'Malik' Review: തിയറ്ററിന് നഷ്ടമായ മാലിക്‌

'Malik' Review: തിയറ്ററിന് നഷ്ടമായ മാലിക്‌
Published on

മാലിക് എന്ന സിനിമയിലൊരു രംഗമുണ്ട്. നഗരത്തിന്റെ ചവറുകൂനയാക്കി തന്റെ തുറയെ മാറ്റുന്നതിനെ എതിര്‍ത്ത സുലൈമാന്‍ അലി അഹമ്മദിനെ അധികാരവര്‍ഗവും പൊലീസും ചേര്‍ന്ന് മൃതപ്രായനാക്കി അതേ മാലിന്യക്കൂനയിലേക്ക് വലിച്ചെറിയുന്നു. അവിടെ നിന്നാണ് അയാളുടെ ഉയിര്‍പ്പ്. സുലൈമാന്‍ അലി അഹമ്മദിനെ റമദാപ്പള്ളി അലിക്കയായി ഏറ്റുവാങ്ങുന്ന മൊമന്റ്. കൊവിഡ് ചലച്ചിത്രമേഖലയെ നിശ്ചലമാക്കുകയും കാഴ്ചയെ വീട്ടിലേക്കൊതുക്കുകയും ചെയ്ത ഒന്നരവര്‍ഷക്കാലത്ത് മലയാളിക്ക് നഷ്ടമായ ഏറ്റവും വലിയ തിയറ്റര്‍ അനുഭവം മാലിക് എന്ന സിനിമയുടേതാണെന്ന് തോന്നിപ്പിക്കുന്നതാണ് ഈ രംഗം. മോഹന്‍ലാലിന് രാജാവിന്റെ മകനും മമ്മൂട്ടിക്ക് ന്യൂഡല്‍ഹി പോലെ ഫഹദ് ഫാസിലിന് തിയറ്ററിലെ ആളിരമ്പവും കയ്യടിയുമായിരുന്നേനെ മാലിക്.

Malik review
Malik review

അണ്ടര്‍ഡോഗ് ഗാംഗ്സ്റ്റര്‍ ഡ്രാമകളുടെ സമാനമായ സാമൂഹിക ജീവിത പരിസരത്ത് നിന്നാണ് സുലൈമാന്‍ അലി അഹമ്മദിന്റെയും വരവ്. ഏറെയും സമാനതകള്‍. അത്തരം സമാനതകള്‍ നില്‍ക്കെ തന്നെ പുറമേ ധീരനും അകമേ വൈകാരികമായി ദുര്‍ബലനുമായൊരു സുലൈമാനെ മഹേഷ് നാരായണന്‍ തന്റെ നായകനായി പ്രതിഷ്ഠിക്കുന്നു. മണിരത്നത്തിന്റെ ഗോഡ്ഫാദര്‍ ഇന്ത്യന്‍ പതിപ്പായ 'നായകനെ' ഘടനയിലും, ചില രംഗങ്ങളില്‍ അനുസ്മരിപ്പിക്കുന്നു എന്നതിനപ്പുറം മാലിക് കമലിന്റെ നായകനെ ഫോര്‍മാറ്റിലോ ശൈലിയിലോ അതേ പടി പിന്തുടരുന്ന സിനിമയേയല്ല. നായകന്‍ സൃഷ്ടിക്കുന്ന വൈകാരിക തലവുമല്ല മാലികിന്റേത്.

Malik review
Malik review
ഗോഡ്ഫാദറിലെ വിവാഹ സീന്‍ എങ്ങനെ മോട്ടീവിലേക്കും കഥാപാത്രവ്യാഖ്യാനത്തിലേക്കുമുള്ള യാത്രയായി മാറിയെന്നത് പോലെയാണ് മാലിക്കിലെ വിരുന്ന് സീന്‍.

