പാമ്പില്ലാത്ത കാട്, ഹിംസയില്ലാത്ത തെറി; ചുരുളിയുടെ പതിനായിരത്തി ഒന്നാമത് റിവ്യൂ

Churuli movie review
Churuli movie reviewഫോട്ടോ: അര്‍ജുന്‍ കല്ലിങ്കല്‍
Published on
Summary

അതിര് വിട്ട ആലോചനകളിലേക്ക് പോയ്‌ക്കൊള്ളാന്‍ കാഴ്ചക്കാരന് ലൈസന്‍സ് കൊടുക്കുക എന്ന പണിയാണ് ലിജോയും ടീമും ചെയ്ത് വെച്ചിരിക്കുന്നത്. ഒറ്റ പാഠം വെച്ച് പലതായി കാഴ്ചയെ പടർത്തുന്ന ഈ മാന്ത്രിക ഏർപ്പാടിന് പിന്നിൽ എസ് ഹരീഷിനെ പോലെ കയ്യടക്കമുള്ള ഒരെഴുത്തുകാരന്റെ ഉൾബലത്തെയും വ്യക്തമായി കാണാം.

സനീഷ് ഇളയടത്ത് എഴുതുന്നു

ഇല്ലാത്ത പാമ്പ്

ചുരുളിയില്‍ പാമ്പില്ല എന്നത് എനിക്ക് വലിയ കൗതുകമുണ്ടാക്കി. കാടാണ് സിനിമയുടെ സ്ഥലം. കാമന ലിജോ ജോസ് പെല്ലിശ്ശേരിയുടെ തീമുകളിലൊന്നാണ് താനും. കാടും കാമനയും പാമ്പിന്റെ സാന്നിധ്യത്തെ നിര്‍ബ്ബന്ധിക്കുന്ന സാഹചര്യങ്ങളാണല്ലോ ഫിക്ഷനില്‍ . പാമ്പില്ലാതെ ഏത് കാടാണ് ശരിക്കുമുള്ള കാട് ?.ബൈബിള്‍ കാലം തൊട്ട് പാമ്പ് കാമനയുടെ ബിംബമാണെന്നുമാണ്. ആന്റണിക്ക് നടു വെട്ടുന്നതിനെക്കാളെളുപ്പം അധികം വിഷമില്ലാത്തൊരു ജാതി പാമ്പ് കടിക്കുന്നതായിരുന്നു. പെങ്ങളുടെ വിചിത്രവീട്ടിലേക്ക് പോകാനുള്ള കാരണമായി അതായിരുന്നു കുറേക്കൂടെ ചേര്‍ച്ച. പെങ്ങളെ എന്ന് ഇവര്‍ വിളിക്കുന്ന ആ സ്ത്രീയുടെ ചുറ്റുപാടുള്ള നിഗൂഢതയ്ക്കും, ആ വീടിന്റെ മാന്ത്രികാന്തരീക്ഷത്തിനുമൊപ്പം ചേര്‍ന്നങ്ങ് നിന്നേനേ പാമ്പ്. ചുരുളി എന്ന പേരിനും സിനിമയാകെയുള്ള ഈ ലാബിറിന്തിയന്‍ ചുരുളുകള്‍ക്കും എത്ര ചേര്‍ന്ന ബിംബമായേനേ അത് എന്ന് ഓര്‍ത്ത് നോക്ക്.ഗ്രാമമോ കാടോ പോലുള്ള ഗൃഹാതുര ഇടങ്ങളില്‍ ക്യാമറ വെയ്ക്കുന്ന സംവിധായകര്‍ കുളിക്കുന്ന മീനുകളിലേക്കോ നീന്തുന്ന പാമ്പുകളിലേക്കോ പറക്കുന്ന പക്ഷികളിലേക്കോ ക്യാമറ നീട്ടാതിരുന്നിട്ടില്ല.അതൊക്കെ കണ്ട് വളര്‍ന്ന കാണികളായത് കൊണ്ട് കൂടെയാണ് നമുക്കിങ്ങനെ തോന്നുക. പക്ഷെ ലിജോ ഈ കാര്യം ചെയ്യുന്നില്ല . സിനിമയിലൊരിടത്തും ആ ഉരഗമില്ല. കാട് പാമ്പ് പോലെ ചുരുണ്ട് കിടക്കുന്നു എന്ന് ഷാജീവനൊരിടത്ത് പറയുന്നിടത്ത് വാക്കായും ഉപമയായും മാത്രം ഒരു പ്രത്യക്ഷപ്പെടലുണ്ട്. പക്ഷെ ജീവിയായി അത് ഇല്ല.

