മഞ്ഞുമ്മൽ ബോയ്സ്: മലയാളത്തിലെ നമ്പർ വൺ സർവൈവൽ ത്രില്ലർ

മഞ്ഞുമ്മൽ ബോയ്സ്: മലയാളത്തിലെ നമ്പർ വൺ സർവൈവൽ ത്രില്ലർ
Published on

(നോ സ്പോയിലേർസ് !)

പലതരം ടെൻഷനുകൾക്കിടയിൽ ഒരല്പം ആശ്വാസം തേടി, അല്ലെങ്കിൽ ചുമ്മാ നേരമ്പോക്കിനായി, ആണ് നിങ്ങൾ സിനിമ കാണുന്നതെങ്കിൽ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് കാണാതിരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ഉള്ള സമാധാനവും കളയുന്ന, അസ്വസ്ഥരാക്കുന്ന, ആധി കൊണ്ട് ശ്വാസം മുട്ടിക്കുന്ന സിനിമയാണത്. മലയാളത്തിൽ ഇന്നോളമിറങ്ങിയതിൽ ഏറ്റവും മികച്ച സർവൈവൽ ത്രില്ലറാണ് മഞ്ഞുമ്മൽ ബോയ്സ്.

മുപ്പത്തഞ്ച് കൊല്ലം മുമ്പിറങ്ങിയ ഭരതന്റെ 'മാളൂട്ടി',എന്ന ഒരൊറ്റ സിനിമ മാത്രമേ സർവൈവൽ ഡ്രാമ/ത്രില്ലർ ഗണത്തിൽ എടുത്ത് പറയാനായി മലയാളിക്ക് സ്വന്തമായുണ്ടായിരുന്നുള്ളൂ. സമീപകാലത്ത് വന്ന മാത്തുക്കുട്ടിയുടെ 'ഹെലൻ' ആണ് കൂട്ടത്തിൽ ചേർത്ത് പറയാനുള്ള മറ്റൊരു ഭേദപ്പെട്ട സിനിമ. എന്നാൽ ഈ പെരുമകളെയെല്ലാം ബഹുദൂരം പിന്നിലാക്കുന്ന സാങ്കേതികത്തികവ് കൊണ്ട് പ്രേക്ഷകനെ സീറ്റിന്റെ അരികിലേക്ക് പിടിച്ചിരുത്തുന്ന സുന്ദര സിനിമയാണ് മഞ്ഞുമ്മൽ. എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ എന്ന് ഒരു വിശേഷണമായി പ്രയോഗിക്കാറുണ്ടെങ്കിലും ഇത് പോലെ അവസാന അര മുക്കാൽ മണിക്കൂർ നേരം അക്ഷരാർഥത്തിൽ റിക്ലൈനർ സോഫയുടെ സുഖസൗഖ്യങ്ങളുപേക്ഷിച്ച് സീറ്റിന്റെ വക്കത്ത് വന്നിരുന്ന് ശ്വാസംമുട്ടിക്കണ്ട ഇതിന് മുമ്പത്തെ മലയാള സിനിമ ഏതായിരുന്നുവെന്ന് ഓർമപോലും വരുന്നില്ല.