തന്നെ വിശ്വസിച്ച് നിലയുറപ്പിക്കുന്ന റമദാപ്പള്ളിക്കാര്‍ക്കായി സുലൈമാന്‍ നടത്തുന്ന ഓരോ പോരാട്ടവും വിജയിക്കുന്നത് അയാള്‍ക്ക് എന്നേക്കും മുറിപ്പാടായ നഷ്ടങ്ങള്‍ സമ്മാനിച്ചാണ്. റംലയുടെ തിരസ്‌കാരവും അമീറും എടാ മക്കളേ എന്ന ഫ്രെഡിക്ക് മുന്നിലുള്ള വിങ്ങലുമെല്ലാം വേലുനായ്ക്കര്‍ മുഹൂര്‍ത്തങ്ങളുടെ റെട്രോയായി മാറുന്നുണ്ട്.

അവന്‍ ആറാം വയസിലേ മരിക്കേണ്ടതായിരുന്നുവെന്ന് പറയുന്നത് അയാളുടെ ഉമ്മ ലൈലാ ബീഗമാണ്. ഖബറില്‍ നിന്ന് മരണത്തെ അതിജീവിച്ചവന്‍, തുറയും തീരവും കൈപ്പിടിയിലാക്കാന്‍ ശ്രമിച്ചവര്‍ മരണമുറപ്പിച്ചെറിഞ്ഞ ചവറില്‍ നിന്നാണ് അയാളുടെ രണ്ടാം ജന്മം. ഫഹദ് ഫാസിലിന്റെ സുലൈമാനില്‍ നിന്നാണ് മാലിക് തുടങ്ങുന്നത്. വൃദ്ധനാണ് സുലൈമാന്‍. അയാളുടെ ഹജ്ജ് യാത്രക്ക് മുന്നോടിയായി റമദാപ്പള്ളിക്കാര്‍ക്കുള്ള വിരുന്ന്. ആ രാത്രി വിരുന്നിനൊപ്പം ക്യാമറ സഞ്ചരിക്കുമ്പോള്‍ ആരാണ് സുലൈമാന്‍ അലി അഹമ്മദെന്നും റമദാപ്പള്ളിക്ക് ആരാണ് അലിക്കയെന്നും മനസിലാകും. 12 മിനുട്ടോളം നീണ്ട കാഴ്ചയിലെ ഒറ്റഷോട്ട് റമദാപ്പള്ളിയിലേക്കും ആ തുറയുടെ നായകനായ അലിക്കയിലേക്കും അയാളുടെ ജീവിത സഞ്ചാരപഥങ്ങളിലേക്കുമുള്ള ഒറ്റവാതില്‍കൂടിയാണ്. സുലൈമാനില്‍ നിന്ന് അയാളെക്കാള്‍ കരുത്തുള്ള ഭാര്യ റോസ്ലിനിലേക്കും മകളിലേക്കും ഒടുക്കം അയാള്‍ക്കായി കാത്തിരിക്കുന്ന എതിരികളിലേക്കുമാണ് സഞ്ചാരം. ഗോഡ്ഫാദറിലെ വിവാഹ സീന്‍ എങ്ങനെ മോട്ടീവിലേക്കും കഥാപാത്രവ്യാഖ്യാനത്തിലേക്കുമുള്ള യാത്രയായി മാറിയെന്നത് പോലെയാണ് മാലിക്കിലെ വിരുന്ന് സീന്‍.

Malik review
Malik reviewMalik review

സംഭവബഹുലമായ മുഹൂര്‍ത്തങ്ങളെ മിനിമലായി അവതരിപ്പിക്കുകും അതിന്റെ ഇംപാക്ട് കൃത്യമായി അനുഭവപ്പെടുത്തുന്നതും ടേക്ക് ഓഫില്‍ മഹേഷ് നാരായണന്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. ഇവിടെ സ്‌കൂളിലെ ബോംബേറ്, അപ്പാനി ശരതിനെതിരായ ആക്രമണം, പൊലീസ് വെടിവെപ്പ് എന്നിവയെ ആ രംഗങ്ങളുടെ ആഘാതം അതേ പടി നിലനിര്‍ത്തി മിനിമലായി മഹേഷ് അവതരിപ്പിച്ചിരിക്കുന്നത് കാണാം.

