ഇതുവരെ കാണാത്ത പാര്‍വതി; പോരാട്ട വീര്യമുള്ള തങ്കലാന്‍

ഇതുവരെ കാണാത്ത പാര്‍വതി; പോരാട്ട വീര്യമുള്ള തങ്കലാന്‍
Published on

സവര്‍ണ്ണ ഭൂപ്രഭുക്കന്മാര്‍ക്കെതിരെയും കൊളോണിയല്‍ ശക്തികള്‍ക്കെതിരെയും പൊരുതിയ 'ബിര്‍സ മുണ്ട' തൊട്ടുള്ള ഇന്ത്യന്‍ മര്‍ദ്ദിത ജനതയുടെ പോരാട്ടാവീര്യം (ഭൂമിക്കും സ്വത്വത്തിനും ആത്മാഭിമാനത്തിനും വേണ്ടിയുള്ള ഐതിഹാസികമായ പോരാട്ടം) നമ്മളില്‍ നിറക്കുന്ന ഊര്‍ജ്ജമാണ് ഈ ഹിന്ദുത്വ ഫാസിസത്തിന്റെ കാലത്ത് നീതിബോധമുള്ളവരേ മുന്നോട്ട് നയിക്കുന്നത്.

1850ല്‍ നോര്‍ത്ത് ആര്‍ക്കോട്ടിലെ വെപ്പൂര്‍ ഗ്രാമത്തില്‍ കോലാര്‍ സ്വര്‍ണ്ണഖനിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന മര്‍ദ്ദിതരുടെ പോരാട്ടവീര്യത്തെ തങ്കലാനിലൂടെ പാ രഞ്ജിത്ത് വെള്ളിത്തിരിയിലെത്തിക്കുമ്പോള്‍ അദ്ദേഹത്തേയും നയിക്കുന്നത് മുകളില്‍ പറഞ്ഞ ഈ നീതിബോധമാണ്. സവര്‍ണ്ണ ഭൂവുടമകളും ബ്രിട്ടീഷുകാരും നിരന്തരം ചൂഷണം ചെയ്യുന്ന തങ്ങളുടെ ഭൂമിയും സ്വാതന്ത്ര്യവും തിരിച്ചു പിടിക്കാന്‍ അടിച്ചമര്‍ത്തപ്പെട്ടവരില്‍ തന്നെയുള്ള ഒരുവന്‍ അവരുടെ നേതൃത്വമേറ്റെടുത്തു കൊണ്ട് പോരാടാന്‍ ഉറച്ച തീരുമാനമെടുക്കുന്നതാണ് സിനിമയുടെ പ്രമേയം. അതിന്റെ കൂടെ അന്ന് നിലനിന്നിരുന്ന ജാതീയമായ വേര്‍തിരിവുകളും ബുദ്ധപ്രതിമകള്‍ തകര്‍ത്തുകൊണ്ട് ബ്രാഹ്‌മണാധിപത്യം സ്ഥാപിക്കുന്നതിനെതിരെയുള്ള ചെറുത്തു നില്‍പ്പുകള്‍ കൂടി കാട്ടിക്കൊണ്ട് സംവിധായകന്‍ തന്റെ രാഷ്ട്രീയ നിലപാട് ഉറക്കെ വിളിച്ചുപറയുന്നുമുണ്ട് തങ്കലാനില്‍.

ഗ്ലാമറിന്റെയും അതിരടിമാസ്സ് അടിപ്പടങ്ങളുടെയും സ്ഥാനത്ത് രാഷ്ട്രീയപരമായ സിനിമകള്‍ കൊണ്ട് ഒരു ബദല്‍ കാഴ്ചാശീലം തുറന്നിടുകയാണ് തങ്കലാനിലൂടെ പാ രഞ്ജിത്ത്. മര്‍ദ്ദിതരുടെ നിസ്സഹായതയ്ക്കും കണ്ണീര്‍ കാഴ്ച്ചകള്‍ക്കുമപ്പുറം ആത്മാഭിമാനത്തോടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന ജനതയുടെ മുന്നേറ്റത്തെ ഉയര്‍ത്തി പിടിക്കുന്നുണ്ട് തങ്കലാന്‍. മര്‍ദ്ദിത സമൂഹങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവരുന്ന സ്ത്രീകളുടെ നേതൃത്വപരമായ മുന്നേറ്റവും അവര്‍ വഹിക്കുന്ന പങ്കും കൃത്യമായിത്തന്നെ അടയാളപ്പെടുത്തി എന്നുള്ളതാണ് സിനിമയുടെ മറ്റൊരു സൗന്ദര്യം. മേക്കിങ്ങിന്റെ കാര്യത്തിലായാലും ലൗഡ് ആയി രാഷ്ട്രീയം പറയുന്ന കാര്യത്തിലായാലും കബാലിയില്‍ നിന്നും കാലയില്‍നിന്നും വളരെയേറെ മുന്നിലാണ് ഇത്തവണ സംവിധായകന്‍ പാ രഞ്ജിത്ത്.

