാരിക്കുന്നത്. അതോടെ ദുരഭിമാനവും പഴഞ്ചന്‍ ചിന്തകളും വെച്ച് പുലര്‍ത്തുന്ന വിജയന്റെ വായടഞ്ഞു പോകുന്നു. മക്കളുടെ മനസ്സിലാക്കാന്‍ പറ്റാത്ത താനൊരു പരാജയപ്പെട്ട അച്ഛനാണെന്ന് താനെന്ന് വിജയന് തിരിച്ചറിയുകയാണ്.

കാരിക്കേച്ചര്‍ സ്വഭാവമുള്ള കഥാപാത്രങ്ങള്‍

മനീഷയുടെ കഥാപാത്രത്തിന് ഒരു കാരിക്കേച്ചര്‍ സ്വഭാവം നല്‍കിയിരിക്കുന്നത് മന:പൂര്‍വ്വമാണ്. വിജയന്റെ മസിലുപിടിത്തവും ആണധികാരത്തിന്റെ ഗര്‍വ്വും ഒന്നും ആ കുട്ടിയെ സംബന്ധിച്ചിടത്തോളം ഒരു വിഷയമേയല്ല. ഗിരീഷ്, ഭക്ഷണപ്രിയനായ മാമന്‍, സുജയെ പെണ്ണു കാണാന്‍ വരുന്ന ലക്ഷ്മീ കാന്തന്‍ തുടങ്ങിയ മറ്റു ചില കഥാപാത്രങ്ങള്‍ക്കും ഈ കാരിക്കേച്ചര്‍ സ്വഭാവമുണ്ട്. എന്നാല്‍ ഒരു സോഷ്യല്‍ സറ്റയര്‍ എന്ന നിലക്കാണ് അത് ഉപയോഗിച്ചിരിക്കുന്നതെന്നു മാത്രം.

സുജിത്ത് സ്‌കെച്ച്ബുക്കില്‍ വരച്ച അച്ഛന്റെ കാരിക്കേച്ചറിലെ എക്‌സാജറേറ്റ് ചെയ്ത കുടവയര്‍ വിജയനെ അസ്വസ്ഥനാക്കുന്നത് ആദ്യ സീനുകളില്‍ തന്നെ നമ്മള്‍ കാണുന്നുണ്ടല്ലോ. പിന്നീട് അതിന്റെ പേരില്‍ സുജിത്തിന് തല്ലും കിട്ടുന്നുണ്ട്. രണ്ടു തലമുറകള്‍ ലോകത്തെ നോക്കിക്കാണുന്നതിലുള്ള വിടവും വ്യത്യാസങ്ങളും പല രംഗങ്ങളിലും കാണാം. സുജിത്തിന്റെ സ്‌കെച്ച് ബുക്കിലെ സ്ത്രീ ചിത്രങ്ങളും വെറും അശ്ലീലമായാണ് വിജയന് തോന്നുന്നത്. കണ്ണാടിയില്‍ നോക്കി കയ്യില്‍ കിട്ടിയ സ്റ്റെയിലിംഗ് ജെല്‍ തലമുടിയില്‍ തേച്ച് കോതിയൊതുക്കി ചെറുപ്പമാകാന്‍ നോക്കുന്ന രംഗത്തിലാണ് വിജയന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ നാം ആദ്യം കാണുന്നതെങ്കിലും പുതുതലമുറയോ, അവരുടെ മാറിയ ചിന്തകളെയോ സ്വാതന്ത്യബോധങ്ങളെയോ അയാള്‍ക്കൊരിക്കലും മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ സാധിക്കുന്നില്ല. ഒരു 'പ്രതിമ' പോലെ ഉറച്ചു പോയ പഴഞ്ചന്‍ വിശ്വാസങ്ങളുമായാണ് അയാള്‍ ജീവിക്കുന്നത്. തനിക്കിഷ്ടപ്പെട്ട കൈപ്പക്ക ഉപ്പേരി മറ്റുള്ളവര്‍ക്കും അത്രതന്നെ ഇഷ്ടപ്പെടാത്തത് എന്തു കൊണ്ട് എന്നയാള്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്തത് അതു കൊണ്ടാണ്. അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനു പകരം ഒച്ചവെച്ചും ശകാരിച്ചും കയ്യൂക്ക് കാണിച്ചും എതിര്‍ അഭിപ്രായങ്ങളെ അവഗണിക്കാന്‍ മാത്രമേ അയാള്‍ക്കറിയൂ.

