എല്ലാം പിടിച്ചടക്കി വിജയിച്ചു നിൽക്കുന്ന ആണുങ്ങളല്ല എന്തിനെയൊക്കെയോ പേടിച്ച് ഓടിക്കൊണ്ടിരിക്കുന്ന, ആണുങ്ങളാണ് ജിതു മാധവന്റെ കഥാപാത്രങ്ങൾ. അതിന്റെ മനോഹരമായ തുടർച്ചയാണ് രംഗനും. രണ്ട് സിനിമകളുടെയും ടെയിൽ എന്റ് നോക്കിയാൽ അവരുടെ ആ ഭയവും ഓട്ടവും അവസാനിക്കുന്നില്ലെന്നും കാണാം.
വ്യക്തിപരമായി ഗ്യാങ്ങ്‌സ്റ്റർ സ്പൂഫ് സിനിമകളുടെ ആരാധകനല്ല. ആ ഗണത്തിലുണ്ടായിട്ടുള്ള ചില ലോകോത്തര സിനിമകൾ- ജൊണാതൻ ഡെമ്മെയുടെ Married to the mob പോലുള്ളവ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് മാത്രം. മലയാളത്തിൽ അത്യപൂർവമായെങ്കിലും ആ ഗണത്തിലുണ്ടായിട്ടുള്ള പരിശ്രമങ്ങളൊന്നും വിജയം കണ്ടിട്ടുമില്ല. ഗംഭീരമായ ഒരു പരീക്ഷണമായി പിന്നീട് ആഘോഷിക്കപ്പെട്ടെങ്കിലും, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിൾ ബാരലും ബോക്‌സോഫീസ് വിജയം നേടിയില്ല. മമ്മൂട്ടി നായകനായ ഭാർഗവചരിതം മൂന്നാം ഖണ്ഡവും ആ അർത്ഥത്തിൽ പരാജയപ്പെട്ട ഒരു പരിശ്രമമായിരുന്നു. അങ്ങനെയൊരിടത്താണ് ജിതു മാധവന്റെ ആവേശം തിയറ്ററുകളിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുന്നത്. എന്തായിരിക്കാം അതിന്റെ കാരണം? മാറിയ മലയാള സിനിമ മുതൽ പ്രേക്ഷകരുടെ അഭിരുചിയിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റം വരെ അതിനൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നവരുണ്ട്. തീർച്ചയായും അവയെല്ലാം പ്രസക്തവുമാണ്. വ്യക്തിപരമായ അഭിപ്രായത്തിൽ പക്ഷേ ആ വിജയത്തിന്റെ സുപ്രധാന ക്രഡിറ്റ് രംഗൻ എന്ന കഥാപാത്രത്തിനും ഫഹദിന്റെ പ്രകടനത്തിനും തന്നെയാണ്. (ഒരു കാരിക്കേച്ചർ സ്വഭാവത്തിൽ സൃഷ്ടിക്കപ്പെട്ട രംഗൻ എന്ന കഥാപാത്രത്തെ സൂക്ഷ്മമായ പ്രകടനത്തിലൂടെ ഫഹദ് ഗംഭീരമാക്കി എന്നത് എന്നിലെ ഫഹദ് ആരാധകനെ എന്തെന്നില്ലാതെ ആഹ്ലാദിപ്പിച്ചിട്ടുണ്ട്)
സജിൻ ഗോപു അവതരിപ്പിച്ച അമ്പാന്റെ വിവരണങ്ങളിലൂടെയാണ് രംഗൻ പ്രേക്ഷകർക്ക് മുൻപിൽ വെളിപ്പെടുന്നത്. സഹായം തേടി വന്ന മൂന്ന് എഞ്ചിനിയറിങ് വിദ്യാർത്ഥികൾക്ക്- ബിബി, അജു, ശാന്തനു- മുൻപിൽ നടത്തുന്ന ആ വിവരണങ്ങളിൽ യാഥാർത്ഥ്യവും ഭാവനയുമുണ്ട്. അമ്പാന്റെ ആഖ്യാനത്തിൽ കുറേയേറെ കാര്യങ്ങൾ യാഥാർത്ഥ്യമാണെന്ന് പിന്നീട് പ്രേക്ഷകർ തിരിച്ചറിയുന്നുണ്ട്. അപ്പോഴും യാഥാർത്ഥ്യമേത് ഭാവനയേത് എന്ന് തിരിച്ചറിയാനാവാത്ത