നമ്മള്‍ ഒരു ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഒപ്പം സഞ്ചരിക്കുന്ന അപരിചിതരായ ആളുകളെ പിന്നീട് ജീവിതത്തിന്റെ മറ്റൊരു സന്ധിയില്‍ തികച്ചും വ്യത്യസ്തമായ ഇടങ്ങളില്‍ വച്ച് നമ്മള്‍ കണ്ടുമുട്ടുകയില്ല എന്ന് എന്താണ് ഉറപ്പ്? ഈ കഥകള്‍ എങ്ങനെ പല കാലങ്ങളില്‍, ഇടങ്ങളില്‍, സാഹചര്യങ്ങളില്‍, സമയങ്ങളില്‍, അനുഭവങ്ങളില്‍ ബന്ധപ്പെട്ട് കിടക്കുന്നു എന്ന് ഒരു സിനിമ അന്വേഷിച്ചിറങ്ങിയാലോ? ദിലിപ് കുമാര്‍ (Dilip Kumar) സംവിധാനം ചെയ്ത് ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയ 'മാര' (Maara) കലയുടെയും മനുഷ്യബന്ധങ്ങളുടെയും നിറങ്ങളാല്‍ ചാലിച്ച കഥകളുടെ ഒരു ഭണ്ഡാരപ്പെട്ടിയാണ് കാഴ്ച്ചക്കാരുടെ മുന്നിലേക്ക് തുറന്നു വെക്കുന്നത്.
ഉണ്ണി ആര്‍ എഴുതിയ തിരക്കഥയെ അടിസ്ഥാനമാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് 2015 -ല്‍ പുറത്തിറങ്ങിയ 'ചാര്‍ളി' (Charlie) എന്ന സിനിമയില്‍ നിന്നാണ് 'മാര' ജനിക്കുന്നത് എന്ന് പറയാം. മൂലകഥയുടെ ആത്മാവിനെ നിലനിര്‍ത്തിക്കൊണ്ട്, അതേ കഥാലോകത്തില്‍ നിന്നുകൊണ്ട് തന്നെ, സ്വതന്ത്രമായ ഇടപെടലുകളിലൂടെ മികവുറ്റ ചലച്ചിത്രവിഷ്‌ക്കാരങ്ങള്‍ സാധ്യമാകും എന്നതിന്റെ മികച്ച ഉദാഹരണമാണ് 'മാര'. ബിപിനും സംവിധായകന്‍ ദിലീപും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ഭരദ്വാജ് രംഗന്‍ തിരക്കഥ എഴുതി 2017 -ല്‍ പുറത്തിറങ്ങിയ 'കല്‍ക്കി' എന്ന ഹ്രസ്വചിത്രം മുന്‍പ് സംവിധാനം ചെയ്തിട്ടുള്ള ദിലിപ് കുമാറിന്റെ ആദ്യത്തെ ഫീച്ചര്‍ സിനിമ കൂടിയാണ് 'മാര'.
കണ്ടുമടുത്ത കഥാഖ്യാന ശൈലിയില്‍ നിന്ന് മാറി നടന്ന, കാറ്റിനെ പോലെ പറന്ന് നടക്കുന്ന ഒരു നാടോടിയുടെ ജീവിത ശൈലിയെ ആഘോഷമാക്കിയ, അവരവരിലേക്ക് ചുരുങ്ങുന്ന മനുഷ്യരോട് 'ക്ഷീണമില്ലാത്ത തിരപോലെ ജീവിക്കുക' എന്ന ആഹ്വനവുമായി പറന്നിറങ്ങിയ സിനിമയായിരുന്നു 'ചാര്‍ലി'. സിനിമാസ്വാദകര്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്ത, ഏറെ നിരൂപക പ്രശംസയും