'ഹീറോ'യാകാത്ത ജോജി, ക്രാഫ്റ്റിലെ മിടുമിടുക്ക്: JOJI MALAYALAM MOVIE REVIEW

JOJI MALAYALAM MOVIE REVIEW
JOJI MALAYALAM MOVIE REVIEW
Published on
Summary

കാരക്ടറിലെ ചെറുനോട്ടത്തെ പോലും കഥ പറച്ചിലിലേക്ക് ചേര്‍ത്തുകൊണ്ടുപോകുന്ന ക്രാഫ്റ്റ്

ആഖ്യാനത്തിലെ മിനിമലിസം കൊണ്ട് ദിലീഷ് പോത്തനും സംഘവും തീര്‍ത്ത മികച്ച ആസ്വാദനാനുഭവമാണ് ജോജി. കഥാഗതിക്ക് വേണ്ടി കൃത്രിമമായി നിര്‍മ്മിച്ചെടുത്തതെന്ന് തോന്നിപ്പിക്കാതെ ചുരുങ്ങിയ സന്ദര്‍ഭങ്ങളെയും കഥാപാത്രങ്ങളുടെ ഇടപെടലുകളെയും സംഭാഷണങ്ങളെയും ഉള്‍ച്ചേര്‍ത്ത് സൃഷ്ടിച്ചതാണ് ജോജിയുടെ ലോകം. അങ്ങോട്ടോ ഇങ്ങോട്ടോ കൂടുതലോ കുറവോ ഇല്ലാത്തൊരു കിറുകൃത്യത അവതരണത്തിലും സംഭാഷണത്തിലും രംഗാവിഷ്‌കാരത്തിലും.

സിനിമാറ്റിക് റിയലിസത്തിലൂടെ കഥ പറയുമ്പോഴും ദിലീഷ് പോത്തന്‍ മുന്‍സിനിമകളില്‍ അവലംബിച്ച ഹ്യൂമറിനും,മാസ് അപ്പീലിനു വേണ്ടിയുള്ള ചെറു വളവുതിരിവുകള്‍ പോലും ജോജി പിന്തുടരുന്നുമില്ല. കാരക്ടറിലെ ചെറുനോട്ടത്തെ പോലും കഥ പറച്ചിലിലേക്ക് ചേര്‍ത്തുകൊണ്ടുപോകുന്ന ക്രാഫ്റ്റ്.

മാക്ബത്തിന്റെ ആന്തരികാശയമാണ് പ്രചോദനമെന്ന് പറയുമ്പോഴും കെ.ജി.ജോര്‍ജ്ജിന്റെ ഇരകള്‍ എന്ന ക്ലാസിക്കിനെ പിന്‍പറ്റിയുള്ള ആലോചനയാണ് ജോജിയെന്നതാണ് കാഴ്ചയിലെ അനുഭവം. പശ്ചാത്തല സൃഷ്ടിയിലും കഥാപാത്രസൃഷ്ടിയിലും ഇരകളിലെ പശ്ചാത്തലങ്ങളിലെയും കഥാപാത്രങ്ങളിലെയും സ്വഭാവങ്ങളെ ജോജി നന്നായി കടംകൊണ്ടിട്ടുണ്ടെന്ന് മനസിലാകും. ബേബിയോടുള്ള മാത്തുക്കുട്ടിയുടെയും ജോജിയോടുള്ള കുട്ടപ്പന്റെയും സമീപനത്തിലെ സാമ്യത, വീടും നാടും മാറാന്‍ ആഗ്രഹിക്കുന്ന സണ്ണി(സുകുമാരന്‍-ഇരകള്‍), ജയ്‌സണ്‍ (ജോജി മുണ്ടക്കയം-ജോജി), അപ്പനോട് വിധേയത്വം നില്‍ക്കെ തന്നെ ജയ്‌സണിന്റെ അപ്പനോടുള്ള എതിര്‍പ്പും ഇടപെടലുകളിലെ സത്യസന്ധതയും, (സണ്ണിക്കും സമാനമായ സമീപനം),മതാധികാരത്തെ വരുതിയിലാക്കുന്ന വിധം, റബ്ബര്‍ എസ്റ്റേറ്റിനെ അധികാര ലോകമാക്കി ചിത്രീകരിച്ചത് തുടങ്ങി ഒട്ടനവധി സാദൃശ്യങ്ങള്‍ കാണാം.

