ബാക്കി വന്നവര്‍, അവശേഷിക്കുന്നവരുടെ നഗരങ്ങള്‍

ബാക്കി വന്നവര്‍, അവശേഷിക്കുന്നവരുടെ 
നഗരങ്ങള്‍
Published on

27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ‘ബാക്കി വന്നവര്‍’. ബ്ലൂ കോളര്‍ സിനിമാസിന്റെ ബാനറില്‍ കളക്റ്റീഫ് ഫെയ്സ് വണ്‍ ആണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. കൊച്ചിയിലെ ഒരു ഫുഡ് ഡെലിവറി ബോയിയുടെ ദൈനംദിനജീവിതത്തെ മുഖ്യപ്രമേയമായി സ്വീകരിച്ചിരിക്കുന്ന സിനിമ അവന്റെ സംഘര്‍ഷങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് ആഖ്യാനത്തെ മുന്നോട്ട് കൊണ്ട് പോവുന്നത്.

ബാക്കി വന്നവര്‍ അഥവാ ദി ലെഫ്റ്റ് ഓവേര്‍സ് എന്ന തലക്കെട്ട് തന്നെ സിനിമയുടെ പ്രമേയത്തെ ഉള്‍ക്കൊള്ളുന്നുണ്ട്. ‘ദൈനംദിനജീവിതമെന്നത് ഒരു തരത്തില്‍ പറഞ്ഞാല്‍ അവശേഷിക്കുന്നതാണ്, അല്ലെങ്കില്‍ ബാക്കിയാവുന്നതാണ്’ അതിനെ നിശ്ചയിക്കുന്നത് എന്ന് പ്രശസ്ത മാര്‍ക്സിസ്റ്റ് തത്വചിന്തകനും ദൈനംദിനതയെ ആദ്യമായി സിദ്ധാന്തപ്രമേയമായി സ്വീകരിച്ചവരിലൊരാളുമായ ഹെന്‍റി ലെഫ്രവെ നിരീക്ഷിക്കുന്നുണ്ട്. സിനിമകളില്‍, പ്രത്യേകിച്ച് നരേറ്റീവ് സിനിമകളില്‍ പലപ്പോഴും നിഷ്ക്രിയമായ രീതിയില്‍ അവഗണിക്കപ്പെട്ടു പോകുന്ന, അല്ലെങ്കില്‍ അരികുകളിലൂടെ വന്നുപോവുന്ന ഇത്തരം ‘ബാക്കിയാവലുകളെ’ അല്ലെങ്കില്‍ ‘ വിരസമായ നിമിഷ’ങ്ങളെ തന്നെ മുഖ്യപ്രമേയത്തിലേക്കെടുക്കുകയാണ് സിനിമ. സിനിമയുടെ രൂപ-ഉള്ളടക്ക തലത്തില്‍ ചിത്രത്തിന്റെ അവതരണവും ആ അവതരണത്തെ സാധ്യമാക്കുന്ന ദൃശ്യവ്യാഖ്യാന ശൈലിയും ഏറെ ശ്രദ്ധേയമാണ്.