Churuli movie review
Churuli movie reviewഫോട്ടോ: അര്‍ജുന്‍ കല്ലിങ്കല്‍

സത്യത്തില്‍ ഇഴജന്തുക്കള്‍ മാത്രമല്ല,റിയല്‍ കാട്ടിലാണെങ്കില്‍ നിശ്ചയമായും ഉണ്ടാകുന്ന ഇതര ജീവികളുടെ സാന്നിധ്യം ചുരുളിയില്‍ തുലോം തുച്ഛം. ഇല്ല എന്ന് തന്നെ പറഞ്ഞാല്‍ തെറ്റാത്തത്രയ്ക്ക് തുച്ഛം. ഷാജീവന്‍ വെടിവെച്ചിടുന്ന മൃഗം ഉണ്ട്. കാണാവുന്ന ഒന്ന് അതാണ്. പക്ഷെ നമ്മള് കാണുമ്പോഴേക്ക് അതും ജീവിയല്ല , ശവം എന്ന നിലയ്‌ക്കേ അപ്പോഴതിനെ കാണുന്നുള്ളൂ. എന്ത് കൊണ്ടായിരിക്കണം സിനിമാക്കാര് കാട്ടിനുള്ളിലായിരുന്നിട്ട് പോലും അതിന്റെ യഥാര്‍ഥ ഉടമസ്ഥരായ ഇതര ജീവികളെ കാണിക്കാതിരുന്നത് ?

നമ്മളൊരു റിയല്‍ കാടല്ല കാണുന്നത് എന്ന് കാഴ്ചക്കാരനെ ബോധ്യപ്പെടുത്താനുള്ള പണി എന്നാണ് എനിക്ക് മനസ്സിലായത്. യാഥാര്‍ഥ്യത്തെ സിനിമയില്‍ കാണാനുപയോഗിക്കുന്ന ചെരുപ്പ് പുറത്ത് വെച്ചിട്ട് വരൂ എന്നാണ്.ഇതിനകത്ത് ഇതാ ഈ ഒരേയൊരു തരം ജീവിയേ ഉള്ളൂ എന്നാണ്. (ഒന്ന് രണ്ടിടത്ത് ചിലന്തിയെ കാണാം. ഒന്ന് കൂടെ നോക്കൂ , ഇതാ സിനിമ റിയാലിറ്റിയിലേക്ക് വരുന്നു എന്ന തോന്നലുണ്ടാക്കുന്നിടത്തേ ആ ചിലന്തിവരവ് ഉള്ളൂ.ഉദാഹരണത്തിന് ഷാജീവന്‍ വെടി പൊട്ടിക്കുകയും കാട് വാസികള്‍ ചിതറുകയും നമ്മള്‍ ഞെട്ടുകയും ചെയ്യുന്നയിടത്ത് )

