എം പത്മകുമാര്‍ അഭിമുഖം: അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആകെയൊരു മമ്മൂക്കയേയുള്ളൂ
വടക്കന്‍പാട്ടുകള്‍ പോലെ പൂരക്കഥകള്‍ പോലെ മലയാളത്തെ കുറിച്ചുള്ള കഥകളില്‍ സമന്വയിച്ച ഒന്നാണ് മാമാങ്കവും. ചോരമമണമുള്ള മാമാങ്കം. അധികാരത്തിന്റെ പടയാളികളോട് പടവെട്ടാന്‍ ഇറങ്ങിപ്പുറപ്പെട്ട ചാവേറുകളായ ഒരുകൂട്ടം മനുഷ്യരുടെ ചരിത്രമായാണ് മാമാങ്കം നമ്മള്‍ കേട്ടിട്ടുള്ളത്. അനിവാര്യത പോലെ സിനിമയിലേക്ക് പകര്‍ത്തപ്പെടുകയാണ് മാമാങ്കവും. എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടിയാണ് നായകന്‍. ചോരമണമുള്ള, വീരകഥകള്‍ ഏറെയുള്ളൊരു ചരിത്രം പറയുമ്പോള്‍ സിനിമയെ എങ്ങനെയാണ് സമീപിച്ചത്, എന്താണ് പ്രതീക്ഷിക്കേണ്ടത്, ചരിത്രപുരുഷന്റെ വേഷം മൂന്നാമതൊരിക്കല്‍ കൂടി മമ്മൂട്ടി ഏറ്റെടുക്കുമ്പോള്‍ കാണാനിരിക്കുന്നത് എന്താണ്. സംവിധായകന്‍ സംസാരിക്കുന്നു.
പൂര്‍ണ്ണമായും ചരിത്ര സിനിമയാണോ മാമാങ്കം?
അങ്ങനെ പറയാനാകില്ല. കാരണം മാമാങ്കം എന്ന ചരിത്രസത്യത്തെ അങ്ങേയറ്റം സത്യസന്ധമായി അവതരിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. ആ കാലത്തേയും അന്നത്തെ ജീവിത ശൈലിയേയും ഒരു വിളക്കില്‍ പോലും കോംപ്രമൈസ് ചെയ്യാതെയാണ് കലാ സംവിധാനം ഒരുക്കിയത്. പക്ഷേ ചില കാര്യങ്ങളില്‍ ആ നിലപാട് പ്രായോഗികമല്ല. അന്നത്തെ കാലത്ത് സ്ത്രീകള്‍ മേല്‍വസ്ത്രം അറിഞ്ഞിരുന്നില്ല. പക്ഷേ സിനിമ ചെയ്യുമ്പോള്‍ അങ്ങനെയൊരു ചിത്രീകരണം സാധ്യമല്ല. അതുപോലെയുള്ള ചില കാര്യങ്ങളില്‍ ചരിത്രം അതേപടി കാണിക്കാന്‍ ആകില്ല. അന്നേരം സംവിധായകനു മാത്രമായ സ്വാതന്ത്ര്യങ്ങളിലൂടെയാണ് സിനിമയെ സമീപിച്ചത്.
അതിനപ്പുറം സാമൂതിരിയുടെ വന്‍ സൈന്യത്തോട് ഏറ്റുമുട്ടി രാജ്യത്തിന്റെ മാനം രക്ഷിക്കാന്‍ ജീവത്യാഗം ചെയ്യാന്‍ നിശ്ചയിച്ച കുറേ ചെറുപ്പക്കാരുടെ കഥയാണ്. രാജ്യത്തിന്റെയും രാജാക്കന്‍മാരുടെയും പ്രൗഢി, പാരമ്പര്യം തുടങ്ങിയവയ്ക്ക് അപ്പുറം പച്ചയായ ജീവിതങ്ങളും കൂടിയുണ്ട്. ചരിത്രത്തിന്റെ ചട്ടക്കൂടില്‍ മാത്രം ഒതുങ്ങുന്ന സിനിമ അല്ല ഇതെന്ന് പറഞ്ഞത് അതുകൊണ്ടാണ്. ചരിത്ര സത്യത്തെ അതേപടി അവതരിപ്പിക്കുന്ന അതിനൊപ്പം സിനിമയ്ക്കു വേണ്ട ഫിക്ഷനും സാങ്കേതികത്വവും യുക്തിപൂര്‍വ്വം കൂട്ടിയിണക്കിയ സിനിമയാണിത്.