നഗരങ്ങള്‍ വികസിക്കുമ്പോള്‍ ഭൂമിശാസ്ത്രപരമായി അരികുവത്കരിക്കപ്പെടുന്നവരെ കൊച്ചിയുടെ പശ്ചാത്തലത്തില്‍ അഭിമുഖീകരിച്ച സിനിമയായിരുന്നു രാജീവ് രവിയുടെ കമ്മട്ടിപ്പാടം. ഭൂമിശാസ്ത്രപരമായ അല്ലെങ്കില്‍ ഇടപരമായ അരിക് വത്കരണം പലപ്പോഴും വളരെ പ്രത്യക്ഷമാണ്. നഗരവികാസത്തിന്റെയും മൂലധനവളര്‍ച്ചയുടെയും പശ്ചാത്തലത്തില്‍ കീഴാള ഇടങ്ങളെ നഗരങ്ങളെങ്ങനെയാണ് ഒന്നുകില്‍ വിഴുങ്ങുകയും അല്ലെങ്കില്‍ പുറമ്പോക്കുകളാക്കി തീര്‍ക്കുകയും ചെയ്യുന്നത് എന്ന് കമ്മട്ടിപ്പാടം ചിത്രീകരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള, ഇടപരമായ അരികുവത്കരണത്തിന്റെ പ്രക്രിയയിലും അതിന്റെ പ്രയോഗത്തിലുമടങ്ങിയിട്ടുള്ള ഹിംസ പലപ്പോഴും പ്രത്യക്ഷമായതുകൊണ്ടു തന്നെ ഇവ പലപ്പോഴും കൂട്ടായ പ്രതിരോധങ്ങളെ സൃഷ്ടിക്കാറുണ്ട്. എന്നാല്‍, നഗരങ്ങളുടെ വികാസത്തിലെയും മൂലധനങ്ങളുടെ വളര്‍ച്ചയിലും ഭൂമിശാസ്ത്രപരമായി അടയാളപ്പെടുത്താതെ പോകുന്ന, അരിക് വത്കരിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്യുന്ന മനസ്സുകളുടെ ദൈനംദിനതയിലേക്കാണ് ‘ബാക്കിവന്നവര്‍’ നമ്മളെ കൊണ്ടുപോവുന്നത്.

 'Bakki vannavar' official entry to IFFK
'Bakki vannavar' official entry to IFFK

സവിശേഷമായ യാതൊരു സംഭവങ്ങളുമില്ലാതെ മടുപ്പിക്കുന്നതായി തോന്നുന്ന ഈ ദൈനംദിനതയുടെ ദൈന്യതയിലാണ് സിനിമ മാനസികവും ഭൗതികവുമായ അരക്ഷിതാവസ്ഥയെ ചിത്രീകരിക്കുന്നത്. ദൈനംദിനതയിലെ മൂര്‍ത്ത സംഘര്‍ഷങ്ങളെ അവഗണിച്ചുകൊണ്ട് അതിന്റെ സൗന്ദര്യവത്കരിക്കപ്പെട്ട ലാവണ്യ (aesthetic) പ്രതലത്തിലേക്ക് കൊണ്ടുപോവുന്നതിന് പകരം, നായകനനുഭവിക്കുന്ന മൂര്‍ത്തപ്രശ്നങ്ങളുടെയും അനീതികളുടെയും സംഭവസ്ഥലമായ ദൈനംദിനതയെതന്നെ സിനിമയുടെ ലാവണ്യമായി സ്വീകരിക്കുകയാണ് ഇവിടെ. നഗരകേന്ദ്രീകൃതമായി വരുന്ന പല ചിത്രങ്ങളുടെയും ഇത്തരത്തിലുള്ള നിര്‍മലമായ ലാവണ്യത്തെ സാധ്യമാക്കുന്ന, എന്നാല്‍ അതിന് പിറകില്‍ അദൃശ്യവത്കരിക്കപ്പെടുന്ന അനേകായിരം മാനുഷികാധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ആഖ്യാനത്തെ മുന്നോട്ട് കൊണ്ടുവരികയാണ് ബാക്കിവന്നവര്‍.