മാളൂട്ടി
മാളൂട്ടി

2006-ൽ കൊച്ചിയിലെ മഞ്ഞുമ്മൽ പ്രദേശത്തെ പത്ത് പന്ത്രണ്ട് ചെറുപ്പക്കാർ കൊടൈക്കനാലിലെ പ്രസിദ്ധമായ ഗുണ കേവ്സിലേക്ക് നടത്തിയ സാഹസിക വിനോദയാത്രയ്ക്കിടയിൽ കൂട്ടത്തിലൊരാൾ മലയിടുക്കിൽ 900 അടിയോളം താഴ്ചയിലേക്ക് വീണ് പോകുന്നതും സർവൈവ് ചെയ്യുന്നതുമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ ആകെ പ്രമേയം. പ്രധാനമായും രണ്ട് വെല്ലുവിളികളെ അതിജീവിച്ചാൽ മാത്രമേ ഈ അതിജീവന കഥ ബോക്സോഫീസിനെ അതിജീവിക്കുമായിരുന്നുള്ളൂ: ഇത് ഒരു റിയൽ ലൈഫ് ഇൻസിഡന്റ് ആണെന്നത് തന്നെയാവും പടം എഴുതാനിരിക്കുമ്പോൾ ചിദംബരം അഭിമുഖീകരിച്ചിട്ടുണ്ടായേക്കാവുന്ന, രചനാ സംബന്ധിയായ, ഏറ്റവും വലിയ വെല്ലുവിളി. ദുരന്തത്തിനും അതിജീവനത്തിനും പാത്രമായവർ, അവരുടെ കഥകൾ - ഇതത്രയും ആർക്കും ആക്സെസിബിളാകുന്നത്ര അരികെ ലഭ്യമാകുമ്പോൾ പ്രേക്ഷകന് മുമ്പിൽ അതിൽ നിന്നൊരു ഡ്രാമ ബിൽഡ് ചെയ്തെടുക്കുക എന്നത് വലിയ ടാസ്കാണ്. 'മലയൻ കുഞ്ഞ്' എന്ന ഏറ്റവും പുതിയ സർവൈവൽ ഡിസാസ്റ്ററാവും ചിദംബരത്തിനെ തുറിച്ചു നോക്കിയിട്ടുണ്ടാകാവുന്ന, പടത്തിന്റെ മെയ്ക്കിങ്ങുമായി ബന്ധപ്പെട്ട, അടുത്ത വെല്ലുവിളി. ദുരന്തത്തിലേക്ക് കൊണ്ട് ചെന്നിടുക വളരെ എളുപ്പമാണ്. ഒരു കഥപാത്രത്തിന് മറ്റൊരാളോട് ഉള്ളിൽ പകയുണ്ടായിരുന്നു; ആരും കാണാതെ അയാൾ മറ്റെയാളെ കൊക്കയിലേക്ക് തള്ളിയിട്ടു - ഇങ്ങനെ പറഞ്ഞാൽ പ്രേക്ഷകൻ കൺവിൻസ്ഡായിക്കൊള്ളും. എന്നാൽ അയാളുടെ കരകയറൽ, അതിജീവനം, അത് അശേഷം ഡോക്യു ആയിപ്പോകാതെ, ഡ്രൈ ആവാതെ, പൈങ്കിളി ആവാതെ, ഇമോഷനലി ഡിസ്കണക്റ്റഡ് ആവാതെ പ്രസന്റ് ചെയ്താൽ മാത്രമേ പടം അതിജീവിക്കുകയുള്ളൂ. ഇതത്രയും വലിയ റിസ്കുകൾ ആയതിനാലാണ് ഈ ഴോൺറെയിൽ മലയാള പടങ്ങൾ അധികമൊന്നും ഇല്ലാത്തത്. ആ റിസ്കുകൾ തന്റെ രണ്ടാമത്തെ മാത്രം ചിത്രത്തിൽ ഏറ്റെടുക്കുവാൻ തയാറായ ചിദംബരത്തിന്റെ ആത്മവിശ്വാസവും അത് വിജയിപ്പിക്കുവാൻ അദ്ദേഹത്തിന് ബലമേകിയ പ്രതിഭയും അഭിനന്ദനമർഹിക്കുന്നു.

ചിദംബരം (സംവിധായകൻ)
ചിദംബരം (സംവിധായകൻ)