പുരസ്‌കാരങ്ങളും സ്വന്തമാക്കിയ ഒരു സിനിമയുടെ തമിഴ് പതിപ്പ് വരുന്നു എന്ന് അറിഞ്ഞപ്പോള്‍ ചെറിയൊരു കൗതുകത്തോടെയാണ് ആ സിനിമക്കായി കാത്തിരുന്നത്. പ്രത്യേകിച്ചും 'ഫ്രയിം-ടു-ഫ്രെയിം റീമേക്ക്' അല്ല, മറിച്ച്, ഉണ്ണി ആറിന്റെ കഥയില്‍ നിന്ന് സ്വാധീനമുള്‍കൊണ്ട് തങ്ങളുടേതായ കാഴ്ച്ചപ്പാടിലൂടെ ദൃശ്യവല്‍ക്കരിക്കുന്ന ഒരു 'ഫിലിം അഡാപ്‌റ്റേഷന്‍' ആയിരിക്കും തമിഴിലേത് എന്ന് സംവിധായകന്‍ പല അഭിമുഖങ്ങളിലും പറയുകയും ചെയ്തിരുന്നു. 'മാര' എന്ന സിനിമയുടെ എടുത്തു പറയേണ്ട മികവുകള്‍ അതിന്റെ ദൃശ്യാഖ്യാനവും സിനിമ മുന്നോട്ട് വെക്കുന്ന കാഴ്ച്ചപ്പാടുകളും തന്നെയാണ്. 'ചാര്‍ലി' -യിലെ 'മാജിക്കല്‍ റിയലിസ്റ്റ്' കഥാ-കഥാപാത്ര പരിസരത്തില്‍ നിന്ന് 'മാര' -യിലേക്ക് വരുമ്പോള്‍ കല്‍പിത കഥാലോകത്തിലാണെങ്കിലും സ്വാഭാവികമായ, നമുക്ക് ചുറ്റും സംഭവിക്കാവുന്ന കഥകളായാണ് സിനിമ അനുഭവപ്പെടുന്നത്. കുറേ മനുഷ്യരിലൂടെ കേട്ടറിയുന്ന കഥകളില്‍ നിന്ന് ചാര്‍ളിയിലേക്ക് എത്തുന്ന ടെസ്സയുടെ കഥയാണ് 'ചാര്‍ളി' -യുടെ മുഖ്യപ്രമേയമായി അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ മാരയെ വ്യത്യസ്തമാക്കുന്നത് കുറേ മനുഷ്യരുടെ കഥകള്‍ എങ്ങനെയാണ് പരസ്പരം അവര്‍ പോലും അറിയാത്ത സൂക്ഷ്മതലങ്ങളില്‍ ബന്ധപ്പെട്ട് കിടക്കുന്നത് എന്നതിന്റെ അതിനാടകീയതകള്‍ ഇല്ലാത്ത അന്വേഷണമാണ്. സിനിമയുടെ ആഖ്യാന ഇടങ്ങളില്‍, അതിന്റെ ഉള്ളടക്കത്തില്‍, ആകസ്മികതകളും അവിശ്വസനീയമായ കഥാഗതിയും എല്ലാം ഉണ്ടെങ്കിലും യാഥാര്‍ഥ്യത്തിന്റെ വിളിപ്പാടകലെ പോലുമല്ലാത്ത ആഖ്യാനമല്ല സിനിമയുടേത്.
ഒരു ബസ് യാത്രക്കിടെ പാറു എന്ന കൊച്ചു പെണ്‍കുട്ടി മേരി എന്ന സ്ത്രീയില്‍ നിന്ന് കേള്‍ക്കാനിടയായ ഒരു കഥയിലൂടെയാണ് സിനിമ തുടങ്ങുന്നത്. പിന്നീട് ജോലിയുടെ ഭാഗമായി കൊച്ചിയിലേക്ക് പോകുമ്പോള്‍ ആ കഥ പാറുവിനെ പിന്തുടരുന്നു. അവള്‍ താമസിക്കുന്ന തെരുവിലുളള വീടുകളുടെ ചുവരുകളില്‍ ആരോ ആ കഥ വരച്ചു വെച്ചിട്ടുണ്ട്. ആ ചിത്രങ്ങള്‍ വരച്ചയാള്‍ താമസിച്ചിരുന്ന വീട്ടിലാണ് പാറു ഇപ്പോഴുള്ളത്. തനിക്ക് മാത്രം അറിയാവുന്ന ഒരു കഥ ആരാണ് ഇത്ര മനോഹരമായി ചുവരുകളില്‍ വരച്ചു വെച്ചിരിക്കുന്നത് എന്ന കൗതുകം ഒരു ഭാഗത്ത്. കുഞ്ഞിലേ കേട്ട കഥയുടെ ബാക്കിയറിയാനുള്ള ആകാംക്ഷ മറുഭാഗത്ത്. അതുകൊണ്ട് തന്നെ ആ കഥ അറിയാവുന്ന ചിത്രകാരനിലേക്ക് എത്താന്‍ പാറു ശ്രമിക്കുന്നു. അങ്ങനെ പാറുവിന്റെ യാത്രയിലൂടെ കുറേ മനുഷ്യരെ നമ്മള്‍ പരിചയപ്പെടുന്നു. ഓരോ മനുഷ്യരും ഓരോ കഥകളുടെ ഭാഗമാണല്ലോ. അങ്ങനെ കഥകളില്‍ നിന്ന് കഥകളിലേക്ക് യാത്ര തുടരുന്നു. പക്ഷേ സിനിമയുടെ ഒടുക്കം ഒരു വലിയ കഥയിലെ പല കഥാപാത്രങ്ങളായിരുന്നു ഈ മനുഷ്യരെന്നും, ജീവിതയാത്രക്കിടയില്‍ അറിഞ്ഞും അറിയാതെയും അവര്‍ വേറെ പലരുടെയും യാത്രകളില്‍ സന്ദര്‍ശകരായി വന്നുപോയിട്ടുണ്ടാകാം എന്ന തിരിച്ചറിവിലുമാണ് സിനിമ അവസാനിക്കുന്നത്. പക്ഷേ കഥകള്‍ അപ്പോഴും അവസാനിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. മാര ഒരു കലാകാരനാണ്. ട്രെയിനിലും മതിലുകളിലും വീടിന്റെ ചുവരുകളും എല്ലാം ചിത്രങ്ങള്‍ വരയ്ക്കുന്നയാള്‍. കൗമാര പ്രായത്തില്‍ ട്രെയിനില്‍ വച്ച് കണ്ടുമുട്ടിയ വേലയ്യ എന്നയാളുടെ കൂടെ പശ്ചിമഘട്ടത്തിലുള്ള അയാളുടെ വീട്ടിലേക്ക് ഒരു ജോലി അന്വേഷിച്ചു പോയതാണ് മണിമാരന്‍. 'ഒന്നുമല്ലെങ്കിലും ജോലി പുതിയതായിരിക്കണം, അല്ലെങ്കില്‍ പോകുന്ന ഇടം വ്യത്യസ്തമായിരിക്കണം' എന്നാണ് മാര വേലയ്യയോട് പറയുന്നത്. പിന്നീട് 'സ്ട്രീറ്റ് പെയിന്റര്‍', ശില്‍പ്പങ്ങള്‍ ഉണ്ടാക്കുന്ന കലാകാരന്‍ എന്നിങ്ങനെ പല ജോലികള്‍ ചെയ്തു ഓരോരോ ദേശങ്ങളില്‍ ഒരു നാടോടിയെ പോലെ അയാള്‍ ജീവിക്കുന്നത് ഈ കാഴ്ചപാടുള്ളത് കൊണ്ടാണ്. ചുറ്റുമുളവരെ മനസ്സ് തുറന്ന് സ്നേഹിക്കാനുള്ള വിശാലമായ ഹൃദയമാണ് അയാള്‍ക്ക് ചുറ്റും വലിയൊരു സൗഹൃദവലയം ഉണ്ടാകാനുള്ള കാരണം. സര്‍ക്കാര്‍ ഒരു കെട്ടിടം പൊളിച്ചു കളയാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ മാര തന്റെ നിറങ്ങളും വരകളും കൊണ്ടാണ് പ്രതിരോധം തീര്‍ക്കുന്നത്.