Churuli movie review
Churuli movie reviewഫോട്ടോ: അര്‍ജുന്‍ കല്ലിങ്കല്‍

ഉള്ള തെറി

നിങ്ങള് റിയാലിറ്റിയില്‍ അല്ല എന്ന് ബോധ്യപ്പെടുത്താന്‍ സിനിമാക്കാര് ഉപയോഗിക്കുന്ന മറ്റൊരു ഏര്‍പ്പാടാണ് തെറി. തെറി വേറെ ഒരു ഭാഷയായാണ് നില്‍ക്കുന്നത്. അവതാര്‍ എന്ന സിനിമ ഓര്‍ത്ത് നോക്കുക. സംവിധായകന് വേറെ ഒരു ലോകത്തെ കാണിക്കണം, അപ്പോ ഭാവനയും ഗ്രാഫിക്‌സും ഉപയോഗിച്ച് വേറെ ഒന്നിനെ ഉണ്ടാക്കലേ നിവൃത്തിയുള്ളൂ. അങ്ങനെ വേറെ ലോകത്തെ ആദ്യം ഉണ്ടാക്കി വെച്ചിട്ട് വേണം അവിടത്തെ കഥ പറയാന്‍. ക്രിയേറ്റര്‍ ഒരു ലോകത്തെത്തന്നെ ആദ്യം ഉണ്ടാക്കുന്നു, രണ്ടാമത് കഥയെ വിശദീകരിക്കുന്നു. ഇങ്ങനെയാണ്. ചുരുളിയിലെ ലോകത്തെ ലിജോ ഉണ്ടാക്കുന്നത് ഇത് പോലെ തന്നെ . ഇതരജീവികളില്ലാത്ത കാടിനെയും , സാധാരണമല്ലാത്ത വിധം ഉപയോഗിക്കപ്പെടുന്ന തെറിയെയും ആണ് ഇതിന് അയാള് ടൂളാക്കുന്നത്. ഇതരജീവികളില്ലാത്ത കാട് എന്ന പോലെത്തന്നെ അസാധാരണമാണ് മുക്കിന് മുക്കിന് ഇത്രമാത്രം തെറിയുള്ളൊരു ദൈനംദിനജീവിതം. ഈ തെറികളെല്ലാം മലയാളി സ്ഥിരം പ്രയോഗിക്കുന്നതാണല്ലോ എന്ന് ചിലരൊക്കെ സിനിമയിലെ തെറി ആധിക്യത്തെ സാധൂകരിക്കാന്‍ എഴുതിക്കണ്ടു. സത്യത്തില്‍ ആ വിലയിരുത്തല്‍ തെറ്റായതാണ്. നേരെ ഓപ്പസിറ്റായതാണ് ശരി.. ഇത്ര വലിയ അളവിലെ തെറിയുടെ നിരന്തര പ്രയോഗം അസാധാരണമാണ് ഏത് നാട്ടിലും ഭാഷയിലും . ഇങ്ങനെ അസാധാരണമാം വിധത്തില്‍ പ്രയോഗിക്കപ്പെടുന്ന തെറി കേള്‍ക്കുന്ന ആദ്യ നിമിഷം തൊട്ട് കാഴ്ചക്കാരന് തിരിയുകയാണ്, ഇതാ ഒരു അയഥാര്‍ഥ ലോകത്തിലാണ് എന്ന്.പാവങ്ങളുടെ അവതാര്‍ വിഎഫ്എക്‌സ് ആണ് ചുരുളിയിലെ തെറി.