റോസ്ലിന്‍, ലൈല ബീഗം, ഡേവി എന്നിവരിലൂടെയാണ് സുലൈമാന്റെ ജീവിതചിത്രം ആദ്യപകുതിയിലെത്തുന്നത്. വിവിധ ട്രാക്കുകളിലൂടെ കഥ പറച്ചില്‍ നീങ്ങുമ്പോഴും സുലൈമാന്‍ എന്ന വൈകാരിക/ ആഖ്യാന കേന്ദ്രത്തില്‍ നിന്നകലാതെ ആസ്വാദനം സാധ്യമാക്കുംവിധമാണ് എഴുത്തിലെയും എഡിറ്റിലെയും ദൃശ്യാവിഷ്‌കാരത്തിലെയും മഹേഷിന്റെ ഇടപെടല്‍.

Malik review
Malik review

സിനിമാട്ടോഗ്രഫിയോടൊപ്പം സൗണ്ട് ഡിസൈനില്‍ എടുത്ത് പറയേണ്ട സിനിമയുമാണ് മാലിക്. വിരുന്നിലെ സംഭാഷണങ്ങള്‍ മുതല്‍ വിഷ്വല്‍ ഇംപാക്ട് സൃഷ്ടിച്ച സീനുകളിലെല്ലാം ശബ്ദരൂപകല്‍പ്പനയുടെ കൂടി മികവുണ്ട്. സാനു ജോണ്‍ വര്‍ഗീസിനൊപ്പം വിഷ്ണു-ശ്രീശങ്കര്‍ ടീമിന്റെയും നിര്‍ണായക പങ്ക് കാണാനാകും. പല കഥാപാത്രങ്ങളിലേക്കും പല തട്ടിലേക്കും കടലിലേക്കും കരയിലേക്കും ജയിലിലേക്കുമായി ക്യാമറയുടെ സഞ്ചാരപഥം മാറുമ്പോഴും ഇടമുറിയാതെ ആസ്വാദനം സാധ്യമാക്കുന്ന വിഷ്വല്‍ കൊറിയോഗ്രഫി. സുലൈമാന്റെ എയര്‍പോര്‍ട്ട് സര്‍വൈലന്‍സ് ക്യാമറ ഫീല്‍ ചെയ്യിപ്പിച്ച രംഗം, ജയിലിലേക്കുള്ള എന്‍ട്രി സീനുകളും ആക്ടിവിറ്റികളും തുടങ്ങിയ ഭാഗങ്ങളില്‍ ത്രില്ലര്‍ പേസ് ഉണ്ടാക്കുന്ന വിഷ്വല്‍ കൊറിയോഗ്രഫിയാണ്.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ റമദാപ്പള്ളിയിലെ മാത്രമല്ല എടവത്തുറയിലെ മനുഷ്യരെയും പരസ്പരം കണ്ണി ചേര്‍ക്കുന്ന ഒരേയൊരാള്‍ സുലൈമാനാണ്. മനുഷ്യസ്നേഹമാണ് അലിക്കയുടെ ആയുധമെന്ന അബുവിന്റെ പ്രസംഗത്തിനോ, ലൈലാ ബീഗം മുതലുള്ള ഫ്ളാഷ് ബാക്കിലോ എന്തുകൊണ്ടാണ് സുലൈമാന്‍ അലി അഹമ്മദ് റംദാപ്പള്ളിയുടെ ഹൃദയനായകനായെന്നതിന് കൃത്യമായി സ്ഥാപിക്കാനാകുന്നില്ല. ആസ്വാദകരെ ദൃക്സാക്ഷിയെന്ന നിലയില്‍ അനുയാത്ര ചെയ്യിപ്പിക്കുന്നുവെന്നതിനപ്പുറം സുലൈമാനോടും റോസ്ലിനോടും വൈകാരികമായി ചേര്‍ന്നുനില്‍ക്കാനാകുന്ന വിധത്തിലുമല്ല കഥപറച്ചില്‍. ക്ലാസിക്-മാസ് ഗാംഗ്സ്റ്റര്‍ ഡ്രാമകളില്‍ പലവുരു കണ്ട കഥാപരിസരമാണ് റമദാപ്പള്ളിയിലേക്കും സുലൈമാനിലേക്കും ചുറ്റുവട്ടത്തേക്കും മഹേഷ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ആ പ്രവചനീയത ചില ഘട്ടങ്ങളില്‍ ആസ്വാദനത്തിന് കുറുകെ നില്‍ക്കുന്നുണ്ട്. ടെയ്ല്‍ എന്‍ഡ് ട്വിസ്റ്റില്‍ ഉള്‍പ്പെടെ. വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍ കഥാപാത്രങ്ങളുടെ സൃഷ്ടിയിലും പ്രവചനീയത ഏറെയാണ്. സുലൈമാന്റെ മകളെ അയാളുടെ തുടര്‍ച്ച എന്ന നിലക്ക് മനോഹരമായി പ്ലേസ് ചെയ്യുന്ന സീനുകളുണ്ട്. ഹജ്ജ് യാത്ര മുതല്‍ ക്ലൈമാക്സിനോടടുത്ത സീന്‍ വരെ. ആ ട്രാക്കിന് കുറേക്കൂടി ഇമോഷണല്‍ ഇംപാക്ട് ഉണ്ടാകണമായിരുന്നുവെന്ന് തോന്നി.