കൊച്ചിയില്‍ ഈയടുത്ത് നടന്ന സ്വിഗ്ഗി വിതരണക്കാരുടെ സമരത്തില്‍ സമരക്കാരുയര്‍ത്തിയ ആവശ്യങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ തന്നെ ഈ തൊഴില്‍ രംഗത്തെ അനീതിയും അതേ തുടര്‍ന്നുണ്ടാവുന്ന അരക്ഷിതാവസ്ഥയും ഏറെ ബോധ്യമാവുന്നതാണ്. അത്തരമൊരു അരക്ഷിതാവസ്ഥയിലൂടെ ദിനേന കടന്നുപോവുന്ന ഡെലിവെറി ബോയിയുടെ ദൈനംദിനജീവിതത്തെയും ആ ജീവിതത്തെ സാധ്യമാക്കുന്ന അവന്റെ സുഹൃദ്ബന്ധങ്ങളെയും ആ ബന്ധങ്ങളിലെ വൈരുദ്ധ്യങ്ങളെയുമെല്ലാം സിനിമ ചിത്രീകരിക്കുന്നുണ്ട്. അരക്ഷിതമായ അവസ്ഥയില്‍ നിന്നു വര്‍ഗപരമായ വളര്‍ച്ച കൊതിച്ച് കൊണ്ട് വിദ്യാഭ്യാസ കുടിയേറ്റത്തിന്റെ സാധ്യതകള്‍ അന്വേഷിക്കുമ്പോഴും അവിടെയും അടിസ്ഥാനപരമായ സാമ്പത്തിക പ്രശ്നങ്ങള്‍ കുറുകെ നില്‍ക്കുന്നത് കാണാം. സിനിമയില്‍ കാണുന്ന പല സുഹൃത്തുക്കളുടെയും മറ്റും പേരുകള്‍ പലയിടങ്ങളിലായി വെളിവാക്കപ്പെടുന്നുണ്ടെങ്കിലും സിനിമ അവസാനിക്കുന്നത് വരെ പ്രധാന കഥാപാത്രത്തിന്റെ പേര് ഒരിടത്തും വെളിവാക്കപ്പെടുന്നില്ല. അരക്ഷിതമായ തൊഴില്‍ സാഹചര്യവും സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥയുമുള്ള മറ്റാരെയും പോലെ ഒരാള്‍ എന്നതല്ലാതെ സവിശേഷമായി സ്വത്വത്തെ അടയാളപ്പെടുത്തുന്ന ഘടകങ്ങളൊന്നും പ്രധാന കഥാപാത്രത്തിനില്ല. സിനിമയിലെ സുഹൃദ്ബന്ധങ്ങളുടെ സ്വഭാവവും സവിശേഷമായ ശ്രദ്ധയര്‍ഹിക്കുന്നതാണ്. മൂര്‍ത്തമായ വൈരുദ്ധ്യങ്ങളിലൂടെയും സംഘര്‍ഷങ്ങളിലൂടെയും കടന്ന് പോവുന്ന സുഹൃത്തുക്കളുടെ ബന്ധങ്ങളെ പരസ്പരം നിലനിര്‍ത്തുന്നതില്‍ നൈതികമായ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പല രംഗങ്ങളിലും കാണാം. എന്നാല്‍, ഐകൃദാര്‍ഢ്യപരമായ ഈ നൈതികതയെ തന്നെ സാധ്യമാക്കുന്നത് ഭൗതികമായ സംഘര്‍ഷങ്ങളുടെയും സാമ്പത്തികാവസ്ഥയുടെയും അനിവാര്യതകളാണ് എന്ന് സിനിമയുടെ ആഖ്യാനം വ്യക്തമാക്കുന്നുണ്ട്.