തുടക്കത്തില്‍ മെല്‍ ഗിബ്‌സന്റെ അപോകാലിപ്‌റ്റോ വൈബ് പിടിച്ചു മുന്നോട്ട് പോകുന്ന സിനിമ ഇടയ്ക്ക് വെച്ച് ഹെര്‍സോഗിന്റെ Aguirre, the Wrath of God ആയും പിന്നീട് കുതിരപ്പുറത്ത് തോക്കുമേന്തി അടിമകളുടെ ഇടയിലേക്ക് വരുന്ന ജാങ്കോയായും (Tarantinoയുടെ Django Unchained) ആവേശം കൊള്ളിക്കുന്നുണ്ട്. ഇന്നാരിറ്റുവിന്റെ റെവനന്റിനെ അനുസ്മരിപ്പിക്കും വിധമുള്ള രാത്രികാഴ്ച്ചകളും, പകലുകളില്‍ ഇടയ്ക്കിടെയുള്ള മണല്‍ ചുഴലിക്കാറ്റും വരണ്ട പ്രദേശങ്ങളും Denis Villeneuve ന്റെ Duneലെ കൂട്ട് തന്നെ അനുഭവപ്പെട്ടു. അതുകൊണ്ടൊക്കെ തന്നെയാവും തങ്കലാന്‍ ഒരു ഇന്റര്‍നാഷണല്‍ ലെവല്‍ മേക്കിങ്ങായിട്ട് അനുഭവപ്പെടുന്നത്. കൂടാതെ അതിന് പറ്റിയ ബാക്ക്ഗ്രൗണ്ട് സ്‌കോറിങ്ങും.

ഫാന്റസി മൂഡ് ക്രിയേറ്റ് ചെയ്യാന്‍ വേണ്ടി നാടോടിക്കഥകള്‍ ബ്ലെന്‍ഡ് ചെയ്തുകൊണ്ട് മാജിക്കല്‍ റിയലിസത്തിന്റെ അകമ്പടിയോടെ ചരിത്രവും ഫാന്റസിയും സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരു മികച്ച പീരിയോഡിക് സിനിമ (വിഷ്വല്‍ ഇഫക്റ്റിലും, തിരക്കഥയിലും ചില്ലറ പോരായ്മകള്‍ ഉണ്ടെങ്കിലും) ഒരുക്കുന്നതില്‍ പാ രഞ്ജിത്ത് വിജയിച്ചിട്ടുണ്ട്. ഇടയ്ക്കിടെ പിതാ മഹനിലെ കഥാപാത്രമായ 'Chithan' കയറി വരുന്നുണ്ടെങ്കിലും വിക്രം നിരാശപ്പെടുത്തിയില്ല. മര്‍ദ്ദിത സ്ത്രീകളുടെ യഥാര്‍ത്ഥ പ്രതിഷേധങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ ഗംഗമ്മ, ആരതി എന്നീ രണ്ട് സ്ത്രീ കഥാപാത്രങ്ങള്‍ക്ക് മികച്ച സ്‌ക്രീന്‍ സ്‌പെയിസ് തന്നെ സിനിമയില്‍ നല്‍കിയിട്ടുണ്ട്. പാര്‍വതി-വിക്രം കോംബോയില്‍ ചില ഘട്ടങ്ങളില്‍ പാര്‍വ്വതി അവതരിപ്പിച്ച ഗംഗമ്മയ്ക്ക് മുന്നില്‍ പതറിപ്പോകുന്നുണ്ട് തങ്കലാനെന്ന വിക്രമിന്റെ കഥാപാത്രം. ഒറ്റമുണ്ടില്‍ നിന്ന് ബ്ലൗസിലേക്കുള്ള മാറ്റ സമയത്തുള്ള സ്ത്രീ സന്തോഷ രംഗങ്ങള്‍, ജനാധിപത്യപരമായ കുടുംബ ബന്ധങ്ങള്‍ പാലിക്കാന്‍ തങ്കലാനോട് ആവശ്യപ്പെടുന്ന ഗംഗമ്മയുടെ മൂര്‍ച്ചയുള്ള നോട്ടങ്ങള്‍, നര്‍മ്മരംഗങ്ങള്‍ തുടങ്ങി പാര്‍വതി തിരുവോത്തില്‍ നിന്ന് ഇതുവരെ കാണാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ നിരവധിയുണ്ട് സിനിമയില്‍. അതുകൊണ്ട് തന്നെ ഉള്ളാഴുക്കിലെ അഞ്ജുവിനേക്കാള്‍ തങ്കലാനിലെ ഗംഗമ്മയെന്ന നാലഞ്ച് കുട്ടികളുടെ അമ്മയായ 40കള്‍ കഴിഞ്ഞ കഥാപാത്രം പാര്‍വതിയുടെ കയ്യില്‍ ഭദ്രമായിരുന്നു.

വിക്രമും മാളവികയുമായി ഒരുമിച്ച് വരുന്ന രംഗങ്ങളിലും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും അഭിനയ മികവ് കൊണ്ടും ആരതിയെന്ന ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു മുന്നിട്ട് നിന്നത്. അതുപോലെ തന്നെ കൂടെ അഭിനയിച്ച മറ്റു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരും അവരവരുടെ റോളുകളില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in