പനച്ചേല്‍ കുട്ടപ്പന്റെ പേരില്‍ ഹോംഡെലിവറിയായി വരുത്തിയ എയര്‍ഗണ്‍ കാത്തിരിക്കുന്ന പോപ്പിയില്‍ നിന്നാണ് സിനിമയുടെ തുടക്കം. വളവും തിരിവും കഴിഞ്ഞുള്ള ഡെലിവറി ബോയിയുടെ ബൈക്കിലെ വരവ് പനച്ചേല്‍ തറവാടും ഏക്കര്‍കണക്കിന് കൈതത്തോട്ടവും റബ്ബര്‍ത്തോട്ടവുമൊക്കെ വിശാലമായി കാണാം. പിന്നീട് ഉപയോഗപ്പെടുത്താനാകുന്ന കണ്ണികളെന്ന കണക്കെയാണ് ഡെലിവറിയും തോക്കും പനച്ചേല്‍ എസ്റ്റേറ്റും വിഷ്വലൈസ് ചെയ്യപ്പെടുന്നത്.

അന്നഴിച്ചുനല്‍കിയ അതേ വാച്ച് പിന്നൊരുഘട്ടത്തില്‍ ജോമോന്റെ കയ്യില്‍ കാണാം. അധികാരക്കൈമാറ്റത്തിന്റെ കാലത്ത്.

പനച്ചേലില്‍ അധികാരം/ പവര്‍ എന്നത് എത്രത്തോളം പ്രധാനപ്പെട്ട സംഗതിയാണെന്ന് കുടുംബത്തെ വിവരിക്കുമ്പോഴും, ജോജിയുടെ വാക്കുകളിലും മനസിലാകും. കുട്ടപ്പനെന്ന സര്‍വ്വാധികാരിയായ അപ്പന് വിധേയപ്പെട്ടാണ് പനച്ചേലിലെ സകലരുടെയും ജീവിതം. അപ്പനോടുള്ള വിധേയത്വവും ആശ്രിതത്വവും കടമയായി കാണുന്നയാളാണ് ബാബുരാജിന്റെ ജോമോന്‍. അതൊരു ബാധ്യതയായി കരുതി ജീവിക്കുന്നയാളാണ് രണ്ടാമന്‍ ജെയ്സണ്‍ (ജോജി ജോണ്‍). ജീവിതം മുടക്കുന്ന ദുര്‍വിധിയായി അതിനെ കരുതുന്നയാളാണ് മൂന്നാമന്‍ ജോജി. (ഫഹദും). ജെയ്സണിന്റെ ഭാര്യ ബിന്‍സിയും ജോമോന്റെ മകന്‍ പോപ്പിയുമടക്കം എല്ലാവരും ആ വിധേയത്വത്തിലുള്ള നിന്ന് മോചനം ആഗ്രഹിക്കുന്നവരുമാണ്.