ആക്ഷന്‍ മൂവി പോലെയാണ് ട്രെയിലറില്‍ കണ്ടത്. എങ്ങനെ വിലയിരുത്താം ആക്ഷന്‍ രംഗങ്ങളെ?
മാമാങ്കം ഒരു ഇമോഷണല്‍ ഡ്രാമയാണ്. ആക്ഷന്‍ രംഗങ്ങളാണ് ട്രെയിലറില്‍ വന്നതെങ്കിലും അത്തരമൊരു ഗണത്തിലേക്ക് ഒതുക്കാവുന്നൊരു ചിത്രമല്ല മാമാങ്കം. എന്താണ് മാമാങ്കം എന്ന് നമുക്ക് അറിയാം. പക്ഷേ അതില്‍ പങ്കെടുത്തവരില്‍ ആരെയും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. പുസ്തകങ്ങളില്‍ നിന്നും ചരിത്ര രേഖകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളെ മനസ്സിലിട്ട് ഒരു സിനിമയുടെ ചട്ടക്കൂട്ടിലേക്ക് മാറ്റിയാണ് മാമാങ്കം ചെയ്യുന്നത്. അതില്‍ ചരിത്രവും ഫിക്ഷനും ഉണ്ട്. അങ്ങനെയൊരു സിനിമ ആക്ഷന്‍ മൂവി മാത്രമാകാന്‍ കഴിയില്ലല്ലോ. മാമാങ്കത്തില്‍ ചാവേറുകളായി പോകുന്നവരുടെ ജീവിതം ഇമോഷന്‍ കൂടാതെ എങ്ങനെയാണ് കാണിക്കുക. അതിലേക്ക് മാമാങ്കത്തിന്റെ വീറും വാശിയും ചേര്‍ന്നു നില്‍ക്കുമ്പോള്‍ ആക്ഷന്‍ രംഗങ്ങളും വരും. എങ്കിലും ഏറിയ ശതമാനവും അതൊരു ഇമോഷണല്‍ ഡ്രാമയാണ്.
രണ്ടു മാമാങ്കങ്ങളാണ് സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറെ ബുദ്ധിമുട്ടി പൂര്‍ത്തിയാക്കിയതുമായ ഭാഗങ്ങള്‍. നാല്‍പ്പത്തിയഞ്ച് രാത്രികളാണ് ഇതിന്റെ ഷൂട്ടിങിനായി വേണ്ടി വന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരിലൊരാളായ ശ്യാം കൗശല്‍ ആണ് നമ്മുടെ മാമാങ്കത്തിലും ആ ദൗത്യം നിര്‍വ്വഹിച്ചത്.
എന്റെ കരിയറില്‍ ഇതൊരു വഴിത്തിരിവാകും എന്നാണ് പ്രതീക്ഷ. പക്ഷേ മമ്മൂക്കയുടെ കാര്യത്തില്‍ ഇനി അതിന്റെ ആവശ്യം ഇല്ല. കാരണം ഒരു വടക്കന്‍ വീരഗാഥയിലൂടെ പഴശ്ശിരാജയിലൂടെ ഇത്തരം വേഷങ്ങള്‍ തനിക്ക് എത്രമാത്രം മനോഹരമായി ചേരുമെന്ന് അദ്ദേഹവും, അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആകെയൊരു മമ്മൂക്കയേയുള്ളൂ നമുക്ക് എന്നു നമ്മളും മനസ്സിലാക്കിയതാണ്.
ആഴമേറിയ പഠനം നിരീക്ഷണം ഒക്കെ ആവശ്യമാണ് ഇങ്ങനെയൊരു സിനിമ ചെയ്യാന്‍. തയ്യാറെടുപ്പ് കാലത്തെ കുറിച്ച്?
