വെട്രിമാരന്‍ പ്രതികരിക്കുന്നു, വടചെന്നൈ രണ്ടാം ഭാഗം ഉപേക്ഷിച്ചിട്ടില്ല

വെട്രിമാരന്‍ പ്രതികരിക്കുന്നു, വടചെന്നൈ രണ്ടാം ഭാഗം ഉപേക്ഷിച്ചിട്ടില്ല

സംവിധായകന്‍ വെട്രിമാരന്‍ ദ ക്യുവിനോട് 
Published on

ധനുഷ് നായകനായ വടചെന്നൈ രണ്ടാം ഭാഗം ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ തെറ്റെന്ന് സംവിധായകന്‍ വെട്രിമാരന്‍ ദ ക്യുവിനോട്. സിനിമയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷമുണ്ടാകും. ഉടന്‍ ചിത്രീകരിക്കുന്നില്ലെന്ന് മാത്രമാണ് തീരുമാനിച്ചിരിക്കുന്നതെന്നും സംവിധായകന്‍ ദ ക്യുവിനോട് പ്രതികരിച്ചു. വടചൈന്നൈ രണ്ടാം ഭാഗത്തിന് മുമ്പ് ധനുഷ് -മഞ്ജു വാര്യര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള അസുരന്‍ ചെയ്യുകയാണ്.

വടചൈന്നൈ ആദ്യഭാഗത്തിനൊപ്പം തന്നെ രണ്ടാം ഭാഗത്തിലേക്കുള്ള പ്രധാന ഭാഗങ്ങളും ചിത്രീകരിച്ചിരുന്നു. മുപ്പത് ശതമാനത്തോളം രംഗങ്ങളാണ് ചിത്രീകരിച്ചിരുന്നത്. ആദ്യഭാഗം പ്രതീക്ഷിച്ച വിജയമാകാതെ പോയതും, മത്സ്യത്തൊഴിലാളികളില്‍ നിന്നുള്ള പ്രതിഷേധവും മൂലം രണ്ടാം ഭാഗം ഉപേക്ഷിച്ചെന്നായിരുന്നു മാധ്യമവാര്‍ത്തകള്‍. ഇക്കാര്യം അടിസ്ഥാന രഹിതമാണെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്.

രണ്ടാം ഭാഗം പ്രധാനമായും ചിത്രീകരിക്കേണ്ടത് വടക്കന്‍ ചെന്നൈയിലെ മത്സ്യത്തൊഴിലാളി മേഖലയില്‍ ആയതിനാല്‍ എതിര്‍പ്പ് മറികടന്നുള്ള ചിത്രീകരണം ശ്രമകരമാകുമെന്ന് അണിയറക്കാര്‍ കരുതുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രണ്ട് വര്‍ഷത്തോളം സമയമെടുത്ത് ചിത്രീകരിച്ച സിനിമയാണ് വടചെന്നൈ. വെട്രിമാരന്റെ ഡ്രീം പ്രൊജക്ട് എന്ന നിലയിലാണ് സിനിമ തിയറ്ററുകളിലെത്തിയത്. അസുരന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് വെട്രിമാരന്‍. ധനുഷിന്റെ നിര്‍മ്മാണ വിതരണ കമ്പനിയായ വൂന്ദബാ (വണ്ടര്‍ഫുള്‍ എന്നര്‍ത്ഥമുള്ള ജര്‍മന്‍ പദം) തന്നെയാവും വടചെന്നൈ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്.

വടചെന്നൈ രണ്ടാം ഭാഗത്തെക്കുറിച്ച് എന്തുകൊണ്ടാണ് ആരാധകരില്‍ ആശയക്കുഴപ്പം ഉണ്ടാകുന്നതെന്ന് അറിയില്ലെന്നും, തന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടാകുന്നത് വരെ സിനിമയുമായി ബന്ധപ്പെട്ട വ്യാജപ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും ധനുഷ് ട്വീറ്റ് ചെയ്തിട്ടുണ്ട്. വടചെന്നൈ രണ്ട് നടക്കുമെന്നും നിര്‍മ്മാതാവ് കൂടിയായ ധനുഷ്. ഡിടി നെക്സ്റ്റ് ആണ് അണിയറ പ്രവര്‍ത്തകരെ ഉദ്ധരിച്് സിനിമ ഉപേക്ഷിച്ചെന്ന രീതിയില്‍ വാര്‍ത്ത നല്‍കിയിരുന്നത്. പിന്നീട് മറ്റ് മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു.

വടക്കന്‍ ചെന്നൈയിലെ അന്‍പ് എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിച്ചത്. മൂന്ന് ഭാഗങ്ങളിലായാണ് വെട്രിമാരന്റെ വടചെന്നൈ പുറത്തുവരുന്നത്.

logo
The Cue
www.thecue.in