Churuli movie review
Churuli movie reviewഫോട്ടോ: അര്‍ജുന്‍ കല്ലിങ്കല്‍

പുറം ലോകത്തെപ്പോലെ തെറി വയലന്‍സ് ആയിട്ടല്ല സിനിമയിലുള്ളത് എന്നും കാണണം. ലീലാപരതയാണ് അതിന്റെ ഈ ലോകത്തെ സ്വഭാവം.കാട്ടിലെ മനുഷ്യര്‍ ഒരു വയലന്‍സും ചെയ്യുന്നില്ല .ചിരിക്കുന്ന മനുഷ്യരാണ് അവര്‍.ഇന്നലെ കണ്ടവരെ പിടിച്ച് ഷാപ്പിലെ പണിക്കാരാക്കുന്ന, ഫുള്‍ ടൈം ചിരിക്കുന്ന ജാഫര്‍ ഇടുക്കി അവരുടെ മുഴുപ്രതിനിധാനം. തെറി വിളിക്കുന്നത് കേള്‍ക്കുമ്പോ ആദ്യമൊക്കെ നമ്മള് ഇപ്പോ അടി പൊട്ടും എന്ന് വിചാരിക്കും. പക്ഷെ ഒന്നുമില്ല. ജീപ്പില്‍ നിന്ന് ഷാപ്പിലേക്ക് ചാടിയിറങ്ങി തെറി വിളിക്കുന്ന ഡ്രൈവര്‍ കുറുകെ കിടക്കുന്ന കുടിയനെ ഇപ്പോ ചവിട്ടും എന്ന നമ്മള് പേടിക്കും. ഒന്നുമില്ല, അയാളാ കാല് കുടിയന് മേലേക്കൂടെ വെച്ച് കടന്നങ്ങ് പോവും. സിനിമയില്‍ വയലന്‍സ് ചെയ്യുന്നത് പുറത്ത് നിന്ന് വന്നവരാണ്.തമാശമത്സരമായി മാത്രമേ അവിടെ തല്ല് ഉള്ളൂ. ഷാപ്പിനകത്ത് കാണുന്ന കശപിശയൊക്കെ തമാശയെന്ന മട്ടിലാണ്. മേല് നോവാത്തത്. കുടകനെ കൊല്ലുന്നത് ഷാജീവന്‍,അത് വരെ ഒരു തട്ട് കേടുമില്ലാതിരുന്ന ആകാശത്തേക്ക വെടിവെക്കുന്നതും ഷാജീവന്‍. യഥാര്‍ഥ ലോകത്തോട് ബന്ധമുള്ളവരേ വയലന്‍സ് ചെയ്യുന്നുള്ളൂ. ചിരിയും തെറിയും ആനന്ദവും മാത്രവുമുള്ള ഇടമാണ് അയഥാര്‍ഥമായ ഈ രണ്ടാം ലോകം. ( സിനിമയെക്കുറിച്ചുള്ള ആലോചനയില്‍ ഇവിടെയെത്തിയപ്പോള്‍ ഞാന്‍ അവതാര്‍ എന്ന പോലെ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന പത്മരാജന്‍ സിനിമയെയും ഓര്‍ത്തു. )

പ്രാകൃത ഹിംസയുള്ള കുറ്റവാളികളുടെ ഗ്രാമത്തിലേക്ക് ആധുനികരായ നിയമനടത്തിപ്പുകാര്‍ ചെല്ലുന്നതിന്റെ ഗാഥ എന്ന് ചിലരൊക്കെ പറഞ്ഞ് കേട്ടു. വിനോയ് തോമസിന്റെ കഥയിലും അത് അങ്ങനെയാണത്രെ. എനിക്ക് തിരിച്ചാണ് തോന്നിയത്. ഹിംസയില്ലാത്ത, പ്രാകൃതാനന്ദത്തിന്റെ ഭൂമിയാണ് ചുരുളി. കുറ്റവാളികളാണ് അവിടെ എന്ന് ചുമ്മായിങ്ങനെ റിവ്യൂകളില്‍ പറയുന്നതേ ഉള്ളൂ, അവിടുളളവരാരെങ്കിലും കുറ്റം ചെയ്തതിന് തെളിവൊന്നും സിനിമയില്‍ നിന്ന് കിട്ടില്ല. ഹിംസാരഹിതമായ ചുരുളിയിലേക്ക് ഹിംസയുമായി പോകുന്ന നിയമലംഘകരുടെ കഥയാണ് . അതില്‍ ടൈം ലൂപ് ഉണ്ടെങ്കില്‍ അതും ഇതോട് ചേര്‍ന്നത് തന്നെ. ആദിമ സോഷ്യലിസ്റ്റ് ലോകങ്ങളിലേക്ക് ആധുനികത അതിന്റെ ഹിംസാടൂളുകളുമായി പോകുന്നതിന്റെ, അത് അനവധി നിരവധിയായി ആവര്‍ത്തുന്നതിന്റെ .അവരവരുടെ മട്ടില്‍ അന്നന്ന് പുലരുന്ന പാവം പ്രദേശങ്ങളിലേക്ക് ടണ്‍ കണക്കിന് ആുധങ്ങളുമായി ചെന്നിറങ്ങി അന്നാടുകളെ അലമ്പാക്കി ഇട്ടേച്ച് പോകുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തെക്കുറിച്ചൊരു റഫറന്‍സ് ആദ്യ ഭാഗത്ത് കേട്ടത് ഞാന്‍ മാത്രമാണോ?.