അതെ. മാമാങ്കം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ നടന്നതോ അല്ലെങ്കില്‍ നാളെ നടക്കാനിരിക്കുന്ന ഒന്നോ അല്ലല്ലോ. അത് നേരിട്ട് കണ്ടവരോ അതില്‍ പങ്കെടുത്തവരോ ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷേ നമുക്ക് അറിയാം എന്തായിരുന്നു മാമാങ്കം എന്ന്., അതിന്റെ കഥകള്‍ കേട്ടു വളര്‍ന്ന് മണ്ണിലും മനസ്സിലും അതു പതിഞ്ഞു പോയതാണ്. അങ്ങനെയൊരു വിഷയത്തെ ആളുകള്‍ വൈകാരികമായും ആകാംക്ഷയോടെയുമാണ് സമീപിക്കുക. അത് മനസ്സില്‍ വച്ചു തന്നെയാണ് സിനിമയുടെ ഓരോ ഘട്ടത്തിലൂടെയും കടന്നുപോയത്. ഏതൊരു സിനിമയുടം ആദ്യം സ്‌ക്രീന്‍ ചെയ്യപ്പെടുന്നത് സംവിധായകന്റെ മനസ്സിലായിരിക്കുമല്ലോ. എന്നെ സംബന്ധിച്ചും അങ്ങനെ തന്നെയ. പിന്നീട് നടന്നത് അത് യാഥാര്‍ഥ്യമാക്കാനുള്ള യാത്രയായിരുന്നു. അതില്‍ ഏറ്റവുമധികം സഹായിച്ചത് സിനിമയുടെ പല മേഖലകള്‍ കാര്യം ചെയ്യുന്നവരായിരുന്നു. ആ കാലത്തിന്റെ അന്തരീക്ഷം സിനിമയിലെത്തിക്കുന്നതില്‍ പ്രധാനികള്‍ കലാസംവിധായകനും വസത്രാലങ്കാര വിദഗ്ധനും തന്നെയാണ്. ഇരുവരും അങ്ങേയറ്റം ഗൗരവത്തോടെ ആത്മാര്‍ത്ഥയോടെ സിനിമയെ സമീപിച്ചപ്പോള്‍ എനിക്ക് വലിയ പിന്‍ബലമാണ് കിട്ടിയത്. നമ്മള്‍ ഓരോ ഫ്രെയിമിലേയും കഥാപാത്രങ്ങള്‍ക്കുവേണ്ട ഓരോ വസ്ത്രങ്ങളും മെറ്റീരിയല്‍ തിരഞ്ഞെടുത്ത് തുന്നിച്ചെടുക്കണം. മറ്റേതെങ്കിലും സിനിമകള്‍ പോലെ കടയില്‍ നേരിട്ടുപോയി വാങ്ങിച്ചെടുക്കാനാകില്ല. അന്നത്തെ വസ്ത്രങ്ങള്‍ ഇന്ന് ഒരിടത്തും ലഭ്യമല്ലല്ലോ. അതുപോലെ സിനിമയില്‍ കാണിക്കേണ്ട ചെറിയ വിളക്കുകളില്‍ തുടങ്ങി വീടുകള്‍ വരെ എല്ലാം നമ്മള്‍ നിര്‍മ്മിച്ചെടുക്കണമല്ലോ. സതീശന്‍ ആയിരുന്നു വസ്ത്രാലങ്കാരം. ആര്‍ട് ഡയറക്ടര്‍ മോഹന്‍ദാസും. ഇരുവരും ഗംഭീര പിന്തുണയാണ് തന്നത്. എന്റെ സിനിമയില്‍ വിഎഫ്എക്‌സ് എന്നത വളരെ കുറച്ച്, ചില ഘടകങ്ങളെ ഒന്നുകൂടി പുഷ്ടിപ്പെടുത്താന്‍ വേണ്ടി മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. ആ തീരുമാനത്തിന് കരുത്തുപകരുകയായിരുന്നു സിനിമയിലെ ഓരോ ടെക്‌നീഷ്യന്‍മാരും. സ്റ്റുഡിയോകളെ ഉപയോഗിക്കാതെ സെറ്റ് ഇട്ട് ചിത്രീകരിച്ചാല്‍ മതി രംഗങ്ങള്‍ എന്ന് തീരുമാനിക്കാനും അത് സംതൃപ്തി തരും വിധം പൂര്‍ത്തീകരിക്കാനും ആയത് അവരുടെ പിന്തുണകൊണ്ടാണ്.
താങ്കളുടെയും മമ്മൂക്കയുടെയും കരിയറില്‍ മാമാങ്കം എത്രമാത്രം പ്രതീക്ഷയുള്ളതാണ്?