ഒരു അങ്കലാപ്പ് ആ മൂന്ന് ചെറുപ്പക്കാർക്കെന്ന പോലെ പ്രേക്ഷകർക്കുമുണ്ടാവുന്നുണ്ട്. ചുരുക്കത്തിൽ പ്രേക്ഷകർ കാണുന്ന രംഗൻ അമ്പാന്റെ ഒരു കാരിക്കേച്ചർ സൃഷ്ടി കൂടിയാണ്. ഒരേസമയം അയാൾ വയലൻസ് കാണിക്കാൻ മടിയേതുമില്ലാത്ത ഒരു ഗ്യാങ്‌സ്റ്ററാണ്, ജ്യേഷ്ഠനെ കൊന്ന് സ്വന്തം വീട്ടിൽ കുഴിച്ചിട്ടയാളാണ്. അതേസമയം ഇൻസ്റ്റഗ്രാം റീലുകൾ ചെയ്യുന്ന, അതിന് ലൈക്ക് കിട്ടാത്തിൽ സങ്കടപ്പെടുന്ന, ഡംഷറാഡ്സ് കളിക്കുന്ന, അതിലെ തനിക്കിഷ്ടപ്പെട്ട സിനിമ തിരിച്ചറിയാത്തതിന് അമ്പാനെ വെട്ടിപ്പരിപ്പേൽപ്പിക്കുന്ന ഒരു കാരിക്കേച്ചർ സ്വഭാവമുള്ള കഥാപാത്രമാണ്- അല്ലങ്കിൽ മലയാള സിനിമയിൽ പലകുറി ആവർത്തിക്കപ്പെട്ടിട്ടുള്ള ഗുണ്ട/ചട്ടമ്പി/ഗ്യാങ്സ്റ്റർ കഥാപാത്രങ്ങളുടെയും അവരെ രൂപപ്പെടുത്തിയ കഥാപരിസരങ്ങളുടെയും ഒരു സ്പൂഫാണ് രംഗൻ-സ്‌നേഹം കൊതിക്കുന്ന ഗുണ്ട. അമ്പാൻ രംഗന്റെ ബാക്ക്‌സ്റ്റോറി ചെറുപ്പക്കാർക്കായി വിവരിച്ചു കൊടുക്കുന്നുണ്ട്. ഒരുവശത്ത് രംഗൻ എന്ന ചെറുപ്പക്കാരനെ ഗുണ്ടായി രൂപപ്പെടുത്തിയ സാമൂഹികവും വൈയക്തികവുമായ കാരണങ്ങളെ പ്രേക്ഷകർക്ക് മുൻപിൽ വെളിച്ചപ്പെടുത്തുകയാണ് അമ്പാന്റെ വിവരണം ചെയ്യുന്നത്. ഒരാളും ഗുണ്ടയായി ജനിക്കുന്നില്ലെങ്കിലും മലയാള സിനിമയിലെ പല ഗുണ്ടകളും 'ഗുണ്ടകളായ കഥ' നമുക്ക് അവ്യക്തമാണ്. രംഗനെ ഗുണ്ട/മോശം മനുഷ്യൻ ആക്കിത്തീർക്കുന്ന കാരണം ഇവിടെ വ്യക്തമാണ്. ഒരാൾ കുറ്റം ചെയ്യുന്നത് അയാളുടെ മാത്രം കുറ്റമല്ലെന്ന വിചാരം രംഗനിലേക്ക് നോക്കുമ്പോൾ ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ടാവും. അതേസമയം മലയാള സിനിമയിൽ, സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം കുറ്റക്കരായ വഴികളിലേക്ക് എടുത്തെറിയപ്പെട്ട 'നന്മ നിറഞ്ഞ' പല നായകന്മാരുമുണ്ട്. അവരുടെ മെലോഡ്രമാറ്റിക് ബാക്ക്‌സ്‌റ്റോറിയെ സ്പൂഫ് ചെയ്യുന്ന ഒരു കഥപറച്ചിൽ രീതിയാണ് അമ്പാൻ രംഗന്റെ ബാക്ക്സ്റ്റോറി പറയുമ്പോൾ അവലംബിക്കുന്നത്- അല്പം അതിഭാവുകത്വം കലർത്തിയുള്ളതാണ് അമ്പാന്റെ കഥ പറച്ചിൽ രീതി. നായകന്റെ- അയാളിൽ വില്ലത്തരങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും- ബാക്ക്സ്റ്റോറി പറയുമ്പോൾ പൊതുവിൽ മലയാളസിനിമ സ്വീകരിക്കാത്ത ഒരു വഴിയാണ് അമ്പാന്റെ കഥ പറച്ചിലിലുള്ളത്. സാഹചര്യങ്ങളുടെ സമ്മർദ്ദത്തെപ്പറ്റിയും നായകന്റെ സംഘർഷാവസ്ഥകളെയും