Churuli movie review
Churuli movie reviewഫോട്ടോ: അര്‍ജുന്‍ കല്ലിങ്കല്‍

സിനിമയ്ക്ക് ശേഷം

ചാര്‍ലി ചാപ്ലിന്‍ മല്ല് പിടിക്കുന്നതായി നമ്മള്‍ നേരത്തെ സിനിമയില്‍ കണ്ടിട്ടുള്ള അതേ യന്ത്ര പല്‍ച്ചക്രങ്ങള്‍ അവിടവിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. അയഥാര്‍ഥമെങ്കിലും ആനന്ദദായകവും ആദിമവുമായ കാട്ടില്‍ എന്ത് പണിയാണ് ഇടയക്ക് സ്വപ്‌നാടനമായി വന്ന് പോകുന്ന ഈ പല്‍ച്ചക്രങ്ങള്‍ക്കുള്ളത് എന്ന് ആലോചിക്കാനുണ്ട്.ജെല്ലിക്കെട്ടിലേത് പോലെ മുദ്രാവാക്യം വിളി പോലെയുച്ചത്തില്‍ കാഴ്ചക്കാരനെ ഫീഡ് ചെയ്യുന്ന പരിപാടിയല്ലേ അത്. ആണ്, പക്ഷെ ആവശ്യത്തിലേറെ ഉപയോഗിച്ച് വെറുപ്പിച്ചിട്ടില്ല. പിന്നെ മുന്‍ പടങ്ങളെയെന്ന പോലെ ഇതൊരു ആണ്‍പടമാണ്. അതില്‍ വലിയ കാര്യമില്ല. സത്യന്‍ അന്തിക്കാടിന് നാട്ടിന്‍പുറം എന്ന പോലെയൊരു അബോധ അഡിക്ഷനാണ് ഈ സംവിധായകന് തുടയ്ക്ക് മേലെ മുണ്ട് മടക്കിക്കുത്തല്‍ എന്ന് നിനച്ച് ബാക്കി കാണുക , അത്ര തന്നെ.

അതിര് വിട്ട ആലോചനകളിലേക്ക് പോയ്‌ക്കൊള്ളാന്‍ കാഴ്ചക്കാരന് ലൈസന്‍സ് കൊടുക്കുക എന്ന പണിയാണ് ലിജോയും ടീമും ചെയ്ത് വെച്ചിരിക്കുന്നത്. ഒറ്റ പാഠം വെച്ച് പലതായി കാഴ്ചയെ പടർത്തുന്ന ഈ മാന്ത്രിക ഏർപ്പാടിന് പിന്നിൽ എസ് ഹരീഷിനെ പോലെ കയ്യടക്കമുള്ള ഒരെഴുത്തുകാരന്റെ ഉൾബലത്തെയും വ്യക്തമായി കാണാം.

നല്ല കലയുടെ വലിയ പ്രത്യേകത തന്നെ അത്. അതിനുള്ള ഉദാഹരണമൊന്ന് മലയാളസിനിമയായി ചെയ്ത് വെച്ചതിന് ലിജോയ്ക്കും ടീമിനും നന്ദി പറഞ്ഞ് കൊള്ളുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in