എന്റെ കരിയറില്‍ ഇതൊരു വഴിത്തിരിവാകും എന്നാണ് പ്രതീക്ഷ. പക്ഷേ മമ്മൂക്കയുടെ കാര്യത്തില്‍ ഇനി അതിന്റെ ആവശ്യം ഇല്ല. കാരണം ഒരു വടക്കന്‍ വീരഗാഥയിലൂടെ പഴശ്ശിരാജയിലൂടെ ഇത്തരം വേഷങ്ങള്‍ തനിക്ക് എത്രമാത്രം മനോഹരമായി ചേരുമെന്ന് അദ്ദേഹവും, അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആകെയൊരു മമ്മൂക്കയേയുള്ളൂ നമുക്ക് എന്നു നമ്മളും മനസ്സിലാക്കിയതാണ്. അതുകൊണ്ട് അദ്ദേഹത്തെ വ്യത്യസ്തമായി, മനോഹരമായി അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കേണ്ടതില്ല. അദ്ദേഹം സ്വയം ആ ദൗത്യം ഏറ്റെടുക്കുന്ന, ഷൂട്ടിങിന്റെ ഓരോ നിമിഷവും സമര്‍പ്പണവും പ്രതിഭയും കൊണ്ട് ഓരോ സംവിധായകനേയും അമ്പരിപ്പിക്കുന്ന അഭിനേതാവാണ്. മാമാങ്കത്തില്‍ ഞാന്‍ കണ്ടതും അത്തരമൊരു മമ്മൂക്കയെയാണ്. ഒരു വടക്കന്‍ വീരഗാഥയിലും പ്രവര്‍ത്തിച്ചൊരാളാണ് ഞാന്‍. അന്നൊരു അപ്രന്റിസ് ലെവല്‍ ആയിട്ടേ ഉള്ളൂ ഞാന്‍. ഇന്ന്, മാമാങ്കത്തില്‍ വരുമ്പോള്‍ ഇതെന്റെ പതിനഞ്ചാമത്തെ സിനിമയാണ്. എനിക്കു വന്ന മാറ്റത്തിന്റെ എത്രയോ ഇരട്ടിയാണ് സിനിമയില്‍ വന്നത്. സാങ്കേതികപരമായി ഒരുപാട് വളര്‍ന്നു സിനിമ. ആ മാറ്റത്തെ ഉള്‍ക്കൊണ്ട് ഒരു നല്ല ടീമിനൊപ്പം സിനിമ പൂര്‍ത്തീകരിക്കാനായതിന്റെ പ്രതീക്ഷ മനസ്സിലുണ്ട്.
ചെറിയ ബജറ്റില്‍ ഇമോഷണല്‍ ഡ്രാമകള്‍ ചെയ്ത സംവിധായകനാണ് താങ്കള്‍. പ്രമേയം കൊണ്ടും ബഡ്ജറ്റു കൊണ്ടും ഏറെ മുന്നില്‍ നില്‍ക്കുന്നൊരു സിനിമ ചെയ്യുമ്പോള്‍ സമ്മര്‍ദ്ദം എത്രമാത്രമായിരുന്നു.?
നിങ്ങള്‍ നേരത്തെ പറഞ്ഞതു പോലെ സഞജയ് ലീല ബന്‍സാലിയുടെയും രാജമൗലിയുടെയും വന്‍കിട ഇന്ത്യന്‍ ചരിത്ര സിനിമകളും അതിനേക്കാള്‍ ഇരട്ടി ബജറ്റുകളിലൊരുങ്ങിയ ഹോളിവുഡ് ചരിത്ര സിനിമകളും സീരീസുകളും കണ്ട പ്രേക്ഷകര്‍ക്കു മുന്നിലേക്കാണ് മാമാങ്കം എത്തുന്നത്. ഓര്‍ക്കുമ്പോള്‍ സമ്മര്‍ദ്ദത്തിന് കാരണങ്ങള്‍ ഏറെയുണ്ട്. പക്ഷേ ഞാന്‍ വിശ്വസിക്കുന്നത് ഒരു സിനിമ ഏറ്റവും പെര്‍ഫക്ഷന്‍ ആയി റിലീസ് ചെയ്യപ്പെടുന്നത് ഒരു സംവിധായകന്റെ മനസ്സില്‍ മാത്രമാണ്. ആ മനസ്സില്‍ കണ്ട സിനിമയുടെ അറുപതോ എഴുപതോ ശതമാനം പെര്‍ഫെക്ഷനിലുള്ള സിനിമ മാത്രമാണ് പ്രേക്ഷകര്‍ക്കായി എത്തുന്നത്. അങ്ങനെയേ ലോകത്തുള്ള എല്ലാ സംവിധായകര്‍ക്കും സിനിമ ചെയ്യാനാകൂ എന്നാണ് എന്റെ വിലയിരുത്തല്‍. എനിക്കും അങ്ങനെ തന്നെയാണ്. ബജറ്റിന്റെ ബാഹുല്യത്തേക്കാള്‍ സമ്മര്‍ദ്ദം ആ നിലവാരത്തിലുള്ള പൂര്‍ണതയില്‍ സിനിമ പൂര്‍ത്തിയാക്കാനാകുക എന്നതു മാത്രമാണ്. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ആ സംതൃപ്തിയുണ്ട് മനസ്സില്‍.