Malik
MalikMalik

റമദാപ്പള്ളിയിലെ മുസ്ലിങ്ങളും എടവത്തുറയിലെ ക്രിസ്ത്യാനികളും പാരസ്പര്യത്തില്‍ നിന്ന് എങ്ങനെ വിദ്വേഷത്തിലേക്ക് വഴിതിരിഞ്ഞുവെന്ന് മാലിക് കാണിക്കുന്നു. തുറയിലോ ദ്വീപിലോ മനുഷ്യരെന്ന ഒരുമയെ തകര്‍ത്ത് ധ്രുവീകരണ രാഷ്ട്രീയം പയറ്റുന്ന സ്റ്റേറ്റിന്റെ ഭീകരത മാലിക്കില്‍ കാണാം.

റമദാപ്പള്ളിയെന്ന സാങ്കല്‍പ്പിക ദേശത്തിന്റെ കഥയെന്നാണ് സംവിധായകനും സിനിമയും മാലിക്കിനെക്കുറിച്ച് പറയുന്നത്. കേരളത്തെ നടുക്കിയ 2009ലെ ബീമാപ്പള്ളി വെടിവെപ്പിനെ തന്നെയാണ് മാലിക് ഓര്‍മ്മപ്പെടുത്തുന്നത്. ആറ് മല്‍സ്യത്തൊഴിലാളികളുടെ ജീവനെടുത്ത വെടിവെപ്പ് ഭരണകൂട ഭീകരതയാണ് എന്ന നിലക്കാണ് മാലിക്കിന്റെയും സാക്ഷ്യം. ഭരണകൂടവും തീരത്തെ കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്ന ബാഹ്യശക്തികളും ധ്രുവീകരണ രാഷ്ട്രീയത്തിലൂടെ ഒരു ജനതയെ തമ്മിലടിപ്പിക്കുന്നതും മുതലെടുപ്പ് നടത്തുന്നതും കാണാം. വെടിവെപ്പില്‍ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥയും പൊലീസ് മേധാവിയും ഭാഗികമായി പരാമര്‍ശിക്കപ്പെടുമ്പോഴും സുലൈമാന് എതിര്‍ദിശയിലുള്ള മുസ്ലീം രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിനിധി അബുവിന്റെ പങ്കാളിത്തത്തെയാണ് സിനിമ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. അബു സമുദായത്തെ സൈനികവല്‍ക്കരിക്കാനും ആയുധമെടുക്കാനും പ്രേരണ നല്‍കുന്നതായും പരാമര്‍ശിക്കുന്നുണ്ട്. മലയാള സിനിമയിലെ തന്നെ ബാഡ് മുസ്ലിം പ്ലസ് വില്ലന്‍ രാഷ്ട്രീയ നേതാവ് ക്ലീഷേയിലേക്കാണ് അബു പ്രതിഷ്ഠിക്കപ്പെടുന്നത്. ചരിത്രത്തില്‍ നിന്ന് പൂര്‍ണമായും അകന്ന് നിന്നുള്ള ഈ പ്രതിനിധാനം മാലിക്കിന് നേരെയുള്ള വിമര്‍ശനമാകും. അതുകൊണ്ട് തന്നെ ബീമാപ്പള്ളി വെടിവെപ്പിന്റെ ദൃശ്യാഖ്യാനമായി മാലിക്കിനെ കാണാനാകില്ല.