പറ്റിയാണ് പറയുന്നതെങ്കിലും തിയേറ്ററിൽ ആ രംഗം ചിരി പടർത്തുന്നുണ്ട്. അമ്പാന്റെ ഭാഷയും മറ്റുമാണ് അതിനെ അങ്ങനെയാക്കുന്നത്. (എങ്കിലും സ്‌ക്രിപ്റ്റിംഗിൽ അത് കുറേക്കൂടി മനോഹരമാക്കാമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്- പ്രകടനത്തിലൂടെ സജിൻ അത് കുറേക്കൂടി മികവുറ്റതാക്കിയിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല)
എല്ലായിടത്തും ജയിച്ചുനിൽക്കുന്ന, എല്ലാവരും പേടിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രമായാണ് രംഗൻ പ്രത്യക്ഷപ്പെടുന്നത്. അമ്പാന്റെ വിവരണത്തിലും അയാൾ അങ്ങനെ തന്നെയാണ്. പക്ഷേ അപ്പോഴും നഷ്ടബോധവും ഒറ്റപ്പെടലിന്റെ നിരാശയുമെല്ലാമുള്ള ഗുണ്ടയാണ് അയാൾ. ഗുണ്ടയാണെങ്കിലും, ഒരാൾ നായകനാവുമ്പോൾ, അയാളുടെ ശൂന്യത മെലോഡ്രാമയിലേക്ക് വഴുതിവീഴാനുള്ള സാധ്യതയേറെയാണ്. അതിനെയും മനോഹരമായി മറികടക്കും വിധമാണ് രംഗന്റെ പാത്രസൃഷ്ടിയും ഫഹദിന്റെ പ്രകടനവും. അയാളുടെ ഗുണ്ടാജീവിതത്തിൽ മനംനൊന്ത് വീടുവിട്ടുപോകുന്ന അമ്മയിൽ നിന്നും ആരംഭിക്കുന്നതാണ് രംഗന്റെ ഒറ്റപ്പെടലിന്റെ കഥകൾ. ഒരർത്ഥത്തിൽ ആ അമ്മയ്ക്കുമുണ്ട് ഒരു സ്പൂഫ് സ്വഭാവം. മകൻ കുറ്റവാളിയായാലും മകനെയോർത്ത് കരയുന്ന, മകന്റെ നല്ലതിനായി പ്രാർത്ഥിക്കുന്ന (കവിയൂർ പൊന്നമ്മയും മറ്റും ചെയ്തിട്ടുള്ള) നന്മ നിറഞ്ഞ അമ്മയായിരുന്നു മലയാളസിനിമയുടെ ആദർശ അമ്മരൂപം. രംഗന്റെ അമ്മ ആ അമ്മയല്ല. അവർ ഗുണ്ടയായ മകനെ ഉപേക്ഷിച്ചു പോകുന്ന അമ്മയാണ്. മകന്റെ മോശം ജീവിതത്തിൽ മനംനൊന്ത് അവനെ ഉപേക്ഷിച്ചുപോകുന്ന മറ്റൊരമ്മയെ മലയാളസിനിമയ്ക്ക് പരിചയമുണ്ട്- മംഗലശ്ശേരി നീലകണ്ഠന്റെ അമ്മ. പക്ഷേ അമ്മ പോവുമ്പോൾ നീലകണ്ഠൻ കരയുന്നില്ല. രംഗനാവട്ടെ അമ്മ പോവുമ്പോൾ പൊട്ടിക്കരയുന്ന ഗുണ്ടയാണ്. സിനിമയിലെ മറ്റൊരു അമ്മ ബിബിയുടെ അമ്മയാണ്. അവരാവട്ടെ അകാരണമായി കള്ളം പറയുന്ന അമ്മയാണ്. അങ്ങനെയൊരമ്മയും നമ്മുടെ ആദർശസങ്കല്പ അമ്മയല്ല. മകൻ കുറേക്കാലം കൂടി വീട്ടിലെത്തുമ്പോൾ അവനോട് നൂറു രൂപ ചോദിക്കുന്ന, നൂറ് രൂപ അവൻ കൊടുക്കുമ്പോൾ താനെന്തൊരു മണ്ടിയാണ് നൂറ്റമ്പതു ചോദിക്കാമായിരുന്നല്ലോ എന്ന് ചിന്തിക്കുന്ന ഉമ്മയെ പറ്റി ബഷീർ എഴുതിയിട്ടുണ്ട്. ആവേശവും നമ്മുടെ സിനിമാ വ്യവാഹരങ്ങളിൽ സ്വീകാര്യത നേടിയ ഗുണ്ടയെ എന്ന പോലെ പോപ്പുലർ അമ്മ സങ്കല്പങ്ങളെയും ലംഘിക്കുന്നുണ്ട്.