നവതരംഗ സിനിമകളില്‍ പൊതുവേ കല്ലുകടിയായി കാണാറുള്ള ഏച്ചു കെട്ടിയതു പോലെ മുഴച്ചു നില്‍ക്കുന്ന പൊളിറ്റിക്കല്‍ കറക്റ്റ്നെസ്സിനു വേണ്ടിയുള്ള മന:പൂര്‍വ്വമായ ശ്രമങ്ങള്‍ ഈ സിനിമയില്‍ കുറവെന്നു തന്നെ പറയാം. സാന്ദര്‍ഭികമായ തമാശ രംഗങ്ങള്‍ ഒരിക്കല്‍ പോലും നിലവാരമില്ലാത്ത അവസ്ഥയിലേക്ക് താഴ്ന്നു പോകാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. ഓപ്പണിംഗ് സീനില്‍ സൂചിപ്പിച്ച കാമുകിയെ 'തേച്ചിട്ട് പോകാന്‍' ഒരുവന്‍ മറ്റവനെ ഉപദേശിക്കുന്ന രംഗത്തിന്റെ തുടര്‍ച്ചയായി സുജയോട് ഗിരീഷ് നടത്തുന്ന പ്രണയാഭ്യര്‍ത്ഥനയും അയാളുടെ പ്രണയത്തോട് സുജ പ്രതികരിക്കുന്ന സംഭവങ്ങളേയും വായിച്ചെടുക്കാവുന്നതാണ്. ഇതുമായി കണക്റ്റ് ചെയ്യുന്ന മറ്റൊരു സംഭവമെന്ന നിലയ്ക്ക് ഒരു ചെറിയ ക്ലിപ്പ് ക്രഡിറ്റ്‌സിനു ശേഷം കാണിക്കുന്നുണ്ട്. തന്റെ കല്യാണ നിശ്ചയത്തിന്റെ തലേദിവസം കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയ സുജയെക്കുറിച്ച് സംസാരിക്കാന്‍ ലക്ഷ്മീകാന്തന്‍ ചെയ്യുന്ന സോഷ്യല്‍ മീഡിയാ ലൈവിന്റെ ക്ലിപ്പാണത്. സ്വന്തം കല്യാണനിശ്ചയം മുടങ്ങിയതിന് അയാള്‍ കുറ്റപ്പെടുത്തുന്നത് സുജയെയാണ്. തുടക്കത്തിലെയും അവസാനത്തേയും ഈ രണ്ട് ഷോട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നതു വഴി തിരക്കഥാകൃത്തും സംവിധായകനുമായ സെന്ന ഹെഗ്ഡേ അതിസാധാരണമായ ഒരു കഥയെ കൂടുതല്‍ രസകരമാക്കിത്തീര്‍ക്കുന്നു. തങ്ങളുടെ തനത് ഭാഷാ ശൈലിയില്‍ മറ്റുള്ളവരോട് സംസാരിക്കുന്നതില്‍ കാസര്‍ഗോഡുകാര്‍ക്ക് ഉണ്ടായിരുന്ന ചളിപ്പും ചമ്മലും മാറ്റി ആ ഭാഷാശൈലിയെ മുഖ്യധാരാ സിനിമയുടെ ഭാഗമാക്കിത്തീര്‍ക്കുക എന്ന ചരിത്രപരമായ കടമ കൂടെ നിര്‍വ്വഹിക്കുന്നുണ്ട് സെന്ന ഹെഗ്‌ഡേയും അദ്ദേഹത്തിന്റെ സിനിമയും.

Related Stories

No stories found.
logo
The Cue
www.thecue.in