സൗഹൃദം എന്ന ഫാക്റ്റർ ആണ് സിനിമ പുള്ളോഫ് ചെയ്യുവാനും ഇമോഷനലി കണക്റ്റ് ചെയ്യുവാനുമായി ചിദംബരം പ്രയോജനപ്പെടുത്തിയത്. ജീവിതത്തെ ഉല്ലാസഭരിതവും ചൈതന്യപൂർണവുമാക്കുന്ന മുന്തിരിക്കള്ളാണ് സൗഹൃദമെന്ന് എഡ്വേഡ് യങ് നിരീക്ഷിക്കുന്നുണ്ട്. മഞ്ഞുമ്മലിലെ അതിനിർണായകമായ ഒരു രംഗത്തിൽ സ്വന്തം ജീവൻ പണയം വെച്ചും ഗുഹയുടെ ആഴങ്ങളിലേക്ക് വീണ് പോയ സുഹൃത്തിനെ രക്ഷിക്കുവാനുദ്യമിക്കുന്ന ഒരു കഥാപാത്രം, തന്നെ തടയാൻ നോക്കുന്ന മറ്റൊരു കൂട്ടുകാരനോട് ചോദിക്കുന്നുണ്ട്, "എന്റെ സ്ഥാനത്ത് നീയായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു" എന്ന്. "നിങ്ങളിത് ചെയ്യുന്നില്ലെങ്കിൽ ഞാനതിന് തുനിഞ്ഞിറങ്ങും" എന്നാണ് അയാൾ അപ്പോൾ നൽകുന്ന ഉജ്വലമായ മറുപടി ! ഗുഹയ്ക്കുള്ളിൽ മരണത്തെ മുഖാമുഖം കണ്ട് ബോധമറ്റ് കിടക്കുന്ന ഹതഭാഗ്യനായ കൂട്ടുകാരന്റെ അബോധത്തിലാവട്ടെ തന്നെ വന്ന് വിളിക്കുന്ന കൂട്ടുകാരുടെ ചിത്രമാണുള്ളത്. ‘ഞാനുള്ളിടത്തോളം നിന്നെ ഒരു മരണത്തിനും വിട്ടു കൊടുക്കില്ലെന്ന, അവരുള്ളിടത്തോളം എനിക്കൊന്നും സംഭവിക്കില്ലെന്ന’, അപാരവും അനന്യവും അവാച്യമായ ഉറപ്പിന്റെ പേരാണ് സൗഹൃദം. ആ ബന്ധത്തെ, വികാരത്തെ, കൃതഹസ്തതയോടെ സ്ഥാപിക്കുകയും അതിൽ ഈ അതിജീവനകഥ കൃത്യമായി ഇൻകോർപറേറ്റ് ചെയ്യുകയും ചെയ്തതാണ് ചിദംബരത്തിന്റെ മികവ്, വിജയരഹസ്യം.

ചിദംബരത്തിന്റെ ക്രാഫ്റ്റ് ഗംഭീരമാണ്. വളരെ കാഷ്വലായാണ് പടം ആരംഭിക്കുന്നത്. പടത്തിന്റെ പ്രമേയം എന്താണെന്ന സർപ്രൈസ് ബാക്കിയില്ലാതിരുന്നതിനാൽ ആദ്യ രംഗങ്ങളിലെ പല സീക്വൻസുകൾക്കും ഭാവിയിൽ, പ്രത്യേകിച്ച് കഥാന്ത്യത്തിൽ, കണക്ഷനുകളുണ്ടാകുമെന്ന് നല്ല സെൻസിറ്റിവിറ്റിയുള്ള പ്രേക്ഷകൻ അനുമാനിക്കാതിരിക്കില്ല. അത് കൃത്യമായി അങ്ങിനെ തന്നെ സംഭവിക്കുകയും ചെയ്യുന്നു. എന്നാൽ അതിനപ്പുറം, വളരെ അലസമായി, ഒട്ടും എൻഗേജ് ചെയ്യാതെയാണ് ആദ്യ അരമണിക്കൂർ നേരം പടം മുന്നോട്ട് നീങ്ങുന്നത്. മഞ്ഞുമ്മൽ സുഹൃദ്സംഘം യാത്രയ്ക്കായി ക്വാളിസിലേക്ക് കയറുന്നതോടെ ഗിയർ ഒന്ന് ഷിഫ്റ്റാവുന്നുണ്ട്. എന്നിരുന്നാലും ആ നിർണായക ട്രാജഡി അരങ്ങേറുന്നത് വരെ കാഷ്വൽ അപ്രോച് തുടരുന്നത് കാണാം. തുടർന്നുള്ള ഭാഗങ്ങൾ വരിഞ്ഞു മുറുക്കുവാൻ വേണ്ടിയായിരുന്നു തുടക്കത്തിലെ ഈ അഴിച്ചിടൽ എന്ന് പ്രേക്ഷകൻ തിരിച്ചറിയുക പടം അവസാനിക്കുമ്പോൾ മാത്രമാകും ! ആ നിർണായകമായ ദുരന്തം എപ്പോൾ വേണമെങ്കിലും സംഭവിക്കുമെന്ന് പ്രേക്ഷകന് മുൻപേ അറിയാം. എന്നിട്ടും ഒട്ടും നിനച്ചിരിക്കാത്ത നേരത്ത്, സ്റ്റണ്ണിങ് ആയാണ് ആ സീക്വൻസ് സംഭവിക്കുന്നത്. അവിടുന്നങ്ങോട്ട് പ്രേക്ഷകന്റെ മനസ്സമാധാനത്തിന്റെ താക്കോൽ കൂടിയാണ് ചിദംബരം കൊക്കയിലേക്ക് വലിച്ചെറിയുന്നത്. അവസാന ഉത്തരം എന്താണെന്നറിയാമായിരുന്നിട്ടും ആധിയുടെയും സമ്മർദ്ദത്തിന്റെയും കീഴ്ക്കാംതൂക്കായ മലയിടുക്കുകളിലൂടെ പ്രേക്ഷകനെ കയറിട്ടു വലിക്കുവാൻ ചിദംബരത്തിന് സാധിക്കുന്നത് ക്രാഫ്റ്റിലെ മികവ് കൊണ്ട് തന്നെയാണ്. ബാല്യസൗഹൃദസ്മരണകളുടെ തിരനോട്ടങ്ങളുയരുന്ന ഒരു ലയർ, അന്യദേശത്ത് ആപത്തിൽ പെട്ടാൽ സംഭവിക്കാവുന്ന അനുകൂലവും പ്രതികൂലമായ പ്രതികരണങ്ങളുടെ മറ്റൊരു ലയർ - ഇത് രണ്ടുമാണ് സ്ക്രിപ്റ്റിനെ ഉടനീളം ഡൈനാമിക് ആയി നിലനിർത്തുവാൻ ചിദംബരം ആശ്രയിക്കുന്ന മറ്റൊരു നറേറ്റിവ് ടെക്നിക്. തീർത്തും സ്വാഭാവികമായി ഈ സമാന്തര രേഖകളെ വിന്യസിക്കുവാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്യുന്നു.