അങ്ങനെയായിരിക്കുമ്പോഴും അമ്മ ഉപേക്ഷിച്ചുപോവുമ്പോൾ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ തുടർച്ചയാണ് പിന്നീടുള്ള രംഗന്റെ ജീവിതവും. കൂടെയുള്ള രണ്ടുപേർ തന്നെ ഉപേക്ഷിച്ചുപോകുമ്പോൾ അയാൾ നിർദാക്ഷിണ്യം അവരെ കൊല്ലുകയാണ് ചെയ്യുന്നത്. അജുവിനെയും ബിബിയെയും ശാന്തനെയും കാണാതാവുമ്പോൾ അയാളുടെ ഭയം കുറേക്കൂടി തീവ്രമാവുന്നുണ്ട്. സ്‌നേഹം നഷ്ടപ്പെടുമ്പോൾ ഭയപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്ന അയാൾ സ്‌നേഹം തേടി വരുമ്പോൾ ആനന്ദിക്കുന്നതും കാണാം. ബിബി അമ്മയോട് തന്നെപ്പറ്റി പറഞ്ഞിട്ടുണ്ട് എന്ന് കേൾക്കുന്ന നിമിഷം (അതൊരു കള്ളമാണെങ്കിൽ പോലും) അയാളനുഭവിക്കുന്ന ഒരു ആനന്ദമുണ്ട്. ഇവിടെയെല്ലാം ഒരു അദൃശ്യസാന്നിധ്യം പോലെ 'അമ്മ' പ്രവർത്തിക്കുന്നത് കാണാം. ജിതു മാധവന്റെ രണ്ട് സിനിമകളും സ്ത്രീ കഥാപാത്രങ്ങളുടെ അസാന്നിധ്യത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. അതേസമയം സൂക്ഷിച്ചു നോക്കിയാൽ ജിതുവിന്റെ രണ്ട് സിനിമകളിലും പൊതുവിൽ ആൺസംഘത്തിലെ ഏറ്റവും കരുത്തരായി കാണപ്പെടുന്ന കഥാപാത്രങ്ങൾ അമ്മമാരുടെ മുന്നിൽ നിസ്സഹായരായി പോവുന്നത് കാണാം. (രോമാഞ്ചത്തിലെ സജിൻ ഗോപുവിന്റെ നിരൂപ് അമ്മയുമായി ഫോണിൽ സംസാരിക്കുന്ന രംഗം ഓർത്ത് നോക്കൂ). തന്നെ ഒറ്റുകൊടുത്ത ചെറുപ്പക്കാരെ കൊല്ലാൻ ഒരുങ്ങുമ്പോഴും ബിബിയുടെ അമ്മയുടെ ഫോൺ കോളാണ് അയാളെ തളർത്തുന്നത്. (KGF സിനിമയിലെ മാതൃസ്‌നേഹം കാണിക്കുന്ന മ്യൂസിക്കാണ് ബിബിയുടെ റിങ്‌ടോൺ എന്നതും ഓർക്കാവുന്നതാണ്)
ആത്മബന്ധങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാളാണ് രംഗൻ എന്ന് സിനിമ ഉറപ്പിക്കുന്നുണ്ട്. ആ നഷ്ടങ്ങളെല്ലാം അയാൾ തിരിച്ചുപിടിക്കുന്നത് ആ മൂന്ന് ചെറുപ്പക്കാർ അയാളുടെ ജീവിതത്തിന്റെ ഭാഗമാവുമ്പോഴാണ്. എന്നാൽ ഒടുവിൽ അവരും അയാളെ തള്ളിപ്പറയുകയാണ് ചെയ്യുന്നത്. അവർ തള്ളിപ്പറയുന്ന രംഗത്തിൽ രംഗന്റെ ജീവിതത്തിൽ വന്നു പോയ മറ്റു മനുഷ്യരുടെ ഓർമ്മകൾ കൂടി തെളിഞ്ഞുവരുന്നുണ്ട്. തിരിഞ്ഞുനിൽക്കുമ്പോൾ അയാൾ അമ്മയെയും ജ്യേഷ്ഠനെയും കാണുന്നുണ്ട്. (അമ്മ ഇറങ്ങിപ്പോവുമ്പോഴും അയാൾ പിന്നിലേക്ക് തിരിഞ്ഞാണ് നിൽക്കുന്നത് എന്നോർക്കുക) പക്ഷേ അതും സ്ഥിരം മെലോഡ്രമാറ്റിക്ക് രംഗമായി മാറുന്നില്ല. തനിക്കാരുമില്ലെന്ന് പറയുന്ന അതേ വിഷാദഭാവത്തിൽ തന്റെ ഇൻസ്റ്റ റീലുകൾക്ക് ആരും ലൈക്ക് ചെയ്യാറില്ല എന്ന് പറയുന്നതോടെ മെലോഡ്രാമ സ്പൂഫ് എന്നൊരു വഴിയിലേക്ക് കൂടി സിനിമ മാറുന്നുണ്ട്.