ആസ്തി കൊണ്ട് മാത്രമല്ല കായികമായും അതിശക്തനാണ് പനച്ചേല്‍ കുട്ടപ്പന്‍. കുട്ടപ്പന്റെ(പി.കെ.സണ്ണി)കാരക്ടര്‍ ഡീറ്റെയിലിംഗും ആ രീതിയിലാണ്. കൈക്കരുത്താല്‍ കൂടി ആര്‍ജ്ജിച്ചെടുത്തതാണ് ഇക്കാണുന്നതത്രയുമെന്ന് നമ്മുക്കും തോന്നും. ധനവാന്‍ എന്നതിനൊപ്പം ബലവാന്‍ എന്നതും അധികാരപ്രയോഗത്തില്‍ കുട്ടപ്പനെ ആസ്വദിപ്പിക്കുന്നു. 'ഒട്ടുപാലിനുണ്ടായവനെ'ന്ന് കരുതുന്ന ജോജിയെ രണ്ട് വട്ടം അപ്പന്‍ എതിരിടുന്ന രീതി, പമ്പിന്റെ വാല്‍വ് ഉയര്‍ത്താനുള്ള അയാളുടെ ചാട്ടം, മക്കളുടെ അപ്പനോടുള്ള ഭയം എന്നിവ നോക്കിയാല്‍ ഇക്കാര്യം മനസിലാകും.

പവര്‍ എന്നതിനെ ജോമോന്‍ വ്യാഖ്യാനിച്ചെടുത്തിരിക്കുന്നത് കുട്ടപ്പന്റെ തിയറിയിലൂടെ തന്നെയാണ്. വിശുദ്ധഗ്രന്ഥത്തെക്കാള്‍ ജോമോന് പവിത്രമായ 'മനസാക്ഷി മാനുവലില്‍' അപ്പന്‍ അയാള്‍ക്ക്‌ ദൈവത്തിന് മീതെയാണ്. പമ്പിന്റെ വാല്‍വ് പൊക്കാന്‍ ചാടിയിറങ്ങുമ്പോള്‍ വാച്ചഴിച്ച് നല്‍കി, തലയിലെ തോര്‍ത്തെടുക്കുന്ന സീനില്‍ കുട്ടപ്പന്‍-ജോമോന്‍ ബന്ധം കൂടി സുവ്യക്തമാണ്.

അന്നഴിച്ചുനല്‍കിയ അതേ വാച്ച് പിന്നൊരുഘട്ടത്തില്‍ ജോമോന്റെ കയ്യില്‍ കാണാം. അധികാരക്കൈമാറ്റത്തിന്റെ കാലത്ത്. പനച്ചേല്‍ കുട്ടപ്പന്‍ പോയെടാ, നമ്മുടപ്പനല്ല ഇതെന്ന് ജോമോന്‍ പറയുന്നിടത്ത് മുതല്‍ കുട്ടപ്പന് പിന്‍ഗാമിയായി അയാള്‍ സ്വയം അവരോധിക്കുന്നുണ്ട്. കള്ളം പൊളിയുന്നതിന് മുമ്പേ തന്നെ ജോജിക്ക് ജോമോന്‍ ശത്രുവായി മാറിയിരുന്നുവെന്നും മനസിലാക്കാം.

JOJI MALAYALAM MOVIE REVIEW
JOJI MALAYALAM MOVIE REVIEW

മക്കളുടെ കൂട്ടത്തില്‍ മെല്ലിച്ചും എല്ലിച്ചും അതിദുര്‍ബലനാണ് ജോജി. പോപ്പിയില്‍ നിന്ന് കിട്ടുന്ന എയര്‍ഗണ്‍ അയാള്‍ക്ക് ബലമേകുന്നുണ്ട്. ജോമോനൊപ്പം വയലന്‍സെങ്കില്‍ വയലന്‍സെന്ന് പറഞ്ഞോടുമ്പോള്‍ 'തോക്കിന്റെ ബല'ത്തിലാണ് ഓട്ടം.

അയാള്‍ക്ക് അധികാരം പ്രയോഗിക്കാനാകുന്നത് പോപ്പിക്ക് മുന്നില്‍ മാത്രമാണ്. ജോജിയുടെ തന്നെ 'കുട്ടിത്ത'മാണ് പോപ്പി. പനച്ചേലില്‍ നാളത്തെ ജോജി. ജോജി അധികാരപ്രയോഗത്താല്‍ എന്നും നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നതിനൊപ്പം തന്നെ വീഴ്ചയില്‍ ആദ്യമേ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതും പോപ്പിയെ ആണ്. പോപ്പിക്കൊപ്പം കിടക്കാന്‍ ശ്രമിക്കുന്ന സീനിലും അവസാനത്തെ മെസ്സേജിലും പോപ്പിയില്‍ അയാള്‍ക്ക് ഭയമുണ്ട്.