പാറുവിന്റെ ലോകം കഥകളാണ്. മുത്തശ്ശി പറഞ്ഞു തന്ന കഥകളില്‍ നിന്ന് തുടങ്ങി, പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞ കഥകളിലൂടെ, മാരന്റെ മുറിയിലെ സ്‌കെച്ച് ബുക്ക് വരെ, തുടര്‍ന്നും കഥകളാണ് പാറുവിനെ മുന്നോട്ട് നയിക്കുന്നത്. മാരയുടെ മുറിയില്‍ കണ്ട ചിത്രങ്ങളിലുള്ള ആളുകളോട് സംസാരിക്കാന്‍ തോന്നുന്നത് ശിപ്പായുടെ കഥ അറിയാനും, ആ കഥ എങ്ങനെ മാരന് അറിയാം എന്നറിയാനും, അയാളെ അറിയാനുമാണ്. പാറുവിന്റെ അന്വേഷണത്തെയോ, മാരയുടെ ജീവിതശൈലിയെയോ കാല്പനികവല്‍ക്കരിച്ചല്ല സംവിധായകന്‍ അവതരിപ്പിക്കുന്നത്. ഇവര്‍ രണ്ട് പേരെയും ഉള്‍ക്കൊള്ളണം എങ്കില്‍, അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്തുകൊണ്ടാണ് അവര്‍ ചെയ്യുന്നത് എന്ന് അറിയണം എങ്കില്‍, അവരുടെ മേല്‍പറഞ്ഞ ജീവിത-സ്വഭാവ പശ്ചാത്തലവും അവരുടെ കാഴ്ച്ചപ്പാടുകളും അറിയണം എന്നത് പ്രധാനമാണ്. മാരനെ ഒടുവില്‍ കണ്ടുമുട്ടാന്‍ അവസരം വരുമ്പോഴും പാറു അതിലും പ്രധാനപ്പെട്ട ഒരു കഥയെയും കഥാപാത്രത്തെയും തേടിയാണ് പോകുന്നത്. തന്റെ ജീവിതകാലം മുഴുവന്‍ മാരന്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്നതും ആ 'കഥയാണ്'. സിനിമയുടെ ആഖ്യാനത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഈ കണ്ടെടുക്കലാണ്. ശംഖിന്റെ ലോക്കറ്റുള്ള ഒരു മാലയാണ് പല കാലങ്ങളും ദേശങ്ങളും കടന്ന് ഈ കഥകളെ, മനുഷ്യരെ ബന്ധിപ്പിക്കുന്നത്. ആ ശംഖിനും ഒരു പ്രണയത്തിന്റെ കഥ പറയാനുണ്ട്. ഇവരെ കൂടാതെ ഒരുപാട് കഥാപാത്രങ്ങള്‍ സിനിമയിലുണ്ട്. അവര്‍ക്കും പറയാന്‍ കഥകളുണ്ട്, അവരുടെ കഥകള്‍ക്കും സിനിമയില്‍ ഇടമുണ്ട്. വേലയ്യയും, കനിയും, സെല്‍വിയും, ചൊക്കും, ഉസ്മാന്‍ ഭായും, കള്ളനും, അഫ്സലും എല്ലാം ഹൃദയത്തിലേക്ക് നടന്നു കയറുകയാണ്. മീശപ്പുലിമലയില്‍ മഞ്ഞു പെയ്യുന്നത് കാണിക്കാനോ, തൃശൂര്‍ പൂരത്തിന് വന്നാല്‍ കാണാം എന്ന വെല്ലുവിളിയോ, തന്റെ പിറകെ ഒരു പെണ്‍കുട്ടി അന്വേഷിച്ചു നടക്കുന്നു എന്നത് അറിഞ്ഞിട്ടും അവളെ കാണാന്‍ കൂട്ടാക്കാത്ത അട്ടഹാസ ചിരിയോ, ആണഹന്തയോ ഒന്നും മാരനില്‍ കാണാന്‍ കഴിയില്ല. തന്നെ അന്വേഷിച്ചു ഒരു പെണ്‍കുട്ടി വന്നിരുന്നു എന്നറിയുമ്പോള്‍ അവളെ കാണാന്‍ അയാള്‍ക്കും ആകാംക്ഷയുണ്ട്. കണ്ടുമുട്ടുന്നതാകട്ടെ അയാളുടെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുമ്പോഴുള്ള സന്തോഷത്തിന്റെ ഇടയിലുമാണ്. പാറുവാകട്ടെ, അവള്‍ അന്വേഷിച്ചു വന്ന കഥയുടെ ബാക്കി സ്വന്തമായി എഴുത്തു ചേര്‍ക്കുകയാണ്. അതാണല്ലോ അതിന്റെ ഭംഗി. അതിന് നിമിത്തമായത് മാരയുടെ വരകളാണ്. പിന്നെയും പിറകിലേക്ക് പോയാല്‍ ബസ് യാത്രയില്‍ പാറു കേട്ട കഥയാണ്. പിന്നെയും പിറകിലേക്ക് പോയാല്‍ ഒരു നാടകമാണ് അതിന് കാരണമായത് എന്ന് പറയാം. പക്ഷേ ആ നാടകത്തിന് കാരണമായതാകട്ടെ ഒരാള്‍ക്ക് മറ്റൊരാളോട് തോന്നിയ പ്രണയമാണ്. മനുഷ്യ ജീവിതവുമായി കലയും പ്രണയവും എത്ര മനോഹരമായിട്ടാണ് ഇടകലര്‍ന്ന് കിടക്കുന്നത്.