പ്രമേയ പരിചരണത്തിലെ മികവിനൊപ്പം സാങ്കേതിക മേഖലകളിലെ ടോപ് നോച് പെർഫോമൻസുകളും മഞ്ഞുമ്മലിന് മാറ്റ് കൂട്ടുന്നു. ഹരിതാഭമായ കൊടൈ മലനിരകളുടെയും ഇരുൾ മൂടിയ ഗർത്തങ്ങളുടെയും ഭയാനകമായ സൗന്ദര്യവും അതിജീവനത്തിന്റെ നേർക്കാഴ്ചകളും അതിശയപൂർണമായി ഒപ്പിയെടുത്ത ഷൈജു ഖാലിദിന്റെ ഉജ്വലമായ ദൃശ്യങ്ങളും പടത്തിൽ ഇഴുകിച്ചേർന്ന് കിടക്കുകയും ഇടയ്ക്ക് പ്രേക്ഷകനെ പിടിച്ച് കുലുക്കുകയും ചെയ്യുന്ന സുഷിൻ ശ്യാമിന്റെ മനോഹരമായ സംഗീതവും റെസ്ക്യൂ രംഗങ്ങളുടെ ഉദ്വേഗം വിശേഷിച്ചും ഒരനുഭവമാക്കിയ വിവേക് ഹർഷന്റെ എഡിറ്റിങ്ങും സർവോപരി, ഗുഹാന്തരീക്ഷത്തെ അവിശ്വസനീയവും അത്ഭുതകരമായ കൃത്യതയോടെ പുന:സൃഷ്ടിച്ച അജയൻ ചല്ലിശ്ശേരിയുടെ പ്രൊഡക്ഷൻ ഡിസൈനും സൗണ്ട്, സി.ജി. ഡിപ്പാർട്മെന്റുകളും ഇക്കൂട്ടത്തിൽ എടുത്ത് പറയേണ്ട സംഭാവനകളാണ് നിർവഹിച്ചിട്ടുള്ളത്. ഒപ്പം സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും തമിഴ് നടന്മാരുമുൾപെടെയുള്ള എല്ലാ അഭിനേതാക്കളുടെയും നല്ല പ്രകടനവും അഭിനന്ദനമർഹിക്കുന്നു.

തിയേറ്റർ വാച്ച് നിർബന്ധമായും ആവശ്യപ്പെടുന്ന പടമാണ് മഞ്ഞുമ്മൽ ബോയ്സ്. ഈ ഴോൻറെയിൽ ഇത്ര സാങ്കേതികഭംഗിയോടെ മലയാളത്തിൽ ഇന്നേവരെ ഒരു പടമിറങ്ങിയിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in