ലേഡി മാക്ബത്ത് സൂചനകളുള്ള ബിന്‍സി(ഉണ്ണിമായ), കോടീശ്വരാ വിളിയില്‍ പുതിയ ലോകം പ്രാപിപ്പിക്കുന്ന ജോജി,അയാളുടെ ഭ്രമാത്മക ലോകം, ആവര്‍ത്തിക്കുന്ന തെറ്റുകള്‍ ഇവ മാക്ബത്ത് എന്ന കൃതിയുടെ ആന്തരികലോകം എങ്ങനെ ജോജി സിനിമക്ക് പ്രചോദനമായതെന്ന് ചിന്തിപ്പിക്കുന്നുണ്ട്.

ഇരകള്‍ കെ.ജി ജോര്‍ജ്ജ് സിനിമയാണ് ജോജിയിലേക്ക് മാക്ബത്തിനേക്കാള്‍ വെളിച്ചം വീശുന്നത്. ബേബിയും മാത്തുക്കുട്ടിയും സുകുമാരന്റെ സണ്ണിയും ഭരത് ഗോപിയുടെ ബിഷപ്പും മറ്റൊരു കാലത്തെ പ്രതിനിധീകരിച്ചെത്തിയത് പോലെ. റബ്ബര്‍ തോട്ടവും തോടും കഥാപാത്രസൃഷ്ടിയിലെ സാമ്യതകളും, പനച്ചേല്‍ തറവാട് കഥാപാത്രമായി മാറുന്ന ദൃശ്യക്രമീകരണവുമൊക്കെ പരിഗണിക്കുമ്പോള്‍ ഇരകള്‍ എന്ന സിനിമ വീശീയ വെളിച്ചത്തില്‍ നിന്നാണ് ജോജിയും പനച്ചേല്‍ വീടും തെളിഞ്ഞുവരുന്നത്. അതേ സമയം ജോജിയും ബേബിയും ബന്ധമില്ല താനും. ഇരകള്‍ എന്ന സിനിമയുടെ രാഷ്ട്രീയമോ,ഉള്‍ക്കാഴ്ചയോ പിന്‍പറ്റുന്ന ചിത്രവുമല്ല ജോജി. ഇരകള്‍ പുതിയകാലത്ത് ആലോചിച്ചാല്‍ വരുത്താവുന്ന വകഭേദവും അത്തരമൊരു കുടുംബത്തില്‍ നിന്നുള്ള മറ്റൊരു സാധ്യതയും പരീക്ഷിച്ചത് പോലെയും

കഥാപാത്രങ്ങളുടെ ആന്തരികലോകം വെളിപ്പെടുന്ന സന്ദര്‍ഭങ്ങളെ ഫോക്കസ് ചെയ്താണ് ശ്യാം പുഷ്‌കരന്റെ രചന. ബ്ലാക്ക് ഹ്യൂമര്‍ ടോണിലുള്ള ഡയലോഗുകള്‍ പോലും കഥാപാത്രങ്ങളിലേക്കുള്ള വഴിചൂണ്ടിയാണ്. ഇരട്ടലക്ഷ്യങ്ങളിലുള്ള ഡയലോഗുകളും കാണാം. മാസ്‌ക് വച്ച് താഴേക്ക് വാ, വയലന്‍സെങ്കില്‍ വയലന്‍സ്, പോപ്പി പവറ് കാണിക്കരുത്, തുടങ്ങിയ സംഭാഷണങ്ങള്‍ ഇരട്ടലക്ഷ്യങ്ങളെ പ്രാപിക്കുന്നുണ്ട്. കഥാപാത്രങ്ങള്‍ക്കിടയിലുള്ള സംഭാഷണത്തിമെന്നതിനപ്പുറം അവ പ്രേക്ഷകരോടുള്ള കമ്യൂണിക്കേഷനുമാണ്.