സിനിമയുടെ ആഖ്യാനമൂകതയോട് ചേരുന്ന പശ്ചാത്തലസംഗീതവും ശബ്ദവിന്യാസങ്ങളും ഈ ദൈനംദിന സംഘര്‍ഷങ്ങളുടെ വൈരുദ്ധ്യത്തെ കൂടുതല്‍ പ്രകടമാക്കുന്നുണ്ട്. സിനിമയുടെ ദൃശ്യങ്ങളില്‍ നഗരം പലപ്പോഴും അകക്കാഴ്ച്ചകളായാണ് വെളിവാകുന്നത്. ഹോസ്റ്റല്‍ മുറിയിലെ സംഘര്‍ഷം പോലെയോ നിരാശനിറഞ്ഞ സംസാരം പോലെയോ, അല്ലെങ്കില്‍ ഇന്റര്‍വ്യൂ ബോര്‍ഡിന്റെ അവജ്ഞയും പരിഹാസവും പോലെയോ ട്രാവല്‍ ഏജന്റിന്റെ നിസ്സാരവത്കരണം പോലെയോ ഉള്ള അകക്കാഴ്ച്ചകളിലൂടെയും നഗരവും അതിനെ നിലനിര്‍ത്തുന്ന സവിശേഷമായ വര്‍ഗ-സാമൂഹ്യ ഘടകങ്ങളും വെളിപ്പെടുന്നു. സിനിമയുടെ ക്യാമറയും ഇടപരമായ ഈ വ്യതിരിക്തത കാത്തുസൂക്ഷിക്കുന്നുണ്ട്. നഗരത്തിന്റെ പ്രകടമായ ദൃശ്യങ്ങളേക്കാള്‍ പ്രധാന കഥാപാത്രത്തിന്റെയും അവന്റെ ബൈക്കിന്റെയും കൂടെയാണ് സിനിമ നഗരത്തെ കാണിക്കുന്നത്. ആദ്യഭാഗങ്ങളിലെ നിര്‍വികാരതയില്‍ നിന്ന് പ്രധാന കഥാപാത്രം പ്രകടമായ സംഘര്‍ഷത്തിലേക്കെത്തുന്ന ഒരു രംഗമാണ് അവന്റെ സന്തതസഹചാരിയായ ബൈക്ക് കേടാവുന്ന രംഗം. ഇവിടെ സവിശേഷമായ ആംഗിളില്‍ നിന്നു ക്യാമറ ഉപയോഗിച്ചിരിക്കുന്ന ഡച്ച് ടില്‍റ്റ് സങ്കേതം പിന്നീടുടനീളം ആഖ്യാനത്തില്‍ പ്രകടമായി തന്നെ തെളിയുന്ന മാനസികമായ സംഘര്‍ഷങ്ങളിലേക്കുള്ള സൂചകമായി വര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ ആഖ്യാനത്തിന് അനുപൂരകമായി ക്യാമറ നീങ്ങുന്നുണ്ട്.


അമൽ പ്രാസി
അമൽ പ്രാസി

പ്രകടമായ മുദ്രാവാക്യങ്ങളേക്കാള്‍ സൂക്ഷ്മമായ ഇത്തരം സന്ദര്‍ഭങ്ങളിലും രംഗങ്ങളിലും രാഷ്ട്രീയം വ്യക്തമാക്കുന്ന ഈ സിനിമയും അതിന്റെ അവതരണവും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ അതേസമയം തന്നെ, ചിലയിടങ്ങളിടെ ദുര്‍ബല സംഭാഷണങ്ങളും രംഗങ്ങളും ചിത്രത്തിന്റെ ആസ്വാദനത്തില്‍ കല്ലുകടിയായി മാറുന്നുണ്ട്. സാങ്കേതികമായ പരിമിതികള്‍ മൂലം ശബ്ദലേഖനത്തില്‍ പ്രകടമാവുന്ന ഇടര്‍ച്ചകളും ഇത്തരത്തില്‍ പ്രയാസം സൃഷ്ടിക്കുന്നതാണ്. എന്നിരുന്നാലും, ഇത്തരം സാങ്കേതിക പരിമിതികളെ ആഖ്യാനമികവുകൊണ്ട് മറികടക്കാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ട്. അങ്ങനെ, സിനിമയുടെ സൗന്ദര്യശാസ്ത്രത്തെ തന്നെ രാഷ്ട്രീയവത്കരിച്ച് കൊണ്ട് ലെഫവ്രെ നിരീക്ഷിക്കുന്നതു പോലെ ‘അതിസാധാരണത്വങ്ങളിലെ അസാധാരണത്വങ്ങളെയും’ ‘അപ്രധാനമായതിലെ പ്രധാന്യ’ങ്ങളെയും തുറന്ന് കാണിക്കുന്ന ചിത്രമായി ബാക്കി വന്നവര്‍ മാറുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in