സിനിമയുടെ സാങ്കേതിക തലത്തില്‍ അത്ഭുതപ്പെടുത്തിയത് അജയന്‍ ചാലിശ്ശേരിയുടെ പ്രൊഡക്ഷന്‍ ഡിസൈനാണ്. കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും അനുസൃതമായ ഇടങ്ങള്‍, മാരയുടെ ജീവിത ശൈലിയെ പ്രതിഫലിപ്പിക്കുന്ന വീടും കഥകളുടെ ലോകത്തിലേക്ക് പാറുവിനെ എത്തിക്കുന്ന അതിനുള്ളിലെ അന്തരീക്ഷവും, ചുമര്‍ച്ചിത്രങ്ങള്‍, നിറങ്ങള്‍ എന്നിവ സൃഷ്ടിച്ചെടുക്കുന്നതില്‍ അജയന്റെ നിര്‍ണായകമായ ഇടപെടലുകള്‍ സിനിമയ്ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. സിനിമ തുടങ്ങുമ്പോള്‍ തന്റെ ജീവന്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന മത്സ്യത്തെ തിരയുന്ന ശിപ്പായുടെ സമുദ്ര യാത്രകളുടെ കഥയാണ് നമ്മുടെ മനസ്സില്‍ ആദ്യം പതിയുന്നത്. പിന്നീടങ്ങോട്ട് സമുദ്രത്തിന്റെ നീല നിറങ്ങള്‍ പലപ്പോഴായി കടന്ന് വരുന്നത് കാണാം. മലമുകളിലെ വീടും അവിടുത്തെ ഒത്തൊരുമയും ഹൃദ്യമായി അനുഭവപ്പെടുന്നത് മനോഹരമായി നിര്‍മ്മിച്ച പശ്ചാത്തലം കൂടി ചേരുമ്പോഴാണ്. അജയന്റെ ക്രിയാത്മകമായ ആവിഷ്‌ക്കാരങ്ങളെ ചിത്രത്തിന്റെ ഛായാഗ്രാഹകര്‍ അവിസ്മരണീയ ലൈറ്റിങ്ങിലൂടെയും ഷോട്ടുകളിലൂടെയും ഒപ്പിയെടുക്കുന്നുണ്ട്. ദിനേശ് കൃഷ്ണന്‍, കാര്‍ത്തിക്ക് മുത്തുകുമാര്‍ എന്നിവരാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഒരു നാടോടി കഥയുടെ ഭാവ പരിസരം ഉള്ളതുകൊണ്ട് തന്നെ അതിന്റെ 'സൗന്ദര്യാത്മക സാധ്യതകള്‍' നന്നായി ഉപയോഗപ്പെടുത്തി അതിമനോഹരമായ ദൃശ്യാനുഭവമാണ് ഛായാഗ്രാഹകര്‍ സമ്മാനിക്കുന്നത്. ജിബ്രാന്റെ മികച്ച പാട്ടുകള്‍ സിനിമയിലുണ്ട് എങ്കിലും, പശ്ചാത്തല സംഗീതം കുറച്ചു അലോസരപ്പെടുത്തുന്നുണ്ട്. മാര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാധവനും, പാറുവായി എത്തിയ ശ്രദ്ധ ശ്രീനാഥുമാണ് സിനിമക്ക് ജീവന്‍ നല്‍കുന്നത് എന്ന് പറയാം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം മനസ്സു തുറന്ന് മാര പറയുന്നത്, വേലയ്യയുടെ മഷി മാഞ്ഞുപോയ കത്ത് വീണ്ടും എഴുതുന്ന രംഗം, എന്നിങ്ങനെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന ഒരുപിടി മുഹൂര്‍ത്തങ്ങളുമായി മാധവന്‍ മാര എന്ന കഥാപാത്രത്തെ നമ്മുടെ ഉള്ളില്‍ പ്രതിഷ്ഠിക്കുന്നുണ്ട്. പാറുവിന്റെ ആകാംക്ഷയും കൗതുകവും കഥകളോടുള്ള ഭ്രമവും സിനിമയിലുടനീളം ശ്രദ്ധ സ്വാഭാവികമായ ഭാവങ്ങളിലൂടെ പ്രകടിപ്പിക്കുന്നുണ്ട്. മറ്റ് കഥാപാത്രങ്ങളായി എത്തിയ അഭിനേതാക്കളും മികച്ചു നിന്നു.