ചൂണ്ട ട്രാക്ക് വ്യക്തിപരമായ ക്ലീഷേ ഫീല്‍ നല്‍കിയ ഒന്നാണ്. മെറ്റഫര്‍ സ്വഭാവത്തില്‍ ചൂണ്ടയെ പ്രതിഷ്ഠിക്കുമ്പോഴും ചൂണ്ടയില്‍ ഒടുവില്‍ കൊത്തിയും/ കൊരുത്തിയും വരുന്ന 'സ്വപ്‌ന' രംഗം മാക്ബത്തിയന്‍ കണക്ട് എന്നതിനപ്പുറം സിനിമയുടെ മൂഡിനെ ഡിസ്‌കണക്ട് ചെയ്യുകയായിരുന്നു.

സ്വയംസൃഷ്ടിച്ച ലോകത്തെ അധിപനായാണ് ജോജി ആ പനച്ചേലിലെ പറമ്പിലും കുളത്തിലും കഴിയുന്നത്. ആളൊഴിഞ്ഞ പറമ്പില്‍ മാത്രം സ്ഥാപിക്കപ്പെടുന്ന അധികാരം. ജോജിയുടെ സിഗരറ്റ് വലിയെ പ്ലേസ് ചെയ്യുന്നിടത്തും കഥാപാത്രവ്യാഖ്യാനത്തിലെ കൗശലം കാണാം. ദൂരെ മാറി തോട്ടിനടുത്ത് നിന്നുള്ള സിഗരറ്റ് വലി, പിന്നീട് പറമ്പിലേക്ക്, പിന്നാമ്പുറത്തേക്കും, മറ്റൊരു ഘട്ടത്തില്‍ കുട്ടപ്പന്റെ അധികാരമേഖലയിലേക്കും മാറുന്നു. കണ്ടുകഴിഞ്ഞാല്‍ മുന്നോട്ടും പിന്നോട്ടും വായിച്ചെടുക്കാവുന്ന നിരവധി സാധ്യതകള്‍ നിലനിര്‍ത്തിയാണ് ജോജിയുടെ രംഗനിര്‍മ്മിതിയും കഥാപാത്രസൃഷ്ടിയും. കുതിര ബിസിനസ് മുതല്‍ അപ്പന്റെ രോഗവിവരം തിരക്കുന്നയാളോടും ആശുപത്രിയില്‍ നിന്നെത്തി ബിന്‍സിയോടുമുള്ള സംഭാഷണത്തിലുമടക്കം അയാളിലെ സ്വപ്‌നലോകം നിവര്‍ന്നുവരുന്നുണ്ട്. ഡോ. ഫെലിക്‌സിനെ ഡ്രോപ് ചെയ്ത് വരുന്നിടത്ത് അയാള്‍ പൂര്‍ണമായും ആ ലോകത്തേക്ക് പ്രവേശിച്ചിട്ടുമുണ്ട്.

ഇരട്ടമുഖമുള്ള ഏത് നിലക്കും തന്റെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായ് പ്രവര്‍ത്തിക്കുന്നയാളാണ് ജോജിയിലെ ജോജി. ഡോ.ഫെലിക്സ്- ജോജി ബന്ധത്തിലും പിന്നീട് വായിച്ചെടുക്കാവുന്ന സൂചനകളുണ്ട്. നരേറ്റീവില്‍ ദിലീഷും ശ്യാമും ചേര്‍ന്ന് ഇത്തരത്തില്‍ സമര്‍ത്ഥമായ ചില കൗശലങ്ങള്‍ നടപ്പാക്കുന്നുണ്ട്. ആശുപത്രിയില്‍ നിന്നുള്ള രണ്ടാം വരവില്‍ കുട്ടപ്പനും ജോമോനും തമ്മിലൊരു കൂടിക്കാഴ്ച പോലുമില്ല.