നിമിഷ ഓരോ സിനിമ പിന്നിടുമ്പോഴും അഭിനേതാവെന്ന നിലയില്‍ നടത്തുന്ന മുന്നേറ്റം അവിശ്വസനീയമാണ്. ഫഹദ് ഫാസിലിനെ ഇരുപതിനും അറുപതിനുമിടയിലൂടെ വിശ്വസനീയതയോടെ സഞ്ചരിപ്പിക്കുന്ന മാലിക്.
Fahadh Faasil’s Malik
Fahadh Faasil’s MalikMalik

നിമിഷ സജയന്റെ റോസ്ലിനിലൂടെ മാത്രമേ റമദാപ്പള്ളിയുടെ അലിക്കയെ കാണാനാകൂ. നിമിഷ ഓരോ സിനിമ പിന്നിടുമ്പോഴും അഭിനേതാവെന്ന നിലയില്‍ നടത്തുന്ന മുന്നേറ്റം അവിശ്വസനീയമാണ്. ഫഹദ് ഫാസിലിനെ ഇരുപതിനും അറുപതിനുമിടയിലൂടെ വിശ്വസനീയതയോടെ സഞ്ചരിപ്പിക്കുന്ന മാലിക്.

സനല്‍ അമനുമൊത്തുള്ള ജയില്‍ സീക്വന്‍സിലും വെടിവെയ്പ്പ് രംഗത്തിലുമെല്ലാം പ്രകടനത്തിലെ കയ്യടക്കം കാണാനാകും. ഫ്രെഡിയായി എത്തിയ സനല്‍ അമന്‍ എന്ന നടനെ എടുത്തുപറയണം. സങ്കീര്‍ണതകളുള്ള കഥാപാത്രത്തെ മികച്ച രീതിയില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നു. ദിലീഷ് പോത്തന് കാരക്ടര്‍ റോളിലെ ബ്രേക്ക് ത്രൂ കൂടിയാകും മാലിക്. ജോജു ജോര്‍ജ്ജ്, ജലജ, ഇന്ദ്രന്‍സ്, ദിനേശ് പ്രഭാകര്‍, പാര്‍വതി, തുടങ്ങിയ താരങ്ങളുടെ പെര്‍ഫോര്‍മന്‍സിന്റെ വെടിക്കെട്ടുമാണ് മാലിക്ക്. സിനിമയുടെ മൂഡ് സൈറ്റ് ചെയ്യുന്നതിലും ചില സീനുകളെ വൈകാരിക തീവ്രമാക്കുന്നതില്‍ സുഷിന്‍ ശ്യാം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in