ഒരു സിനിമയില്‍ നിന്ന് സ്വാധീനമുള്‍ക്കൊണ്ട് എടുക്കുന്ന ചിത്രങ്ങള്‍, റീമേക്ക് സിനിമകള്‍ എന്നിവ അതിന്റെ 'ഒറിജിനല്‍' പതിപ്പുമായി താരതമ്യം ചെയ്യപ്പെടും എന്നത് തീര്‍ച്ചയാണ്. സംവിധായകരുടെ പ്രധാന വെല്ലുവിളി ആ സമ്മര്‍ദത്തെ തരണം ചെയ്തുകൊണ്ട് സിനിമ ചെയ്യുക എന്നതാണ്. ഒരു തുടക്കക്കാരന്‍ എന്ന നിലക്കുള്ള ചില പാളിച്ചകള്‍ ദൃശ്യാഖ്യാനത്തില്‍ സംഭവിക്കുന്നുണ്ട് എങ്കിലും, ദിലീപ് കുമാര്‍ എന്ന സംവിധായകന്റെ, കലാകാരന്റെ കൈയൊപ്പ് പതിഞ്ഞ സിനിമയാണ് 'മാര'. ചാര്‍ളി ഇല്ലെങ്കില്‍ 'മാര' ഉണ്ടാകുമായിരുന്നില്ല എന്നത് സത്യമാണ്. പക്ഷേ, ചാര്‍ളിയേക്കാള്‍ 'മാര' -യെ ഗംഭീരമാക്കുന്ന നിരവധി ഇടപെടലുകള്‍ സംവിധായകന്‍ എന്ന നിലക്കും, ബിപിനോടൊപ്പം ചേര്‍ന്ന് എഴുത്തുകാരന്‍ എന്ന നിലക്കും ദിലീപ് നടത്തുന്നുണ്ട്. 'മാജിക്കല്‍ റിയലിസ്റ്റ്' ആഖ്യാനത്തില്‍ അവിശ്വസനീയതയെക്കാള്‍ ദിലിപ് പ്രാധാന്യം നല്‍കുന്നത് വിശ്വസനീയമായ, സ്വാഭാവികമായ കഥാമുഹൂര്‍ത്തങ്ങള്‍ക്കാണ്. എന്നാല്‍ നാടോടി കഥകളുടെ ഭാവനാ ലോകം സിനിമയില്‍ തങ്ങിനില്‍ക്കുന്നുമുണ്ട്. കഥകളോടൊപ്പം, കഥകള്‍ എങ്ങനെ ഇടകലരുന്നു എന്നതിന് കാര്യമായ ശ്രദ്ധ കൊടുക്കുന്നുമുണ്ട്. അതിഭാവുകത്വ വൈകാരികതയിലേക്ക്, പ്രണയ മഹത്വവല്‍ക്കരണത്തിലേക്ക് വഴുതി പോകാമായിരുന്ന അവസാന രംഗങ്ങളിലെ സംഭവങ്ങളെ സന്തുലിതമായ യാഥാര്‍ഥ്യബോധത്തിനുള്ളില്‍ ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. 'മാര' എന്ന സിനിമ ഒരു സാധ്യതയും മാതൃകയുമാണ്. ഒരു സാഹിത്യ സൃഷ്ടിയില്‍ നിന്ന് മികച്ച സിനിമകള്‍ ജനിക്കുന്നത് പോലെ, ഒരു സിനിമയില്‍ നിന്ന് മറ്റൊരു ഗംഭീര സിനിമ ചെയ്യാനാകും എന്ന് തെളിയിച്ച ദിലീപും സംഘവും പ്രേക്ഷകരുടെ കയ്യടി അര്‍ഹിക്കുന്നുണ്ട്. സിനിമ തീര്‍ച്ചയായും കാണുക!
Maara movie review