JOJI MALAYALAM MOVIE REVIEW
JOJI MALAYALAM MOVIE REVIEW

ആസ്വാദനത്തില്‍ താളവും താളപ്പെരുക്കവും സൃഷ്ടിക്കുന്നതില്‍ കൃത്യമായ പോയിന്റുകളിലേക്ക് പശ്ചാത്തല സംഗീതത്തെ ആനയിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെയും കഥാഗതിയുടെയും ഷിഫ്റ്റിലും ജസ്റ്റിന്‍ വര്‍ഗീസിന്റെ പശ്ചാത്തല സംഗീതം കാര്യമായ റോളിലുണ്ട്. മാക്ബത്തിയന്‍ ട്രാക്ക് എരുമേലിയിലെ പനച്ചേലിലേക്ക് വരുമ്പോള്‍ പശ്ചാത്തല സംഗീതത്തില്‍ നേറ്റിവ് ട്രാക്ക് വന്നിരുന്നുവെങ്കില്‍ എന്നും പ്രതീക്ഷിക്കും.

എറിഞ്ഞ് കിട്ടിയ 'കീ'യില്‍ ,കോടീശ്വരാ വിളിയില്‍, ആഗ്രഹിച്ച ജീവിതത്തിന്റെ 'താക്കോല്‍' കിട്ടിയ ആനന്ദത്തിലേക്കാണ് ജോജിയുടെ പോക്ക്. ഫെലിക്സിനെ വീട്ടിലെത്തിച്ച് മടങ്ങുമ്പോഴുള്ള ഉന്മാദത്തെ ബാക്ക് ഗ്രൗണ്ട് സ്‌കോറിനൊപ്പമാണ് കൃത്യമായി വിവരിക്കുന്നത്.

കഥാപാത്രവ്യാഖ്യാനത്തില്‍ നിര്‍ണായകമായിരുന്നു ഷൈജു ഖാലിദിന്റെ ക്യാമറ. പനച്ചേല്‍ കുട്ടപ്പന്റെയും ജോജിയുടെയും ബിന്‍സിയുടെയും കാരക്ടര്‍ ഡിറ്റെയിലിംഗില്‍ ഷൈജുവിന്റെ ആംഗിളുകള്‍ക്ക് കാര്യമായ റോളുണ്ട്. ബിന്‍സിയുടെ അടുക്കളയിലെ ലോകം, പനച്ചേല്‍ തറവാടിന് കഥയിലുനീളം അതിപ്രധാനിയായ കഥാപാത്രമായി പ്ലേസ് ചെയ്യുന്നതും സിനിമയുടെ മൂഡ്-ട്രാക്ക് ഷിഫ്റ്റില്‍ ആ കഥാപാത്രത്തെ പല തലങ്ങളിലേക്ക് ഫീല്‍ ചെയ്യിക്കുന്നതിലും ഷൈജു ഗംഭീരമായി വിജയിക്കുന്നുണ്ട്. വിഷ്വലൈസേഷനിലെ മിനിമലിസം.

മൂഡ് ഷിഫ്റ്റിനൊപ്പം സിനിമയുടെ താളം സൃഷ്ടിക്കുന്നതില്‍ കിരണ്‍ ദാസ് എന്ന എഡിറ്ററും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഗോകുല്‍ ദാസിന്റെ പ്രൊഡക്ഷന്‍ ഡിസൈനും ഈ നിലക്ക് എടുത്തുപറയേണ്ടതാണ്

ചെറുസന്ദര്‍ഭങ്ങളെ നരേറ്റിവിനും കഥാപാത്രവ്യാഖ്യാനത്തിനും ഏറ്റവും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുന്ന ചിത്രവുമാണ് ജോജി. പോപ്പി ഓണ്‍ലൈന്‍ ക്ലാസിലെ വീഡിയോയുടെ പ്ലേ ബാക്ക് സ്പീഡ് കൂട്ടിയിടുന്നിടത്ത് പോലും ദൃശ്യാത്മക ആഖ്യാനത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തിയത് കാണാം.