ആൺ ആഘോഷങ്ങളൈക്കാൾ എല്ലാ ആഘോഷങ്ങളിലും ഒളിഞ്ഞിരിക്കുന്ന ഒരു 'ആൺഭയ'ത്തെയാണ് ജിതു മാധവൻ രോമാഞ്ചത്തിലെന്ന പോലെ ആവേശത്തിലും എക്‌സ്‌പ്ലോർ ചെയ്യുന്നത്. രോമാഞ്ചത്തിൽ പേടിച്ചോടുന്ന സൗബിന്റെ ഓട്ടവും ആവേശത്തിന്റെ അവസാനരംഗത്തിൽ ബിബിക്കും അജുവിനും ശാന്തനുവിനും പിന്നാലെയുള്ള ഫഹദിന്റെ ഓട്ടവും ആലോചിച്ചു നോക്കിയാൽ രണ്ടിലും വ്യത്യസ്ത തരത്തിലുള്ളതെങ്കിലും ഭയം നിഴലിക്കുന്നുണ്ട്- ഇവിടെ രംഗനുള്ളത് തന്റെ രക്ഷാകർതൃത്വം നഷ്ടപ്പെടും എന്ന ഭയമാണ്. അതുകൊണ്ടാണ് അയാൾ അവർക്ക് പിന്നാലെ ചൂരലും പിടിച്ച് ഓടുന്നത്. മറ്റൊരർത്ഥത്തിൽ എല്ലാം പിടിച്ചടക്കി വിജയിച്ചു നിൽക്കുന്ന ആണുങ്ങളല്ല എന്തിനെയൊക്കെയോ പേടിച്ച് ഓടിക്കൊണ്ടിരിക്കുന്ന, ആണുങ്ങളാണ് ജിതു മാധവന്റെ കഥാപാത്രങ്ങൾ. അതിന്റെ മനോഹരമായ തുടർച്ചയാണ് രംഗനും. രണ്ട് സിനിമകളുടെയും ടെയിൽ എന്റ് നോക്കിയാൽ അവരുടെ ആ ഭയവും ഓട്ടവും അവസാനിക്കുന്നില്ലെന്നും കാണാം. നായകൻ എല്ലാവരെയും തോൽപ്പിക്കുന്ന ഒരു ക്ലൈമാക്‌സിൽ സിനിമ അവസാനിക്കുന്നില്ലെന്ന് ചുരുക്കം. അങ്ങനെ നായകന്റെ അന്തിമവിജയങ്ങളിൽ അവസാനിക്കുന്ന ഗ്യാങ്‌സ്റ്റർ സിനിമകളെക്കൂടിയാണ് രംഗനിലൂടെ ജിതു മാധവനും സംഘവും സ്പൂഫ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആവേശമുണ്ടാക്കുന്ന ആവേശം അവസാനിച്ചാലും രംഗൻ എന്ന കഥാപാത്രം ബാക്കി നിൽക്കും. കാരണം മലയാള സിനിമയിലെങ്കിലും അയാൾക്ക് പൂർവ്വമാതൃകകൾ കുറവാണ്. ഇതുവരെ അഭിനയിച്ച സിനിമകളിൽ ഏറ്റവും ഇഷ്ടം ആവേശമാണെന്ന് ഫഹദ് ഫാസിൽ ആവർത്തിച്ച് പറയുന്നതും, Re-Introducing FaFa എന്ന് സിനിമയുടെ തുടക്കത്തിൽ എഴുതിക്കാണിക്കുന്നതും അതുകൊണ്ടു കൂടിയാവും.