ഫഹദ് ഫാസില്‍ എന്ന നടന്‍ ശരീരഭാഷയെ കൂടി സമര്‍ത്ഥമായി വിന്യസിച്ചാണ് ജോജിയെ അനുഭവപ്പെടുത്തുന്നത്. പറമ്പിലെ സിഗരറ്റ് വലി, കുളത്തിലെ ചൂണ്ടയിടല്‍, ബിന്‍സിയോടുള്ള തുറന്ന സംസാരം, സഹോദരങ്ങള്‍ക്ക് മുന്നിലെ കപടാഭിനയം, പോപ്പിക്ക് മേലുള്ള അധികാരം ഇവയിലെല്ലാം ജോജിയുടെ സങ്കീര്‍ണ മാനസികാവസ്ഥയിലേക്ക് പ്രവേശിച്ച ഫഹദിനെ കാണാനാകും.

ഉണ്ണിമായ അവതരിപ്പിച്ച ബിന്‍സി സമീപകാലത്ത് കണ്ട മികച്ച പെര്‍ഫോമന്‍സുകളിലൊന്നാണ്. ജെയ്‌സണിന് മുന്നിലും ജോജിക്ക് മുന്നിലും രണ്ട് ബിന്‍സിയെ കാണാം, അടുക്കളയിലേക്ക് ചുരുങ്ങിയ മറ്റൊരാളും. ഡയലോഗ് ഡെലിവറിയിലടക്കം ഉണ്ണിമായ പ്രസാദിന്റെ ഭാവഭദ്രമായ പ്രകടനമാണ് ജോജിയിലേത്.

ജെയ്‌സണിനെ അവതരിപ്പിച്ച ജോജിയും ഗംഭീര പ്രകടനമാണ്. സിനിമ ചിട്ടപ്പെടുത്തിയ കഥാപാത്രങ്ങളില്‍ ഹൃദയവിശാലതയുള്ളയാള്‍ ജോമോനാണ്. അവിടെ ബാബുരാജിന്റെ അസാമാന്യ പ്രകടനം കാണാനാകും. ഡോ.ഫെലിക്‌സ് എന്ന ഷമ്മി തിലകന്‍ കഥാപാത്രം ജോജിയില്‍ പൂര്‍ണായും പിടിതരാത്തൊരാളാണ്. ഷമ്മിയുടെ ഗംഭീര പെര്‍ഫോമന്‍സിനൊപ്പമാകും ഈ കാരക്ടര്‍ ഓര്‍ക്കപ്പെടുക.

തൊരപ്പന്‍ ബാസ്റ്റിനായി സ്ഫടികത്തിലെത്തിയ പി.കെ സണ്ണിയെ മുഴുനീള കഥാപാത്രമായി മികച്ച രീതിയില്‍ ഈ സിനിമ സമ്മാനിച്ചിരിക്കുന്നു. ബേസില്‍ ജോസഫിന്റെ മികച്ച പെര്‍ഫോര്‍മന്‍സ് അടുത്തിടെ കണ്ടത് ആണും പെണ്ണും എന്ന സിനിമയിലാണ് ജോജിയിലെ വൈദികനും പക്വമേറിയ പ്രകടനമാണ്.

കൊവിഡ് സാഹചര്യങ്ങളെ സാധ്യതയാക്കിയ സിനിമ കൂടിയാണ് ജോജി. സ്‌റ്റോറി ടെല്ലിംഗില്‍ പുതിയ ഉയരം താണ്ടിയ സിനിമയെന്ന നിലക്ക് കൂടി ജോജി ചര്‍ച്ച ചെയ്യപ്പെടും.

Related Stories

No stories found.
logo
The Cue
www.thecue.in